ഇസ്രയേൽ – ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലുണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചാണ്
ചർച്ചകൾ ഉയരുന്നത്. ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഇറാന്റെ ഭീഷണി. ഹോർമുസ് കടലിടുക്ക് അടയ്ക്കുന്ന ഘട്ടത്തിലേക്ക് ഇറാൻ നീങ്ങിയാൽ എണ്ണവില കുതിച്ചുയരുകയും നിക്ഷേപകർക്ക് കാര്യമായ നഷ്ടം സംഭവിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, സംഘർഷത്തിലൂടെ ഉണ്ടാകുന്ന മറ്റ് പ്രത്യാഘാതകങ്ങൾ രാജ്യങ്ങൾ അവഗണിക്കുകയാണ്.
ഇസ്രയേൽ – ഇറാൻ സംഘർത്തിൽ ആശയക്കുഴപ്പത്തിലായിരിക്കുന്ന നിക്ഷേപകർക്ക് ആശ്വാസത്തിന് വകയുണ്ട് എന്നാണ് റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ലോകത്തിലെ ആറിലൊന്ന് എണ്ണ കയറ്റുമതിയും നടക്കുന്ന 33 കിലോമീറ്റർ വീതിയുള്ള ഇടുങ്ങിയ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് തടസ്സപ്പെടുത്താൻ ടെഹ്‌റാൻ ഒരുങ്ങില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്റെ സുപ്രധാന വരുമാന മാർഗമാണ് കടൽമാർഗമുള്ള എണ്ണ ചരക്കുനീക്കം. ഏകദേശം 50 ബില്യൺ ഡോളറാണ് പ്രതിവർഷം ഇറാൻ ഇതിലൂടെ നേടുന്നത്. അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ഇറാൻ്റെ സമ്പദ് വ്യവസ്ഥയെ അത് കാര്യമായി തന്നെ ബാധിക്കും.
ഇറാനിയൻ കമാൻഡർമാരെ ലക്ഷ്യം വെയ്ക്കുക, രാജ്യത്തിന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുക തുടങ്ങിയ നടപടികളിലൂടെ ഇസ്രയേൽ സൈനിക നടപടികൾ വിപുലീകരിച്ചിരിക്കുകയാണ്. അതേസമയം, ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിനെ ആക്രമണത്തിൽ നിന്നും ഇസ്രയേൽ ഒഴിവാക്കിയിട്ടുണ്ട്.
ഇറാനും ഇസ്രയേലും തമ്മിലുള്ള മുൻകാല സംഘർഷങ്ങൾ പരിശോധിക്കുകയാണെങ്കിൽ കുറച്ച് കാലത്തേക്ക് മാത്രമാണ് സംഘർഷങ്ങൾ തുടർന്ന് പോയതെന്ന് മനസിലാക്കാൻ സാധിക്കും. നിലവിൽ സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ ഇരുവിഭാഗവും തമ്മിലുള്ള സംഘർഷം നിലനിൽക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ടെഹ്‌റാനിൽ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. നെതന്യാഹുവിന്റെ പരാമർശം ഇറാൻ നേതാക്കളെ ചൊടിപ്പിക്കും എന്നതിൽ സംശയമില്ല. എണ്ണ വരുമാനം നിലനിർത്തണോ ഭരണകൂടം നിലനിർത്തണോ എന്നതിൽ ഇറാന് നിർണായകമായ തീരുമാനം എടുക്കേണ്ടി വരും.
സംഘർഷം രൂക്ഷമാകുന്നത് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതിലോ ആണവായുധാക്രമണം നടക്കുന്നതിലേക്കോ നയിച്ചേക്കാമെന്നാണ് ലോകരാജ്യങ്ങൾ ഭയപ്പെടുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇറാന് ഒമ്പത് ആണവായുധങ്ങൾ വരെ നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി അടുത്തിടെ മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കുള്ള ഒമാൻ ഗൾഫിന്റെയും പേർഷ്യൻ ഗൾഫിന്റെയും ഇടയിൽ വരുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽ മാർഗ്ഗമാണിത്. ലോകത്തിലെ കടൽമാർഗ്ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്‍റെ ആറിലൊന്നും, ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് 167 കിലോമീറ്റർ മാത്രം ദൈര്‍ഘ്യവും 96മുതല്‍ 39 കിലോമീറ്റര്‍ വരെ വീതിയുമുള്ള ഈ കടലിടുക്കിലൂടെയാണ്.
ഇറാനും സഖ്യകക്ഷികളും പ്രാദേശിക ഷിപ്പിംഗ് തടസ്സപ്പെടുത്തുന്നത് ആദ്യമായല്ല. 1980 കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത്, ഇരു രാജ്യങ്ങളും പരസ്പരം എണ്ണ കയറ്റുമതി ചെയ്യുന്നത് പതിവായി തടസ്സപ്പെടുത്തിയിരുന്നു. 1988 ൽ യുഎസ് യുദ്ധക്കപ്പൽ വിൻസെൻസ് ഒരു ഇറാനിയൻ പാസഞ്ചർ വിമാനത്തെ വെടിച്ചിട്ടു. 290 പേർ കൊല്ലപ്പെട്ട ആ ദുരന്തത്തെ കയ്യബന്ധം പറ്റിയതാണെന്നാണ് വാഷിംഗ്ടൺ പറഞ്ഞത്. അൽ-ക്വൊയ്ദയുമായി ബന്ധമുള്ള ഒരു സംഘം ജാപ്പനീസ് ഓയിൽ ടാങ്കര്‍ ആക്രമിച്ച സന്ദര്‍ഭവും ഉണ്ടായിട്ടുണ്ട്.
ബഹ്‌റൈന്‍, മനാമ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നിലകൊള്ളുന്ന അമേരിക്കയുടെ ഫിഫ്ത്ത് ഫ്ലീറ്റിനാണ് സമുദ്ര വാണിജ്യ പാതകൾ പരിരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ളത്. ഇറാനും സഖ്യകക്ഷികളും സമാനമായ തന്ത്രങ്ങൾ പിന്തുടരുകയാണെങ്കിൽ ഫിഫ്ത്ത് ഫ്ലീറ്റ് സംരക്ഷിക്കാൻ യുഎസ് മുന്നിട്ടിറങ്ങും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ അത് സംഘർഷത്തിൽ യുഎസ് ഉൾപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
Content Summary: What would happen to the world if Iran closed the Strait of Hormuz?