ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം പേർ ആഴ്ചയിലൊരിക്കലെങ്കിലും സസ്യേതര ഭക്ഷണം കഴിയുന്നവരാണ്
ഉച്ച ഭക്ഷണത്തിനായി ബിരിയാണി കൊണ്ടുപോയതിലും തന്റെ സഹപാഠികൾക്ക് ഭക്ഷണം വാഗ്ദാനം ചെയ്തതിനുമാണ് ഉത്തർപ്രദേശിലെ അംറോറ ജില്ലയിൽ കഴിഞ്ഞ ആഴ്ച ഏഴ് വയസുള്ള ഒരു കുട്ടിയെ സ്‌ക്കൂളിൽ നിന്ന് പുറത്താക്കിയത്. ഇന്ത്യയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് ജില്ലാ ഭരണകൂടം ഇക്കാര്യമന്വേഷിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. India is not a vegetarian country
ഭക്ഷണ ശീലങ്ങളെ ഈ നാട് എങ്ങനെ കാണുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് ഈ സംഭവം. ജാതി, മതം, വർഗം, ശുദ്ധാശുദ്ധങ്ങളെ കുറിച്ചുള്ള ആശ്യങ്ങൾ എന്നിവയെല്ലാം സാധാരണ ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നാട്ടിൽ പ്രവർത്തിക്കുന്നത്. സസ്യഭക്ഷണത്തിന് ലഭിക്കുന്ന സാമൂഹികമായ മേൽകൈ കാരണം പലരും കരുതുന്നത് ഇന്ത്യ സസ്യഭക്ഷ്യാഹാരികളുടെ രാജ്യമാണ് എന്നാണ്. അഥവാ സസ്യതേര ഭക്ഷണം കഴിക്കുന്നവർ പ്രശ്‌നക്കാരും സാമൂഹ്യവിരുദ്ധരും ഹിന്ദു വിരുദ്ധരുമാണ് എന്നാണ് ഇപ്പോഴുള്ള പൊതുധാരണ.
അംറോറയിലെ സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ വൈറലായി പ്രചരിക്കുന്നുണ്ട്. അതിൽ ആ സ്‌ക്കൂളിലെ പ്രിൻസിപൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത് കാണാം. ‘വളർന്ന് കഴിയുമ്പോൾ അമ്പലം പൊളിക്കാൻ പോകുന്നവരുടെ കുട്ടികളെ ഞാൻ പഠിപ്പിക്കില്ല’ എന്നാണ് പ്രിൻസിപ്പൽ പറയുന്ന ഒരു കാര്യം. ഇത്തരം ഭക്ഷണത്തിലൂടെ മറ്റ് കുട്ടികളെ മതം മാറ്റാനുള്ള ശ്രമമാണ് ഏഴ് വയസുള്ള, മൂന്നാം ക്ലാസിൽ പഠിക്കുന്ന ഈ കുഞ്ഞ് ചെയ്തതെന്നും അയാൾ പറയുന്നത് ഈ വീഡിയോയിൽ കേൾക്കാം. അതേസമയം പ്രിൻസിപൽ ഉപയോഗിക്കുന്ന തരം ഭാഷപോലും (മതം മാറ്റം തുടങ്ങിയത്) കുട്ടിക്കറിയില്ലെന്ന് കുട്ടിയുടെ അമ്മ പ്രതിഷേധിക്കുന്നുണ്ട്. അതിനോടുള്ള പ്രിൻസിപ്പലിന്റെ മറുപടി അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ സെക്യൂരിറ്റി ഗാർഡിനെ വിളിച്ച് പുറത്താക്കുമെന്നാണ്.
യുക്തിചിന്തയും ശാസ്ത്രീയതയും വിദ്യാലയങ്ങളിൽ പഠിപ്പിക്കണം എന്നാണ് പൊതുരീതിയെങ്കിലും ഈ പ്രിൻസിപൽ ജീവിക്കുന്നത് സസ്യഭക്ഷണം കഴിക്കുന്നവർ ശുദ്ധരും കാരുണ്യവാന്മാരുമാണെന്ന ഏതോ മൗഢ്യത്തിലാണ്; അത് വസ്തുതകൾക്ക് നിരക്കുന്നവയല്ലെങ്കിലും.
2019-21 കാലത്തെ ദേശീയ കുടുംബാരോഗ്യ സർവ്വേയിലെ (സർവ്വേ അഞ്ച്) കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് മിക്കവാറും ഇന്ത്യാക്കാർ മുട്ടയോ, ഇറച്ചിയോ, മത്സ്യമോ ഏതെങ്കിലും രൂപത്തിൽ കഴിക്കുന്നവരാണ്. ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം പേർ ആഴ്ചയിലൊരിക്കലെങ്കിലും സസ്യേതര ഭക്ഷണം കഴിയുന്നവരാണ്. ഇന്ത്യയിലാകട്ടെ ഇറച്ചിയുടെ ഉപഭോഗം വാസ്തവത്തിൽ വർദ്ധിച്ച് വരികയുമാണ്.
സർവ്വേ പ്രകാരം 29.9 ശതമാനം സത്രീകളും 21.6 ശതമാനം പുരുഷന്മാരും ഒരിക്കലും മത്സ്യാമോ മാംസമോ കഴിച്ചിട്ടില്ല എന്ന് പറയുന്നു. അതേസമയം 42.8 ശതമാനം സ്ത്രീകളും 48.9 ശതമാനം പുരുഷന്മാരും ആഴ്ചയിലൊരിക്കലെങ്കിലും മത്സ്യമോ മാംസമോ കഴിക്കുന്നവരാണ് എന്ന് സമ്മതിക്കുന്നു. അഞ്ച് വർഷം മുമ്പുള്ള കുടുംബാരോഗ്യസർവ്വേ (സർവ്വേ നാല്)യുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ മത്സ്യമോ മാംസമോ കഴിക്കില്ല എന്ന് പറയുന്ന സ്ത്രീകളുടെ എണ്ണത്തിൽ 1.67 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതേസമയം ആഴ്ചയിലൊരിക്കലെങ്കിലും മത്സ്യമാംസാദികൾ കഴിക്കുമെന്ന് പറയുന്ന പുരുഷന്മാരുടെ എണ്ണം 17.18 ശതമാനം വർദ്ധിക്കുകയും ചെയ്തു.
റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങിളിലേയ്ക്ക് നോക്കിയാൽ സസ്യാഹാരികൾ എന്ന് പറയുന്നവരിൽ തന്നെ മിക്കവാറും പേർ ലാക്‌ടോ വെജിറ്റേറിയൻസ് അഥവാ പാലും പാലുത്പന്നങ്ങളും കഴിയുന്നവരാണ് എന്ന് മനസിലാകും. അഞ്ചാം സർവ്വേയുടെ കണക്കുകൾ അനുസരിച്ച് 5.8 ശതമാനം സ്ത്രീകളും 3.7 ശതമാനം പുരുഷന്മാരും മാത്രമേ ഒരിക്കലും പാലോ പാലുത്പന്നങ്ങളോ കഴിച്ചിട്ടില്ല എന്നവകാശപ്പെടുന്നുള്ളൂ. 48.8 ശതമാനം സത്രീപുരുഷന്മാർ ദിവസേന പാലോ പാലുത്പന്നങ്ങളോ കഴിക്കുന്നവരാണ്. 72.2 ശതമാനം സ്ത്രീകളും 79.8 ശതമാനം പുരുഷന്മാരും ആഴ്ചയിൽ ഒരിക്കലെങ്കിലും പാലിന്റെ ഉത്പന്നങ്ങൾ കഴിക്കും.
അഥവാ പാലിന്റെ ഉപഭോഗവും മത്സ്യമാംസാദികളുടെ ഉപഭോഗവും തമ്മിൽ ഇന്ത്യയിൽ നേരിട്ട് ബന്ധമുണ്ട്. 2022-23 വർഷത്തെ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ അനുസരിച്ച് പാലിന്റെ ഉപഭോഗം സസ്യഭക്ഷണരീതിയുടെ അനന്തര ഫലമായിട്ടുണ്ടായതാണ് എന്ന് കാണാം. ധാരാളം പാലും പാൽ ഉൽപന്നങ്ങളും കഴിക്കുന്നവരാണ് മാംസാഹാരം കുറച്ചുപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത്. അഥവാ മാംസാഹാരത്തിന് പകരമായാണ് ഇന്ത്യയിൽ പാൽ ഉപയോഗിക്കുന്നത്. അത് മാത്രമല്ല, ഇന്ത്യയിൽ പലഭാഗത്തും ആളുകൾ മാംസം കഴിക്കുന്ന കാര്യം പുറത്ത് പറയാൻ മടിക്കുകയും ചെയ്യുന്നുണ്ട് എന്നതും വസ്തുതയാണ്.
2018-ൽ നടന്ന ഒരു ഗവേഷണം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. അമേരിക്കയിലെ വിഖ്യാത നരവംശശാസ്ത്രജ്ഞനായ ബാലമുരളി നടരാജനും ഇന്ത്യയിൽ പ്രർത്തിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ സൂരജ് ജേക്കബ്ബും ചേർന്ന് നടത്തിയ പഠനത്തിലാണ് സസ്യഭക്ഷണ രീതിയെ കുറിച്ചുള്ള ഇന്ത്യയിലെ പല കണക്കുകളും ഊതിപ്പെരുപ്പിച്ചതാണ് എന്ന് കണ്ടെത്തിയത്. മാംസഭക്ഷണ ശീലമുള്ളവർ പോലും ‘രാഷ്ട്രീയ-സാമൂഹ്യ സമ്മർദ്ദത്താൽ’ മാറ്റി പറയുന്നുവെന്നാണ് ഈ പഠനം പറയുന്നത്. മാംസാഹാരം കഴിക്കുന്നവരിൽ ഒരു വിഭാഗം, പ്രത്യേകിച്ചും ബീഫ് കഴിക്കുന്നവർ, അക്കാര്യം പുറത്തു പറയാൻ മടിക്കുകയും പലരും സസ്യാഹാരികളാണ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന രീതി ഇവിടെ ഉണ്ട്. ഇത് കൂടി കണക്കിലെടുക്കുമ്പോൾ ഏതാണ്ട് 20 ശതമാനം ഇന്ത്യക്കാർ മാത്രമാണ് സസ്യാഹാരികൾ എന്ന് ഗവേഷകർ പറയുന്നു. ഇതകട്ടെ സാധാരണ അവകാശവാദങ്ങൾക്കും പൊതുധാരണകൾക്കും പൂർണമായും എതിരാണ്.
ജാതി, മത ബോധവും പുരുഷാധിപത്യവും രാഷ്ട്രീയവുമാണ് ഭൂരിപക്ഷം ഇന്ത്യാക്കാർ സസ്യാഹാരികളാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നത്. സസ്യാഹാരത്തിന്റെ പാരമ്പര്യഭാരം ചുമക്കേണ്ട ബാധ്യത ഏതാണ്ട് പൂർണമായും സ്ത്രീകളുടെ ചുമലിലാകുന്നു. കാരണം ഇന്ത്യയിൽ അടുക്കളയും ഭക്ഷണവും കുട്ടികളെ വളർത്തലും സ്ത്രീകളുടെ ബാധ്യതയായത് കൊണ്ട് പ്രത്യേകിച്ചും.
content summary; India is not a vegetarian country, don’t forget that.