പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യവേദികളിലും ശക്തിപ്രകടനങ്ങളിലും സജീവമായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി വീണ്ടും ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര മുന്നണിയ്ക്കായി രംഗത്ത്. പ്രാദേശിക പാര്‍ട്ടികളുടെ ദേശീയ കൂട്ടായ്മയായ ഫെഡറല്‍ മുന്നണിയുടെ ശക്തനായ വക്താവ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കൊല്‍ക്കത്തയില്‍ മമതയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ബിജെപി ഇതര കോണ്‍ഗ്രസ് ഇതര മുന്നണിയെ പിന്തുണച്ച് മമത വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം “മിസ്റ്റര്‍ റാവു പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നില്ല” എന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കൂടുതലും സംസാരിച്ചത് ചന്ദ്രശേഖര്‍ റാവുവായിരുന്നു. പൊതുവെ വാചാലയായ മമത താരതമ്യേന നിശബ്ദയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ ദേശീയ, പ്രാദേശിക പ്രതിപക്ഷ കക്ഷി നേതാക്കളെ കണ്ട് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ശ്രമിച്ചുവരുകയായിരുന്നു മമത ബാനര്‍ജി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, അരവിന്ദ് കെജ്രിവാള്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയവരുമായൊക്കെ മമത ചര്‍ച്ച നടത്തിയിരുന്നു. ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ദേശീയ സഖ്യത്തിനായി ശക്തമായി വാദിക്കുന്ന ചന്ദ്രശേഖര്‍ റാവുവുമായി ചന്ദ്രശേഖര്‍ റാവുവുമായി ചര്‍ച്ച നടത്തിയെങ്കിലും മമത നിശബ്ദത സൂചിപ്പിക്കുന്നത് ഫെഡറല്‍ മുന്നണിയോട് മമത ഇപ്പോള്‍ അത്ര താല്‍പര്യം കാണിക്കുന്നില്ല എന്നാണ് എന്ന വിലയിരുത്തലുണ്ട്. 40 വര്‍ഷത്തിലധികമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ മമതയെ കാണാന്‍ ഇത്തരത്തില്‍ പലരും വരുമെന്നായിരുന്നു തൃണമൂല്‍ നേതാവ് ഡെറിക് ഓബ്രിയന്റെ പ്രതികരണം.
ഭുവനേശ്വറില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനേയും ചന്ദ്രശേഖര്‍ കണ്ടിരുന്നു. അതേസമയം ഏത് പക്ഷത്താണ് എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലാത്ത നവീന്‍ പട്‌നായികും ഫെഡറല്‍ മുന്നണിയിലുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിട്ടില്ല. വിവിധ കക്ഷി നേതാക്കളെ കാണാന്‍ വിമാനം ചാര്‍ട്ട് ചെയ്തിരിക്കുന്ന ചന്ദ്രശേഖര്‍ റാവും യുപിയില്‍ അഖിലേഷ് യാദവുമായും മായാവതിയുമായും ചര്‍ച്ച നടത്തും.