February 19, 2025 |

‘ആശുപത്രികളേക്കാൾ സുരക്ഷിതം തെരുവ്’; വനിതാ ഡോക്ടർമാരിൽ ഭീതി ജനിപ്പിച്ച് കൊൽക്കത്ത പീഡനം

രാഖി കെട്ടി സംരക്ഷിക്കുമെന്ന് വാക്ക് നൽകിയവർ തന്നെ ജീവനെടുക്കുന്നു

ഓഗസ്റ്റ് 20 തിങ്കളാഴ്ച ഇന്ത്യയിൽ എങ്ങും രക്ഷാബന്ധൻ ആഘോഷങ്ങളായിരുന്നു, രാഖി കെട്ടി സഹോദരങ്ങൾ തങ്ങളുടെ സഹോദരിമാരെ എല്ലാവിധത്തിലും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത ദിവസം. പക്ഷെ, ഇത്തവണത്തെ രക്ഷാബന്ധൻ ഡൽഹിയിലെ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഡോ. സുമിത ബാനർജിയെ അസ്വസ്ഥയാക്കാൻ പോന്നതായിരുന്നു. ആഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആശുപത്രിയിൽ 31 കാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിന്ന് ഇന്ത്യ മുക്തമാകാത്ത സമയത്ത് ഉത്സവത്തിൻ്റെ ആഘോഷ അന്തരീക്ഷം സുമിതയെ അലട്ടുകയായിരുന്നു. new fear among India’s female medics

കാരണം മറ്റൊന്നുമല്ല സഹോദര ബന്ധം കാപട്യം നിറഞ്ഞ ഇത്തരം ആഘോഷങ്ങളിൽ മാത്രമാണ്. ആഘോഷങ്ങളിൽ വച്ച് പുരുഷന്മാർ തങ്ങളുടെ സഹോദരിമാരെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെങ്കിലും പിന്നീട് അവർ തന്നെ ഇത്തരം പ്രവർത്തികൾക്ക് മുതിരും. ആചാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഇന്ത്യയിലെ എല്ലാ പുരുഷന്മാരും സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു ദിവസത്തിനായി പ്രവർത്തിക്കണം എന്നാണ് സുമിത ബാനർജി പറയുന്നത്.

കൊൽക്കത്തയിലെ ദാരുണ സംഭവത്തിൽ ഇന്ത്യ ഒട്ടാകെ പ്രതിഷേധങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. വനിതാ ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം സംഭവം പുതിയ ഭയമാണ് സൃഷ്ടിച്ചിരിക്കുന്നത്. എവിടേക്കാണ് പോകുന്നതെന്നും ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കാനും ഇതിനോടകം തന്നെ ചിന്തിക്കുന്നതായുമായാണ് പലരും പറയുന്നത്.

“ ചിലപ്പോൾ പുലർച്ചെ 2 മണിക്കും 3 മണിക്കും വരെ ആശുപത്രിയിൽ ജോലിക്ക് കയറേണ്ട ആവശ്യമുണ്ടാകാറുണ്ട്, എൻ്റെ വെളുത്ത കോട്ട് ഇതുവരെ എനിക്ക് ചുറ്റും ഒരു സംരക്ഷണ വലയം പോലെയായിരുന്നു. ഇപ്പോൾ ആ സുരക്ഷിതത്വബോധം ഇല്ലാതായി,” എന്നാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.റൂമ സിൻഹ പറയുന്നത്.

ബാംഗ്ലൂരിലെ അപ്പോളോ ബ്രാഞ്ചിലെ റൂമയുടെ സഹപ്രവർത്തകയും ഗൈനക്കോളജിസ്റ്റുമായ ഡോ പ്രീതി ഷെട്ടി പറയുന്നത്, സംഭവത്തെ കുറിച്ച് അറിഞ്ഞ ശേഷം വനിതാ ഡോക്ടർമാർ വളരെയധികം അസ്വസ്ഥരും പരിഭ്രാന്തരുമാണെന്നാണ്. ‘ഞങ്ങൾ എല്ലാവരും നൈറ്റ് ഷിഫ്റ്റുകൾ ചെയ്യുന്നതും, കൂടാതെ രാത്രിയിൽ പ്രസവം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഒന്നും ആലോചിക്കാതെ പോകുന്നത് ഡോക്ടർമാർ എന്ന നിലയിൽ ഞങ്ങൾക്ക് തികച്ചും സാധാരണമായ കാര്യമാണ്. എന്നാൽ ഇതുപോലുള്ള ദിനചര്യയ്‌ക്കിടയിൽ ഇത്തരമൊരു ഭയാനകമായ കാര്യം സംഭവിക്കുമെന്ന് കൂടി ഭയപ്പെട്ട് ജീവിക്കേണ്ടി വരുന്നത് ഞങ്ങളെ എല്ലാവരെയും ഒരു പോലെ ഭയപ്പെടുത്തുന്ന ഒന്നാണ്’, എന്നും ഡോ പ്രീതി കൂട്ടിച്ചേർത്തു

അപോളോ ആശുപത്രിയെ സംബന്ധിച്ച് ഇതൊരു സ്വകാര്യ ആശുപത്രിയാണ്, വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡിനോട് ചേർന്ന് ഡ്യൂട്ടി ഡോക്ടറുടെ മുറിയുണ്ട്, അവിടെ വിശ്രമിക്കാം, അംഗീകൃത ജീവനക്കാർക്ക് മാത്രമേ ആ മുറിയിൽ പ്രവേശിക്കാൻ കഴിയൂ. കൂടാതെ, എല്ലാ നിലകളിലും സെക്യൂരിറ്റി ജീവനക്കാരും, സിസിടിവി ക്യാമറകളും ഉണ്ട്. എന്നാൽ, കൊൽക്കത്തയിലെ ആശുപത്രി വളരെ കുറച്ച് സുരക്ഷാ സംവിധാനങ്ങളുള്ള സർക്കാർ സ്ഥാപനമാണ്.

ഡോക്ടർമാരുടെ പ്രതിഷേധങ്ങൾക്ക് മറുപടിയായി, എല്ലാ സർക്കാർ ആശുപത്രികളിലെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ 25% വർദ്ധനവ് സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിക്കുകയും, ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ച് നിർദേശങ്ങൾ നൽകാൻ ഡോക്ടർമാരുടെ ദേശീയ ടാസ്‌ക്ഫോഴ്‌സ് രൂപീകരിക്കാൻ ഇന്ത്യയുടെ പരമോന്നത കോടതി പ്രത്യേകം ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

തെരുവിൽ ഇരിക്കുന്നത് ആശുപത്രിയിലെ സെമിനാർ മുറിയേക്കാൾ സുരക്ഷിതമാണെന്നാണ് തോന്നുന്നത്, എന്നാണ് പലരും പറയുന്നത്. ഏറ്റവും സുരക്ഷിതം എന്ന് കരുതുന്ന ആശുപത്രിയിൽ ഇങ്ങനെ സംഭവിക്കുമെങ്കിൽ മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്നാണ് ആശങ്ക ഉയർത്തുന്ന മറ്റൊരു ചോദ്യം. കൊൽക്കത്ത പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ഏറ്റെടുത്തു.

content summary; doctor’s rape and murder spawns new fear among India’s female medics

×