2019 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിനു ഒരു ദിവസം മുമ്പ് നടക്കുന്ന ഈ യോഗം ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ്. ബിജെപിക്കെതിരേ ഒരു വിശാല പ്രതിപക്ഷ സഖ്യം എന്ന ആശയം ഏറെ നാളായി ചര്‍ച്ചയാകുന്നതാണെങ്കിലും അതിന്റെ യാഥാര്‍ത്ഥീകരണം ഇതുവരെ ആയിട്ടില്ല. പൊതു തെരഞ്ഞെടുപ്പിന് ഇനി അധിക നാള് ഇല്ലാത്തതും രാജ്യത്ത് മോദി തംരഗത്തിന് തിരിച്ചടി നേരിടുന്നുണ്ടെന്ന തിരിച്ചറിവും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. ഇങ്ങനെയൊരു യോഗവും അതിന്റെ കൂടി പുറത്താണ്.
ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈയെടുത്താണ് യോഗം വിളിച്ചിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം കെ സ്റ്റാലിന്(ഡിഎംകെ) മായവതി(ബിഎസ്പി), അരവിന്ദ് കെജ്രിവാള്(എഎപി), അഖിലേഷ് യാദവ്( സമാജ് വാദി പാര്‍ട്ടി), തേജസ്വി യാദവ്( ആര്‍ജെഡി) പിണറായി വിജയന്(സിപിഎം), ഫാറുഖ് അബ്ദുള്ള(നാഷണല്‍ കോണ്‍ഫറന്‍സ്), മമ്ത ബാനര്‍ജി(തൃണമൂല്‍ കോണ്‍ഗ്രസ്), ശരദ് പവാര്‍( നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി), ശരദ് യാദവ്, ഡി രാജ(സിപിഐ) എച്ച് ഡി ദേവ ഗൗഡ( ജനത ദള്‍-എസ്) എന്നിവരെയാണ് ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
എന്നാല്‍ മായവതി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താതപര്യമില്ലാത്തതാണ് മായവതി യോഗം ബഹിഷ്കരിക്കാന്‍ കാരണം. രാജസ്ഥാന്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമ സഭ തെരഞ്ഞെടുപ്പുകളില്‍ ബിഎസ്-കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും സീറ്റ് വിഹിതത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ അത് പൊളിഞ്ഞിരുന്നു. കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യത്തിനില്ലെന്ന നിലപാടാണ് ബിഎസ്പിക്ക്.
അതേസമയം ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിട്ടുള്ള വേദികളിലൊന്നും സാന്നിധ്യമായിട്ടില്ലായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ചീഫുമായ അരവിന്ദ് കെജ്രിവാള് യോഗത്തിന് എത്തുമെന്നാണ് വിവരം. കോണ്‍ഗ്രസുമായി യോജിപ്പിനില്ലെന്ന ആം അദ്മി നിലപാടാണ് ഇത്രയും നാള് വിശാല സഖ്യത്തില്‍ നിന്നും അകന്നു നില്ക്കാന് അവരെ പ്രേരിപ്പിച്ചത്. കെജ്രിവാളുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനത ദള്‍ നേതാവുമായ നവീന്‍ പട്നായിക്കും പ്രതിപക്ഷ സഖ്യത്തിനു പുറത്തു നില്‍ക്കുന്നയാളാണ്. പ്രത്യക്ഷമായി യോജിപ്പ് പറയുന്നില്ലെങ്കിലും ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിനോട് അനുകൂല നിലപടാണ് ബിജു ജനത ദളിനും നവീന്‍ പട്നായിക്കിനും. രാജ്യസഭ ഡപ്യൂട്ടി ചെയര്മാന് തെരഞ്ഞെടുപ്പില്‍ ബിജു ജനത ദളിന്റെ ഒമ്പത് എംപിമാരും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായാണ് വോട്ട് ചെയ്തത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അതിനാല്‍ തന്നെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒരു സഖ്യത്തിന്റെ ഭാഗമായി നില്ക്കാന് ബിജു ജനത ദള്‍ തയ്യാറാകില്ല എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്ന കാര്യം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമ്ത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസുമായി സ്വരചേര്‍ച്ചയില്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ എല്ലാവരുമായി സഹകരിച്ചു നില്ക്കാന് തയ്യാറാണെന്നാണ് മമ്ത വ്യക്തമാക്കിയിട്ടുള്ളത്. തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിനെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധ്യത കുറവാണ്. ചന്ദ്രബാബു നായിഡുവുമായി ശത്രുതയിലാണെന്നതും ബിജെപി ടിആര്‍എസ്സുമായി തെലുങ്കാനയില്‍ സഖ്യം ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നതും ചന്ദ്രശേഖര്‍ റാവു ഒഴിവാകാന്‍ കാരണങ്ങളാണ്.
ചില പാര്‍ട്ടികള്‍ ഒഴിഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ എല്ലാവരും താമസിയാതെ ഒരുമിക്കുമെന്ന വിശ്വാസമാണ് ഇന്നത്തെ യോഗത്തിന് മുന്‍കൈയെടുത്ത ചന്ദ്രബാബു നായിഡു പറയുന്നത്. കോണ്‍ഗ്രസുമായി ദീര്‍ഘനാളായി പുലര്‍ത്തിയിരുന്ന എതിര്‍പ്പ് ഉപേക്ഷിച്ചാണ് നായിഡു ഇപ്പോള്‍ വിശാല സഖ്യത്തിന് വേണ്ടി പ്രയത്നിക്കുന്നത്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായേക്കാം, ആ അഭിപ്രായവ്യത്യാസങ്ങളെല്ലാം ജനങ്ങള്‍ക്കുവേണ്ടി ഉപേക്ഷിക്കണം, ജനാധിപത്യമാണ് പ്രധാനം; നായിഡു അഭിപ്രായപ്പെട്ടു.
കര്‍ണാടകയില്‍ ജനത ദള്‍ എസ്- കോണ്‍ഗ്രസ് സഖ്യത്തില്‍ എച്ച് ഡി കുമാര സ്വാമി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ചിരുന്നു. ആ ഒത്തുചേരല്‍ ഒരു പ്രതിപക്ഷ വിശാല സഖ്യത്തിന്റെ അനൗദ്യോഗിക കൂടിച്ചേരലായും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ഔദ്യോഗിക യോഗത്തില്‍ ഈ സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായൊരു ചിത്രം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.