July 17, 2025 |
Share on

ഇന്ത്യ-പാക് സൈനികതല ചര്‍ച്ച ഇന്ന്; ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ടത് ഭീകരരെ മാത്രം

പാക് നിലപാടിലെ അതൃപ്തി ഇന്ത്യ അറിയിക്കും

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിലിട്ടറി ഓപ്പറേഷന്‍സ് മേധാവികള്‍ തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. ഇരു രാജ്യങ്ങളുടെയും മിലിട്ടറി ഓഫീസര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കുന്നതും തീവ്രവാദികളെ കൈമാറുന്നതും സംബന്ധിച്ച് മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുവെന്നാണ് ഇന്ത്യയുടെ നിലപാട്. വെടിനിര്‍ത്തലിന് ശേഷമുള്ള പാക് നിലപാടിലെ അതൃപ്തിയും ഇന്ത്യ അറിയിക്കും. കൂടാതെ വരും ദിവസങ്ങളില്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ധാരണയുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും പാക് സൈന്യത്തിന്റെ പ്രകോപനം തുടര്‍ന്നാല്‍ സേന ശക്തമായി തിരിച്ചടിക്കുമെന്ന് വ്യോമസേനാ മേധാവി എകെ ഭാരതി പറഞ്ഞു. ഇതിനായി സൈനിക നടപടികള്‍ തീരുമാനിക്കാന്‍ സൈനിക മേധാവിമാര്‍ക്ക് പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്.

വെടിനിര്‍ത്തലിന് പിന്നാലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാല്‍ പ്രദേശത്ത് ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തെ ഉള്‍പ്പെടെ മേഖലയില്‍ നിന്ന് പിന്‍വലിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ തുടര്‍ നടപടികള്‍ ഇന്ത്യ നിരീക്ഷിച്ച് വരികയാണ്. അതിര്‍ത്തിയില്‍ ഉള്‍പ്പെടെ ഇന്ത്യ അതീവ ജാഗ്രത തുടരും.

ജമ്മു കശ്മീരിലും അതിര്‍ത്തിയിലെ മറ്റ് പ്രദേശങ്ങളിലും രാത്രി ഏറെക്കുറെ സമാധാനപരമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അതിര്‍ത്തി ശാന്തമായ ദിവസമായിരുന്നു കഴിഞ്ഞുപോയത്. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.

26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കിത്. എന്നാല്‍ ഇന്ത്യയുടെ ആക്രമണം ഭീകരരെ ലക്ഷ്യമിട്ട് മാത്രമായിരുന്നുവെന്നും സാധാരണക്കാര്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ദൃശ്യങ്ങള്‍ സഹിതം ഇന്ത്യന്‍ പ്രതിരോധ സേന വ്യക്തമാക്കി. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ 100 ലധികം തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ സൈന്യം അവകാശപ്പെടുന്നു.

എന്നാല്‍ പാകിസ്ഥാന്‍ ജനവാസ മേഖലകളെയാണ് ആക്രമിച്ചതെന്നും പാകിസ്ഥാന്റെ ആക്രമണശ്രമങ്ങള്‍ പലതും ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയതായും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ് വ്യക്തമാക്കി. പാകിസ്ഥാന്‍ ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാന്റെ സൈനിക- വ്യോമ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാന റാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും പ്രതിരോധ സേന പറഞ്ഞു.India-pak military level officers talk today

Content summar: India-pak military level officers talk today

Leave a Reply

Your email address will not be published. Required fields are marked *

×