June 18, 2026 |

‘യുദ്ധമുണ്ടായാലും രൂക്ഷമാകില്ല, ഇന്ത്യയോടും പാകിസ്ഥാനോടും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടിനിർത്തൽ ആവശ്യപ്പെടും’

യുദ്ധം ചെറുതോ വലുതോ ആയാൽ കൂടി അത് സാധാരണക്കാരുടെ ജീവിതത്തെ തീർച്ചയായും ബാധിക്കും

യുദ്ധസമാനമായ അന്തരീക്ഷമാണ് നിലവിൽ അതിർത്തിയിൽ നിലനിൽക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിലുള്ള പാകിസ്ഥാന് നിലവിൽ യുദ്ധത്തെ താങ്ങാനാവില്ലായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങിയാൽ കൂടി അത് ചെറിയ യുദ്ധമായി ഒതുങ്ങുമെന്നും അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങൾ ഇരുരാജ്യങ്ങളോടും വെടിനിർത്തലിന് ആവശ്യപ്പെടുമെന്നും മുൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധി കെ. പി ഫാബിയാൻ അഴിമുഖത്തോട് പ്രതികരിച്ചു.

‘യുദ്ധം ഏകദേശം ആരംഭിച്ചു കഴിഞ്ഞു എന്നുവേണം പറയാൻ. അതേസമയം, ഇതുവരെയും കാര്യങ്ങൾ സമ്പൂർണ്ണമായ യുദ്ധത്തിലേക്ക് നീങ്ങിയിട്ടില്ല. യുദ്ധം തുടങ്ങി കഴിഞ്ഞ് ഒരു സമ്പൂർണ യുദ്ധത്തിലേക്ക് പോകാനും അവിടെ കാലിടറാനുമുള്ള സാധ്യത കൂടിക്കൊണ്ടിരിക്കുന്നു. സാമ്പത്തികപരമായും രാഷ്ട്രീയപരമായുമെല്ലാം ഇന്ത്യ, പാകിസ്ഥാനെക്കാളും മുന്നിൽ നിൽക്കുന്ന രാജ്യമാണ്. എന്തുകൊണ്ടും പാകിസ്ഥാനെക്കാളും ശക്തമായ രാജ്യമാണ് ഇന്ത്യ. എന്നാൽ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ ഒന്നും ചെയ്യില്ലെന്നും സൈനിക തിരിച്ചടി ഉണ്ടാകില്ലെന്നും ആരെങ്കിലും വിചാരിച്ചിരുന്നുവെങ്കിൽ അത് തെറ്റായ കാര്യമാണ്.

പൂർണമായും യുദ്ധത്തിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ ഇന്ത്യയുടെ സൈനിക മേധാവിത്വം കൂടുതൽ സജ്ജരാകും. എന്നാൽ എന്റെ അഭിപ്രായത്തിൽ യുദ്ധം നീണ്ടുനിൽക്കാൻ പോകുന്നില്ല. പാകിസ്ഥാൻ പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോൾ തീർച്ചയായും അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങൾ ഇന്ത്യയോടും പാകിസ്ഥാനോടു വെടിനിർത്തലിന് ആവശ്യപ്പെടും. അത് നിരാകരിക്കാൻ ഇരുരാജ്യങ്ങൾക്കും കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ യുദ്ധമുണ്ടായാൽ തന്നെ ചെറിയ യുദ്ധമാകും ഉണ്ടാവുക. എന്നാൽ ഇന്ത്യയും പാകിസ്ഥാനും ചർച്ചകൾക്ക് മുതിരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

യുദ്ധം ചെറുതോ വലുതോ ആയാൽ കൂടി അത് സാധാരണക്കാരുടെ ജീവിതത്തെ തീർച്ചയായും ബാധിക്കും. അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളെയാണ് കൂടുതൽ സംരക്ഷിക്കേണ്ടത്. ഇന്ത്യ – പാക് ബോർഡർ, ജമ്മു കശ്മീർ ബോർഡർ, ​ഗുജറാത്ത് ബോർഡർ, പിന്നെ നിയന്ത്രണ രേഖയും അതാണ് ശരിക്കും നമ്മൾ ആലോചിക്കേണ്ടത്. ഇപ്പോൾ തന്നെ പൂഞ്ചിൽ ഒരുപാട് നാശനഷ്ടങ്ങൾ സംഭവിച്ചു കഴിഞ്ഞു. നിരവധി സ്കൂളും വിമാനത്താവളങ്ങളും അതിർത്തി ​ഗ്രാമങ്ങളിൽ അടച്ചിരിക്കുകയാണ്. സാധാരണയുള്ള ജീവിതമല്ല, സംഘർഷം ഉണ്ടായ ശേഷം അവിടെയുള്ളത്.

24 മണിക്കൂറിനുള്ളിൽ പാക് അധിനിവേശ കശ്മീർ പിടിച്ചെടുക്കാമെന്ന ധാരണയിലല്ല സംഘർഷം നടത്തുന്നത്. അങ്ങനെയുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണ് അങ്ങനെ വിചാരിക്കുന്നത് അത്ര ശരിയല്ലയെന്നാണ് എനിക്ക് പറയാനുള്ളത്. നമ്മുടെ രാജ്യത്തിന്റെ ഫൈറ്റർ ജെറ്റുകളെല്ലാം തന്നെ വളരെ അഡ്വാൻസ്ഡാണ്. അതേസമയം ഒരു കാര്യം കൂടി മനസിലാക്കേണ്ടതുണ്ട്. റഫേലിന് പകരം പാകിസ്ഥാന്റെ പക്കലുള്ളത് ജെ 10 ആണ്. മൂന്നിൽ കൂടുതൽ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. പലപ്പോഴും പാകിസ്ഥാൻ ഇത്തരത്തിൽ അതിശയോക്തിയിൽ സംസാരിക്കാറുണ്ട്. എന്നാൽ ഒരു യുദ്ധവിമാനം വെടിവെച്ചിട്ടു എന്ന കാര്യം പലരും സ്ഥിരീകരിക്കുന്നുണ്ട്. ഡസാൾട്ട് എന്ന കമ്പനിയാണ് റഫേൽ നിർമിക്കുന്നത്. അതിന്റെ ശേഷി താഴത്തേക്ക് പോകാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ഇരുരാജ്യങ്ങളോടും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. നിലവിൽ ഉണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ആ ബന്ധം ഇപ്പോഴുമുണ്ടെന്ന്’ കെ. പി ഫാബിയാൻ അഴിമുഖത്തോട് പറഞ്ഞു.

അതേസമയം, ഐഎംഎഫ് പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന വാദത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. ഇത്തരം സാമ്പത്തിക സഹായങ്ങള്‍ പാകിസ്ഥാന്റെ ഭീകരവാദ സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.

Content Summary: india pakistan attack, Countries including US will ask India and Pakistan for ceasefire

Leave a Reply

Your email address will not be published. Required fields are marked *

×