ദശകങ്ങളായി തുടരുന്ന ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ അതിര്‍ത്തിക്കിരുവശത്തും, നിരാലംബരും നിഷ്‌കളങ്കരുമായ മനുഷ്യരുടെ ജീവനും ജീവിതവും സ്വപ്നങ്ങളും തകര്‍ന്നടിയുമ്പോള്‍, കൊണ്ടും കൊടുത്തും നീളുന്ന വൈര്യത്തിന്റെ ലാഭം നേടുന്ന അന്താരാഷ്ട്ര ശക്തികളുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാവേണ്ടതുണ്ട്.
ബിലാത്തിക്കാരന്‍ കപ്പല് കയറി 80 ഓളം വര്‍ഷം പിന്നിടുമ്പോള്‍, അവര്‍ ഒരു മേശയ്ക്ക് മുകളില്‍ വരച്ച അതിര്‍ത്തിയാല്‍ രണ്ടു ചേരികളിലായിപ്പോയ മനുഷ്യര്‍ കണ്ടത് നാല് വലിയ യുദ്ധങ്ങളും, ചെറുതും വലുതുമായ എണ്ണിയാലൊടുങ്ങാത്ത ഭീകരാക്രമണങ്ങളും, അതിര്‍ത്തി തര്‍ക്കങ്ങളും, നഷ്ടങ്ങളും ഭീതിയുമാണ്.
അമേരിക്ക, ബ്രിട്ടന്‍ ഫ്രാന്‍സ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളുടെ, സാമ്പത്തികവും രാഷ്ട്രീയവും രാജ്യതന്ത്രപരവുമായ താല്‍പര്യങ്ങള്‍ക്ക്, ഇന്ത്യ പാക് സംഘര്‍ഷം എന്നും വളക്കൂറുള്ള മണ്ണ് തന്നെയാണ്. ദക്ഷിണേഷ്യയിലെ balance ഓഫ് power അഥവാ ശക്തി സന്തുലനത്തിനു പാശ്ചാത്യ ശക്തികള്‍ക്കുള്ള അനായാസ ഉപായമാണ് ഈ controlled instability അഥവാ നിയന്ത്രിത അസ്ഥിരത. ഇന്ത്യയുടെ സാമ്പത്തികവും സൈനികവുമായ വളര്‍ച്ചയെ തടയിടാന്‍ പാകിസ്ഥാനെ ശക്തിപ്പെടുത്തുക എന്ന തന്ത്രം പാശ്ചാത്യശക്തികള്‍ മാത്രമല്ല, ചൈനയും അവലംബിക്കുന്ന ഒന്നാണ്.
F-104 യുദ്ധവിമാനം
1954 ല്‍ അമേരിക്ക പാകിസ്താനുമായി ആയുധ ഉടമ്പടി ഒപ്പിട്ടതിന്റെ പ്രധാന ലക്ഷ്യം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സ്വാധീനത്തെ ചെറുക്കുക എന്നതായിരുന്നു. ടാങ്കുകളും പീരങ്കികളും F86 സാബ്രെ ജെറ്റുകള്‍ക്കും പുറമെ ധന സഹായവും ഈ സമയത്തു പാകിസ്താന് ലഭിച്ചു . 1960 കളുടെ തുടക്കത്തില്‍ F-104 Starfighters, M47/M48 Patton ടാങ്കുകളും, പെഷാവര്‍ എയര്‍ ബസ് നവീകരണ സഹായവും പുറകെ വന്നു.
1971 ല്‍ അമേരിക്കന്‍ ആയുധങ്ങളും, സാമ്പത്തിക സഹായവും മാത്രമല്ല, റിച്ചാര്‍ഡ് നിക്‌സണ്‍ന്റെ 7-ാം കപ്പല്‍ പട തന്നെ പാകിസ്ഥാന്റെ പക്ഷം പിടിച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കടുത്തെത്തിയപ്പോള്‍, ചൈന ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു. ഇന്ത്യയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ചൈനയുമായി അമേരിക്ക മെനഞ്ഞെടുത്ത അവിശുദ്ധ കൂട്ടുകെട്ടും, പിന്നീടുള്ള ഹെന്രി കിസിങ്കറുടെ ബീജിങ് സന്ദര്‍ശനവും, അമേരിക്കന്‍ നാവിക സേനയുടെ ടാസ്‌ക് ഫോഴ്‌സ് 74നെയും വിമാനവാഹിനി കപ്പലായ USS എന്റര്‍പ്രൈസിനെയും ബംഗാള്‍ ഉള്‍ക്കടലിലെത്തിച്ചപ്പോള്‍, സോവിയറ്റ് യൂണിയനുമായി ഇന്ത്യക്കുള്ള അഭേദ്യ ബന്ധത്തിന്റെ കണ്ണികളായി, USSR ന്റെ 20 ഓളം യുദ്ധക്കപ്പലുകളും ആണവ മുങ്ങിക്കപ്പലും കവചം സൃഷ്ടിച്ചില്ലായിരുന്നു എങ്കില്‍, ചരിത്രം മറ്റൊന്നാകുമായിരുന്നു.
എണ്‍പതുകളില്‍, സോവിയറ്റ് അഫ്ഗാന്‍ അധിനിവേശ കാലത്ത് അമേരിക്ക പാകിസ്താന് നല്‍കിയത് രണ്ടു ഘട്ടങ്ങളിലായി 790 കോടി ഡോളറോളം ആയുധ – സൈനിക സഹായമാണ്. അന്നത്തെ സ്റ്റേറ്റ് ഓഫ് ദി ആര്‍ട് F 16 യുദ്ധവിമാനങ്ങള്‍ വേറെയും. തൊണ്ണൂറുകളില്‍ ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍, അതി നിശിതമായി വിമര്‍ശിച്ച, ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ അമേരിക്ക പലപ്പോഴും പാകിസ്താനോട് മനസില്ലാ മനസ്സോടെ ശകാരിക്കുന്നത് ലോകം കണ്ടു. ഈ സഹായങ്ങളുടെയെല്ലാം വേര് പിടിച്ചു കയറിവന്ന ഭീകര സംഘടനകളാണ് പിന്നീട് വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്ക് വരെ നടത്തി, അമേരിക്കയ്ക്ക് തന്നെ വെല്ലുവിളി സൃഷ്ടിച്ചത്. ഏഷ്യയില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ അമേരിക്ക വിതച്ച, ഈ ഭീകരതയുടെ വിളവ് പില്‍ക്കാലത്ത് ഇന്ത്യയ്ക്കും കൊയ്‌തെടുക്കേണ്ടി വന്നു.
ഏറ്റവും പരിഹാസ്യം, 9/11 ശേഷം അമേരിക്കയുടെ ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍, ഏറ്റവും പ്രധാന NON- നാറ്റോ സഖ്യകക്ഷി പാകിസ്താന്‍ ആയിരുന്നു എന്നതാണ്. ഈ മാര്‍ഗ്ഗത്തിലൂടെ പാകിസ്താന് ലഭിച്ചത് 2000 കോടി ഡോളറിലേറെ ആണ്. അതിലും ശ്രദ്ധേയം, 830 ഓളം കൂടി ഡോളര്‍ നല്കിയത് ‘സുരക്ഷാ’ സഹായമായാണ് എന്നതാണ്. F-16C/D Block 50/52 ജെറ്റുകള്‍, AMRAAM മിസൈലുകള്‍, Huey ഹെലികോപ്റ്ററുകള്‍, നൈറ്റ്-വിഷന്‍ ഉപകരണങ്ങള്‍, തുടങ്ങി അത്യാധുനിക അമേരിക്കന്‍ ആയുധങ്ങളും ഉപകരണങ്ങളൂം വേറെ. 2019 ല്‍ ബാലക്കോട്ടില്‍ F16 ന്റെ സാന്നിധ്യം, ഇന്ത്യ ചോദ്യം ചെയ്തിട്ടു പോലും 2022 ഇല്‍ ഇതേ F 16 വിമാനങ്ങളുടെ പരിപാലനത്തിനായി 74 കോടി ഡോളറിന്റെ സഹായമാണ് നല്‍കിയത്. 1958 മുതല്‍ 24 IMF ബെയ്ലൗട്ടുകള്‍ വഴി 3000 കോടി ഡോളര്‍ വായ്പ അമേരിക്ക, പാകിസ്താന് നല്‍കി. Paris Club വഴി കടം പുനഃക്രമീകരിച്ച് കൊടുത്ത ബില്യണ്‍ കണക്കിന് ഡോളര്‍ വേറെ.
അമേരിക്ക, ഒരു വശത്ത് പാകിസ്ഥാന് യുദ്ധവിമാനങ്ങളും ഡ്രോണുകളും സാമ്പത്തിക സഹായവും നല്‍കുമ്പോള്‍, മറുവശത്ത് ഇന്ത്യയ്ക്ക് അപ്പാഷെ ഹെലികോപ്റ്ററുകളും C-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും വില്‍ക്കുന്നു. P-8I Poseidon Maritime Patrol എയര്‍ ക്രാഫ്റ്റ്, Chinook CH-47F Heavy-Lift ഹെലികോപ്റ്റര്‍സ്, MQ-9B Reaper/Sea Guardian ഡ്രോണ്‍സ്, Hellfire Missiles and Laser-Guided ബോംബ്‌സ്, Weapon-Locating റഡാര്‍സ്, എന്നിങ്ങനെ ഒരു വലിയ നിര ആയുധങ്ങളും, സാങ്കേതികോപകരണങ്ങളും ഇന്ത്യ, തങ്ങളുടെ രാജ്യരക്ഷക്കായി അമേരിക്കയില്‍ നിന്ന് വാങ്ങുന്നുണ്ട് . 2024 ല്‍ MK 54 Lightweight ടോര്‍പിഡോസ് മേടിക്കാന്‍ 174 മില്യണ്‍ ഡോളര്‍ എഗ്രിമെന്റ് ആണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുള്ളത്. F 35 സ്റ്റെല്‍ത് വിമാനങ്ങള്‍ക്കുള്ള കരാര്‍ ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 2020 ല്‍ അമേരിക്കയുടെ ഇന്ത്യന്‍ ആയുധവ്യാപാരം 3.4 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍ എത്തി നില്ക്കുന്നു. പാകിസ്താന് ആയുധങ്ങള്‍ നല്‍കുന്ന അമേരിക്ക അത് കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യക്ക് വില്‍ക്കുന്നു. എന്തൊരു വൈചിത്ര്യമാണ്. അമേരിക്കയുടെ ‘ഇന്തോ-പസഫിക്’ തന്ത്രത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണെങ്കിലും, പാകിസ്ഥാനും ചൈനയും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം, അമേരിക്കക്ക് തങ്ങളുടെ ശക്തി ദക്ഷിണേഷ്യയില്‍ കുറയുമോ എന്ന ഭയമുണ്ടാക്കുന്നു. അതിനാല്‍, അമേരിക്ക ഇരു രാജ്യങ്ങളെയും ‘സന്തുലിതമായി’ പിന്തുണയ്ക്കുന്നു. ഇന്ത്യയ്ക്ക് സാങ്കേതികവിദ്യയും ആയുധങ്ങളും, പാകിസ്ഥാന് സൈനിക-സാമ്പത്തിക സഹായവും. പാകിസ്ഥാനോട് തോളോട് തോള്‍ ചേര്‍ന്ന്, അഫ്ഗാനിസ്ഥാനിലും മറ്റ് മേഖലകളിലും അമേരിക്ക തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍, ഇന്ത്യയെ ഒരു ശക്തമായ സഖ്യകക്ഷിയായി നിലനിര്‍ത്തി, ചൈനയ്‌ക്കെതിരായ ശക്തി സന്തുലനം ഉറപ്പാക്കുന്നു.
MQ-9B ഡ്രോണ്‍
ബ്രിട്ടണിന്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ പാശ്ചാത്യ ശക്തികളെടുക്കുന്ന നിലപാടും മറ്റൊന്നല്ല. ശീതയുദ്ധ കാലത്ത് തുടങ്ങിയ സഹായങ്ങള്‍ ഈ രാജ്യങ്ങള്‍ ഇന്നും തുടര്‍ന്ന് പോരുന്നു. ബ്രിട്ടന്‍, തങ്ങളുടെ ഉപയോഗിച്ച യുദ്ധക്കപ്പലുകള്‍ നല്‍കുന്നതോടൊപ്പം, പാകിസ്ഥാന്‍ മിലിറ്ററിക്ക് സായുധ പരിശീലനവും നല്‍കുന്നു. തൊണ്ണൂറുകളില്‍ ഫ്രാന്‍സ് കമ്പനി കച്ചവടം ചെയ്ത Agosta-90ബി അന്തര്‍വാഹിനികള്‍ പാകിസ്താന്റെ നാവികശക്തി ബലപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഫ്രാന്‍സിന്റെ മിറാജ് വിമാനങ്ങള്‍ പാകിസ്താനും, റഫേല്‍ ഇന്ത്യയും വാങ്ങി പരസ്പരം പോരിനായി ഉപയോഗിക്കുന്നു. എന്ന് മാത്രമല്ല, ഓപ്പറേഷന്‍ സിന്ദൂറിന്റെ മദ്ധ്യേ, പാക്കിസ്ഥാനുള്ള IMF ബെയില്‍ ഔട്ട് പ്ലാനിനെ അനുകൂലിച്ചു, ഫ്രാന്‍സ് വോട്ടു ചെയ്തത്, ഈ സംഘര്‍ഷത്തോടുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ജര്‍മ്മനി, 1970 കളില്‍, NON NATO മെമ്പേഴ്‌സിനുള്ള ആയുധ കരാറിന്റെ ഭാഗമായി പാകിസ്താന് വിറ്റത് 200ല്‍ പരം അന്തര്‍വാഹിനികളാണ്. ഇറ്റലിയും സ്വീഡനും പല തരത്തിലുള്ള മിലിറ്ററി സാങ്കേതിക വിദ്യയും ഇരു രാജ്യങ്ങള്‍ക്കും വില്‍ക്കുന്നു. പാക്കിസ്ഥാനുള്ള, പാശ്ചാത്യ രാജ്യങ്ങളുടെ ആകെ സാമ്പത്തിക സഹായവും ആയുധ കച്ചവടവും, ഫലത്തില്‍ അമേരിക്കയുടെ സഹായത്തിന് തുല്യം നില്‍ക്കുന്നതാണ്. യൂറോപ്യന്‍ യൂണിയനും IMF ഉം നല്‍കുന്ന ധന സഹായങ്ങള്‍ മറുവശത്തും. ലോകത്തെ പ്രധാന ആയുധ നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്‍, ബോയിംഗ്, റേതിയോണ്‍ (അമേരിക്ക), BAE സിസ്റ്റംസ് (ബ്രിട്ടന്‍), ദസോ (ഫ്രാന്‍സ്), NORINCO (ചൈന)തുടങ്ങിയവര്‍ക്ക് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ഒരു സ്വര്‍ണ്ണ ഖനിയാണ്. 2024-ലെ SIPRI റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യ ആഗോള- ആയുധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്താണ്, പാകിസ്ഥാനും ആദ്യ പത്തില്‍ ഇടംപിടിക്കുന്നു. ഇന്ത്യയുടെ റഫേല്‍ യുദ്ധവിമാനങ്ങള്‍ (ഫ്രാന്‍സ്), S-400 മിസൈല്‍ പ്രതിരോധ സംവിധാനം (റഷ്യ) തുടങ്ങിയവ ആഗോള ആയുധ വ്യവസായത്തിന്റെ പരിച്ഛേദങ്ങളാണ്. ഈ കമ്പനികള്‍, തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, സര്‍ക്കാരുകളെ ആയുധങ്ങള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം, ഈ ആയുധ വ്യവസായ ഭീമന്മാര്‍ക്ക് ഒരു ‘നിരന്തര വിപണി’ ഉറപ്പാക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഈ കമ്പനികളുടെ ഓഹരി വിലകളിലുണ്ടായ മാറ്റങ്ങള്‍, ഈ സംഘര്‍ഷത്തെ, ആയുധപരീക്ഷണത്തിന്റെ ഏറ്റവും നല്ല ഭൂമികയായി അവര്‍ മാറ്റിയതിന്റെ ഉത്തമോദാഹരണമാണ്.
ചൈനയുടെ ആയുധ വ്യവസായവും ഈ സംഘര്‍ഷത്തെ ചെറുതായി കാണുന്നില്ല . പാകിസ്ഥാന് ആയുധങ്ങള്‍ വിറ്റ്, ചൈന തന്റെ സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു. പാകിസ്ഥാന്റെ All weather friend/’എല്ലാ കാലത്തെയും സുഹൃത്ത്’ എന്നറിയപ്പെടുന്ന ചൈന, സാമ്പത്തിക ഇടനാഴി (CPEC), JF-17 തണ്ടര്‍ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ടാങ്കുകള്‍ തുടങ്ങി സാമ്പത്തിക സൈനിക സഹായങ്ങള്‍ വഴി പാകിസ്താനെ ശക്തിപ്പെടുത്തുന്നു. എന്നാല്‍, ചൈനയുടെ ഈ ‘സൗഹൃദം’ പൂര്‍ണ്ണമായും നിസ്വാര്‍ത്ഥമല്ല. ഇന്ത്യയെ തന്ത്രപരമായി വളയുക എന്ന ചൈനീസ് ലക്ഷ്യത്തിലേക്കുള്ള ഒരു വഴി മാത്രമാണ് ഈ പാകിസ്ഥാന്‍ സൗഹൃദം. ചരിത്രപരമായി ചൈനയുടെ, തെളിഞ്ഞും ഒളിഞ്ഞുമുള്ള ഇടപെടലുകള്‍, ദക്ഷിണേഷ്യയിലെ സമാധാനത്തിനു എന്നും വെല്ലുവിളിയായിരുന്നു. പാകിസ്താനെ ആണവവത്കരിക്കുന്നതു വഴി, ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി, ആണവ പരീക്ഷണങ്ങളിലേക്കു വഴിതെളിച്ച് ദക്ഷിണേഷ്യയില്‍, ആണവ സംഘര്‍ഷങ്ങളുടെ ഭയപ്പാടുണ്ടാക്കിയതില്‍ ചൈനക്കുള്ള പങ്ക് വലുതാണ്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നത്, ഇന്ത്യയുടെ ശ്രദ്ധയും വിഭവങ്ങളും വഴിതിരിച്ചുവിടുന്നു. ഇത്, ചൈനയ്ക്ക് ഇന്തോ-പസഫിക് മേഖലയില്‍ തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ചൈനയുടെ – ഇന്ത്യയെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ – തന്ത്രപരമായി വളയുക എന്ന ലക്ഷ്യത്തിലെ – റിങ് ഓഫ് പേള്‍സ് – എന്ന മിലിറ്ററി സിദ്ധാന്തത്തിലെ പ്രധാന കണ്ണിയാണ് പാകിസ്ഥാന്‍. പാകിസ്താനും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങളിലെ കച്ചവട തുറമുഖങ്ങളെ നവീകരിക്കാനുള്ള സഹായങ്ങള്‍ നല്‍കി, അതുവഴി രഹസ്യമായി അവിടങ്ങളില്‍ തങ്ങളുടെ നാവികസേനയുടെ സാന്നിധ്യം ഉറപ്പാക്കുക എന്ന ചൈനീസ് തന്ത്രം, പാകിസ്താന് സമ്മാനിക്കുന്നത്, കടവും കട ബാധ്യതകളുമാണ്. ഇത് വീണ്ടും ചൈനയുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങാന്‍ പാകിസ്താനെ പ്രേരിപ്പിക്കുന്നു. ഈ പ്രദേശത്തെ സ്വാധീനവും ശക്തിയും നിലനിര്‍ത്തുന്നതില്‍, പാക്കിസ്ഥാന്‍, ചൈനയുടെ രാജ്യതന്ത്രങ്ങളിലെ ഒരു കളിപ്പാവയായി നിരന്തരം നിലകൊള്ളുന്നു.
ആയുധവില്‍പ്പന, ഒരു സാമ്പത്തിക ഇടപാട് മാത്രമല്ല, ഒരു രാഷ്ട്രീയ ഉപകരണം കൂടിയാണ്. പാശ്ചാത്യ രാഷ്ട്രങ്ങള്‍, തങ്ങളുടെ ആയുധ വില്‍പ്പനയിലൂടെ, ഇന്ത്യയെയും പാകിസ്ഥാനെയും തങ്ങളുടെ വിദേശനയതന്ത്രങ്ങളുമായി ബന്ധിപ്പിക്കുന്നു. ഉദാഹരണത്തിന്, അമേരിക്കയുടെ F-16 വിമാനങ്ങള്‍ വാങ്ങുന്നതിന്, പാകിസ്ഥാന്‍ അമേരിക്കന്‍ നയങ്ങളോട് വിധേയത്വം കാണിക്കേണ്ടി വരുമ്പോള്‍, ചൈനയുടെ ആയുധ വില്‍പ്പന, പാകിസ്ഥാനെ ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ്’ പദ്ധതിയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നു. ഇന്ത്യയാകട്ടെ, പരമാവധി സ്വയംപര്യാപ്തതക്ക് ശ്രമിക്കുമ്പോഴും, റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍, അമേരിക്ക എന്നിവയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങി, ഒരു ‘മള്‍ട്ടി-അലൈന്‍മെന്റ്’ നയം പിന്തുടരുന്നു. എന്നാല്‍, ഈ ആയുധ വാങ്ങലുകള്‍, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിന് പരിമിതികള്‍ സൃഷ്ടിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ സംഘര്‍ഷത്തിന്റെ ലാഭങ്ങള്‍. എണ്ണ, വാതകം, ധാതുക്കള്‍ തുടങ്ങിയ വിഭവങ്ങള്‍ ദക്ഷിണേഷ്യന്‍ മേഖലയില്‍ സമൃദ്ധമാണ്. ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും ചൈനയ്ക്കും ഈ വിഭവങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കുന്നു. കൂടാതെ, സംഘര്‍ഷം നിലനില്‍ക്കുന്നത്, ഇന്ത്യയുടെയും പാകിസ്ഥാന്റെയും സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. ഇത്, പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്കും ചൈനയ്ക്കും, ഇന്ത്യയെയും പാകിസ്താനെയും controlled growth. അഥവാ ‘നിയന്ത്രിത വളര്‍ച്ച’യില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2024-ല്‍ 75 ബില്യണ്‍ ഡോളറിന് മുകളിലാണ്, പാകിസ്ഥാന്റേത് 10 ബില്യണ്‍ ഡോളറിന് മുകളിലും. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കുപയോഗിക്കേണ്ട പണമാണ് ഇങ്ങനെ വഴിതിരിച്ചുവിടപ്പെടുന്നത്.
ഒരു തെളിവുമില്ലാതെ, weapons of mass destruction ഉണ്ടെന്ന പേരില്‍ യുദ്ധത്തിനിറങ്ങിയ, ലോകമെമ്പാടും ജനാധിപത്യത്തിനായി വര്‍ണ്ണവിപ്ലവങ്ങള്‍ നടത്തി, ഭരണ വ്യവസ്ഥകളെ തകിടം മറിച്ച അമേരിക്കക്കും പാശ്ചാത്യ ശക്തികള്‍ക്കും, ബിന്‍ ലാദനെ വര്‍ഷങ്ങളോളം സംരക്ഷിച്ചിട്ടും പാകിസ്ഥാനോട് കടുത്ത വിരോധമില്ലാത്തത് എന്തുകൊണ്ടാണ്?
അതിര്‍ത്തി കടന്നുവരുന്ന ഭീകരരെ, പരിശീലിപ്പിക്കുന്ന സ്ഥലങ്ങള്‍ ഇന്ത്യന്‍ ഇന്റലിജന്‍സിന് അറിയുമെങ്കില്‍, MI6, CIA, മൊസാദ് എന്നിവക്കൊക്കെ അറിയാതിരിക്കുമോ? നിരന്തരമായി ഇന്ത്യന്‍ മണ്ണിലുണ്ടാകുന്ന ഭീകരതയില്‍ പങ്കില്ലെന്ന് പറയുന്ന പാകിസ്ഥാന്‍, കാരണക്കാരായവര്‍ക്കെതിരെ കൃത്യമായ നടപടികളെടുക്കാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണ്? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല…
S-400 മിസൈല്‍
തങ്ങളുടെ വൈസ് പ്രസിഡന്റ് ഒരു രാജ്യസന്ദര്‍ശനം നടത്തുമ്പോള്‍, അവിടെയുണ്ടാകുന്ന അതിഭീകരമായ ഒരു ആക്രമണം, അതും തങ്ങളുടെ സഖ്യ കക്ഷിയായ മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തി കടന്നു വന്നുകൊണ്ട്. മാത്രമല്ല, അദ്ദേഹം തന്റെ സന്ദര്‍ശനം തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നു. സുരക്ഷ ഭയന്ന് അദ്ദേഹത്തെ സാധാരണ പ്രോട്ടോക്കോള്‍ അനുസരിച്ചു ദ്രുതഗതിയില്‍ evacuate ചെയ്യുന്നുമില്ല – ലോക ഇന്റലിജന്‍സിന്റെ താക്കോല്‍ കയ്യിലുള്ളതായി അവകാശപ്പെടുന്ന അമേരിക്കയുടെ സിഐഎ ഈ ആക്രമണത്തെക്കുറിച്ചൊന്നുമറിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ ലോകജനതയുടെ ബോധതലങ്ങള്‍ ചിതലരിച്ചു തീര്‍ന്നിട്ടില്ല എന്ന് പറയേണ്ടി വരും.
രാഷ്ട്രീയവും, മതവും, അതിര്‍ത്തിയും തീര്‍ക്കുന്ന മതിലുകളെ ബെര്‍ലിന്‍ മതില് കണക്കെ തകര്‍ത്തെറിയാന്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും, സ്‌നേഹത്തിന്റെ ഭാഷ മനസ്സിലാക്കുന്ന പച്ചയായ മനുഷ്യര്‍ നിശ്ചയ ദാര്‍ഢ്യത്തോടെ ഇറങ്ങിത്തിരിക്കുന്ന കാലം വരെ, ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വവും ധൈര്യം കാണിക്കുന്ന ദിനം വരെ, ഈ താറാവ്, വൈര്യത്തിന്റെ, വെറുപ്പിന്റെ, മരണത്തിന്റെ, നഷ്ടസ്വപ്നങ്ങളുടെ, കണ്ണുനീരിനാല്‍ നനഞ്ഞ തങ്ക മുട്ടകളിട്ടുകൊണ്ടേ ഇരിക്കും.India-Pakistan conflict: involvement of International powers
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: India-Pakistan conflict: involvement & benefits of international countries