ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര നീക്കം; പുതിയ നിയമ ഭേദഗതി എന്ത്? വിദ്യാർഥികൾ അറിയേണ്ടതെല്ലാം

പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനൊപ്പം മത്സര പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നത്.

ഡൽഹിയിലെ തെരുവുകളിൽ ദിവസങ്ങളോളം മുഴങ്ങിയ വിദ്യാർഥികളുടെ പ്രതിഷേധവും, ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി ഉയർന്ന രോഷവും ഒടുവിൽ കേന്ദ്രസർക്കാരിനെ നിയമം പുനഃപരിശോധിക്കാൻ നിർബന്ധിതരാക്കി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതും പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കാരങ്ങൾ വേണമെന്ന ആവശ്യം ശക്തമായതുമാണ് പുതിയ നിയമഭേദഗതിക്ക് വഴിയൊരുക്കിയത്.

2024-ൽ കൊണ്ടുവന്ന പൊതു പരീക്ഷാ ക്രമക്കേട് തടയൽ നിയമം (Public Examinations (Prevention of Unfair Means) Act) പരീക്ഷാ തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, സംഘടിത പരീക്ഷാ മാഫിയയെ പൂർണമായി നിയന്ത്രിക്കാൻ അത് മതിയായില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതോടെയാണ് ഭേദഗതി കൊണ്ടുവന്ന് നിയമം കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഭേദഗതി ബില്ലിന്റെ പകർപ്പ് കഴിഞ്ഞ ദിവസം പാർലമെന്റംഗങ്ങൾക്ക് നൽകിയിരുന്നു. ബിൽ തിങ്കളാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ നിയമം എന്താണ് പറയുന്നത്? പുതിയ ഭേദഗതിയിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്? വിശദമായി അറിയാം.

എന്തുകൊണ്ടാണ് വീണ്ടും ഭേദഗതി?

2024-ൽ പ്രാബല്യത്തിൽ വന്ന നിയമം ഇന്ത്യയിലെ ആദ്യ സമഗ്ര ചോദ്യപേപ്പർ ചോർച്ച തടയൽ നിയമം ആയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദേശീയ തലത്തിലെ വിവിധ പരീക്ഷകളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ചയും സംഘടിത തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പരീക്ഷാ മാഫിയ കൂടുതൽ സംഘടിതമായി പ്രവർത്തിക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ തടയാൻ നിലവിലെ ശിക്ഷകൾ മാത്രം മതിയാകുന്നില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവരാൻ തീരുമാനിച്ചത്.

നീറ്റ് പരീക്ഷാകേന്ദ്രത്തിലെ സുരക്ഷാ പരിശോധന

നിലവിലുള്ള നിയമം എന്താണ്?

പൊതുപരീക്ഷാ ക്രമക്കേട് തടയൽ നിയമം- 2024 പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പ്രത്യേക നിയമമാണ്.

ലക്ഷ്യങ്ങൾ:

  • ചോദ്യപേപ്പർ ചോർച്ച തടയുക
  • പരീക്ഷാ മാഫിയയെ ഇല്ലാതാക്കുക
  • ദേശീയ മത്സരപരീക്ഷകളുടെ വിശ്വാസ്യത സംരക്ഷിക്കുക
  • എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുക

ഏത് പരീക്ഷകൾക്കാണ് നിയമം ബാധകമാകുന്നത്?

ഈ നിയമം പ്രധാനമായും കേന്ദ്ര സർക്കാർ നടത്തുന്ന പൊതുപരീക്ഷകൾക്കാണ് ബാധകം.

അതിൽ ഉൾപ്പെടുന്നത്:

  • യു.പി.എസ്.സി (UPSC)
  • എസ്.എസ്.സി (SSC)
  • റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (Railway Recruitment Board)
  • എൻ.ടി.എ നടത്തുന്ന NEET, JEE, CUET, UGC-NET
  • ഐ.ബി.പി.എസ് പരീക്ഷകൾ (IBPS)
  • കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന മറ്റ് പൊതുപരീക്ഷകൾ

ഏതൊക്കെ കുറ്റങ്ങളാണ് നിയമം ലക്ഷ്യമിടുന്നത്?

  • ചോദ്യപേപ്പറുമായി ബന്ധപ്പെട്ട കുറ്റങ്ങൾ
  • ചോദ്യപേപ്പർ ചോർത്തൽ
  • ഉത്തരസൂചിക ചോർച്ച
  • പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പർ വിതരണം
  • പരീക്ഷയ്ക്കിടയിലെ തട്ടിപ്പുകൾ
  • ആൾമാറാട്ടം നടത്തി പരീക്ഷ എഴുതൽ
  • ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി
  • പുറത്തുനിന്ന് ഉത്തരങ്ങൾ കൈമാറൽ
  • ഡിജിറ്റൽ കുറ്റകൃത്യങ്ങൾ
  • പരീക്ഷാ സർവർ ഹാക്ക് ചെയ്യൽ
  • ഡേറ്റ അട്ടിമറി
  • ഓൺലൈൻ പരീക്ഷാ സംവിധാനത്തിൽ ഇടപെടൽ
  • സംഘടിത കുറ്റകൃത്യങ്ങൾ
  • വ്യാജ പരീക്ഷാ കേന്ദ്രങ്ങൾ
  • വ്യാജ അഡ്മിറ്റ് കാർഡുകൾ
  • മാർക്ക്, റാങ്ക്, മെറിറ്റ് ലിസ്റ്റ് എന്നിവയിൽ കൃത്രിമം
  • പരീക്ഷാ മാഫിയയുടെ സംഘടിത പ്രവർത്തനം
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

നിലവിലെ നിയമപ്രകാരം ലഭിക്കുന്ന ശിക്ഷ

വ്യക്തികൾക്ക്: 3 മുതൽ 5 വർഷം വരെ തടവ്, 10 ലക്ഷം രൂപ വരെ പിഴ
സംഘടിത പരീക്ഷാ മാഫിയയ്ക്ക്: 5 മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 1 കോടി രൂപ പിഴയും
പരീക്ഷാ നടത്തിപ്പിൽ പങ്കാളികളായ സ്ഥാപനങ്ങൾക്ക്: 1 കോടി രൂപ വരെ പിഴ.
പരീക്ഷ നടത്താനുള്ള അനുമതി റദ്ദാക്കാം. പരീക്ഷ വീണ്ടും നടത്തേണ്ടിവന്നാൽ മുഴുവൻ ചെലവും ഈടാക്കാം

ഇതിലെ എല്ലാ കുറ്റങ്ങളും കോഗ്നിസബ്ൾ, നോൺ ബെയ്‌ലബിൾ, നോൺ കോംപൗണ്ടബിൾ (Cognizable, Non-Bailable, Non-Compoundable) വിഭാഗത്തിലാണ്. അതായത്, വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം; ജാമ്യം എളുപ്പമല്ല; ഒത്തുതീർപ്പിലൂടെ കേസ് അവസാനിപ്പിക്കാനാകില്ല.

2026-ലെ ഭേദഗതി ബില്ലിലെ പ്രധാന മാറ്റങ്ങൾ

  1. ശിക്ഷ കൂടുതൽ കർശനമാകും: നിലവിലെ തടവുശിക്ഷ വർധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ഗുരുതര കുറ്റങ്ങളിൽ കൂടുതൽ വർഷത്തെ തടവ് ലഭിക്കുന്ന തരത്തിലാണ് ഭേദഗതി.
  2. പിഴ ഗണ്യമായി ഉയരും: പരീക്ഷാ തട്ടിപ്പിലൂടെ സാമ്പത്തിക നേട്ടം കൊയ്യുന്ന സംഘങ്ങളെ ലക്ഷ്യമിട്ടാണ് പിഴത്തുക വൻതോതിൽ ഉയർത്താൻ നിർദേശം.
  3. പരീക്ഷാ മാഫിയയെ നേരിട്ട് ലക്ഷ്യമിടും: വ്യക്തികളെ മാത്രമല്ല, പരീക്ഷാ മാഫിയ, ഇടനിലക്കാർ, സ്വകാര്യ ഏജൻസികൾ, പരീക്ഷാ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർക്കും കൂടുതൽ ഉത്തരവാദിത്തം നിശ്ചയിക്കും.
  4. ഫാസ്റ്റ്-ട്രാക്ക് കോടതികൾ: ചോദ്യപേപ്പർ ചോർച്ച കേസുകൾ വർഷങ്ങളോളം നീളാതിരിക്കാൻ പ്രത്യേക കോടതികളിലൂടെ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ നിർദേശം.
  5. വേഗത്തിലുള്ള അന്വേഷണം: സംഘടിത കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംവിധാനത്തിനും കൂടുതൽ നിയമപരമായ പിന്തുണ നൽകും.

വിദ്യാർഥികളെ എങ്ങനെ ബാധിക്കും?

ഈ ഭേദഗതിയുടെ പ്രധാന ലക്ഷ്യം കുറ്റവാളികളെ ശിക്ഷിക്കുക മാത്രമല്ല. അതോടൊപ്പം, പരീക്ഷാ സംവിധാനത്തിൽ വിശ്വാസം വീണ്ടെടുക്കുക, സത്യസന്ധമായി പഠിക്കുന്ന വിദ്യാർഥികളുടെ അവസരം സംരക്ഷിക്കുക, പരീക്ഷാ മാഫിയയുടെ സാമ്പത്തിക ശൃംഖല തകർക്കുക, ദേശീയ മത്സരപരീക്ഷകളുടെ വിശ്വാസ്യത ഉയർത്തുക എന്നിവയാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Content Summary: he Indian government is preparing to strengthen the Public Examinations (Prevention of Unfair Means) Act, 2024 through a proposed 2026 amendment following renewed concerns over paper leaks and examination fraud.

This post was last modified on July 26, 2026 2:39 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment