February 19, 2025 |

പൂജ ഖേദ്കറിന്റെ കുടുംബം ഉൾപ്പെട്ട 8 കമ്പനികൾ ; ബന്ധുക്കളും സുഹൃത്തുക്കളും ഓഹരി ഉടമകൾ

അഗ്രോ മുതൽ ഓട്ടോമൊബൈൽ വരെ

അധികാര ദുർവിനിയോഗം നടത്തിയെന്നു കണ്ടെത്തിയ ഐഎഎസ് ഓഫിസർ പൂജ ഖേദ്കറിന്റെ രക്ഷിതാക്കളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ബന്ധുക്കൾക്കും പങ്കുള്ളതായി റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. Puja Khedkar and her family

പ്രൊബേഷണറി ഐഎഎസ് ഓഫീസറായിരുന്ന പൂജ ഖേദ്കർ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുള്ള നിയമങ്ങൾ മറികടന്ന് ഐഡൻ്റിറ്റിയെക്കുറിച്ച് കള്ളം പറഞ്ഞെന്ന കേസിൽ യുപിഎസ്‌സിയുടെ അന്വേഷണം നേരിട്ട് കൊണ്ടിരിക്കുകയാണ്. ജാതി, ഭിന്നശേഷി ക്വാട്ടകൾ ദുരുപയോഗം ചെയ്‌തെന്നും ഇവർക്കെതിരെ ആരോപണമുണ്ട്. കൂടാതെ പൂജ ഖേദ്കറും കുടുംബവും അവരുടെ ബന്ധുക്കളുമായും പരിചയക്കാരുമായും എട്ട് കമ്പനികളിൽ ഓഹരി ഉടമകളാണെന്ന് ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഇതിൽ അഞ്ച് കമ്പനികൾ പൂജ ഖേദ്കറിൻ്റെ മാതാപിതാക്കളായ ദിലീപ്, മനോരമ എന്നിവരുമായി ബന്ധപ്പെട്ട പൂനെയിലെ ബിസിനസ് വിലാസങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് രേഖകൾ വെളിപ്പെടുത്തുന്നു. ഇവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എട്ട് കമ്പനികളിൽ ഏഴും ഡിലിജൻസ് ഗ്രൂപ്പിൻ്റെതാണ്. എട്ടാമത്തെ കമ്പനിയായ പൂജ ഓട്ടോമൊബൈൽസ് മനോരമയുടെ ഭർത്താവിൻ്റെ ഭാര്യാസഹോദരനും പങ്കാളിത്തമുള്ള സ്ഥാപനമാണ്.

മറ്റ് ഡിലിജൻസ് കമ്പനികളിൽ രണ്ട് “ഷുഗർ & അഗ്രോ” സ്ഥാപനങ്ങൾ കൂടി ഉണ്ട്. ഇവയിലെല്ലാം ഖേദ്‌ക്കർ കുടുംബമോ അവരുടെ അടുത്ത ബന്ധുക്കളോ അവരുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഡയറക്ടർമാരോ ഓഹരി ഉടമകളോ ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്. ദി ഇന്ത്യൻ എക്സ്പ്രസ് ഡിലിജൻസ് ഗ്രൂപ്പ് കമ്പനികളുമായും ഓട്ടോമൊബൈൽ സ്ഥാപനവുമായും ബന്ധപ്പെട്ട രേഖകൾ ട്രാക്ക് ചെയ്തു, കൂടാതെ ഖേദ്കർമാരുടെ ചില പ്രധാന ബന്ധുക്കളുമായും ഈ വാണിജ്യ സ്ഥാപനങ്ങളിൽ പേരുള്ള മറ്റുള്ളവരുമായും സംസാരിച്ചിരുന്നു.

ഡിലിജൻസ് ഗ്രൂപ്പ് കമ്പനികളിൽ, രേഖകളിൽ “പൂജ” എന്ന പേരിൽ 20% ഓഹരികളുണ്ട്. 2018 ലാണ് ഓഹരികൾ വാങ്ങിയിരിക്കുന്നത്. 2022-ൽ ഓം ദീപ് ഷുഗർ & അഗ്രോയിൽ പൂജയുടെ സഹോദരൻ പിയൂഷിന് 50% ഓഹരിയുണ്ടായിരുന്നു. ഡിലിജൻസ് ഷുഗർ & അഗ്രോ, ഡിലിജൻസ് (ഇന്ത്യ) കോർപ്പറേഷൻ, ഡിലിജൻസ് ഇൻഫ്രാപ്രോജക്‌ട്‌സ് എന്നീ മൂന്ന് കമ്പനികളിൽ മനോരമ 2018 വരെ ഓഹരിയുടമയായിരുന്നു. ഓം ദീപ് ഷുഗർ & അഗ്രോ ഒഴികെ, മറ്റ് ആറ് ഡിലിജൻസ് ഗ്രൂപ്പ് കമ്പനികളൊന്നും 2019 ന് ശേഷം വാർഷിക റിട്ടേൺ ഫയൽ ചെയ്തിട്ടില്ല.

ദിലീപിൻ്റെ ഭാര്യാസഹോദരൻ മഹാദേവ് നാല് ഡിലിജൻസ് കമ്പനികളുടെ രേഖകളിലും പേര് ഉൾപെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ മനോരമ നടത്തുന്ന ട്രാക്ടർ ഡീലർഷിപ്പായ പൂജ ഓട്ടോമൊബൈൽസിൻ്റെ പങ്കാളി കൂടിയാണ് മഹാദേവ്. ഇന്ത്യൻ എക്സ്പ്രസിനോട് ഫോണിൽ സംസാരിച്ച മഹാദേവ് ഈ കമ്പനികളുടെ പ്രവർത്തനത്തിൽ തനിക്ക് പങ്കില്ലെന്ന് അവകാശപ്പെട്ടു. “ഞങ്ങൾ പങ്കാളികളാണ്, പക്ഷേ ഈ കമ്പനികൾ അടച്ചിട്ടിരിക്കുകയാണ്. ഞാൻ മാത്രമല്ല വേറെ പലരും ഇതിലുണ്ട്. ഈ ബിസിനസുകളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഖേദ്കർ ഞങ്ങളുടെ ബന്ധുക്കളാണ്. ലത ദിലീപ് ഖേദ്കറുടെ സഹോദരിയാണ്, ”അദ്ദേഹം പറഞ്ഞു.

നാല് ഡിലിജൻസ് കമ്പനികളുമായി ബന്ധമുള്ള മറ്റൊരു വ്യക്തി പൂജയുടെ ബന്ധുവായ സഞ്ചിത് ഹാംഗേയാണ്. പൂനെയിലെ ഇന്ദാപൂർ താലൂക്കിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് സഞ്ചിതിൻ്റെ പിതാവ് തനാജിറാവു ഹാംഗേ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിൽ കൃഷി ചെയുന്നുണ്ട് ഒപ്പം കോൺഗ്രസിൻ്റെ മുൻ താലൂക്ക് ഭാരവാഹിയുമാണ്. തൻ്റെ മകൻ ഡയറക്ടറായ  കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറുകൾ എന്തിനാണ് ഖേദ്കർ ഉപയോഗിക്കുന്നതെന്ന ചോദ്യത്തിന്, തനാജിറാവു പറയുന്നത്; “സഞ്ചിത് യഥാർത്ഥത്തിൽ കർഷകനാണ്, കമ്പനികളുമായി മകനുള്ള ബന്ധമെന്താണെന്ന് എനിക്കറിയില്ല. പൂജയുടെ അമ്മ മനോരമ എൻ്റെ ഭാര്യയുടെ അനുജത്തിയാണ്. സഞ്ചിത് യാത്രയിലാണെന്നും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും തനാജിറാവു അവകാശപ്പെട്ടു.

യുപിഎസ്‌സി അന്വേഷണത്തിന് പുറമെ, സർക്കാർ ചിഹ്നങ്ങളുടെ ദുരുപയോഗം മുതൽ കണക്കിൽപ്പെടാത്ത സ്വത്ത് കയ്യിൽ വച്ചതുൾപ്പടെയുള്ള നിയമ ലംഘനങ്ങൾക്ക് പൂജയ്ക്കും, മാതാപിതാക്കൾക്കും നേരെ ഒന്നിലധികം അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഔദ്യോഗിക ബീക്കൺ, വിഐപി നമ്പർ പ്ലേറ്റ്, സർക്കാർ ചിഹ്നം എന്നിവയുടെ ദുരുപയോഗം  തുടങ്ങി ഒന്നിലധികം നിയമലംഘനങ്ങൾക്ക് പൂജ സഞ്ചരിച്ച ഓഡി കാർ പൂനെ ട്രാഫിക് പോലീസ് പിടിച്ചെടുത്തിരുന്നു. അതിനിടെ, ദിലീപിന്റെ പജീറോയുടെ ബമ്പറിൽ ഗവൺമെൻ്റ് പിച്ചള തകിട് പതിപ്പിച്ചതായി പറയുന്ന വീഡിയോയിൽ മഹാരാഷ്ട്ര പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വാഹനങ്ങളും തെർമോവെറിറ്റയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2023ൽ പൂനെ ജില്ലയിൽ വച്ച് കർഷകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മനോരമയെ കോടതിയിൽ ഹാജരാക്കി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. 2023 ബാച്ച് ഐഎഎസ് ഓഫീസറായ പൂജ, യുപിഎസ്‌സിയിൽ ഒബിസി നോൺ-ക്രീമി ലെയർ സെർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനും, കാഴ്ചയ്ക്കും മാനസിക വൈകല്യത്തിനുമുള്ള സെർട്ടിഫിക്കറ്റുകളിൽ പരിശോധന ടെസ്റ്റുകൾ നടത്താൻ വിസമ്മതിച്ചതിനും കേസ് നേരിടുകയാണ്. കഴിഞ്ഞയാഴ്ച മസൂറിയിലെ സിവിൽ സർവീസ് പരിശീലന അക്കാദമിയിലേക്ക് പൂജയെ തിരിച്ചുവിളിച്ചിരുന്നു.

പൂജയുടെ അച്ഛൻ ദിലീപ് 2020- ലാണ് മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് വിരമിക്കുന്നത്. കൂടാതെ കണക്കിൽപ്പെടാത്ത സ്വത്ത് സംബന്ധിച്ച പരാതിയെ അഭിമുഖീകരിക്കുന്ന സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ  അഹമ്മദ്‌നഗർ യൂണിറ്റിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഈ വർഷം ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വഞ്ചിത് ബഹുജൻ ആഘാഡി (വിബിഎ) സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനിടെ 40 കോടിയിലധികം സമ്പത്തും 49 ലക്ഷം രൂപ വാർഷിക വരുമാനവും ഉണ്ടെന്ന് പറഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. 13,749 വോട്ടുകളാണ് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ ലഭിച്ചത്.

Content summary; From agro to auto, Puja Khedkar and her family at centre of 8 firms Puja Khedkar and her family

×