മേയ് 3, ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. മേയ് രണ്ടിന് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്- ആര്‍എസ്എഫ്) ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളിലെ പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക റാങ്കിംഗായ പ്രസ് ഫ്രീഡം ഇന്‍ഡക്‌സ് പുറത്തിറക്കിയിരുന്നു. നോര്‍വേയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള എറിട്രിയയാണ് റാങ്കിംഗിലെ അവസാന സ്ഥാനക്കാര്‍. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റിസിന്റെ കണക്കുപ്രകാരം 2024 ല്‍ 103 മാധ്യമ പ്രവര്‍ത്തകര്‍ ലോകത്ത് കൊല്ലപ്പെട്ടുട്ടുണ്ട്. 2025 ഏപ്രില്‍ വരെ ലോകമെമ്പാടും 15 പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു.
ഇനി ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാം. മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ വാര്‍ഷിക റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം 151 ആണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം എത്രമാത്രം അവകാശപ്പെടാമെന്നുള്ളതിന്റെ തെളിവാണ് ആ സ്ഥാനം.
അത്ഭുതരമായൊരു വൈരുദ്ധ്യമാണ് ഇന്ത്യന്‍ മാധ്യമ മേഖലയില്‍ ഉള്ളത്. പുറമേ നിന്നു നോക്കിയാല്‍ ആശ്ചര്യപ്പെടും. ഏകദേശം ഇരുപതിനായിരത്തോളം ദിനപത്രങ്ങള്‍, 450 ഓളം സ്വകാര്യ വാര്‍ത്ത ചാനലുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, ഇന്ത്യയില്‍ ഏതെങ്കിലും ഭരണാധികാരി മാധ്യമസ്വാതന്ത്ര്യത്തെയോ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയോ നിശബ്ദമാക്കാന്‍ ഉത്തരവിടുന്നില്ല. പത്രങ്ങളോ ചാനലുകളോ അടച്ചുപൂട്ടാനുള്ള നയങ്ങളൊന്നും ഇതുവരെ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യവും വിലക്കിയിട്ടില്ല.
എന്നാല്‍ ഇതേ രാജ്യം തന്നെയാണ്, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും, ഉടമസ്ഥരില്‍ കേന്ദ്രീകരിക്കുന്ന മാധ്യമപ്രവര്‍ത്തനവും കൊണ്ട് ലോകത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം സ്ഥാനത്തേക്ക്(151) തള്ളപ്പെടുന്നതും.
ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്താണെന്ന് വ്യക്തമാക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ അവസ്ഥ ഗാര്‍ഡിയന്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്; ഹര്‍ലീന്‍ കപൂര്‍ എന്ന അപരനാമത്തിലാണ് ഗാര്‍ഡിയന്‍ ആ മാധ്യമപ്രവര്‍ത്തകയുടെ അവസ്ഥ പറയുന്നത്. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തുന്നതിനു മുമ്പ് വരെ നാട്ടില്‍ നടക്കുന്ന മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായി ഇടപെട്ട് എഴുതിക്കൊണ്ടിരുന്ന ഹര്‍ലീന്‍ ഇപ്പോള്‍ ഫീല്‍ഡ് റിപ്പോര്‍ട്ടിന് നിയോഗിക്കപ്പെടുന്നില്ല, ഏതാണ് പൂര്‍ണ സമയവും ഓഫിസില്‍ തന്നെയാണ്. അതവരുടെ ഇഷ്ടപ്രകാരമല്ല, സ്ഥാപനത്തിന്റെ നിര്‍ബന്ധം.
പിന്നാക്ക മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഹര്‍ലീന്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ചില പ്രദേശങ്ങളില്‍ നിന്നുള്ള കഥകള്‍ അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയില്‍ വളര്‍ന്നുവന്ന ഭയത്തിന്റെ അന്തരീക്ഷത്തില്‍, താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍, മുസ്ലീങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ടുകള്‍ മാധ്യമ സ്ഥാപനം നിരാകരിക്കുകയാണ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ രണ്ടാം തവണയും അധികാരത്തില്‍ വന്നതോടെ ഹര്‍ലീന് മുന്നില്‍ വാതില്‍ പൂര്‍ണമായി അടഞ്ഞു. സ്ഥാപനം അവരോട് ഇനി മുതല്‍ ഫീല്‍ഡ് റിപ്പോര്‍ട്ടിംഗിന് പോകേണ്ടെന്ന് ആവശ്യപ്പെട്ടു. ഹര്‍ലീനെ തടയേണ്ടത് സ്ഥാപനത്തിന്റെ ആവശ്യമായിരുന്നു. സാമ്പത്തിക സ്ഥിതി ഭദ്രമല്ലാത്തൊരു സ്ഥാപനമാണത്, സര്‍ക്കാര്‍ പരസ്യം കൂടി നഷ്ടപ്പെട്ടാല്‍ അത് അടച്ചു പൂട്ടേണ്ടി വരും. അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ സ്ഥാപനം അവരുടെ മാധ്യമപ്രവര്‍ത്തകയെ ബന്ധനസ്ഥയാക്കി.
ഇന്ത്യയില്‍ എങ്ങനെയാണ് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതെന്നതിന് ഹര്‍ലീന്‍ കപൂര്‍ ഒരു ഉദ്ദാഹരണമാണ്. ദി ഗാര്‍ഡിയന്‍ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്, അവര്‍ സംസാരിച്ച പല മാധ്യമ പ്രവര്‍ത്തകരും മോദി ഇന്ത്യയില്‍ ഭയത്തോടെയാണ് ജോലി ചെയ്യുന്നതെന്നാണ്. സര്‍ക്കാരിന് അഹിതമായ കാര്യങ്ങള്‍ എഴുതിയാല്‍, ക്രൂരമായ ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രകാരം തങ്ങള്‍ കുറ്റക്കാരക്കപ്പെടാം, അതല്ലെങ്കില്‍ മോദി അനുകൂല സംഘങ്ങള്‍ തങ്ങളുടെ വാതിലുകള്‍ തേടിവരാം എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പേടിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള മറ്റൊരു മാധ്യമപ്രവര്‍ത്തകന്റെ അവസ്ഥയും ഗാര്‍ഡിയന്‍ പറയുന്നുണ്ട്. അയാളെ തത്കാലം അര്‍ജുന്‍ മേനോന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മോദിക്കെതിരേ എഴുതിയതിന് രണ്ട് വര്‍ഷം മുമ്പ് വധഭീഷണി നേരിടേണ്ടി വന്നുവെന്നാണ് അര്‍ജുന്‍ പറയുന്നത്. ” അവര്‍ എന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി, എന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി സൈബര്‍ ആക്രമണം നടത്തി. വാര്‍ത്തകളുമായി ബന്ധപ്പെട്ട എല്ലാ സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്യാനും വിശദമായ കുറിപ്പുകള്‍ സൂക്ഷിക്കാനും താന്‍ തയ്യാറായതിനു കാരണം കോടതി കയറേണ്ടി വരുമെന്ന് അറിഞ്ഞു തന്നെയായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.
ഇന്റര്‍നാഷണല്‍ ജേര്‍ലിസ്റ്റിസ് നെറ്റ്‌വര്‍ക്ക്(ഐജെഎന്‍) പറയുന്നത്, മോദി അധികാരത്തില്‍ എത്തിയശേഷം 15 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നാണ്. ഇതില്‍ ആറ് പേര്‍ ഇപ്പോഴും തടവിലാണ്. ഐജെഎന്‍ പറയുന്നത്, ഇന്ത്യയിലെ നിയമങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാനും ഭീഷണിപ്പെടുത്താനും ‘ആയുധമാക്കി’ മാറ്റിയിരിക്കുകയാണെന്നാണ് പറയുന്നത്. കോടതിയില്‍ ഏതെങ്കിലും കുറ്റകൃത്യം തെളിയിക്കപ്പെടുന്നതിന് മുമ്പ് ഒരു വ്യക്തിയെ ‘ഭീകരനായി’ പ്രഖ്യാപിക്കാന്‍ അധികാരികളെ അനുവദിക്കുന്ന തരത്തില്‍ 1967 ലെ യുഎപിഎ നിയമം 2019 ല്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തുവെന്ന കാര്യം കൂടി ഐജെഎന്‍ പറയുന്നു.
ഗാര്‍ഡിയനില്‍ സ്ഥിരമായി എഴുതുന്ന ഡല്‍ഹി ആസ്ഥാനമായുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ആകാശ് ഹസ്സന്റെ അവസ്ഥയും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കശ്മീര്‍ വിഷയത്തില്‍ എഴുതിയതിന്റെ പേരില്‍ പോലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഹസന്റെ വീട്ടില്‍ കയറി. ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ഹസന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പൊലീസ് ഹസന്റെ ഫോണ്‍ പിടിച്ചെടുത്തു. പാസ്‌വേര്‍ഡ് ചോദിച്ചിരിക്കുകയാണ്, അവര്‍ക്ക് അദ്ദേഹത്തിന്റെ ഫോണ്‍ പരിശോധിക്കണം.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നത്, മോദി കാലത്ത് മാത്രമാണെന്ന് പറയാനാകില്ല. 2012 ല്‍ യുപിഎ ഭരണകാലത്ത് കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി അറസ്റ്റ് ചെയ്യപ്പെട്ട കാര്യം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ തകൂര്‍ത്ത ഓര്‍മിപ്പിക്കുന്നുണ്ട്. പാര്‍ലമെന്റിനെ ടോയ്‌ലെറ്റ് ആയി ചിത്രീകരിച്ച് വരച്ച കാര്‍ട്ടൂണിന്റെ പേരിലായിരുന്നു അറസ്റ്റ്. അന്നും ഇന്നും തമ്മിലുള്ള വ്യത്യാസമായി തകൂര്‍ത്ത ചൂണ്ടിക്കാണിക്കുന്ന കാര്യം, മോദി ഭരണകൂടം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ മാത്രമല്ല, വലതപക്ഷ രാഷ്ട്രീയ ചേരിയില്‍ ചേക്കേറാത്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ കൂടി ലക്ഷ്യം വയ്ക്കുന്നുണ്ടെന്നതാണ്.
മുഖ്യധാര മാധ്യമങ്ങളിലെ വലിയൊരു വിഭാഗം കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുകയാണ്. മോദിയോട് ചോദ്യങ്ങള്‍ ഒന്നും അവര്‍ ചോദിക്കില്ല. കോവിഡ് മഹാമാരി കാലത്ത് പോലും മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രിയാണ് മോദി എന്നൊക്കെയുള്ള പരാതികളും തകൂര്‍ത്ത ഉയര്‍ത്തുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്തിനുശേഷം മാധ്യമമേഖലയെ ഇത്രയധികം ചങ്ങലയ്ക്കിടുന്ന കാലം ഉണ്ടായിട്ടില്ലെന്നു കൂടി ആ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗാര്‍ഡിയനോട് പറയുന്നുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിച്ചമര്‍ത്തലും മാധ്യമപ്രവര്‍ത്തകരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും, വിമര്‍ശനാത്മക ശബ്ദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ എന്‍ റാം ഗാര്‍ഡിയനോട് പറയുന്നത്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന വാര്‍ത്തകള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ദി വയര്‍, ന്യൂസ് ലോണ്‍ട്രി തുടങ്ങിയ സ്വതന്ത്ര വാര്‍ത്താ വെബ്സൈറ്റുകളും കാരവന്‍ പോലുള്ള മാസികകളും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തുടരുന്നുണ്ടെന്നും റാം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം തന്നെ ഇന്ത്യയില്‍ സമാന്തര മാധ്യമ സംസ്‌കാരം കൂടി ശക്തിപ്പെടുന്നുണ്ട്. അത് സ്വതന്ത്ര യൂട്യൂബ് ചാനലുകള്‍ വഴിയാണ്. രവീഷ് കുമാര്‍, ധ്രുവ് റാഠി, ആകാശ് ബാനര്‍ജി എന്നിവരുടെ യൂട്യൂബ് ചാനലുകള്‍ നിശിതമായ വിമര്‍ശമനവും സര്‍ക്കാരിന്റെ പൊള്ളത്തരങ്ങളും സധൈര്യം തുറന്നു കാട്ടുന്നുണ്ട്. ഇവര്‍ക്ക് ലക്ഷകണക്കിന് പ്രേക്ഷകരുമുണ്ട്.
അതേസമയം, ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പ്രസക്തമായൊരു വിവരം കൂടി പറയുന്നുണ്ട്. ബിജെപി അധികാരത്തില്‍ ഇല്ലാത്ത ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ മാധ്യമപ്രര്‍ത്തകര്‍ ഭയമില്ലാതെ അവരുടെ ജോലി ചെയ്യുന്നുണ്ട്.
അടിച്ചമര്‍ത്തലിനെ ചെറുക്കുന്ന ഇടങ്ങളും ശബ്ദങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്, കൂടുതല്‍ ആളുകള്‍ സമ്മര്‍ദ്ദത്തെ ചെറുക്കുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്, ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചുള്ള എന്‍. റാമിന്റെ ഈ പ്രതീക്ഷ പങ്കുവച്ചുകൊണ്ടാണ് ഗാര്‍ഡിയന്‍ അവരുടെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. India ranks 151st in the World Press Freedom Index
Content Summary; India ranks 151st in the World Press Freedom Index
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.