June 13, 2025 |

മതമല്ല ഭരണഘടനയാണ് വലുത് ; ജീവനാംശം മുസ്ലിം സ്ത്രീകളുടെയും അവകാശം

എന്താണ് സുപ്രിം കോടതി വിധി ?

വിവാഹമോചിതരാകുന്ന മുസ്ലിം സ്ത്രീകളുടെ ജീവനാംശം സംബന്ധിച്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുകയാണ് സുപ്രിം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം വിവാഹമോചനം നേടിയവർക്ക് തന്റെ തൻ്റെ മുൻ ഭർത്താവിൽ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഹർജി നൽകാമെന്ന് സുപ്രീം കോടതിയുടെ പുതിയ വിധി നിർദേശിക്കുന്നു. മുസ്ലീം സ്ത്രീകൾക്ക് മറ്റ് സമുദായങ്ങളിൽ നിന്നുള്ള സ്ത്രീകളെപ്പോലെ ജീവനാംശം തേടാനുള്ള നിയമപരമായ അവകാശമാണ് ഇതിലൂടെ ഉറപ്പാക്കപ്പെട്ടിരിക്കുന്നത്. rights of a divorced muslim woman to maintenance

ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (സിആർപിസി) സെക്ഷൻ 125 പ്രകാരം വിവാഹമോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകുന്നതിനെ എതിർത്ത മുസ്ലീം യുവാവിൻ്റെ ഹർജി പരിഗണിക്കവെയാണ് സുപ്രധാന വിധി പുറത്തുവിട്ടിരിക്കുന്നത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് യുവാവിന്റെ ഹർജി തള്ളുകയായിരുന്നു. വിവാഹമോചനത്തിനു ശേഷമുള്ള മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ പരാമർശിക്കുന്ന മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനാവകാശ സംരക്ഷണം) നിയമം, 1986, സെക്ഷൻ 125 CrPC പ്രകാരം വിവാഹമോചിതരായ സ്ത്രീകൾക്ക് ജീവനാംശം അവകാശപ്പെടാൻ അനുവദിക്കുന്ന പൊതു മതേതര നിയമത്തെ മറികടക്കുന്നില്ലെന്ന് കോടതി വിധിച്ചു.

ജസ്റ്റിസുമാരായ നാഗരത്‌നയും മസിഹും വ്യത്യസ്ത വിധിന്യായങ്ങൾ പുറപ്പെടുവിച്ചെങ്കിലും പൊതുവിധിയോട് സമവായപ്പെടുകയായിരുന്നു. “വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങൾ ക്രിമിനൽ അപ്പീൽ തള്ളുന്നത്,” ജസ്റ്റിസ് നാഗരത്ന പറഞ്ഞു. മുസ്ലീം സ്ത്രീകളുടെ (വിവാഹമോചന അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിലെ സെക്ഷൻ മൂന്ന് തടസ്സമില്ലാത്ത ഒരു ക്ലോസിലാണ് ആരംഭിക്കുന്നതെന്ന് വാദം കേൾക്കുന്നതിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി. സെക്ഷൻ മൂന്ന് ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ (CrPC) സെക്ഷൻ 125 ൽ നൽകിയിരിക്കുന്ന വ്യവസ്ഥകളെ മറി കടക്കുന്നില്ല. പകരം, വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് ജീവനാംശം ആവശ്യപ്പെടാനുള്ള മറ്റൊരു വഴി കൂടി തുറന്നു കൊടുക്കുകയാണ് ചെയ്യുന്നത്.

കേരള ഹൈക്കോടതിയുടെ ഒരു വിധിയും കേസിൽ അമിക്കസ് പരാമർശിച്ചിരുന്നു. ആക്റ്റ് ആരംഭിക്കുന്ന സമയത്ത് സെക്ഷൻ 125 CrPC ഹർജികൾ തീർപ്പാക്കാത്ത മുസ്ലീം സ്ത്രീകളുടെ ആവശ്യം ഇല്ലാതാക്കാനാണ് ട്രാൻസിറ്ററി പ്രൊവിഷൻ ഉദ്ദേശിക്കുന്നതെന്ന് കേരള ഹൈക്കോടതി (അമിക്കസ് ഉദ്ധരിച്ച വിധിന്യായത്തിൽ) അഭിപ്രായപ്പെട്ടിരുന്നു. സിആർപിസി സെക്ഷൻ 125 പ്രകാരം മുസ്‌ലിം സ്ത്രീകളെ ജീവനാംശം ക്ലെയിം ചെയ്യുന്നതിൽ നിന്ന് തടയാനാണ് മുസ്ലീം വനിതാ നിയമം ഉദ്ദേശിക്കുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. വാദം ഭരണഘടന വിരുദ്ധമെന്നാണ് കോടതി വിശേഷിപ്പിച്ചത്. സെക്ഷൻ 125 CrPC പ്രകാരം മുസ്‌ലിം സ്ത്രീകൾക്ക് ജീവനാംശം തേടാനുള്ള അവകാശം, മുസ്‌ലിം വനിതാ നിയമത്തിലെ വ്യവസ്ഥകൾ കൊണ്ട് നിഷേധിക്കുന്നത്; ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിൻ്റെയും നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാകുമെന്ന് കോടതി ചൂണ്ടികാണിക്കുന്നു.rights of a divorced muslim woman to maintenance 

കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ ചെയ്യുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കും ത്യാഗവും ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയമായെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞു. ഭർത്താവ് ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടതിൻ്റെ ആവശ്യകതയെ ബെഞ്ച് എടുത്തുകാണിച്ചു, കുടുംബത്തിനുള്ളിൽ സ്ത്രീകൾക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ജോയിൻ്റ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തുക, എടിഎം ആക്സസ് പങ്കിടുക തുടങ്ങിയ പ്രായോഗിക നടപടികൾ നിർദ്ദേശിച്ചിട്ടുണ്ട്.

Content summary; Supreme Court verdict states Divorced Muslim Woman Can Seek Maintenance From Husband Under S.125 CrPC

Leave a Reply

Your email address will not be published. Required fields are marked *

×