ഗില്‍ തന്നെ ഏകദിന നായകനും; ഓസീസ് പരമ്പരയില്‍ തുടക്കം

രോഹിത് ശര്‍മയില്‍ നിന്നും ശുഭ്മാന്‍ ഗില്ലിലേക്ക് നായകന്റെ കിരീടം മാറുമ്പോള്‍, ടീം ഇന്ത്യയിലും ഒരു തലമുറ മാറ്റമാണ് നടക്കുന്നത്

shubhman gill

രോഹിത് ശര്‍മ ഒഴിഞ്ഞ ഇന്ത്യന്‍ ഏകദിന ടീം നായകന്റെ കിരീടം ഇനി ശുഭ്മാന്‍ ഗില്ലിന്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ നായകനാകുമെന്ന് വിവരം. നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാണ് 26 കാരനായ ഗില്‍. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതോടെ രണ്ട് പ്രധാന ഫോര്‍മാറ്റിലും ഗില്‍ നായകനാകും. ട്വന്റി-20 യില്‍ സൂര്യകുമാര്‍ യാദവാണ് നായകന്‍. ഇന്ത്യ വിജയികളായ ഏഷ്യ കപ്പ് ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്തത് ഗില്‍ ആയിരുന്നു.

2027 ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ടീമിനെ നയിക്കുക ഗില്‍ ആയിരിക്കും. ഇക്കാര്യം സെലക്ടര്‍മാര്‍ ഗില്ലുമായി സംസാരിക്കുകയും അദ്ദേഹം സമ്മതം മൂളുകയും ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച്ച നടന്ന സിലക്ടര്‍മാരുടെ യോഗത്തില്‍ ഗില്ലും പങ്കെടുത്തിരുന്നു.

38 കാരനായ രോഹിത് ശര്‍മയില്‍ നിന്നും 26 കാരനായ ഗില്ലിലേക്ക് ടീം ഇന്ത്യയുടെ നായകത്വം മാറുമ്പോള്‍, തലമുറ മാറ്റം കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സംഭവിക്കുന്നത്. രോഹിത് ഊരിയ ടെസ്റ്റ് നായക വേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് ഗില്‍ ആദ്യമായി അണിഞ്ഞത്. രോഹിതിന്റെ ക്യാപ്റ്റന്‍സി മാറ്റും എന്നുറപ്പായതിനു പിന്നാലെ അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിക്കുകയായിരുന്നു. പിന്നാലെ വിരാട് കോഹ് ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വന്റി-20 ലോക കിരീടം നേടിയതിനു പിന്നാലെ രണ്ട് താരങ്ങളും ആ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് ഇവര്‍ ഉള്ളത്.

നായകനായ ആദ്യ ടെസ്റ്റ് പരമ്പരയില്‍ ഉജ്ജ്വലമായ നേട്ടം സ്വന്തമാക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിലെ മണ്ണില്‍ പരമ്പര സമനിലയിലാക്കാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ സാധിച്ചു. വ്യക്തിഗതമായും ഗില്ലിന് ആ പരമ്പര അഭിമാനകരമായ ഓര്‍മയാണ്. 75.40 ആവറേജില്‍ നാല് സെഞ്ച്വറികളുമായി 754 റണ്‍സാണ് അദ്ദേഹം അടിച്ചു കൂട്ടിയത്.

This post was last modified on October 4, 2025 2:09 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment