June 26, 2026 |

ശബരിമലയിലെ ‘കൊള്ള’ മഞ്ഞുമലയുടെ ഒരറ്റം മാത്രം; വള്ളിയാംകാവ് ശബരിമലയുടെ ഭാഗമായതും ചതിയിലൂടെ

കൊള്ളയടിയുടെ പാരമ്പര്യം

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ ചരിത്രവും കാലങ്ങളായി നടന്നുവരുന്ന പകല്‍ക്കൊള്ളയും സംബന്ധിച്ച് മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പികെ സജീവന്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ശബരിമല ക്ഷേത്രത്തിന്റെ ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍ തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന കൊള്ളയടിയുടെ പാരമ്പര്യം ശബരിമലയിലും കാണാവുന്നതാണ്. ശബരിമല ക്ഷേത്രം മുമ്പ് ദേവസ്വം ബോര്‍ഡിന് കീഴിലല്ലായിരുന്നല്ലോ. പിന്നെ എങ്ങനെയാണ് ഈ ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ അധീനതയിലേക്ക് വന്നത്. അതുപോലെ തന്നെ തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ ഭാഗമായിരുന്നില്ലല്ലോ, പകരം പന്തളം കൊട്ടാരത്തിന്റെ ആയിരുന്നല്ലോ. പിന്നെയെങ്ങനെയാണ് തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ ഭാഗമായി ക്ഷേത്രം മാറിയത്. ഇതിനെല്ലാം വളരെ മുമ്പ് ഈ ക്ഷേത്രം ഒരു വിഭാഗത്തിന്റെ ആയിരുന്നു. മലയരയ സമുദായം നിര്‍മിച്ച ക്ഷേത്രമായിരുന്നല്ലോ. ക്ഷേത്രം അവര്‍ സ്വമേധയാ എഴുതിക്കൊടുത്തതൊന്നുമല്ല. ഓരോ കാലഘട്ടങ്ങളിലായി ശബരിമല ക്ഷേത്രം കൊള്ളയടിച്ച് കൈക്കലാക്കിയതാണ് ദേവസ്വം ബോര്‍ഡ്.

കൊള്ളയടി ശബരിമല ക്ഷേത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഉണ്ടായത്. നിലയ്ക്കല്‍ മഹാക്ഷേത്രം എന്നത് മൂഴിക്കല്‍ കുഞ്ഞിരാമന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതാണ്. ആ ക്ഷേത്രവും ദേവസ്വം ബോര്‍ഡ് മോഷ്ടിച്ചെടുത്തതാണ്. അതുപോലെ തന്നെയാണ് മുണ്ടയ്ക്കലിനടുത്തെ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രമായ വള്ളിയാംകാവ് ദേവീ ക്ഷേത്രവും. ഈ ക്ഷേത്രം കോന്തി എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ റോഡിന് വേണ്ടി എന്ന കാരണം പറഞ്ഞ് വെള്ളപേപ്പറില്‍ കോന്തിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങി. പിന്നീട് ആ ഒപ്പിട്ട പേപ്പറില്‍, ക്ഷേത്രം എഴുതി നല്‍കുകയാണെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ എഴുതി എടുക്കുകയായിരുന്നു. പശ്ചിമ ദേവീക്ഷേത്രവും ശബരിമല പാതയോട് ചേര്‍ന്ന് പൂങ്കാവനത്തിന് സമീപത്തുള്ളതാണ്. ഈ ക്ഷേത്രവും ഇങ്ങനെ തന്നെയാണ് ദേവസ്വം ബോര്‍ഡ് കൈക്കലാക്കിയത്. ക്ഷേത്രങ്ങള്‍ അടിച്ചുമാറ്റിയതിന് പുറമെയാണ് മകരവിളക്ക് തെളിക്കുന്നതിനുള്ള അധികാരം പോലും ദേവസ്വം ബോര്‍ഡ് കൈക്കലാക്കിയത്.

ചരിത്രം പരിശോധിക്കുമ്പോള്‍ നിലവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കാലഘട്ടത്തിലോ ദേവസ്വം ബോര്‍ഡിന്റെ കാലഘട്ടത്തിലോ ആരംഭിച്ചതല്ല ഈ മോഷണപരമ്പര. മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്, ദേവസ്വം ബോര്‍ഡ് കൈക്കലാക്കിയ, ഈ മഹാക്ഷേത്രങ്ങളൊക്കെ നിര്‍മിച്ച സമൂഹത്തില്‍ നിന്ന് ഒരു പ്രതിനിധിയെ പോലും എന്തുകൊണ്ടാണ് ഇവര്‍ ദേവസ്വം ബോര്‍ഡില്‍ എടുക്കാത്തത്. കഴിഞ്ഞ 75 വര്‍ഷത്തെ കൊള്ളയടിയുടെ പാരമ്പര്യം പറയുമ്പോള്‍, എന്തുകൊണ്ട് മലയരയ സമുദായത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിലേക്ക് ഒരു പ്രതിനിധിയെ എടുത്തിട്ടില്ല. മറ്റൊന്ന്, എന്തുകൊണ്ട് പന്തളം കൊട്ടാരത്തില്‍ നിന്നും ദേവസ്വം ബോര്‍ഡിലേക്ക് പ്രതിനിധിയെ എടുത്തിട്ടില്ല. അതുപോലെ തന്നെ, ശബരിമല ക്ഷേത്രം തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ അധീനതയിലായിരുന്നിട്ട് കൂടി എന്തുകൊണ്ട് ഒരു പ്രതിനിധിയെ അവിടെ നിന്നും എടുത്തില്ല. ഇതിന് കാരണം എന്തെന്ന് വച്ചാല്‍, ഇവരാരും സത്യത്തിന് വിരുദ്ധമായി ഒരു കാര്യവും ചെയ്യില്ല എന്നതാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡിന്റെ കള്ളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനും കഴിയുകയില്ല.

Also Read: പരികര്‍മിയില്‍ നിന്നും സ്‌പോണ്‍സറിലേക്ക്; ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി?

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണമല്ലെന്നും ചെമ്പ് പാളിയാണെന്നും അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്താത്തത്. ഇഡി പോലുള്ള ഏജന്‍സികള്‍ ശബരിമല വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. കൂടാതെ, ഏതൊക്ക ക്ഷേത്രങ്ങളില്‍ തങ്ക, സ്വര്‍ണ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതൊക്കെ ഇപ്പോഴും അങ്ങനെ തന്നെയുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടത്തേണ്ടതുണ്ട്.

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിന്റെ മകുടം പോലും മുമ്പ് കാണാതെ പോയിട്ടുണ്ട്. ആരാണ് ക്ഷേത്രത്തിനകത്ത് കയറി മോഷണം നടത്തുന്നത്. പുറത്ത് നിന്നുള്ള കള്ളന്മാരല്ല, പകരം ക്ഷേത്രത്തിനകത്ത് തന്നെയുള്ളവരാണ്. ക്ഷേത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും ക്ഷേത്രഭരണസമിതിയില്‍ ഉള്ളവരും ക്ഷേത്രത്തിനകത്തുള്ളവരുമാണ് ഈ കൊള്ള മുഴുവന്‍ നടത്തുന്നത്.

ഇടുക്കി ജില്ലയിലെ പീരുമേടിന് അടുത്തുള്ള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍, ശ്രീകൃഷ്ണന് ചാര്‍ത്തുന്ന സ്വര്‍ണ കിരീടം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴുള്ളത് ഡ്യൂപ്ലിക്കേറ്റ് കിരീടമാണെന്ന് പോലും വാര്‍ത്തകള്‍ വന്നിരുന്നു. ക്ഷേത്രങ്ങളിലെ പകല്‍കൊള്ള കാലങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്നതാണ്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ശബരിമലയില്‍ നമ്മള്‍ കാണുന്നത്. ഏതൊക്കെ ക്ഷേത്രങ്ങളില്‍ കൊള്ളയടി നടന്നിട്ടുണ്ടോ, അതിനൊക്കെ ക്ഷേത്രം ഭരണസമിതിയുടെ ഒത്താശയും ഉണ്ടായിട്ടുണ്ട്. കാലങ്ങളായി ക്ഷേത്രവകകള്‍ ഇത്തരത്തില്‍ സ്വകാര്യ വ്യക്തികളിലേക്ക് പോകുന്നത് സംബന്ധിച്ചുള്ള സമഗ്ര അന്വേഷണമാണ് ഇനി നടക്കേണ്ടത്. അതാണ് ഞങ്ങളുടെ ആവശ്യം.

Content Summary: Sabarimala’s corruption is just the tip of the iceberg

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×