പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പാകിസ്താനിൽ നിന്ന് നേരിട്ടും അല്ലാതെയും ഉള്ള കയറ്റ് ഇറക്കുമതികൾക്കാണ് നിരോധനം. ദേശീയ സുരക്ഷയും പൊതു നിയമവും കണക്കിലെടുത്താണ് പാകിസ്താനുമായുള്ള വ്യാപാര ബന്ധത്തിന് ഇന്ത്യ വിലക്ക് ഏർപ്പെടുത്തുന്നത്.
2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയിൽ ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്ന് 4.2 ലക്ഷം ഡോളറിന്റെ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതേ കാലയളവിൽ മുൻപ് 28.6 ലക്ഷം ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള പാകിസ്ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായിരുന്നു. 2023–24 വർഷത്തിൽ 110 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തെങ്കിൽ 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ വെറും 4.2 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശത്രുരാജ്യത്തിന് കനത്ത പ്രഹരം നൽകിയിരുന്നു. പ്രധാനമായും പഴം, സിമന്റ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാതുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്.
അതിനിടെ പാകിസ്ഥാൻ നേതൃത്വം ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് തുടരുകയാണ്. സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമായി കണക്കാക്കുമെന്ന് പ്രതിരോധമന്ത്രി ക്വാജ ആസിഫ് ഇന്നും വ്യക്തമാക്കി. എന്നാൽ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ തിരിച്ചടിക്കുകയാണ്. ഇന്ത്യ ആക്രമിക്കുമോ ഭീതിയിലുമാണ് പാകിസ്ഥാൻ. പാക് കരസേന മേധാവി ആസിം മുനീർ പാക് അധീന കശ്മീരിലെത്തി സൈനികരെ കണ്ടു. ആറു ദിവസത്തിനു ശേഷമാണ് മുനീറിന്റെ ഒരു ചിത്രം പുറത്തു വന്നത്. അതിർത്തിയിലെ മദ്രസകൾ പാകിസ്ഥാൻ അടച്ചു. മദ്രസകൾ എന്ന പേരിൽ ചില ഭീകര പരിശീലന കേന്ദ്രങ്ങളും നടക്കുന്നതായുള്ള സൂചന ഇന്ത്യയ്ക്കുണ്ടായിരുന്നു. സിന്ധു നദീജല ഉടമ്പടി റദ്ദാക്കുകയും പാകിസ്ഥാൻ പൗരൻമാർക്ക് വിസ റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇറക്കുമതിയിക്കും നിരോധനമേർപ്പെടുത്തുന്നത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമപാതയും അടച്ചിട്ടുണ്ട്. യുദ്ധസാധ്യത ആശങ്ക ഉയർത്തുന്നതാണെന്നും ചർച്ചയിലൂടെ ഇരു രാജ്യങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്നും ഇതിനിടെ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.
.content summary: India tightens controls on indirect imports from Pakistan, enforces ban on goods of Pakistani origin