UPDATES

ഇന്ത്യ

കര്‍ണാടകയിലെ ബാക്കിയുള്ള വിമത എംഎല്‍എമാരുടെ വിധി സ്പീക്കര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും, 11.30-ന് വാര്‍ത്താസമ്മേളനം

രാജി വച്ച് രക്ഷപ്പെട്ടുപോകാമെന്ന് വിമത എംഎല്‍എമാര്‍ വിചാരിക്കേണ്ട എന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു.

                       

കര്‍ണാടകയില്‍ മൂന്ന് എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ ബാക്കിയുള്ള എംഎല്‍എമാരുട കാര്യത്തില്‍ കൂടി തീരുമാനം പ്രഖ്യാപിക്കുന്നതിനായി രാവിലെ 11.30ന് സ്പീക്കര്‍ ബംഗളൂരുവില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നാളെ നിയമസഭയില്‍ ബിഎസ് യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ഇന്ന് സ്പീക്കര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. വിധാന്‍ സൗധയുടെ (നിയമസഭ മന്ദിരം) അടുത്തുള്ള ലെജിസ്ലേച്ചേര്‍സ് ഹോമിലാണ് സ്പീക്കറുടെ വാര്‍ത്താസമ്മേളനം.

മുന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപിക്ക് പിന്തുണ നല്‍കിയ രണ്ട് സ്വതന്ത്ര എംഎല്‍എമാരില്‍ ഒരാളേയും രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരേയും സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഇവര്‍ക്ക് നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്ന 2023 വരെ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. ബാക്കിയുള്ള എംഎല്‍എമാരേയും ഇതേ വിധി തന്നെയാണോ കാത്തിരിക്കുന്നത് എന്നാണ് അറിയാനുള്ളത്. എല്ലാവരേയു അയോഗ്യരാക്കാനുള്ള സാധ്യതയാണ് നിലിവിലുള്ളത്. ഇത് സംബന്ധിച്ച സൂചന സ്പീക്കര്‍ ഇന്നലെ നല്‍കിക്കഴിഞ്ഞു. രാജി വച്ച് രക്ഷപ്പെട്ടുപോകാമെന്ന് വിമത എംഎല്‍എമാര്‍ വിചാരിക്കേണ്ട എന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞിരുന്നു.

എംഎല്‍എമാരുടെ രാജിയും അയോഗ്യതയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിമത എംഎല്‍എമാരെ ഒഴിവാക്കിയാലും ബിജെപിക്ക് നിലവിലെ സാഹചര്യത്തില്‍ കേവല ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഒരു നേരിയ ഭൂരിപക്ഷം മാത്രം. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നത്. അതേസമയം നാളെ രാവിലെ വിശ്വാസ വോട്ട് നേടിയ ശേഷം ധനകാര്യ ബില്‍ പാസാക്കി, പിന്നെ സ്പീക്കര്‍ക്കെതിരായ നീക്കം തുടങ്ങാം എന്നാണ് ബിജെപിയുടെ ആലോചന. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് 105 വോട്ടും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 99 വോട്ടുമാണ് ലഭിച്ചത്. ബിജെപി 106 പേരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്.

Read Azhimukham: ‘നാട്ടിക എംഎല്‍എയായ എനിക്കിതാണ്‌ അവസ്ഥയെങ്കില്‍ നാളെയിവര്‍ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം ചാണകവെള്ളം തളിക്കില്ലേ?’, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗീത ഗോപി എംഎല്‍എ കടുത്ത നടപടിക്ക്

Share on

മറ്റുവാര്‍ത്തകള്‍