റഷ്യൻ – ഇന്ത്യ എണ്ണ വ്യാപാരത്തിൽ ഇന്ത്യക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ റഷ്യയ്ക്ക് ധനസഹായം നൽകാൻ അമേരിക്കയിൽ നിന്നുള്ള വ്യാപാര ഡോളർ ഇന്ത്യ ഉപയോഗിച്ചുവെന്നാണ് പീറ്റർ നവാരോയുടെ പുതിയ ആരോപണം.
ഇന്ത്യൻ റിഫൈനറികൾ നിശ്ശബ്ദ റഷ്യൻ കൂട്ടാളികളുമായി ചേർന്ന് റഷ്യൻ എണ്ണ ശുദ്ധീകരിച്ച് അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിച്ച് വൻലാഭം കൊയ്യുകയാണെന്നും അതിലൂടെ റഷ്യക്ക് യുദ്ധം നടത്താൻ ആവശ്യമായ വിദേശ കറൻസി ലഭിക്കുകയാണെന്നും നവാരോ ആരോപിച്ചു. അതിനാലാണ് ഇന്ത്യക്ക് മേൽ അധികതീരുവ ചുമത്തിയതെന്ന ന്യായീകരണവും നവാരോ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് നവാരോ ഇന്ത്യയെ വിമർശിച്ചത്.
അമേരിക്കയുടെ ഡോളർ ഉപയോഗിച്ച് ഇന്ത്യ വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുകയാണ്. ഇന്ത്യയുടെ അന്യായമായ വ്യാപാരത്തെ നിയന്ത്രിക്കാൻ മാത്രമല്ല, പുടിന്റെ യുദ്ധ യന്ത്രത്തിന് ഇന്ത്യ നൽകിയിട്ടുള്ള സാമ്പത്തിക സഹായം നിർത്തലാക്കാൻ കൂടിയാണ് പുതിയ നികുതി നയമെന്ന് നവാരോ എക്സിൽ കുറിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് മുമ്പ് ഇന്ത്യൻ ഇറക്കുമതിയിൽ റഷ്യൻ എണ്ണ 1 ശതമാനത്തിൽ താഴെയായിരുന്നുവെന്നും ഇന്ന് 30 ശതമാനത്തിൽ കൂടുതലാണെന്നും അതായത് പ്രതിദിനം 1.5 ദശലക്ഷം ബാരലിൽ കൂടുതൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതെന്നും
നവാരോ അവകാശപ്പെടുന്നു. ഈ വർദ്ധനവിന് കാരണം ആഭ്യന്തര ആവശ്യകതയല്ലെന്നും ഇന്ത്യയുടെ കൊള്ളലാഭമാണെന്നും നവാരോ ആരോപിച്ചു. യുക്രെയ്നിലെ രക്തത്തിന്റെയും നാശത്തിന്റെയും വിലയാണിതെന്നും നവാരോ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ഈ ബിഗ് ഓയിൽ ലോബി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ എണ്ണപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റി. നിലവിൽ ഇന്ത്യ പ്രതിദിനം 1 ദശലക്ഷം ബാരലിൽ കൂടുതൽ ശുദ്ധീകരിച്ച പെട്രോളിയം കയറ്റുമതി ചെയ്യുന്നുണ്ട്. അത് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ക്രൂഡിന്റെ പകുതിയിലധികം വരും. ബൈഡൻ ഭരണകൂടം ഈ ഭ്രാന്തിനെതിരെ കണ്ണടച്ചു. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതിനെ നേരിടുകയാണ്. അന്യായമായ വ്യാപാരത്തിന് 25 ശതമാനവും ദേശീയ സുരക്ഷയ്ക്ക് 25 ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു നേരിട്ടുള്ള പ്രതികരണമാണ്. ഇന്ത്യ യുഎസിന്റെ ഒരു തന്ത്രപരമായ പങ്കാളിയായി കണക്കാക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതുപോലെ പ്രവർത്തിക്കണം. യുക്രെയ്നിലെ സമാധാനത്തിലേക്കുള്ള വഴി ന്യൂഡൽഹിയിലൂടെയാണ്, നവാരോ എക്സിൽ കുറിച്ചു.
യുഎസ് യുക്രെയ്ന് സഹായങ്ങൾ നൽകുമ്പോൾ ഇന്ത്യ റഷ്യക്ക് സാമ്പത്തിക സഹായം നൽകുകയാണെന്നും അതേസമയം യുഎസ് ഉൽപ്പന്നങ്ങൾക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകൾ ചുമത്തി അമേരിക്കൻ കയറ്റുമതിയെ ശിക്ഷിക്കുകയാണെന്നും നവാരോ കൂട്ടിച്ചേർത്തു. ഇന്ത്യയുമായി യുഎസിന് 50 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ട്. അവർ യുഎസിൻ്റെ ഡോളർ റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിച്ച് വലിയ ലാഭം ഉണ്ടാക്കുന്നു. മറ്റൊരു വശത്ത് യുക്രെയ്നികൾ മരിക്കുന്നു, നവാരോ ഇന്ത്യക്കെതിരെ രൂക്ഷമായി ആഞ്ഞടിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു മികച്ച നേതാവ് എന്നും ഇന്ത്യയെ ബുദ്ധിയുള്ളവർ ഭരിക്കുന്ന ഒരു പക്വതയുള്ള ജനാധിപത്യ രാജ്യം എന്നും നവാരോ പ്രശംസിച്ചെങ്കിലും മോസ്കോയുമായുള്ള ന്യൂഡൽഹിയുടെ എണ്ണക്കരാറുകളെ തുടർച്ചയായി വിമർശിക്കുകയായിരുന്നു.
ബ്ലൂംബെർഗ് ടിവിയിലെ ‘ബാലൻസ് ഓഫ് പവർ’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലും ഇന്ത്യക്കെതിരെ നവാരോ വിമർശനം ഉന്നയിച്ചിരുന്നു.
Content Summary: India using our dollars to buy russian oil; Trump’s advisor again alleges
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.