പുറത്ത് പേപ്പര്‍ ചോര്‍ച്ച, അകത്ത് കെട്ടിട ചോര്‍ച്ചയെന്ന് പരിഹാസം
കനത്ത മഴയിൽ ചോർന്നൊലിച്ച് പുതിയ പാർലിമെന്റ് കെട്ടിടം. ബുധനാഴ്ച ഉണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്തതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ വ്യാഴാഴ്ച സർക്കാരിനെതിരെ ആഞ്ഞടിച്ചു. കൂടാതെ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ രൂപകൽപ്പനയെയും എംപിമാർ ചോദ്യം ചെയ്തു.Parliament Water leak
പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ഒരു ലോബിയുടെ മേൽക്കൂരയിൽ നിന്ന് തറയിൽ വെച്ചിരിക്കുന്ന ബക്കറ്റിലേക്ക് വെള്ളം വീഴുന്ന വീഡിയോ കോൺഗ്രസ് എംപി മാണിക്കം ടാഗോർ എക്‌സിൽ പങ്കുവച്ചു. പുറത്ത് പേപ്പർ ചോർച്ചയും, പാർലിമെന്റിനകത്ത് കെട്ടിടത്തിന്റ ചോർച്ചയുമാണെന്ന് അദ്ദേഹം പരിഹസിച്ചു. രാഷ്ട്രപതി ഉപയോഗിക്കുന്ന പാർലമെൻ്റ് ലോബിയിലെ ജലചോർച്ച, കെട്ടിടം നിർമിച്ച് ഒരു വർഷത്തിന് ഉള്ളിലാണെന്നും, ഇത് കെട്ടിടത്തിൻ്റെ നിർമ്മിതിയിലെ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായും അദ്ദേഹം എടുത്തുപറഞ്ഞു. ലോക്‌സഭയിൽ ഈ വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെട്ടിടം പരിശോധിക്കുന്നതിനും ചോർച്ചയുടെ കാരണങ്ങൾ വിലയിരുത്തുന്നതിനും ഡിസൈനും മെറ്റീരിയലുകളും വിലയിരുത്തുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും എംപിമാരുടെ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടാഗോർ ഒരു അടിയന്തര പ്രമേയം സമർപ്പിക്കുമെന്നും പറയുന്നു. കൂടാതെ അറ്റകുറ്റപണികൾ ദിവസേന നടത്തിപ്പോരാനും അതിന്റെ വിവരങ്ങൾ പരസ്യമായി പങ്കുവെക്കുന്നതിലൂടെ സുതാര്യത ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.
സമാജ്‌വാദി പാർട്ടി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവും സർക്കാരിനെതിരെ ആഞ്ഞടിച്ചു. “പഴയ പാർലമെൻ്റ് ഈ പുതിയ പാർലമെൻ്റിനേക്കാൾ മികച്ചതായിരുന്നു. ശതകോടികൾ മുടക്കി പണിത പാർലമെൻ്റിൽ വെള്ളം വീഴുകയാണ്. ഇത് അറ്റകുറ്റപണികൾ നടക്കുന്ന കാലം വരെയെങ്കിലും എന്തുകൊണ്ട് പഴയ പാർലമെൻ്റിലേക്ക് പോയിക്കൂടാ. ബിജെപി സർക്കാരിൻ്റെ കീഴിൽ നിർമ്മിച്ച ഓരോ പുതിയ മേൽക്കൂരയിൽ നിന്നും വെള്ളം ഒഴുകുന്നുണ്ട്. അവർ നന്നായി ആലോചിച്ച് രൂപകൽപ്പന ചെയ്തതിൻ്റെ ഭാഗമാണോ ഇത് ” അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ചോദിച്ചു.
ലോക്‌സഭാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കെട്ടിടത്തിന് പുറത്ത് വെള്ളം കെട്ടിനിൽക്കുകയും അകത്തും ചെറിയ ചോർച്ചയുണ്ടായിരുന്നു. എന്നിരുന്നാലും, ടാഗോർ പോസ്റ്റ് ചെയ്ത വീഡിയോ കെട്ടിടത്തിനുള്ളിൽ വെള്ളം ചോർന്ന ഒരേയൊരു സ്ഥലമാണെന്ന് ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഗവൺമെൻ്റിൻ്റെ വലിയ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു, രണ്ട് ഹൗസുകളും 2023 സെപ്റ്റംബർ 19 ന് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. അഹമ്മദാബാദ് ആസ്ഥാനമായ ടാറ്റ പ്രോജക്ട്‌സിന്റെ എച്ച്‌സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെൻ്റ്, 1,200 കോടി രൂപ ചെലവിൽ ആണ് കെട്ടിടം നിർമ്മിച്ചത്.
content summary; Water leak spotted in new Parliament buildingParliament Water leak