അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കുംഭകോണത്തിൽ നിർണായക വഴിത്തിരിവുകളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ കേസിലെ പ്രധാനിയായ ക്രിസ്റ്റ്യൻ ജെയിംസ് മിഷേലിനെ ഇന്ത്യക്ക് വിട്ടുകിട്ടിയ സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമോയെന്ന ആശങ്കയും നിലവിലുണ്ട്. നിലവിലെ സർക്കാർ പക്ഷപാതരഹിതമായ അന്വേഷണത്തിന് തയ്യാറാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതിക്കേസിനെ വിഹഗവീക്ഷണം ചെയ്യുകയാണിവിടെ.
എന്താണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതി
ഇറ്റാലിയൻ പ്രതിരോധ ഉപകരണ നിർമാതാക്കളായ ഫിൻമെക്കാനിയ (നിലവിൽ ലിയണാര്‍ഡോ ഗ്രൂപ്പ് എന്നറിയപ്പെടുന്നു) 12 അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടതിൽ ഒരു മധ്യവർത്തിക്കും രാഷ്ട്രീയക്കാർക്കും കോഴ നൽകിയിട്ടുണ്ടെന്ന ആരോപണമാണ് ഈ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കുംഭകോണം. 3600 കോടി രൂപയുടെ കുംഭകോണമാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം. ഇന്ത്യൻ വ്യമസേനയുടെ ആശയവിനിമയ യൂണിറ്റിനു വേണ്ടിയായിരുന്നു ഈ ഇടപാട്. 2010ൽ അന്നത്തെ യുപിഎ സർക്കാരാണ് കരാർ നടപ്പാക്കിയത്. കാലപ്പഴക്കം ചെന്ന Mi-8 ഹെലികോപ്റ്ററുകള്‍ക്ക് പകരമായിട്ടാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹോലികോപ്റ്ററുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചത്. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി തുടങ്ങിയ വിവിഐപികളുടെ ഗതാഗതത്തിനു വേണ്ടിയായിരുന്നു ഈ കോപ്റ്ററുകള്‍ വാങ്ങാൻ കരാറായത്. ക്രിസ്റ്റ്യൻ മിഷേല്‍ എന്ന ഇടനിലക്കാരൻ വഴിയായിരുന്നു കച്ചവടമുറപ്പിക്കൽ. അഗസ്റ്റയ്ക്ക് അനുകൂലമായി കച്ചവടമുറപ്പിക്കാൻ ക്രിസ്റ്റ്യൻ മിഷേല്‍ 295 കോടി രൂപ കോഴ നൽകിയെന്നാണ് സിബിഐ ആരോപിക്കുന്നത്.
എങ്ങനെയാണ് ഈ ഇടപാടിൽ കൃത്രിമം നടന്നത്
ഹെലികോപ്റ്ററിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട നിരവധി മാനഡണ്ഡങ്ങളിൽ വിട്ടുവീഴ്ചയുണ്ടായെന്ന് ആരോപിക്കപ്പെടുന്നു. കാബിന്റെ ഉയരം, കോപ്റ്ററിന് പരമാവധി പറക്കാവുന്ന ഉയരം തുടങ്ങിയ മാനദണ്ഡങ്ങളിൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡിന് കരാർ കിട്ടുന്ന വിധത്തിൽ വിട്ടുവീഴ്ചകളുണ്ടായി.
എങ്ങനെയാണ് കുംഭകോണ ആരോപണം വന്നത്?
ഇറ്റലിയിൽ നടന്ന ഒരു അന്വേഷണത്തിലൂടെയാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കുംഭകോണം പുറത്തുവന്നത്. കോഴ ആരോപണം പുറത്തുവരുന്നതിനു മുൻപ് കരാറിൽ പറഞ്ഞിരുന്ന 12 ഹെലികോപ്റ്ററുകളിൽ മൂന്നെണ്ണം ഇന്ത്യക്ക് കൈമാറിക്കഴിഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ പൊലീസ് അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ സിഇഒ ബ്രൂണോ സ്പാഗ്നോലിനി, മാതൃസ്ഥാപനമായ ഫിൻമെക്കാനിക്കയുടെ ചെയർമാന്‍ ഗുസെപ്പോ ഓർസി എന്നിവരെ അറസ്റ്റ് ചെയ്തു. 2013 ഫെബ്രുവരിയിലായിരുന്നു ഇത്. ഇതോടെ അന്നത്തെ യുപിഎ സർക്കാർ കരാർ റദ്ദ് ചെയ്തു. അന്വേഷണവും പ്രഖ്യാപിച്ചു.
സിബിഐ അന്വേഷണത്തിൽ വെളിപ്പെട്ടത് എന്തെല്ലാം
വിവിഐപി ഹെലികോപ്റ്ററുകളുടെ നിർമാണ മാനദണ്ഡങ്ങളിൽ വ്യതിയാനം വരുത്താൻ ബ്രിട്ടിഷ് പൗരനായ ക്രിസ്റ്റ്യൻ മിഷേല്‍, ഇറ്റാലിയൻ പൗരനായ കാർലോ വലെന്റിനോ ഫെർഡിനാൻഡോ ഗോരോസ, സ്വിറ്റ്സർലാൻഡ് പൗരനായ ഗ്വിഡോ ഹാഷ്കെ എന്നിവരാണ് ഈ ഇടപാടിനു പിന്നിൽ ഗൂഢാലോചകരായി പ്രവർത്തിച്ചതെന്ന് സിബിഐ ആരോപിക്കുന്നു. മുൻ വ്യോമസേനാ മേധാവി എസ്പി ത്യാഗിയുമായി ഇവർ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് നിർമാണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ധാരണയായതെന്നും സിബിഐ പറയുന്നു. തന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ലെന്ന് ത്യാഗി അവകാശപ്പെട്ടുവെങ്കിലും അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ കസിനായ ജൂലി ത്യാഗിയും ഡൽഹിയയിലെ ഒരു വക്കീലായ ഗൗതം ഖൈതാനും ഇതേ വിഷയത്തിൽ അറസ്റ്റിലായി.
ക്രിസ്റ്റ്യൻ മിഷേല്‍ ജെയിംസിൽ സിബിഐയുടെ പ്രതീക്ഷയെന്ത്?
സർക്കാരുമായി ബന്ധപ്പെട്ട ആർക്കെല്ലാം അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിന്റെ ഗുണഫലങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അറിയാൻ ക്രിസ്റ്റ്യൻ മിഷേല്‍ ഒരു നല്ല മാർഗമാണെന്ന് സിബിഐ കാണുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം പേരുകൾ ഇയാൾ വഴി പുറത്തു വന്നേക്കുമെന്നാണ് പ്രതീക്ഷ.
https://www.azhimukham.com/edit-augusta-westand-helicopter-scam-christian-michel-extradition-gandhi-family-modi-politics/
https://www.azhimukham.com/india-india-among-nations-with-no-or-little-enforcement-against-foreign-bribery/