നാസയുടെ അമരത്ത് ഒരു ഇന്ത്യൻ താരം; ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദൗത്യങ്ങൾ അമിത് ക്ഷത്രിയ നയിക്കും

ചരിത്രത്തിൽ 100 പേർക്ക് മാത്രം ലഭിച്ചിട്ടുള്ള മിഷൻ കൺട്രോൾ ഫ്ലൈറ്റ് ഡയറക്ടർ പദവി അമിത് വഹിച്ചിട്ടുണ്ട്

നാസയുടെ പുതിയ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ-അമേരിക്കൻ വംശജനായ അമിത് ക്ഷത്രിയയെ നിയമിച്ചു. 20 വർഷത്തിലേറെയായി നാസയിൽ പ്രവർത്തിച്ചുവരുന്ന അമിത്, ഏജൻസിയുടെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് പദവിയാണ് ഇനി വഹിക്കുക.

അമിത് ക്ഷത്രിയയെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തതായി ആക്ടിങ് നാസ അഡ്മിനിസ്ട്രേറ്റർ ഷോൺ ഡി. ഡഫി അറിയിച്ചു. “ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിൽ പ്രവർത്തിച്ച അമിത് ക്ഷത്രിയയെ നാസയുടെ ഏറ്റവും ഉന്നത പദവിയിലേക്ക് ഉയർത്തുന്നത്, ആർട്ടെമിസ് ദൗത്യത്തിലൂടെ അമേരിക്കയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് പുതിയ ദിശാബോധം നൽകും,” പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായി വിസ്‌കോൺസിനിൽ ജനിച്ച അമിത്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (CalTech), യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചരിത്രത്തിൽ 100 പേർക്ക് മാത്രം ലഭിച്ചിട്ടുള്ള മിഷൻ കൺട്രോൾ ഫ്ലൈറ്റ് ഡയറക്ടർ പദവി അമിത് വഹിച്ചിട്ടുണ്ട്.

2003-ൽ നാസയിൽ ചേർന്ന അമിത് ക്ഷത്രിയ, ബഹിരാകാശ നിലയത്തിലേക്കുള്ള 50-ാമത് പര്യവേഷണത്തിന്റെ ലീഡ് ഫ്ലൈറ്റ് ഡയറക്ടറായി പ്രവർത്തിച്ചതിന് നാസ ഔട്ട്സ്റ്റാൻഡിങ് ലീഡർഷിപ്പ് മെഡൽ നേടി. ഫ്ലൈറ്റ് സുരക്ഷയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക് ബഹിരാകാശ സഞ്ചാരികൾ നൽകുന്ന സിൽവർ സ്നൂപി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പുതിയ റോളിൽ, നാസയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള സിവിൽ സർവന്റ് എന്ന നിലയിലും, ഡഫിയുടെ സീനിയർ ഉപദേഷ്ടാവ് എന്ന നിലയിലുമാണ് അമിത് പ്രവർത്തിക്കുക. നാസയുടെ 10 സെന്റർ ഡയറക്ടർമാരെയും വാഷിംഗ്ടൺ ആസ്ഥാനത്തുള്ള മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർമാരെയും നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല. ഏജൻസിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും അമിത് സേവനമനുഷ്ഠിക്കും.

നേരത്തെ, ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ക്രൂഡ് മിഷനുകളുടെ പ്രോഗ്രാം പ്ലാനിങ്, നടപ്പാക്കൽ എന്നിവയുടെ ചുമതല അമിത് ക്ഷത്രിയയ്ക്കായിരുന്നു.

“അമിത് ക്ഷത്രിയയുടെ അറിവും സത്യസന്ധതയും ബഹിരാകാശ ഗവേഷണ മേഖലയിലെ അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ഈ പദവിക്ക് അർഹനാക്കുന്നു,” ഡഫി പറഞ്ഞു.

സ്വകാര്യ ബഹിരാകാശ വ്യവസായത്തെ ഒരു സാമ്പത്തിക എഞ്ചിനായി കാണുന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന്റെ പ്രതിഫലനം കൂടിയാണ് അമിത് ക്ഷത്രിയയുടെ ഈ സ്ഥാനക്കയറ്റം. ഇത് അമേരിക്കയുടെ ബഹിരാകാശ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

എഞ്ചിനീയറായ അച്ഛനും രസതന്ത്രജ്ഞയായ അമ്മയും അമിത്തിന് ചെറുപ്പം മുതലേ ഗണിതത്തിലും ശാസ്ത്രത്തിലും വിദ്യാഭ്യാസം നൽകുന്നതിന് ഊന്നൽ നൽകിയിരുന്നു.

content summary: Indian-American Amit Kshatriya Appointed NASA’s New Associate Administrator

 

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment