ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ചില കുടുംബങ്ങള്‍ റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങി സംസ്‌കരിച്ച് വിറ്റ് ലാഭം കൊയ്യുന്നത് അംഗീകരിക്കാനാവില്ല എന്നും അവരീ കാര്യത്തില്‍ കുറ്റവാളികളാണെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഓയില്‍, ഇപ്പോള്‍ റഷ്യന്‍ വ്യവസായികള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള നയാരാ എനര്‍ജി എന്നീ കമ്പിനികളെ പരോക്ഷമായി സൂചിപ്പിച്ചാണ് സ്‌കോട്ട് ബെസെന്റ് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇത് പറഞ്ഞത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ തുടര്‍ന്നും എതിര്‍ക്കുമെന്ന യു.എസ് സര്‍ക്കാരിന്റെ നിലപാടിന്റെ പ്രതിഫലമാണിതെന്നാണ് സൂചന.
കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റിന്റെ വ്യാപാര ഉപദേഷ്ടാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ പീറ്റര്‍ നാവ്റോ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയുടെ നിലപാടിനെ ഒരു പത്ര ലേഖനത്തിലൂടെ വിമര്‍ശിച്ചിരുന്നു. ഈ തീരുമാനത്തിലൂടെ ഇന്ത്യ അമേരിക്കയുടെ നയതന്ത്ര പങ്കാളിയല്ലാതായി തീരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യയിലെ രാഷ്ട്രീയ ബന്ധമുള്ള എണ്ണ ഭീമന്മാരും വ്ളാഡ്മീര്‍ പുടിനും തമ്മിലുള്ള നേരിട്ടുള്ള ബന്ധമാണിത് കാണിക്കുന്നത്.’-അദ്ദേഹം എഴുതി. ഇന്ത്യയുടെ ആഭ്യന്തര എണ്ണ ഉപഭോഗത്തിന് വേണ്ടിയല്ല ഇത്തരത്തില്‍ റഷ്യയില്‍ നിന്ന് അവര്‍ ഇറക്കുമതി നടത്തുന്നത്, അത് വന്‍കിട എണ്ണ ലോബിക്ക് ലാഭം കൊയ്യുന്നതിനാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രെയ്നിലെ റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന റഷ്യന്‍ എണ്ണ മൊത്തത്തിലുള്ള ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെയാണെങ്കില്‍ ഇപ്പോഴത് 40 ശതമാനമാണ്-ബെസെന്റ് ചൂണ്ടിക്കാണിച്ചു. ഇന്ത്യ യുദ്ധത്തില്‍ നിന്ന് ലാഭമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 1600 കോടി ഡോളറിന്റെ അധിക ലാഭമാണ് ഇതുവഴി ഇന്ത്യയിലെ അതിസമ്പന്ന കുടുംബങ്ങള്‍ ഉണ്ടാക്കിയത്. ‘വിലകുറഞ്ഞ റഷ്യന്‍ എണ്ണ’ വാങ്ങി അതിനെ സംസ്‌കരിച്ച് ഈ യുദ്ധകാലം മുതലെടുത്ത് മറിച്ച് വില്‍ക്കുന്ന ഇന്ത്യയുടെ ഇടനില തികച്ചും അസ്വീകാര്യമായ കാര്യമാണ്-അദ്ദേഹം പറഞ്ഞു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കുറ്റത്തിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലനില്‍ക്കുന്ന 25 ശതമാനം റെസിപ്രോക്കല്‍ നികുതിക്ക് പുറമേ 25 ശതമാനം കൂടി ശിക്ഷയായി ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. മറ്റ് പല രാജ്യങ്ങളും അവരുടെ നാടിന്റെ താത്പര്യത്തിന് വേണ്ടി ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ മാത്രം മാറ്റി നിര്‍ത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ് എന്നുള്ളതായിരുന്നു ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം. എന്തുകൊണ്ടാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക് മേല്‍ ഇത്തരമൊരു ശിക്ഷ നികുതി നടപ്പാക്കാത്തത് എന്ന ചോദ്യത്തിന് തികച്ചും വ്യത്യസ്തമായ കാര്യമാണ് ചൈന ചെയ്യുന്നത് എന്നായിരുന്നു ബെസെന്റിന്റെ മറുപടി. യുക്രെയ്നിലുള്ള റഷ്യന്‍ അധിനിവേശത്തിന് മുമ്പ് തന്നെ പതിമൂന്ന് ശതമാനത്തോളം എണ്ണ റഷ്യയില്‍ നിന്ന് തന്നെയാണ് ചൈന വാങ്ങിക്കൊണ്ടിരുന്നത്. ഇപ്പോഴത് 16 ശതമാനമായി എന്ന് മാത്രമേ ഉള്ളൂ-അദ്ദേഹം പറഞ്ഞു. Indian billionaire families are criminals profiting from Russian oil
Content Summary: Indian billionaire families are criminals profiting from Russian oil
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.