June 18, 2025 |

ടെസ്റ്റിലെ ‘വിരാട കാലം’ കഴിഞ്ഞു

14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന്റെ ആഘാതത്തിൽ നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനേറ്റ മറ്റൊരു ആഘാതമാണ് കോഹ്ലിയുടെ വിരമിക്കൽ വാ‍ർത്ത. ജൂണിൽ നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ്, വിരാട് കോഹ്‌ലി തിങ്കളാഴ്ച ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് താരം വിരാമം കുറിച്ചത്.

‘ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ എങ്ങൊട്ടൊക്കെ കൊണ്ടുപോകുമെന്ന് ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഈ ഫോർമാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതത്തില്‍ പലതും പഠിപ്പിച്ചു,”

‘ഈ ഫോര്‍മാറ്റില്‍ നിന്നു മാറി നില്‍ക്കുന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോള്‍ അതു ശരിയായ സമയമാണ്. എന്റെ കഴിവിന്റെ എല്ലാം ടെസ്റ്റ് ഫോര്‍മാറ്റിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്രയും തിരികെ കിട്ടി. നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയായിരിക്കും ഞാന്‍ ടെസ്റ്റ് കരിയറിനെ തിരിഞ്ഞു നോക്കുക’- കോഹ്‌ലി വിരമിക്കല്‍ തീരുമാനം അറിയിച്ച് ഇന്‍സ്റ്റയില്‍ കുറിച്ചു.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോഹ്‍ലി ആകെ നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‍ലി കുറിച്ച ചില റെക്കോർഡുകൾ ആരാലും തകർക്കാൻ സാധിക്കില്ല. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് വിരാട് കോഹ്‍ലി. 68 ടെസ്റ്റുകളിൽ ഇന്ത്യൻ നായകനായ വിരാട് കോഹ്‍ലിക്ക് 40ലും രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചു. 58.82 ആണ് കോഹ്‍ലിയുടെ വിജയശതമാനം.

കോഹ്‍ലിയുടെ നായകമികവിൽ വിദേശമണ്ണിലും ഇന്ത്യ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി. 2018-2019 ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ഇന്ത്യ പരമ്പര വിജയം നേടി. ദക്ഷിണാഫ്രിക്കയിലും ഇം​ഗ്ലണ്ടിലും പരമ്പര നേട്ടത്തിന് സാധിച്ചില്ലെങ്കിലും കോഹ്‍ലിയുടെ നായകമികവിൽ ഇന്ത്യയ്ക്ക് ഇവിടെയും ചരിത്രവിജയങ്ങൾ ഉണ്ടായി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം വിരാട് കോഹ്‍ലിയാണ്. ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്‍ലി ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്. ആറ് ഇരട്ട സെഞ്ച്വറികൾ ഇന്ത്യയ്ക്കായി നേടിയിട്ടുള്ള സച്ചിൻ തെണ്ടുൽക്കറിനെയും വിരേന്ദർ സെവാ​ഗിനെയും മറികടന്നുള്ള നേട്ടമാണ് കോഹ്‍ലിയുടേത്.

content summary: After much speculation, Indian cricket legend Virat Kohli has officially announced his retirement from Test cricket

Leave a Reply

Your email address will not be published. Required fields are marked *

×