നീതി നിഷേധത്തിന്റെ, അടിച്ചമര്‍ത്തലിന്റെ, ക്രൂരതയുടെ നാളുകള്‍, സ്വാതന്ത്ര്യം നഷ്ടമായ നാളുകള്‍ ജനാധിപത്യം ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ട നാളുകള്‍. ഈ ജൂണ്‍ 25 അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികമാണ്.
കേരള മനസാക്ഷിയുടെ നോവുന്ന ഓര്‍മ്മചിത്രമായ ഈച്ചരവാര്യരുടെ മകന്‍ പി. രാജന്‍. ക്രൂരതയുടെ ആള്‍രൂപങ്ങള്‍ കക്കയം ക്യാമ്പ് എന്ന മര്‍ദ്ദന കേന്ദത്തില്‍ നടത്തിയ നരവേട്ടയില്‍ രക്തസാക്ഷിത്വം വരിച്ച അടിയന്തരാവസ്ഥയിലെ ആദ്യത്തെ ഇരയാണ്. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ ലോകത്തോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌ക്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയില്‍ നിര്‍ത്തിയിരിക്കുന്നത്? ”ഞാന്‍ വാതിലടയ്ക്കുന്നേയില്ല… പെരുമഴ എന്നിലേക്ക് പെയ്തു വീഴട്ടെ, ഒരു കാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ”
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ – പ്രൊഫ. ടി.വി. ഈച്ചര വാരിയര്‍.
ഈ ജൂണ്‍ 25 ന് സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെ രാഷ്ട്രീയാന്ധകാരത്തിലേക്ക് നയിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികമാണ്. ഇന്ത്യ മുഴുവന്‍ നടമാടിയ ആ കിരാത വാഴ്ചയില്‍ ഉത്ഭവിച്ച ദുരൂഹമായ, കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തമാണ് അന്ന് അറസ്റ്റ് ചെയ്യപ്പെട്ട കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ പി. രാജന്‍ എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനം. രാജന്‍ കേസ് എന്നറിയപ്പെട്ട ആ ദുരന്ത നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല… അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനില്ല, ആഭ്യന്തരമന്ത്രിയായ കെ. കരുണാകരനില്ല. പൈശാചികമായ പോലീസ് മര്‍ദനക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കിയ പോലീസ് മേധാവി ജയറാം പടിക്കലില്ല. ശേഷ ജീവിതം മുഴുവന്‍ കാണാതായ തന്റെ മകനെ തേടി അലഞ്ഞ, നീതി നിഷേധിക്കപ്പെട്ട ഈച്ചര വാര്യര്‍ എന്ന രാജന്റെ അച്ഛനുമില്ല. മലയാളികളുടെ മനസ്സില്‍ വെറുപ്പിന്റെയും അറപ്പിന്റെയും ആള്‍രൂപങ്ങളായി ക്രൂരതയുടെ സബ്ഇന്‍സ്‌പെക്ടര്‍ പുലിക്കോടന്‍ നാരായണനെപ്പോലെ, പോലീസ് മേധാവി ലക്ഷ്മണയെപ്പോലെ അന്നത്തെ തങ്ങളുടെ ക്രൂര ചെയ്തികള്‍ക്ക് പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പുലര്‍ത്താത്ത ചിലര്‍ മാത്രം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പുലിക്കോടന്‍ നാരായണന്‍, ലക്ഷ്മണ, ടി.വി.മധുസൂദനന്‍ തുടങ്ങിയ രാജന്‍ കേസിലെ പ്രതികളെല്ലാം കൊടുംക്രൂരത കൊണ്ട് മാത്രം ജനങ്ങളുടെ മനസില്‍ അക്കാലത്തും, പിന്നീടും ഇടം നേടിയവരാണ്.
വലത്തേയറ്റം പുലിക്കോടൻ നാരായണൻ
അടിയന്തരാവസ്ഥ നടന്ന് 50 വര്‍ഷം കഴിഞ്ഞിട്ടും ഒന്നു മാത്രം ഇപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യമായി നിലനില്‍ക്കുന്നു. അക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട പി.രാജന്‍ എന്ന വിദ്യാര്‍ത്ഥിക്ക് എന്ത് സംഭവിച്ചു? കൊല്ലപ്പെട്ടെങ്കില്‍, ആര് കൊന്നു? എങ്ങനെ? ശവശരീരം എവിടെ? എന്ത് ചെയ്തു? അരനൂറ്റാണ്ട് കഴിഞ്ഞിട്ടും രാജന്റെ പിതാവായ ഈച്ചരവാര്യരും, കേരള സമൂഹ മനസാക്ഷിയും ചോദിച്ച ആ ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ശരിയായ ഉത്തരമില്ല.
രാജന്‍ കേസ് നീതി നിഷേധത്തിന്റെ കഥയാണ്. കേരള പോലീസിന്റെ കൊടുംക്രൂരതയുടെ ഒരദ്ധ്യായം., കുറ്റാന്വേഷണത്തിനായി കസ്റ്റഡിയില്‍ എടുത്ത ഒരു വിദ്യാര്‍ഥിയെ പൊലീസ് നീചമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ശരീരം പോലും അവശേഷിപ്പിക്കാതെ മായ്ച്ചുകളഞ്ഞ, സത്യം ഇനിയും പുറത്തുവരാത്ത ദുരൂഹ സംഭവം.
1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് ആഭ്യന്തരസുരക്ഷിതത്വം മറയാക്കി പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അന്ന് രാത്രി തന്നെ കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങള്‍ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനായി അടിച്ചമര്‍ത്താന്‍ ആരംഭിച്ചു. കേരളത്തില്‍ അച്യുതമേനോന്‍ മുഖ്യമന്ത്രിയായ സംയുക്ത മന്ത്രിസഭയില്‍ സി.പി.ഐയുടെ കൂടെ കോണ്‍ഗ്രസ്സും പങ്കാളിയായതിനാല്‍ ആഭ്യന്തര മന്ത്രിയായ കെ കരുണാകരന്റെ അധികാര ശക്തിയും സ്വാധീനവും മുഖ്യമന്ത്രിയേക്കാള്‍ വളര്‍ന്നു. കേരളത്തില്‍ അരാജകത്വം ആരംഭിക്കുകയായിരുന്നു. പൗരാവകാശങ്ങള്‍ റദാക്കിയതിനാല്‍ കോടതിക്ക് പ്രസക്തിയില്ലാതെയായി. മനുഷ്യാവകാശവും നീതിയും അപ്രതൃക്ഷമായി. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കേണ്ട എന്ന വ്യവസ്ഥ വന്നതോടെ പോലീസ് അഴിഞ്ഞാടി.
അടിയന്തരാവസ്ഥക്കാലത്ത് ഐ.ജിയായ വി.എൻ. രാജൻ
“അത് ഏറ്റവും മികച്ച സമയമായിരുന്നു, അത് ഏറ്റവും മോശം സമയമായിരുന്നു, അത് ജ്ഞാനത്തിന്റെ യുഗമായിരുന്നു, അത് വിഡ്ഢിത്തത്തിന്റെ യുഗമായിരുന്നു, അത് വിശ്വാസത്തിന്റെ യുഗമായിരുന്നു, അത് അവിശ്വസനീയതയുടെ യുഗമായിരുന്നു,” ചാള്‍സ് ഡിക്കന്‍സിന്റെ രണ്ട് നഗരങ്ങളുടെ കഥയിലെ പ്രശസ്തമായ വാചകങ്ങളെ അനുസ്മരിക്കുന്ന കാലം.
അടിയന്തരാവസ്ഥ നടപ്പിലായി ഒരു വര്‍ഷത്തിന് ശേഷം 1976 ഫെബ്രുവരി 28 ന് പുലര്‍ച്ചെ കോഴിക്കോട് നിന്ന് അറുപതു കിലോമീറ്റര്‍ മാറിയുള്ള കായണ്ണയിലെ പോലീസ് സ്റ്റേഷന്‍ നക്‌സലൈറ്റുകള്‍ ആക്രമിച്ചു. ഒരു ഹെഡ് കോണ്‍സ്റ്റബിളിനും, മൂന്ന് പോലീസുകാര്‍ക്കും സാരമായി പരിക്കേറ്റ ഈ സംഭവത്തില്‍ സ്റ്റേഷനില്‍ നിറച്ച തോക്കുകളും ബയണറ്റുകളും എടുത്ത് നക്‌സലൈറ്റുകള്‍ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥ നിലനില്‍ക്കെ ഗുരുതരമായ ഈ സുരക്ഷാ വീഴ്ച ആഭ്യന്തര മന്ത്രിയായ കരുണാകരനെ ചൊടിപ്പിച്ചു. ഉടന്‍ തന്നെ കരുണാകരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നക്‌സല്‍ ആക്രമണത്തെ ചെറുക്കാനായി ഇതിനകം കേരളാ പോലീസ് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിരുന്നു. ഡി. ഐ. ജി. ജയറാം പടിക്കലായിരുന്നു അതിന്റെ തലവന്‍. കായണ്ണ നക്‌സല്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഈ സ്‌പെഷല്‍ സെല്ലിനെ ചുമതലപ്പെടുത്തി. അതോടെ ജയറാം പടിക്കലിന്റെ നക്‌സല്‍ വേട്ട ആരംഭിച്ചു. പിന്നീട് കരുണാകരന്റെ വിശ്വസ്തനായി മാറുകയും ചെയ്തു. കരുണാകരന് പടിക്കലിനോട് ഒരു പ്രത്യേക താല്‍പ്പര്യം വരാന്‍ അയാളുടെ കഴിവ് മാത്രമല്ല മറ്റൊന്നു കൂടിയുണ്ടായിരുന്നു. ജയറാം പടിക്കല്‍ വിവാഹം ചെയ്തിരുന്നത് തൃശൂര്‍ വനജ ടെക്‌സ്‌റ്റൈല്‍സ് ഉടമയുടെ മകളെയാണ്. ആദ്യകാലത്ത് ആ സ്ഥാപനത്തിലെ ഐ. എന്‍. ടി. യു. സി. യൂണിയന്‍ നേതാവായിരുന്നു കരുണാകരന്‍. ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായി ഏറെക്കാലം നല്ല ബന്ധം പുലര്‍ത്തിയിരുന്ന കരുണാകരന്‍ അതിന്റെ പരിഗണന പടിക്കലിന് എന്നും നല്‍കിയിരുന്നു. അടിയന്തരാവസ്ഥക്ക് മുന്‍പ് ഇംഗ്ലണ്ടിലെ സ്‌ക്കോട്ട്‌ലണ്ട് യാര്‍ഡില്‍ നാലു മാസത്തെ പരീശീലനത്തിന് പോയിരുന്ന പടിക്കല്‍ അത് കഴിഞ്ഞ് കേരളത്തിലെത്തുമ്പോള്‍ അടിയന്തരാവസ്ഥയുടെ തേര്‍വാഴ്ച ആരംഭിച്ചിരുന്നു.
ടി.വി. മധുസൂദനൻ
വിപുലമായ നക്‌സല്‍ വേട്ടക്കായ് ജയറാം പടിക്കല്‍ കോഴിക്കോട് എത്തി. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള വിജനമായ കക്കയത്ത് അന്വേഷണ ഓഫീസ് സ്ഥാപിച്ചു. സഹ്യപര്‍വ്വതത്തിന്റെ അടിവാരത്തിലുള്ള വനപ്രദേശ മേഖലയായ കക്കയം തിരഞ്ഞെടുത്തത് കസ്റ്റഡിയില്‍ എടുത്തവരെ സൗകര്യമായി യാതൊരു തടസ്സവും കൂടാതെ കൈകാര്യം ചെയ്യാമെന്ന ഉദ്ദേശത്തോടെയും വിജന സ്ഥലമെന്നുള്ളത് അവരുടെ മനസ്സില്‍ ഭീതി വിതയ്ക്കാനുമായിരുന്നു. കൂടാതെ നാട്ടിലെ നിയമങ്ങള്‍ക്ക് പുറത്താണ് തങ്ങളുടെ അധികാര പരിധിയെന്നത് പൊതുജനങ്ങളെ ഓര്‍മ്മിപ്പിക്കാനുമായിരുന്നു ഇത്. K.S.E.B യുടെ ആസ്ബറ്റോസ് മേഞ്ഞ സ്റ്റോര്‍ കെട്ടിടം ക്യാമ്പാക്കി. ക്യാമ്പിന് മുന്‍പില്‍ ഒരു ജലാശയമുണ്ടായിരുന്നു അതില്‍ നിന്ന് ഒരു പാലമിട്ട് ക്യാമ്പിലേക്ക് വഴിയൊരുക്കി. 24 മണിക്കൂര്‍ കനത്ത തോക്കേന്തിയ പോലീസുകാര്‍ പാറാവ് നിന്നു. അടിയന്തരാവസ്ഥക്കാലത്ത് കുറെ നാളുകളില്‍ ക്രൂരമായ മര്‍ദനമേറ്റ നിരപരാധികളുടെ നിലവിളിയും പച്ചമാംസത്തെ കുത്തിനോവിക്കുന്ന പോലീസിന്റെ അലര്‍ച്ചയും ചോര മണക്കുന്ന അന്തരീക്ഷവുമുള്ള കുപ്രസിദ്ധമായ കക്കയം ക്യാമ്പ് അങ്ങനെ നിലവില്‍ വന്നു.
കേരള പോലീസിന്റെ വടക്കന്‍ മേഖലയിലെ സര്‍വ സംവിധാനങ്ങളും, പോലീസ് സേനയും വണ്ടികളും നക്‌സല്‍ വേട്ടയ്ക്കായി പടിക്കലിന് നല്‍കി. മുരളിദാസ് എസ്.പി. ക്രൈം, ഡി. വൈ. എസ്. പി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ക്രൈം, ടി.വി. മധുസൂധനന്‍, കോഴിക്കോട് എസ്.പിയായ ലക്ഷ്മണ തുടങ്ങിയവര്‍ ജയറാം പടിക്കലിനെ സഹായിക്കാന്‍ അന്വേഷണ സംഘത്തില്‍ ചേര്‍ന്നു. മലബാര്‍ സ്‌പെഷല്‍ പോലീസിനെ കുന്ദമംഗലം മുതല്‍ കക്കയം വരെ കാവലായി വിന്യസിച്ചു. 50 ഓളം വാഹനങ്ങളുടെ വ്യൂഹം. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ രണ്ട് വയര്‍ലെസ് സെറ്റുകള്‍. പോരാഞ്ഞ് ദൗത്യത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് പോലീസ് ഐ.ജി. വി.എന്‍. രാജന്‍ നേരിട്ട് ക്യാമ്പില്‍ വന്ന് ക്രമീകരണങ്ങള്‍ പരിശോധിച്ചു.
അഞ്ച് വര്‍ഷം മുന്‍പ്, 1970 ജൂലൈ 30 ന് നക്‌സലൈറ്റുകള്‍ പാലക്കാട് കോങ്ങാട്, ഒരു കുപ്രസിദ്ധ ജന്മിയായ എ.എം. നാരായണന്‍ കുട്ടിയുടെ വീട്ടില്‍ രാത്രി കയറി ആക്രമിച്ച് അയാളുടെ തലവെട്ടി വീട്ടിലെ കുളത്തിലെ കല്‍പ്പടവില്‍ വെച്ച് സ്ഥലംവിട്ട നക്‌സല്‍ ആക്രമണം വളരെ ഒച്ചപ്പാട് സൃഷ്ടിച്ച സംഭവമായിരുന്നു. നക്‌സല്‍ ഉന്‍മൂല സിദ്ധാന്തത്തില്‍ കൊല്ലപ്പെട്ട നാരായണന്‍ കുട്ടി നായര്‍ പോലീസ് ഐ.ജി.വി.എന്‍. രാജന്റെ ഭാര്യയുടെ ഇളയച്ഛനായിരുന്നു. സ്വാഭാവികമായും വി എന്‍ രാജന്‍ നക്‌സല്‍ വേട്ടയ്ക്ക് എല്ലാ പിന്‍തുണയും നല്‍കി. മാര്‍ച്ച് 2 ന് ഐ.ജി. രാജന്‍ അയച്ച ഓര്‍ഡറില്‍ പറയുന്നു ‘ഇത്തരം ആക്രമണം ചെറുക്കണമെന്ന് മാത്രമല്ല ആക്രമണകാരികളെ കൊല്ലുന്നതിനുള്ള കടന്നാക്രമണങ്ങളും നടത്തേണ്ടതാണ്.’
അതോടെ ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ കാക്കിപ്പട വിപുലമായ നക്‌സല്‍ വേട്ട ആരംഭിച്ചു. കായണ്ണ ആക്രമണത്തിന്റെ ആസൂത്രണം ആര്‍.ഇ.സിയുടെ ഉള്ളില്‍ നിന്നാണെന്ന ഉറച്ച വിശ്വാസത്തിലാണ് ജയറാം പടിക്കല്‍ അന്വേഷണം ആരംഭിച്ചത്. ഇതായിരുന്നു പിന്നീട് കോളിളക്കം സൃഷ്ടിച്ച രാജന്‍ കേസിന്റെ തുടക്കം. എന്നാല്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ പോലീസിന് കിട്ടിയ തെളിവുകള്‍ മറിച്ചായിരുന്നു. എങ്കിലും തുടര്‍ന്നുള്ള പോലീസിന്റെ അന്വേഷണത്തില്‍ സമീപ പ്രദേശങ്ങളായ കായണ്ണ, കുരാച്ചുണ്ട്, കക്കയം, ചാത്തമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പലരേയും നക്‌സല്‍ ബന്ധം ആരോപിച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. പിടികൂടിയവരെ കക്കയം ക്യാമ്പില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. പേരാമ്പ്ര എസ്.ഐ ആയിരുന്ന പുലിക്കോടന്‍ നാരായണനാണ് മര്‍ദ്ദനമുറകള്‍ക്ക് നേതൃത്വം നല്‍കിയത്. ദിവസങ്ങളോളം വെള്ളമോ ഭക്ഷണമോ കൊടുക്കാതെ തുടര്‍ച്ചയായി മര്‍ദ്ദിച്ചു. ഭീകരാന്തരീക്ഷമുള്ള ആ വിജനതയില്‍ മര്‍ദ്ദനം ഏറ്റവരുടെ ദീനരോധനങ്ങളും നിലവിളികളും മുഴങ്ങി. അവയുടെ പ്രതിദ്ധ്വനി മുഴങ്ങിയതല്ലാതെ, ആ വിലാപങ്ങള്‍ കേള്‍ക്കാനോ, പ്രതികരിക്കാനോ തടയാനോ ഒരാളും ഉണ്ടായിരുന്നില്ല.
പി. രാജൻ
”അതേക്കുറിച്ച് അന്ന് ക്യാമ്പിലെ തടവില്‍ കിടന്ന് മര്‍ദ്ദനമേറ്റു വാങ്ങിയ വേണു പൂവാട്ടുപറമ്പില്‍ എന്നയാളിന്റെ വാക്കുകള്‍ ഇങ്ങനെ : ‘വെള്ളം കിട്ടാതെ വന്നപ്പോള്‍ മൂത്രത്തിന്റെ നിറം ആദ്യം മഞ്ഞയും പിന്നെ ചുവപ്പുമായി. മൂത്രം ഒഴിക്കുമ്പോള്‍ കഠിനമായ വേദന. ദാഹിച്ച് വലഞ്ഞവര്‍ മൂത്രം കുടിച്ച് ദാഹം ശമിപ്പിക്കുന്നത് തടയുവാനായി മൂത്രം ഒഴിക്കുമ്പോള്‍ പോലീസുകാര്‍ കാവല്‍നില്‍ക്കും. നിരന്തര മര്‍ദ്ദനത്താല്‍ തളര്‍ന്നതിനാല്‍ ഞാന്‍ മിക്ക സമയവും ഭിത്തിയില്‍ ചാരി ഇരിപ്പായിരുന്നു. എന്റെ തുടയിലെ മാംസം എല്ലില്‍ നിന്ന് വേര്‍പ്പെട്ടു”. മാധ്യമങ്ങളുടെയോ കോടതിയുടേയോ പരിരക്ഷയില്ലാതെ നുറുങ്ങിയ ശരീരവും മരവിച്ച മനസുമായി തടവുകാര്‍ കക്കയം ക്യാമ്പെന്ന നരകത്തില്‍ വെറും നിലത്ത് തളര്‍ന്നുകിടന്നു.
കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് ശേഷം സ്റ്റേഷന്‍ പരിസരം അരിച്ച് പരിശോധിച്ച പോലീസിന് നിര്‍ണായകമായ ചില തെളിവുകള്‍ കിട്ടി. കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ നോട്ടുബുക്കിന്റെ ഏതാനും പേജുകളായിരുന്നു ഒന്ന്. അതോടെ ആക്രമണത്തിന്റെ പ്രഭവകേന്ദ്രം എഞ്ചിനിയറിംഗ് കോളേജാണെന്ന നിഗമനത്തില്‍ പോലീസ് എത്തി. കായണ്ണ സ്റ്റേഷനില്‍ നിന്ന് തട്ടിയെടുത്ത തോക്കുമായി അക്രമികള്‍ ഓടുമ്പോള്‍ ഒരാള്‍ ‘രാജാ’ എന്ന് വിളിച്ച് കൂവിയത്. അന്ന് അവിടെയുണ്ടായിരുന്ന പോലീസുകാര്‍ക്ക് ഓര്‍മ്മ വന്നു. അതോടെ പോലീസിന്റെ അന്വേഷണം കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിലേക്ക് തിരിഞ്ഞു. നിര്‍ഭാഗ്യവശാല്‍ രാജന്‍ എന്ന പേര് പോലീസിന്റെ അന്വേഷണത്തിലെ ഒരു പിടിവള്ളിയായി മാറി. ആ പോലീസിന്റെ അന്വേഷവലയില്‍ പിന്നീട് കുടുങ്ങിയത് അതേ പേര് കാരണം അര ഡസന്‍ രാജന്മാരും.
കക്കയം ഡാം
തൃശൂര്‍ പൂങ്കുഴി വാര്യത്തെ, പി. രാജന്‍ കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു. കലാവാസനയുള്ള, കോളേജില്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന, നടനും, പാട്ടു പാടുന്ന സാമാന്യം നല്ല ഗായകനുമായിരുന്നു. ആ സമയത്ത് രാജന്റെ പിതാവ് ടി.വി. ഈച്ചര വാര്യര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഹിന്ദി വകുപ്പദ്ധ്യക്ഷനായിരുന്നു.
കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്ന സമയത്ത് രാജന്‍ കോഴിക്കോട് ഫറോഖ് കോളേജില്‍ നടക്കുന്ന ഡിസോണ്‍ കലോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു. സമ്മാനം നേടിയ ഇനങ്ങള്‍ അവസാനം ഒന്നു കൂടി വേദിയില്‍ അവതരിപ്പിക്കുന്ന രീതിയുണ്ട്. രാജന്‍ പങ്കെടുത്ത സമ്മാനമാനാര്‍ഹമായ ഇനം അവതരിപ്പിക്കവേ ‘കനകസിംഹാസത്തിലിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ’ എന്ന സിനിമാ ഗാനം രാജന്‍ പാടി. സദസിന്റെ മുന്നില്‍ ഇരിക്കുന്ന അന്നത്തെ ഒരു മന്ത്രിയെ പരിഹസിച്ചതാണെന്ന് ഒരു വ്യാഖാനം ഇതിന് കിട്ടി. പാട്ട് പാടിയത് രാജനാണെന്ന് കോളേജിന് പുറത്ത് എല്ലാവരും അറിയുകയും ചെയ്തു. ഈ സംഭവം പോലീസിനെ പ്രകോപിപ്പിച്ചുയെന്നൊരു സംസാരം പിന്നീട് പ്രചരിച്ചിരുന്നു
മാര്‍ച്ച് 1 ന് രാവിലെ ഫറോഖ് കോളേജിലെ പരിപാടി കഴിഞ്ഞ് ബസ്സ് ഇറങ്ങി ഹോസ്റ്റലിലേക്ക് വരികയായിരുന്ന കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയായ പി.രാജനെ റോഡില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റി കൊണ്ടുപോയി. കേരളം കണ്ട ഏറ്റവും വലിയ ഒരു ദുരന്ത കഥ അവിടെ ആരംഭിക്കുകയായിരുന്നു. തലശ്ശേരിക്കാരനായ ശ്രീജന്‍ എന്നൊരാള്‍ ‘യെനാനാന്‍’ എന്നൊരു വിപ്ലവ പ്രസിദ്ധീകരണം കോഴിക്കോട്ടു നിന്ന് ഇറക്കിയിരുന്നു. അതിന്റെ വരിക്കാരുടെ ലിസ്റ്റ് പരിശോധിച്ച പോലീസ് അതിലെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ കണ്ടതോടെ അവരെല്ലാം നക്‌സല്‍ പ്രവര്‍ത്തകരാണെന്ന് ഉറപ്പിച്ചാണ് പോലീസ് വേട്ട തുടങ്ങിയതും കോളേജ് ഹോസ്റ്റലില്‍ എത്തിയതും. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ടി. മോഹനനാണ് രാജനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം രാജനെ ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ശ്രീധരന് കൈമാറി.
കെ . ലക്ഷ്മണ
രാജനെയും കൊണ്ട് പോലീസ് ജീപ്പ് പോയത് ആര്‍.സി.സി. ഹോസ്റ്റലിലേക്കായിരുന്നു. അവിടെ നിന്ന് ജോസഫ് ചാലിയെന്ന വിദ്യാര്‍ത്ഥിയെ പിടിക്കാനായി മുകളിലെ രണ്ടാം നിലയില്‍ പോലീസ് സംഘം എത്തി. ചാലി മുറിയില്‍ ഇല്ലായിരുന്നു. പോലീസ് എത്തിയത് കണ്ട് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ തടിച്ച് കൂടി. അപകടം മണത്തതിനാല്‍ ഭയം കാരണം അവരെല്ലാം അനങ്ങാതെ വിറച്ചുനിന്നു. ചാലി മുറിയില്‍ ഉണ്ടായിരുന്നില്ല. മുറിയിലുണ്ടായിരുന്ന വാസു, സോമശഖരന്‍ എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ രാജന്‍ അറസ്റ്റിലായതറിഞ്ഞ് ഹോസ്റ്റലിലെ മുറി വിട്ട് റോഡിലേക്ക് വേഗത്തില്‍ നടന്നു. അവര്‍ മാവൂര്‍ റോഡിലേക്കെത്തിയപ്പോള്‍ അവിടെ നില്‍ക്കുന്ന പോലീസ് അവരെ കണ്ടു. വിസിലടിച്ച് അവരെ പിടികൂടാന്‍ പോലീസുകാര്‍ ഓടി വന്നപ്പോള്‍ അവര്‍ ജീവനും കൊണ്ട് പാഞ്ഞു. ചാലിയാര്‍ പുഴയിലെ ഒരു തോണിയില്‍ കയറി അവര്‍ അക്കരെയെത്തിയതിനാല്‍ മാത്രമാണ് അവര്‍ അന്ന് രക്ഷപ്പെട്ടത്.
ചാലിയുടെ മുറിയില്‍ കുറച്ച് സമയം ചിലവഴിച്ച പോലീസ് സംഘം ഹോസ്റ്റല്‍ മുറികള്‍ പരിശോധിച്ചെങ്കിലും ആളെ കിട്ടിയില്ല. അതിനിടെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജോസഫ് ചാലി അവിടെ പ്രതൃക്ഷപ്പെട്ടു. രാജനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് എത്തിയ ചാലിക്ക് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു. പക്ഷേ, തന്നെ കിട്ടിയില്ലെങ്കില്‍ പോലീസ് രാജനോട് കൂടുതല്‍ ക്രൂരമായി പെരുമാറും എന്ന് അയാള്‍ക്ക് തോന്നിയതിനാലാണ് പിടി കൊടുത്തത്.
1976 മാര്‍ച്ച് 01. സമയം രാവിലെ 6 മണി. നേരം പുലരുകയാണ്. രണ്ട് വിദ്യാര്‍ത്ഥികളേയും കയറ്റിയ നീല പോലീസ് വാന്‍ ആര്‍.സി.സി. ഹോസ്റ്റലില്‍ നിന്ന് പുറപ്പെട്ടു. പോലീസിന്റെ കുപ്രസിദ്ധമായ ഇടി വണ്ടിയെന്നറിയപ്പെട്ട പോലീസ് വാന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പി.രാജന്‍ എന്ന ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയെ അവിടെയുള്ളവര്‍ അവസാനമായി കാണുകയായിരുന്നു. പിന്നീട് അവരാരും തന്നെ രാജനെ ജീവനോടെ കണ്ടിട്ടില്ല.
കക്കയം ക്യാമ്പ് എന്ന ഭൂമിയിലെ നരകത്തില്‍ ക്രൂരതയ്ക്ക് പേരുകേട്ട ജയറാം പടിക്കലിന്റെ ആജ്ഞാവര്‍ത്തികളായ പോലീസ് മര്‍ദക വീരന്മാരുടെ മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച പി. രാജനെന്ന ചെറുപ്പക്കാരന്‍ നിസ്സഹായനായി നിന്നു. ജീപ്പില്‍ നിന്നു തന്നെ പോലീസ് മര്‍ദനമാരംഭിച്ചിരുന്നു. കായണ്ണയില്‍ നിന്ന് തട്ടിയെടുത്ത തോക്ക് എവിടെയെന്ന് ചോദിച്ചാണ് പോലീസ് മര്‍ദനമാരംഭിച്ചത്.
കക്കയത്തെ മർദ്ദന ക്യാമ്പുകളിൽ ഒന്ന്
കക്കയം ക്യാമ്പിലെ ഒരു മുറിയില്‍ അടിയന്തരാവസ്ഥയിലെ കൊടുംപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണ അന്വേഷണ സെല്ലിന്റെ തലവനായ ഡി. ഐ. ജി. ജയറാം പടിക്കലും, ടി.വി. മധുസൂദനന്‍, ലക്ഷ്മണ, മുരളീകൃഷ്ണദാസ് തുടങ്ങിയ ഉന്നത പോലീസ് മേധാവികളും ഉണ്ടായിരുന്നു. ആര്‍.സി.സിയിലെ വിദ്യാര്‍ത്ഥികളാണ് എന്ന് പറഞ്ഞ് രാജനേയും ചാലിയേയും പരിചയപ്പെടുത്തിയപ്പോള്‍ ചാലിയെ നോക്കി ഡി. ഐ. ജി മധുസൂദനന്‍ പറഞ്ഞു ”കായണ്ണ ആക്ഷനില്‍ പങ്കെടുത്തെന്ന് ഇവന്റെ കണ്ണു കണ്ടാലറിയാം. കൊണ്ടുപോയി ഉരുട്ട്”.
അന്നുവരെ കേരളം കണ്ടിട്ടില്ലാത്ത പ്രാകൃതവും പൈശാചികവുമായ മര്‍ദ്ദന മുറ ‘ഉരുട്ടല്‍’ ആദ്യമായി കക്കയം ക്യാമ്പില്‍ നടപ്പിലാക്കി. വിദേശ രാജ്യങ്ങില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത ഈ അതിഭീകരമായ മര്‍ദ്ദന മുറയില്‍ ചോദ്യം ചേയ്യേണ്ട ആളിനെ ഒരു മരബഞ്ചില്‍ നഗ്‌നനായി മലര്‍ത്തി കിടത്തുന്നു. ഈ ബഞ്ചിനെ ‘സത്യ ബെഞ്ച്’ എന്നായിരുന്നു പോലീസുകാര്‍ വിളിച്ചിരുന്നത്. കിടന്നു കഴിഞ്ഞാല്‍ പിന്നെ ഏവനും സത്യമേ പറയൂയെന്ന, കേരള പോലീസിലെ ഏതോ കൊടും ക്രൂരനായ പോലീസ് ഉന്നതന്റെ കണ്ടുപിടുത്തമാണ് ഈ മര്‍ദ്ദനമുറ. (സ്‌കോട്ട്‌ലണ്ട് യാര്‍ഡിലെ പരിശീലന കാലത്ത് പഠിച്ച ഈ മുറ ജയറാം പടിക്കല്‍ കേരള പോലീസിലേക്ക് ഇറക്കുമതി ചെയ്തതാണെന്ന് ഒരു വ്യാഖ്യാനമുണ്ട്.) തല കീഴ്‌പ്പോട്ട് തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ഇരയെ കിടത്തുന്നത്. ഉരുട്ടല്‍ നടത്തുമ്പോള്‍ ശരീരം ബലം പിടിക്കരുത് എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. കൈകള്‍ ബഞ്ചിന്റെ അടിയില്‍ കൂട്ടിക്കെട്ടും. കാലുകള്‍ മുട്ടിന് താഴെയും ബെഞ്ചില്‍ കൂട്ടിക്കെട്ടും. കാലിന്റെ തള്ളവിരല്‍ രണ്ടും ചരടു കൊണ്ട് ബന്ധിച്ചിരിക്കും. വായയില്‍ തുണി കുത്തിത്തിരുകിയതിനാല്‍ ഒരു ശബ്ദം പോലും പുറത്ത് വരില്ല. പരുക്കന്‍ ഇരിമ്പുലക്ക കൊണ്ട് ഇരുവശത്ത് നിന്നുകൊണ്ട് രണ്ടു പോലീസുകാര്‍ ശക്തിയായി ഇരയുടെ തുടയില്‍ ഇരുമ്പുലക്ക വെച്ച് താഴോട്ടും മേലോട്ടും ഉരുട്ടും. പ്രാണവേദനയനുഭവിക്കുന്ന ഇരയുടെ മാംസവും അസ്ഥിയും ഞെരിഞ്ഞുടയും. പോലീസുകാര്‍ ക്ഷീണിതരാകുമ്പോള്‍ നിറുത്തും. ഭാഗ്യമുണ്ടെങ്കില്‍ ഇരയുടെ ബോധം മറഞ്ഞിരിക്കും. കേരള പോലീസ് 50 വര്‍ഷം മുന്‍പ് ആരംഭിച്ച ഈ ക്രൂര പ്രകൃത നീച കല ചിലപ്പോഴൊക്കെ ഇപ്പോഴും പ്രതൃക്ഷപ്പെടാറുണ്ട്. 10 വര്‍ഷം മുന്‍പ്, 2005 സെപ്റ്റംബര്‍ 27 ന് തിരുവനന്തപുരത്ത് ഫോര്‍ട്ട് സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉദയകുമാറെന്ന 28 കാരനാണ് ഉരുട്ടലില്‍ കൊല്ലപ്പെട്ട അവസാനത്തെ ഇര.
അന്ന് രാജനോടൊപ്പം ആ മുറിയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടുപേര്‍ ജോസഫ് ചാലിയും, മറ്റൊരു രാജനും (കാനങ്ങോട്ട് രാജന്‍) ഈച്ചര വാര്യരുടെ മകന്‍ പി. രാജന്‍ എങ്ങനെ മരിച്ചുയെന്നത് വ്യക്തമായി കോടതി രേഖകളിലും മൊഴികളിലും ഉണ്ട്. കെ. രാജനെ മുറിയില്‍ കൊണ്ടുവന്നപ്പോള്‍ ജയറാം പടിക്കലും, ടി.വി. മധുസൂദനന്‍, ലക്ഷ്മണ, മുരളീകൃഷ്ണ ദാസുമൊക്കെ ഉണ്ടായിരുന്നു. വസ്ത്രമഴിപ്പിച്ച് രാജനെ ഇരുത്തി. അറ്റം കൂര്‍പ്പിച്ച പെന്‍സിലുമായി ജയറാം പടിക്കല്‍ ചോദ്യം ചെയ്തു.
ജയറാം പടിക്കൽ
“എവിടെയാണ് കെ. വേണു?”
“എനിക്കറിയില്ല” പറഞ്ഞു തീരും മുന്‍പ് കൂര്‍ത്ത പെന്‍സില്‍ മുന മുഖത്ത് പാഞ്ഞു വന്നു. കണ്ണായിരുന്നു ലക്ഷ്യം. തല വെട്ടിച്ചതിനാല്‍ ചെവിയിലാണ് കൊണ്ടത് ചോര പൊടിഞ്ഞു. അടുത്ത ചോദ്യത്തിന് ഉത്തരം വരും മുന്‍പ് നെറ്റിയില്‍ പെന്‍സില്‍ തുളഞ്ഞു കയറി.
“കൊണ്ടു പോ” ജയറാം പടിക്കല്‍ അലറി.
കെ. രാജനെ അടുത്ത മുറിയിലേക്ക് പിടിച്ച് കൊണ്ടുപോയി ബഞ്ചില്‍ കിടത്തി. അപ്പോഴാണ് ആ ഭീകരത കാഴ്ചയ്ക്ക് അയാള്‍ സാക്ഷിയായത്. പുലിക്കോടന്‍ നാരായണന്റെ നേതൃത്വത്തില്‍ അഞ്ച് പോലീസുകാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയായ രാജനെ ബെഞ്ചില്‍ കിടത്തി ഉരുട്ടുകയാണ്. ശബ്ദം പുറത്ത് വരാതിരിക്കാനായി വായയില്‍ തുണി തിരുകിയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച രാജന്‍ വേദന തിന്നുകയായിരുന്നു. വായയില്‍ തുണി തിരുകിയതിനാല്‍ കരച്ചില്‍ പുറത്ത് വന്നില്ല എങ്കിലും ഭയാനകമായ ഒരു നിലവിളിയുടെ മാറ്റൊലി ആ മുറിയില്‍ തങ്ങിയിരുന്നു.
ജോസഫ് ചാലിയുടെ അനുഭവം ഇങ്ങനെ: ”അന്നു രാത്രി 10.30 ന് ഞങ്ങളെ കക്കയം ക്യാമ്പില്‍ എത്തിച്ചു. എന്നെ ഒരു ബെഞ്ചില്‍ കിടത്തിയിട്ട് ഉലക്കകൊണ്ട് ഉരുട്ടി. എന്റെ വായയില്‍ തുണി തിരുകിയിരുന്നു. എന്നെ ഉരുട്ടുമ്പോള്‍ രാജനെ താഴെ ഇരുത്തി പോലീസ് മര്‍ദിക്കുകയായിരുന്നു.” രണ്ടാം നാളും പീഡനങ്ങള്‍ തുടര്‍ന്നപ്പോള്‍ വേദനയുടെ മറുകര കണ്ട ഒരു നിമിഷത്തില്‍ രക്ഷപ്പെടാനായി, തോക്കുകള്‍ ഞാന്‍ കാണിച്ച് തരാമെന്ന് പി. രാജന്‍ പറഞ്ഞു. രാജനെയും കൊണ്ട് അപ്പോള്‍ തന്നെ പോലീസ് ജീപ്പിനടുത്തേക്ക് പോയി. അവിടെയെത്തിയപ്പോള്‍ ഉരുട്ടുമ്പോഴുള്ള വേദന സഹിക്കാന്‍ കഴിയാതെ താന്‍ വെറുതേ പറഞ്ഞതാണെന്ന് രാജന്‍ പറഞ്ഞപ്പോള്‍ വീണ്ടും കാമ്പിലെ മുറിയില്‍ കൊണ്ടുപോയി ഉരുട്ടല്‍ ആരംഭിച്ചു.
ബഞ്ചിലെ തന്റെ കിടപ്പില്‍ ജോസഫ് ചാലി കണ്ട ആ ക്രൂരതയുടെ അവസാനം ഇങ്ങനെ: ”ഞാന്‍ നോക്കുമ്പോള്‍ തൊട്ടപ്പുറത്തെ ഞരക്കം നിലച്ചു. രാജന്റെ വായ പൊത്തിപ്പിടിച്ച പോലീസുകാരന്‍ കൈയെടുത്ത് പിന്‍വാങ്ങിയപ്പോള്‍ രാജന് എന്തോ സംഭവിച്ചതായി പോലീസുകാര്‍ക്ക് മനസിലായി. അവര്‍ ഉരുട്ടല്‍ നിറുത്തി മാറി നിന്നു. ‘അവന്റെ തട്ടിപ്പാണ്’ ഒരു പോലീസുകാരന്‍ പറഞ്ഞു. ഉടനെ പുലിക്കോടന്‍ നാരായണന്‍ ബൂട്‌സിട്ട കാല് കൊണ്ടു രാജനെ ചവിട്ടി. അനക്കമില്ല. എല്ലാം കഴിഞ്ഞിരുന്നു” കോഴിക്കോട് ആര്‍.സി.സി എഞ്ചിനീയറിംഗ് കോളേജിലെ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ പി.രാജന്‍ ആ മര്‍ദ്ദകരുടെ കൊല്ലാക്കൊലയില്‍ അവസാനിച്ചിരുന്നു.
രാജൻ്റെ പിതാവ് ടി.വി. ഈച്ചര വാര്യരുടെ ഓർമ്മക്കുറിപ്പ്
അപകടം മനസിലാക്കി പരിഭ്രാന്തരായ പോലീസുകാര്‍ ഉടനെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരാള്‍ ഉടനെ ഡോക്ടറെ വിളിക്കാനായി ഓടി. ഉടനെ ജയറാം പടിക്കലും, ലക്ഷ്മണയും, മുരളീ കൃഷ്ണദാസും ആ മുറിയില്‍ എത്തി. കുറച്ചു സമയത്തിന് ശേഷം കക്കയം ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയിലെ അസി. സര്‍ജന്‍ ഡോ. വിശാലാക്ഷമേനോന്‍ ക്യാമ്പില്‍ എത്തി. ഡോക്ടറെ ഒരു മുറിയിലേക്ക് ആനയിച്ചു. ജയറാം പടിക്കല്‍, ടി.വി. മധുസൂദനന്‍, ലക്ഷ്മണ, മുരളീകൃഷ്ണ ദാസ് എന്നിവര്‍ അവിടെയുണ്ടായിരുന്നു. ഡോക്ടര്‍ മുറിയില്‍ വന്നപ്പോള്‍ അല്‍പ്പനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പിന്നെ ഒരാള്‍ ചോദിച്ചു. “സര്‍ക്കാര്‍ ഡോക്ടറാണോ?”. അതെയെന്ന് മേനോന്‍ മറുപടി പറഞ്ഞു. ഡിസ്‌പെന്‍സറിയില്‍ ആവശ്യത്തിന് മരുന്നുണ്ടോ? എന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ വൈദ്യസഹായം വേണ്ടെന്നും മടങ്ങിപ്പൊയ്‌ക്കോളാനും ഡോക്ടറോട് അവര്‍ പറഞ്ഞു. അപ്പോള്‍ ക്യാമ്പിനകത്ത് അസാധാരണമായ മൂകത തളംകെട്ടിയിരുന്നതായി ഡോക്ടര്‍ വിശാലാക്ഷ മേനോന്‍ പിന്നീട് പറയുകയുണ്ടായി.
ക്യാമ്പില്‍ തല്‍ക്കാലത്തേക്ക് മര്‍ദ്ദനമുറകള്‍ നിറുത്തിവെച്ചു. എല്ലാ പോലീസുകാരെയും ശരീരം കിടക്കുന്ന മുറിയില്‍ നിന്ന് പുറത്താക്കി. പടിക്കലിന്റെ നേതൃത്വത്തില്‍ കൂടിയാലോചന നടന്നു. തലേനാള്‍, മാര്‍ച്ച് 1 വൈകിട്ട് ഒരു മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രാജനെ ജോസഫ് ചാലി കണ്ടിരുന്നു. പി. രാജന്‍ മരിച്ച ദിവസം കെ. രാജനും ഇതേ അവസ്ഥയില്‍ രാജനെ കണ്ടു. പോലീസല്ലാതെ രാജനെ അവസാനം കണ്ടത് ഈ രണ്ട് പേരാണ്.
പിന്നീട് കോടതിയില്‍ രാജന്‍ കേസ് അന്വേഷണോദ്യോഗസ്ഥനായ ഡി. ഐ. ജി രാജഗോപാല്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒരു ഭാഗം ഇങ്ങനെ: രണ്ടാം തീയതി വൈകീട്ടായപ്പോഴേക്കും ക്യാമ്പിലെങ്ങും ഒരു മൂകത തളം കെട്ടി നില്‍ക്കുന്നത് പോലെ ഇലക്ട്രിസിറ്റി ബോര്‍ഡ് വാട്ടര്‍ സപ്ലെയറായ വി.ജെ തോമസിന് അനുഭവപ്പെട്ടു. ഓഫീസര്‍മാര്‍ ഇരിക്കുന്ന മുറിയുടെ ജനാലക്കരികില്‍ എം. എസ്. പി യിലേയും ക്രൈം ബ്രാഞ്ചിലേയും പോലീസുകാര്‍ പോകുന്നതും വരുന്നതും അനോന്യം സംസാരിക്കുന്നതും തോമസ് കണ്ടു. വൈകീട്ടായപ്പോള്‍ രണ്ട് പോലീസുകാര്‍ ഒരാളിന്റെ വലിപ്പമുള്ള ചാക്കുകെട്ട് ചുമന്ന് ക്യാമ്പിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു നീല വാനിലേക്ക് വയ്ക്കുന്നതും തോമസിന്റെ ദുഷ്ടിയില്‍ പെട്ടു. രണ്ട് പോലീസുകാര്‍ ഓരോ വശത്തും നിന്ന് ചാക്ക് കെട്ടിന് അടിയില്‍ പിടിച്ചാണ് കൊണ്ടുപോയിരുന്നത്. ഓഫീസര്‍മാര്‍ ഇരുന്നിരുന്ന മുറിയുടെ വാതിലിനോട് ചേര്‍ന്നായിരുന്നു ആ വാനിന്റെ പിന്‍ഭാഗം. കെട്ട് അകത്ത് വെച്ച ശേഷം വാന്‍ റോഡിലേക്ക് ഓടിച്ചു. വാനിന് സമീപം പോലീസിനെ കാവല്‍ നിറുത്തിയിരുന്നു. (ചാക്കു കെട്ടില്‍ രാജന്റെ മൃതദേഹമായിരുന്നു എന്നാണ് സൂചന).
രാജൻ്റെ ഓർമ്മക്കായ് നടത്തുന്ന സാഹിത്യോത്സവം – രാഗത്തിൻ്റെ പോസ്റ്റർ
കൊടുംക്രൂരതയ്ക്ക് ഇരയായി ജീവന്‍ നഷ്ടപ്പെട്ട രാജനെന്ന നിരപരാധിയായ ചെറുപ്പക്കാരന്റെ കഥ ഇവിടെ തീരുന്നില്ല, തുടങ്ങുകയാണ്. കക്കയം ക്യാമ്പില്‍ നരവേട്ട നടത്തിയ കുറ്റവാളികളായ കേരളാ പോലീസിന്റെ ഉന്നതരെ കോടതിയില്‍ എത്തിച്ചത് തന്റെ മകനെവിടെയെന്ന, ചോദ്യവുമായി അലഞ്ഞ രാജന്റെ അച്ഛന്‍ ടി.വി.
ഈച്ചര വാര്യരായിരുന്നു. ആ അറും കൊലയ്ക്ക് ഉത്തരവാദികളായ കാക്കിപ്പട ഉത്തരം പറയാന്‍ കഴിയാതെ പ്രതികൂട്ടില്‍ നിന്ന് വിയര്‍ത്ത് ശ്വാസംമുട്ടുന്നത് കേരള ജനത കണ്ടു. 21 മാസങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ ആ ക്രൂരതയുടെ നാള്‍വഴികള്‍ പുറം ലോകമറിഞ്ഞപ്പോള്‍ കേരളത്തില്‍ ഏറ്റവും അധികം ഉയര്‍ന്ന ചോദ്യം, എല്ലാവരും ചോദിച്ച ചോദ്യം ഇതായിരുന്നു. പി രാജന്റെ മരണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്ക്? രാജന്റെ മരണശേഷം എന്ത് നടന്നു ? മൃതശരീരം എവിടെ ?
അതറിയാന്‍ രാജന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ദുരന്തകഥയായ രാജന്‍ കേസിന്റെ അടിവേരുകള്‍ ചികയണം.
തുടരും… Emergency @50; the terror Kakkayam Dam soaked with the blood of P. Rajan
Content Summary: Emergency @50; the terror Kakkayam Dam soaked with the blood of P. Rajan
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.