ആറു മാസമായിട്ടും അനക്കമില്ല; അദാനിക്ക് സമന്‍സ് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് യുഎസ് എസ്ഇസി

ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയില്‍ നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരേ എസ്ഇസി പരാതിപ്പെട്ടിരിക്കുന്നത്‌

ആറ് മാസം കഴിഞ്ഞിട്ടും ഗൗതം അദാനിക്കും, അനന്തരവന്‍ സാഗര്‍ അദാനിക്കും സമന്‍സ് അയക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ (എസ്ഇസി). ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതിയിലാണ് എസ്ഇസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യുഎസിലെ സോളാര്‍ പ്രോജക്റ്റുമയി ബന്ധപ്പെട്ട് കൈക്കൂലി ആരോപണത്തിലാണ് എസ്ഇസി ഗൗതം അദാനിയ്ക്കും അനന്തരവന്‍ സാഗര്‍ അദാനിയ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അദാനി ഗ്രീനിനും അസൂര്‍ പവറിനും ഗുണം ചെയ്യുന്ന തരത്തില്‍ മാര്‍ക്കറ്റ് വിലയ്ക്ക് മുകളിലുള്ള നിരക്കില്‍ ഊര്‍ജ്ജം വാങ്ങാനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ തുക നല്‍കിയ വിവരം അമേരിക്കന്‍ നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചതായി ആരോപിച്ചാണ് കേസ്. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് നടക്കുന്നത്. ജൂണ്‍ 27 ന് കോടതിയില്‍ നല്‍കിയ കേസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസത്തെ കുറിച്ചും പറഞ്ഞത്.

ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലായിരുന്നു ഇതിനു മുമ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ജൂണ്‍ 27-ന് നല്‍കിയ റിപ്പോര്‍ട്ട്, എസ്ഇസി ഈ വര്‍ഷം നല്‍കുന്ന മൂന്നാമത്തെതാണ്.

ഹേഗ് കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 5(എഫ്) പ്രകാരം ഇന്ത്യയിലുള്ള കുറ്റാരോപിതര്‍ക്ക് സമന്‍സും പരാതിയും സമര്‍പ്പിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ നിയമ-നീതി മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നതയാണ് ഏജന്‍സി പറയുന്നത്. വിദേശത്ത് ഫയല്‍ ചെയ്യുന്ന കേസുകളില്‍ നിയമപരമായ രേഖകള്‍ നല്‍കുന്നതിന് സഹായം ആവശ്യപ്പെട്ട് രാജ്യങ്ങള്‍ക്ക് പരസ്പരം ഒരു ഏജന്‍സിയോട് നേരിട്ട് അഭ്യര്‍ത്ഥിക്കാന്‍ അനുമതി നല്‍കുന്ന സംവിധാനമാണ് ഹേഗ് കണ്‍വെന്‍ഷന്‍. കേസിന്റെയും ഇളവ് അഭ്യര്‍ത്ഥനകളുടെയും നോട്ടീസുകള്‍ അദാനിയുടെ അഭിഭാഷകര്‍ക്ക് നേരിട്ട് അയച്ചിട്ടുണ്ടെന്നും ഏജന്‍സി പറയുന്നുണ്ട്.

എന്നാല്‍ ഇന്ത്യന്‍ അധികാരികള്‍ ഈ രേഖകള്‍ ഇതുവരെ അദാനിമാര്‍ക്ക് കൈമാറിയതിന്റെ സ്ഥിരീകരണമൊന്നും ഇല്ലെന്നാണ് എസ്ഇസി പറയുന്നത്. ‘ഏപ്രിലിലെ സ്റ്റാറ്റസ് അപ്ഡേറ്റ് മുതല്‍, പ്രതികള്‍ക്കെതിരായ സമന്‍സും പരാതിയും കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നിയമമന്ത്രാലയുമായി കത്തിടപാടുകള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ജൂഡീഷ്യല്‍ അധികാരികള്‍, തങ്ങള്‍ ആവശ്യപ്പെട്ട സേവനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് ന്യൂയോര്‍ക്ക് കോടതിയില്‍ എസ്ഇസി അറിയിച്ചിട്ടുള്ളത്.

ഏപ്രിലില്‍ സമര്‍പ്പിച്ച മുന്‍ അപ്ഡേറ്റില്‍ എസ്ഇസി പറയുന്നത്, തങ്ങളുടെ അഭ്യര്‍ത്ഥന ലഭിച്ചതായി ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെന്നും, അത് ബന്ധപ്പെട്ട ജുഡീഷ്യല്‍ അധികാരികള്‍ക്ക് അയച്ചിട്ടുണ്ടെന്നുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച ക്രിമിനല്‍, സിവില്‍ നടപടികളുടെ ഭാഗമാ നിയമകാര്യങ്ങളാണിത്.

അദാനി കേസില്‍ യുഎസിന് അനൂകൂലമായി അദാനിക്ക് സമന്‍സ് അയക്കാന്‍ അഹമ്മദാബാദ് ജില്ല സെഷന്‍സ് കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടതായി ഈ മാര്‍ച്ചില്‍ വാര്‍ത്തകള്‍ വന്നിരുന്നു. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നിന്ന് അയച്ച സമന്‍സ് അഹമ്മദാബാദ് സെഷന്‍സ് കോടതിയിലേക്ക് നല്‍കിയിരുന്നുവെന്നാണ് കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചത്.

ഈ കേസ് അദാനി ഗ്രൂപ്പിന് വലിയ തിരിച്ചടിയാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വന്നതിനു പിന്നാലെ പുതിയ യുഎസ് ഭരണകൂടം 1977 ലെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസെസ് ആക്റ്റില്‍ ഭേദഗതി വരുത്തിയത് അദാനിയ്ക്ക് ഗുണമായി. ഗൗതം അദാനിയെയും അനന്തിരവനെയും രക്ഷിക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ നീക്കമെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു. യുഎസില്‍ ബിസിനസ് പുനരാരംഭിക്കാനുള്ള നടപടികള്‍ അദാനി ഗ്രൂപ്പ് പുനരാരംഭിച്ചതായും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് അടുത്തിടെ വന്നിരുന്നു.

 

This post was last modified on July 19, 2025 7:58 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment