ഇന്ത്യ ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍(ഐഐസിസി) ഭരണം പിടിച്ചെടുക്കാന്‍ ആര്‍എസ്എസ് നീക്കം. ഓഗസ്റ്റ് 11 ന് നടന്ന ഐഐസിസി ഭരണസമതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധിയെ ആര്‍ എസ് എസ് നിര്‍ത്തിയിട്ടുണ്ട്. സംഘത്തിന്റെ അനുബന്ധ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച്(എംആര്‍എം) ദേശീയ കണ്‍വീനറും പ്രശസ്ത കാന്‍സര്‍ വിദഗ്ധനുമായ ഡോ. മജീദ് അഹമ്മദ് തലികോട്ടിയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആര്‍എസ്എസ് നിയോഗിച്ചിരിക്കുന്നത്.
ഇസ്ലാമിക സംസ്‌കാരം പ്രചരിപ്പിക്കുക എന്ന ആശയത്തിലധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട സംവിധാനമാണ് ഐഐസിസി. ഡല്‍ഹിയില്‍ ലോധി റോഡിലായാണ് ഐഐസിസി ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഓരോ അഞ്ചു വര്‍ഷത്തേക്കുമാണ് ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഏഴംഗ ബോര്‍ഡ് ട്രസ്റ്റികള്‍, നാലംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 14 നാണ് ഫലപ്രഖ്യാപനം.
ആര്‍എസ്എസ് കടന്നു വന്നാല്‍ ഐഐസിസിയുടെ ലക്ഷ്യവും ആശയങ്ങളും തകര്‍ക്കപ്പെടുമെന്നാണ് പല അംഗങ്ങളും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ നിലവില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യങ്ങള്‍ സംഘത്തിന് അനുകൂലമാണ്. നാല് തവണയായി ഐഐസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന പ്രമുഖ വ്യവസായി സിറാജുദ്ദീന്‍ ഖുറേഷി ഇത്തവണ തലികോട്ടിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, തലികോട്ടിയുടെ പാനലില്‍ ട്രസ്റ്റീസ് പാനലിലേക്ക് മത്സരിക്കുന്നുമുണ്ട്. 2019 ല്‍ നടന്ന ഒടുവിലത്തെ തെരഞ്ഞെടുപ്പില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തോല്‍പ്പിച്ചായിരുന്നു ഖുറേഷി പ്രസിഡന്റായത്. ഖുറേഷിയെ പോലൊരാളുടെ പിന്തുണ ആര്‍എസ്എസ് പ്രതിനിധിയെ കൂടുതല്‍ ശക്തനാക്കിയിട്ടുണ്ട്.
മൊത്തം ഏഴ് സ്ഥാനാര്‍ത്ഥികളാണ് പ്രസിഡന്റ് സ്ഥാനത്തിനായി വോട്ട് തേടിയിരിക്കുന്നത്. ഇതില്‍ പ്രധാനമത്സരം നടക്കുന്നത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്, കര്‍ണാടക സ്വദേശിയായ ഡോ. മജീദ് അഹമ്മദ് തലികോട്ടി, ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച അബ്രാര്‍ അഹമ്മദ്, സംരഭകന്‍ അസിഫ് ഹബീബ് എന്നിവര്‍ തമ്മിലാണ്.
ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ബൈലോയില്‍ പറയുന്നത്, 75 വയസ് പൂര്‍ത്തിയാവര്‍ സെന്ററിന്റെ ഭരണസമതിയില്‍ നിന്ന് ഒഴിവായി നില്‍ക്കണമെന്നാണ്. ഈയൊരു തടസം സല്‍മാന്‍ ഖുര്‍ഷിദിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. കാരണം, പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍, അദ്ദേഹത്തിന്റെ കാലാവധി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് ഖുര്‍ഷിദിന് 75 വയസ് തികയും. അങ്ങനെ വന്നാല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. ഇങ്ങനെയൊരു സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നാണ് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.
വോട്ടവകാശമുള്ള 2,054 അംഗങ്ങളാണ് ഐഐസിസിയിലുള്ളത്. മുന്‍ കേന്ദ്രമന്ത്രി മൊഹ്‌സിന കിദ്വായ്, കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, താരിഖ് അന്‍വര്‍ എംപി, കോളമിസ്റ്റ് ഷാഹിദ് സിദ്ദിഖീ തുടങ്ങി ദേശീയ-അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍, ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍, വ്യവസായികള്‍ തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ആജീവനാന്ത അംഗങ്ങള്‍ ഉള്‍പ്പെടെ 4000 ത്തോളം പേര്‍ക്ക് ഇത്തവണ വോട്ട് അവകാശം നിഷേധിക്കപ്പെട്ടിട്ടുമുണ്ട്. വാര്‍ഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ അയോഗ്യരാക്കപ്പെട്ടത്.
ആര്‍എസ്എസ് മുന്‍ തലവന്‍ കെ എസ് സുദര്‍ശന്റെ ആശിര്‍വാദത്തോടെ 2002 ല്‍ സ്ഥാപിതമായതാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്. എംആര്‍എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഘ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുന്നുണ്ട്. ആര്‍എസ്എസ് പ്രചാരക് ഇന്ദ്രേഷ് കുമാറിനെയാണ് എംആര്‍എമ്മിന്റെ ഔദ്യോഗിക ഉപദേഷ്ടാവും മാര്‍ഗദര്‍ശിയുമായി നിയോഗിച്ചിരിക്കുന്നത്. ആര്‍എസ്എസ് ആശങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് എംആര്‍എം. കന്‍വാര്‍ യാത്രയോടനുബന്ധിച്ച് വ്യാപാരികള്‍ പേര് വിവരങ്ങള്‍ കടകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ നിലപാടിനെ സ്വാഗതം ചെയ്തവരാണ് മുസ്ലിം രാഷ്ട്രീയ മഞ്ച്.
മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ രാഷ്ട്രീയ വൈരുദ്ധ്യത്തെക്കുറിച്ച് ഡല്‍ഹി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകന്‍ പ്രൊഫസര്‍ ഷംസുല്‍ ഇസ്ലാം ദ വയറിനോട് ചൂണ്ടിക്കാണിക്കുന്നതിങ്ങനെയാണ്; 1999 ല്‍ പുറത്തിറക്കിയ പരം വൈഭവ് കെ പാത് പര്‍’ എന്ന പുസ്തകത്തില്‍ ആര്‍എസ്എസ് ഔദ്യോഗികമായി രൂപീകരിച്ച അവരുടെ 43 അനുബന്ധ സംഘടനകളെ കുറിച്ച് പറയുന്നുണ്ട്. ഈ പുസ്തകം പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ബജറംഗ്ദള്‍, വിശ്വഹിന്ദു പരിഷത്, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നിവയൊക്കെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഔദ്യോഗിക സംഘടനകളില്‍ ഉള്‍പ്പെട്ടതാണ്. ഈ സംഘടനകളുടെയെല്ലാം സ്ഥാപിത ലക്ഷ്യം മുസ്ലിങ്ങളെ ഉന്മൂലനം ചെയ്ത് ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുകയെന്നതാണ്. അതേ സംഘനയുടെ ഒരു ഘടകമാണ് മുസ്ലിം രാഷ്ട്രീയ മഞ്ചും!
പന്ത്രണ്ടോളം മുസ്ലിം ബുദ്ധിജീവികളെ ഇന്ദ്രേഷ് കുമാര്‍ എംആര്‍എമ്മിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇവരെല്ലാം പിന്നീട് പ്രൊഫസര്‍മാരും, വൈസ് ചാന്‍സലര്‍മാരും, ചാന്‍സലര്‍മാരും, ഗവര്‍ണര്‍മാരുമൊക്കെയായി എന്നും ഷംസുല്‍ ഇസ്ലാം എടുത്തു പറയുന്നുണ്ട്. ഒരു ചെറു വിഭാഗം മുസ്ലിങ്ങളെയാണ് ഇത്തരത്തില്‍ ആര്‍എസ്എസ് കൂടെ നിര്‍ത്താന്‍ ലക്ഷ്യമിടുന്നതെന്നും ഇസ്ലാം പറയുന്നു.
പ്രൊഫസര്‍ ഷംസുല്‍ ഇസ്ലാം വയറിനോട് പറയുന്നത്, ഇന്ത്യ ഇസ്ലാം കള്‍ച്ചറല്‍ സെന്റര്‍ ഇപ്പോള്‍ തന്നെ ആര്‍എസ്എസ്സിന്റെ നിയന്ത്രണത്തിലാണെന്നാണ്. അവര്‍ സ്ഥിരമായി അജിത് ഡോവലിനെയും ഇന്ദ്രേഷ് കുമാറിനെയും സംഘടനയുടെ പല പരിപാടികള്‍ക്കും സ്ഥിരമായി ക്ഷണിക്കാറുണ്ടെന്നാണ് ഇസ്ലാം പറയുന്നത്. നിരവധി വ്യവസായികളും സംരഭകരുമൊക്കെ അംഗങ്ങളായിട്ടുള്ള ഐഐസിസി തങ്ങളുടെ കൈയിലേക്ക് പൂര്‍ണമായി വന്നാല്‍ അതുകൊണ്ട് വലിയ ലാഭമുണ്ടെന്ന് ആര്‍എസ്എസ് മനസിലാക്കിയിട്ടുണ്ടെന്നും ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ പറയുന്നു.
ആര്‍എസ്എസ് നിയന്ത്രണത്തിലാകാത്ത പക്ഷം ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിനെ കാത്തിരിക്കുന്നതും വഖഫ് ബോര്‍ഡിന്റെ സമാന വിധിയായിരിക്കുമെന്ന മുന്നറിയിപ്പ് കൂടി പ്രൊഫസര്‍ ഷംസുള്‍ ഇസ്ലാം പങ്കുവയ്ക്കുന്നുണ്ട്.
ഡോ.മജീദ് അഹമ്മദ് തലികോട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം മുസ്ലിം മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് എംആര്‍എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഡോ. ഗുല്‍റേസ് ഷെയ്ഖ് ദി വയറിനോട് പറഞ്ഞത്. മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രതിനിധീകരിക്കുന്നത് മുസ്ലിങ്ങളെയാണ്. അതു കൊണ്ട് തന്നെയാണ് ഡോ. തലികോട്ടി മത്സരിക്കുന്നത് ഉചിതമാകുന്നത്. തീര്‍ച്ചയായും എംആര്‍എം ആര്‍എസ്എസ് ആശയങ്ങള്‍ പുലര്‍ത്തുന്ന സംഘടനയാണ്. ആര്‍എസ്എസ് എപ്പോഴും മുസ്ലിങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയാണ്. അത് തന്നെയാണ് മുസ്ലിം രാഷ്ട്രീയ മഞ്ചും ചെയ്യുന്നത്, അക്കാര്യത്തില്‍ അവരെ അനുമോദിക്കുകയാണ് വേണ്ടത്’.
ഇസ്ലാമിക വിദ്യാഭ്യാസവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കിലും അതിനൊപ്പം സമൂഹത്തിലെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണ ശക്തിപ്പെടുത്തുകയെന്നതും ഐഐസിസിഅതിന്റെ ആശയമായി സ്വീകരിച്ചിട്ടുണ്ട്. ജസ്റ്റീസ് ഹിദ്ദായത്തുള്ള അന്‍സാരി, ബദറുദ്ദീന്‍ ത്യാബ്ജിയെ പോലുള്ള മഹത്വ വ്യക്തിത്വങ്ങളുടെ മുന്‍കൈയിലാണ് ഐഐസിസി യാഥാര്‍ത്ഥ്യമാകുന്നത്. 1984 ഓഗസ്റ്റ് 24 ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഐഐസിസി ആസ്ഥാനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. എന്നാല്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നതിന് ദശാബ്ദങ്ങള്‍ വേണ്ടി വന്നു. 24 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജൂണ്‍ 12 നാണ് 16 കോടി ചെലവില്‍ സെന്ററിന്റെ ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമാകുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് സോണിയ ഗാന്ധിയാണ് ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. indian islamic cultural center election rss back muslim rashtriya manch contesting for president post
Content Summary; Indian islamic cultural center election rss back muslim rashtriya manch contesting for president post