July 28, 2026 |
Share on

മാലിയില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജനായ വജ്രവ്യാപാരിയെ 44 കോടി നല്‍കി മോചിപ്പിച്ചു

ആദ്യം മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത് 100 കോടിയായിരുന്നു

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്നു തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ വംശജനായ വജ്ര വ്യാപാരിയെ ഏകദേശം 44 കോടി രൂപ(നാല് മില്യണ്‍ യൂറോസ്) മോചനദ്രവ്യം നല്‍കി മോചിപ്പിച്ചു. 75 കാരനായ ധീരു രമാനിയാണ് കുടുംബം മോചനദ്രവ്യം നല്‍കിയതിന് പിന്നിലെ മോചിപ്പിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രിലിലാണ് ധീരുവിനെ തട്ടിക്കൊണ്ടു പോയത്. ഒരു സ്വര്‍ണ ഖനി വാങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ കാണാതായത്. കുറച്ചു കാലമായി മാലിയിലായിരുന്നു അദ്ദേഹം താമസിച്ചു വന്നിരുന്നത്.

100 കോടിയായിരുന്നു തട്ടിക്കൊണ്ടു പോയവര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ധീരുവിന്റെ യുഎസ്സിലുള്ള കുടുംബം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ്‌ തുക കുറച്ചത്. തുടര്‍ന്ന് കഴിഞ്ഞാഴ്ച്ച കുടുംബം നാല് മില്യണ്‍ യൂറോസ് മോചനദ്രവ്യം നല്‍കി അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.

വജ്രവ്യാപരത്തിന് പേരുകേട്ട സൂറത്തുമായി വ്യാപാര ബന്ധമുള്ള ഗുജറാത്തിലെ തന്നെ അമ്രേലി ജില്ലക്കാരനാണ് ധീരു രമാനി. മോചിതനായ ധീരു രമാനി നിലവില്‍ മാലിയില്‍ തന്നെയാണ്. തട്ടിക്കൊണ്ടു പോകലും മോചനവുമൊക്കെയായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ലോക്കല്‍ പൊലീസ് ചോദിച്ചറിയുന്നതുകൊണ്ടാണ്‌ അദ്ദേഹത്തിന് ആഫ്രിക്കന്‍ രാജ്യത്ത് തന്നെ തുടരേണ്ടി വരുന്നത്.

ധീരു രമാനിയുടെ മോചനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം മാത്രമാണ് നേരിട്ട് ഇടപെട്ടതെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നുമാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അമ്രേലി ജില്ലയിലെ ധര്‍ ഗ്രാമത്തിലാണ് ധീരു രമാനിയുടെ ജനനം. 1980 മുതല്‍ ധീരു വജ്ര വ്യാപര രംഗത്തുണ്ട്. പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. അദ്ദേഹത്തിന്റെ കുടുംബം അമേരിക്ക ആസ്ഥാനമായി അന്താരാഷ്ട്ര തലത്തില്‍ വജ്ര വ്യാപര ബിസിനസ് നടത്തി വരികയാണ്.

ധീരു രമാനിയെ തട്ടിക്കൊണ്ടു പോയ ഏപ്രിലില്‍ തന്നെ, മാലി തലസ്ഥാനമായ ബാംകോയിലെ ഇന്ത്യന്‍ എംബസി, ആ രാജ്യത്തുള്ള ഇന്ത്യക്കാക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു.ഏപ്രില്‍ 25 ന് പുറപ്പെടുവിച്ച ആ മുന്നറിയിപ്പില്‍ മാലിയിലെ കാറ്റി മുതലായ പ്രദേശങ്ങളില്‍ സമീപകാലത്തുണ്ടായ ആക്രമണങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏതെങ്കിലും പ്രത്യേകമായ സംഭവങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇന്ത്യക്കാരായവര്‍ ജാഗ്രത പാലിക്കണമെന്നും, സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ കഴിയണമെന്നും മാലി സര്‍ക്കാരിന്റെ സുരക്ഷ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അറിയിച്ചിരുന്നു.

Content Summary; Indian-origin diamond merchant Dhiru Ramani, kidnapped in Mali, has been released after his US-based family paid a 4 million euro (Rs 44 crore) ransom

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×