രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) ഔദ്യോഗികമായി രജിസ്ട്രര്‍ ചെയ്യണമെന്ന ആവശ്യത്തെ തള്ളിക്കളയാന്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നിരത്തുന്ന വാദങ്ങളിലൊന്ന്, ഗവണ്‍മെന്റില്‍ നിന്ന് ഫണ്ട് കൈപ്പറ്റുന്നവര്‍ക്ക് മാത്രമാണ് രജിസ്‌ട്രേഷന്‍ ആവശ്യമെന്നും തങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലെന്നുമാണ്. സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന ‘ഗുരുദക്ഷിണ’ വഴിയാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ നിയമപരമായ സംഘടനയായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നാണ് ഭാഗവത് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ ആര്‍.എസ്.എസിന്റെ സാമ്പത്തിക ഇടപാടുകളുടെ വഴികള്‍ തീര്‍ത്തും സുതാര്യമല്ലാത്തതാണ്. ഗുരുദക്ഷിണ സംവിധാനത്തിലൂടെ സംഘടനയ്ക്ക് ലഭിക്കുന്ന തുക എത്രയെന്ന് പരസ്യമായി വെളിപ്പെടുത്താറില്ല. ഇതുകൂടാതെ, സംഘപരിവാറിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ വലിയൊരു വിഭാഗം സംഘടനകള്‍ വിദേശ സ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടിംഗ് ചാനലുകളെയാണ് ആശ്രയിക്കുന്നത്. ഈ പണം അവരുടെ വിശാലമായ ശൃംഖലയിലൂടെ എങ്ങനെയൊക്കെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നത് ഇപ്പോഴും വലിയൊരു പരിധിവരെ അജ്ഞാതമാണ്. എന്നാല്‍, സംഘപരിവാര്‍ ബന്ധമുള്ള രജിസ്റ്റര്‍ ചെയ്ത നിരവധി സംഘടനകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വന്‍തോതില്‍ ഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്.
ഈ അന്വേഷണത്തില്‍, ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), ആര്‍.എസ്.എസ് ബന്ധമുള്ള 20 സംഘടനകള്‍ക്കായി 670.97 കോടി രൂപ നല്‍കിയതായി കണ്ടെത്തി. ഇതില്‍ ഏകദേശം മൂന്നു കോടി രൂപ 2013-15 കാലയളവിലാണ് നല്‍കിയത്. ബാക്കി തുകയായ 668.01 കോടി രൂപ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലാണ് (2015 മുതല്‍ 2025 വരെയുള്ള കാലയളവില്‍) വിതരണം ചെയ്തത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍ നിന്നാണ് ഒ.എന്‍.ജി.സി ഈ തുക നല്‍കിയിരിക്കുന്നത്.
2015 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഒ.എന്‍.ജി.സി ആകെ 4,531 കോടി രൂപയാണ് സി.എസ്.ആര്‍ ഫണ്ടായി വിവിധ സംഘടനകള്‍ക്ക് നല്‍കിയത്. ഇതിന്റെ 14.7 ശതമാനത്തിലധികം തുകയും ലഭിച്ചത് ആര്‍.എസ്.എസ് ബന്ധമുള്ള ഈ 20 സംഘടനകള്‍ക്കാണ്. ഒരു കോടി രൂപയില്‍ താഴെ ലഭിച്ച സംഘടനകളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ 20 സംഘടനകളില്‍ ഒന്‍പതെണ്ണം ആര്‍.എസ്.എസിന്റെ നേരിട്ടുള്ള പോഷകസംഘടനകളാണ്, ഒന്‍പതെണ്ണം ആര്‍.എസ്.എസ് നേതാക്കളോ അല്ലെങ്കില്‍ അതുമായി ബന്ധമുള്ളവരോ ആരംഭിച്ചതോ നയിക്കുന്നതോ ആയ സംഘടനകളാണ്, രണ്ടെണ്ണം ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവയുമാണ്.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ആര്‍.എസ്.എസ് ബന്ധമുള്ള ഗുണഭോക്താക്കളായ ഭൂരിഭാഗം സംഘടനകളെയും തിരിച്ചറിഞ്ഞിരിക്കുന്നത് ‘സീയിങ് ദ സംഘ്’ എന്ന മാപ്പിംഗ് പ്രോജക്റ്റിലൂടെയാണ്. 2,500-ലധികം സംഘ് പരിവാര്‍ അനുബന്ധ സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ട് 2025-ന്റെ അവസാനത്തോടെ പുറത്തിറക്കിയ, ലോകത്തിലെ തന്നെ ആദ്യത്തെ സമഗ്രമായ മാപ്പിംഗ് ശൃംഖലയാണിത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ലക്ചററായ ഡോ. ഫെലിക്‌സ് പാലിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ ഡാറ്റാബേസ് സമാഹരിച്ചത്. പ്രമുഖ മാധ്യമമായ ‘ദി കാരവന്‍’ ഫാക്ട്-ചെക്ക് ചെയ്ത ഈ ഡാറ്റാബേസ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഫ്രഞ്ച് യൂണിവേഴ്‌സിറ്റിയായ സയന്‍സ് പോയുടെ സെന്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആണ്. ഈ വലിയ വിവരശേഖരത്തിന്റെ സഹായത്തോടെയാണ് ഒ.എന്‍.ജി.സി ഫണ്ട് കൈപ്പറ്റിയ സംഘടനകളുടെ പശ്ചാത്തലം വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ച പ്രമുഖ സ്ഥാപനങ്ങള്‍
ഒ.എന്‍.ജി.സിയുടെ സി.എസ്.ആര്‍ ഫണ്ടിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അസമിലെ ശിവസാഗര്‍ ജില്ലയിലുള്ള 300 കിടക്കകളുള്ള ‘സ്വര്‍ഗദേവ് സിയു-കാ-ഫാ’ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. ഈ ആശുപത്രി ഒ.എന്‍.ജി.സിയും ഔറംഗബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഡോ. ബാബാസാഹേബ് അംബേദ്കര്‍ വൈദ്യാകീയ പ്രതിഷ്ഠാന്‍’ (ബിഎവിപി) എന്ന ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് നടത്തുന്നത്. ആര്‍.എസ്.എസ് ആശയങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിതെന്ന് ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ഔറംഗബാദിലുള്ള ഡോ. ഹെഡ്ഗേവാര്‍ ആശുപത്രിയും ഉള്‍പ്പെടുന്നു. ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബാലിറാം ഹെഡ്ഗേവാറിന്റെ പേരിട്ടിരിക്കുന്ന ഈ ആശുപത്രി ‘ആര്‍.എസ്.എസ് സ്വയംസേവകരാണ് നടത്തുന്നത്’ എന്ന് ആര്‍.എസ്.എസിന്റെ മുഖപത്രമായ ‘ദി ഓര്‍ഗനൈസര്‍’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.ഈ ആശുപത്രിക്ക് വേണ്ടി 2016 നും 2024 നും ഇടയില്‍ ഒ.എന്‍.ജി.സി 434 കോടിയിലധികം രൂപയാണ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ചിലവഴിച്ചത്. ആശുപത്രി ചെയര്‍മാനായ ഡോ. അനന്ത് പന്ഥാര തങ്ങള്‍ ആര്‍.എസ്.എസ് ബന്ധമുള്ള സംഘടനയാണെന്ന് ഇക്കണോമിക്‌സ് ടൈംസിനോട് സംസാരിക്കുമ്പോള്‍ സമ്മതിച്ചിട്ടുള്ളതാണ്.
സിയു-കാ-ഫാ ആശുപത്രിയുമായി ബന്ധപ്പെട്ട് 2017-ലാണ് ഒ.എന്‍.ജി.സി, ബി.എ.വി.പിയുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നത്. എന്നാല്‍ ഇതിനും ഒരു വര്‍ഷം മുമ്പ് തന്നെ ഈ സ്ഥാപനത്തിനായി പൊതുമേഖലാ കമ്പനി പണം നല്‍കിത്തുടങ്ങിയിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 2016-നും 2024-നും ഇടയില്‍ 434 കോടിയിലധികം രൂപയാണ് ഒ.എന്‍.ജി.സി തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് ഈ ആശുപത്രിക്കായി മാത്രം ചിലവഴിച്ചത്.
(2023ലെ ഒരു സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് പ്രകാരം സിയു-കാ-ഫാ ആശുപത്രി നിര്‍മ്മിക്കാന്‍ ആകെ 483 കോടി രൂപ ചിലവ് വന്നിട്ടുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ തുക മുഴുവന്‍ ഒ.എന്‍.ജി.സി തന്നെയാണോ വഹിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല)
രണ്ടാമതായി ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് നാഗ്പൂര്‍ ആസ്ഥാനമായുള്ള ‘ഡോ. ആബാജി തട്ടെ സേവ ഔര്‍ അനുസന്ധാന്‍ സന്‍സ്ത’ എന്ന ട്രസ്റ്റിനാണ്. ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന എം.എസ്. ഗോള്‍വാള്‍ക്കറുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ആളുടെ പേരിലുള്ളതാണ് ഈ ട്രസ്റ്റ്. നാഗ്പൂരില്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി 2017 നും 2022 നും ഇടയില്‍ 140 കോടി രൂപയാണ് ഒ.എന്‍.ജി.സി ഈ ട്രസ്റ്റിന് നല്‍കിയത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനറല്‍ സെക്രട്ടറിയും സിഇഒയുമായ ആയ ശൈലേഷ് ജോഗ്ലേക്കര്‍. ഇദ്ദേഹം തന്നെയാണ് ഡോ. ആബാജി തട്ടെ സേവ ഔര്‍ അനുസന്ധാന്‍ സന്‍സ്തയുടെയും ജനറല്‍ സെക്രട്ടറിയും. ബജ്റംഗ് ദളിന്റെ വിദര്‍ഭ ചാപ്റ്ററിന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം നിലവില്‍ ഒരു ആര്‍.എസ്.എസ് അംഗമാണെന്നും വിശ്വഹിന്ദു പരിഷത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും ‘ദി കാരവന്‍’ മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഫെലിക്‌സ് പാല്‍ ചൂണ്ടിക്കാണിക്കുന്നു. വലതുപക്ഷ ഹൈന്ദവ തീവ്രവാദികളുടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച ‘ഭോംസ്ല മിലിട്ടറി സ്‌കൂളിന്റെ’ ഓണററി ചെയര്‍മാനായിട്ടാണ് ജോഗ്ലേക്കറുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലില്‍ അദ്ദേഹത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്യാന്‍സര്‍ ബാധിച്ച് തന്റെ ഭാര്യയെയും ബാല്യകാല സുഹൃത്തിനെയും നഷ്ടപ്പെട്ട ജോഗ്ലേക്കറും, സ്വന്തം പിതാവ് ഇതേ രോഗത്തിന് കീഴടങ്ങുന്നത് കാണേണ്ടി വന്ന മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്നാണ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആശയം സംയുക്തമായി രൂപപ്പെടുത്തിയതെന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 25 ഏക്കറിലധികം പരന്നുകിടക്കുന്ന ഭൂമിയില്‍ നിര്‍മ്മിച്ച ഈ സ്ഥാപനത്തിന് 470 കിടക്കകളുടെ ശേഷിയുണ്ട്.
തന്റെ മുത്തശ്ശന്‍ ഒരു ‘തീവ്ര ആര്‍.എസ്.എസ് പ്രവര്‍ത്തകനും രണ്ടാമത്തെ സര്‍സംഘചാലക് മാധവ് ഗോള്‍വാള്‍ക്കര്‍ ഗുരുജിയുടെ സുഹൃത്തുമായിരുന്നു’ എന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച മഹാരാഷ്ട്ര മുന്‍ അഡ്വക്കേറ്റ് ജനറല്‍ സുനില്‍ മനോഹര്‍ ആണ് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ്. അതിന്റെ വൈസ് പ്രസിഡന്റ് ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ അജയ് സന്‍ചേതിയാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് തലമുറകളായി ആര്‍.എസ്.എസുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2023 ഏപ്രിലിലാണ് ഈ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. മോഹന്‍ ഭാഗവത്, ദേവേന്ദ്ര ഫഡ്നാവിസ്, അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, അദാനി ഗ്രൂപ്പിന്റെ കോടീശ്വരനായ സ്ഥാപക ചെയര്‍മാന്‍ ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.’
മറ്റു പ്രധാന സംഘടനകള്‍
ബെംഗളൂരു ആസ്ഥാനമായുള്ള ഡീംഡ് യൂണിവേഴ്‌സിറ്റിയായ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമസ്താനയ്ക്ക് ഒ.എന്‍.ജി.സി 15.53 കോടി രൂപ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ കണ്‍സള്‍ട്ടന്റായ എച്ച്.ആര്‍. നാഗേന്ദ്രയാണ് ഇതിന്റെ ചാന്‍സലര്‍. കര്‍ണാടകയില്‍ ഹോസ്റ്റലുകള്‍ നിര്‍മിക്കാനും ഒഡീഷ, അസം എന്നിവിടങ്ങളില്‍ യോഗ ക്യാമ്പുകള്‍ നടത്താനുമാണ് ഈ തുക നല്‍കിയത്. 2015ല്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍.എസ്.എസുമായി ചേര്‍ന്ന് രാജ്യത്തുടനീളം യോഗ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു
ആര്‍.എസ്.എസിന്റെ സാമൂഹിക സേവന വിഭാഗമായ രാഷ്ട്രീയ സേവാ ഭാരതിക്ക് കീഴിലുള്ള വിവിധ സേവാ ഭാരതി ശാഖകള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, യോഗാ കേന്ദ്രങ്ങളും ഹോസ്റ്റലുകളും നിര്‍മിക്കുന്നതിനുമായി 13.95 കോടി രൂപയാണ് നല്‍കിയത്.
രാജസ്ഥാനില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനായി ഭാരത് വികാസ് പരിഷദ് എന്ന സംഘടനയ്ക്ക് ഫണ്ട് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവായിരുന്ന ലാലാ ഹന്‍സ് രാജ് ഗുപ്തയായിരുന്നു ഇതിന്റെ ആദ്യ പ്രസിഡന്റ്.
മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് എം.സി. ജയദേവ് സഹസ്ഥാപകനായ രാഷ്ട്രോത്ഥാന പരിഷത്ത് എന്ന സംഘടനയ്ക്ക് സ്‌കൂളുകള്‍ നടത്തുന്നതിനായി 11.6 കോടി രൂപ ലഭിച്ചു.
ആര്‍.എസ്.എസ് പ്രചാരക്മാര്‍ രൂപം നല്‍കിയ ഏകല്‍ വിദ്യാലയ ഫൗണ്ടേഷന്റെ കീഴിലുള്ള സ്‌കൂളുകള്‍ക്ക് 8.69 കോടി രൂപ അനുവദിച്ചു.
മുന്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഏകനാഥ് റാനാഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്ര എന്ന സംഘടനയ്ക്ക് 3.96 കോടി രൂപ ലഭിച്ചു.
ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകള്‍ക്ക് കോടിക്കണക്കിന് രൂപ ഫണ്ട് നല്‍കിയിട്ടുണ്ട്. സില്‍വാസയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മിലിട്ടറി അക്കാദമിക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ 4.5 കോടിയും, സരസ്വതി ശിശു വിദ്യാ മന്ദിറിന് 2.09 കോടിയും, രാജു ഭയ്യ സൈനിക് വിദ്യാ മന്ദിറിന് 2.20 കോടിയും, ശിശു ശിക്ഷാ സമിതി അസമിന് 1.93 കോടിയും നല്‍കി.
ഇവ കൂടാതെ, വി.എച്ച്.പി അമേരിക്കയുടെ പദ്ധതിയുമായി ബന്ധമുള്ള പശ്ചിമ ബംഗാളിലെ മാനവ് സേവ പ്രതിഷ്ഠാന് 1.6 കോടിയും, തെലങ്കാനയിലെ ഏകലവ്യ ഫൗണ്ടേഷന് 4.72 കോടിയും, ഒഡീഷയിലെ സമര്‍പ്പണ്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് 4.3 കോടിയും നല്‍കി. സാധ്വി ഋതംഭരയുടെ പരമശക്തി പീഠത്തിന് 2.49 കോടി രൂപയും, മുന്‍ ബി.ജെ.പി മുഖ്യമന്ത്രി ശാന്താ കുമാറിന്റെ വിവേകാനന്ദ മെഡിക്കല്‍ റിസര്‍ച്ച് ട്രസ്റ്റിന് 7.47 കോടി രൂപയും, ദീന്‍ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് 1.13 കോടി രൂപയും, മഹാരാജ ശിവഛത്രപതി പ്രതിഷ്ഠാന്‍ ട്രസ്റ്റിന് ഒരു കോടി രൂപയും ഒ.എന്‍.ജി.സി നല്‍കിയിട്ടുണ്ട്.
ഒ.എന്‍.ജി.സി-ബി.ജെ.പി ബന്ധം
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി, ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള പല വ്യക്തികളും ഒ.എന്‍.ജി.സി ബോര്‍ഡിലും അതിന്റെ സി.എസ്.ആര്‍ കമ്മിറ്റിയിലും പദവികള്‍ വഹിച്ചിട്ടുണ്ട്.
2017-ല്‍, ബി.ജെ.പി എം.പിയും വക്താവുമായ സംബിത് പത്രയെ മൂന്ന് വര്‍ഷത്തെ കാലാവധിയിലേക്ക് ബോര്‍ഡിന്റെ നോണ്‍-ഓഫീഷ്യല്‍ ഡയറക്ടറായി നിയമിച്ചു. ഈ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യോഗ്യതയെ വിമര്‍ശകര്‍ ചോദ്യം ചെയ്യുകയും, അദ്ദേഹത്തെ നിയമിക്കുന്നതില്‍ ഒ.എന്‍.ജി.സി കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിക്കുകയും ചെയ്തു. ഒ.എന്‍.ജി.സി ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി നാല് വര്‍ഷത്തെ കാലാവധി അടുത്തിടെ പൂര്‍ത്തിയാക്കിയ റീന ജെയ്റ്റ്ലി, 2021 മുതല്‍ 2026 വരെ അതിന്റെ സി.എസ്.ആര്‍ കമ്മിറ്റിയുടെ തലപ്പത്തുമുണ്ടായിരുന്നു. നിയമന സമയത്ത് ബി.ജെ.പിയുടെ പഞ്ചാബ് സംസ്ഥാന മഹിളാ മോര്‍ച്ചയുടെ പ്രസിഡന്റായിരുന്നു ജെയ്റ്റ്ലി. 2024-ല്‍ അവര്‍ ബി.ജെ.പിയുടെ പഞ്ചാബ് ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ശ്യാം ചന്ദ് ഘോഷിനെയും 2021-ന്റെ അവസാനത്തില്‍ ഒ.എന്‍.ജി.സിയില്‍ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നു.
ഒ.എന്‍.ജി.സിയുടെ മറ്റ് സംഭാവനകളില്‍, കോവിഡ് പശ്ചാത്തലത്തില്‍ രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 300 കോടി രൂപയും, ‘ഓറോവില്ലിലേക്ക് വരുന്ന ഗ്രാന്റുകള്‍, സംഭാവനകള്‍, സഹായധനങ്ങള്‍ എന്നിവയ്ക്കുള്ള ചാനല്‍’ എന്ന് സ്വന്തം വെബ്സൈറ്റില്‍ വിശേഷിപ്പിക്കുന്ന ഓറോവില്‍ യൂണിറ്റി ഫണ്ടിലേക്ക് 130 കോടി രൂപയും ഉള്‍പ്പെടുന്നു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ടിന്റെ സുതാര്യതയുടെ പേരില്‍ വിവാദത്തിലാണ്. പല വാര്‍ത്താ റിപ്പോര്‍ട്ടുകളും പറയുന്നത്, ഓറോവില്ലിന്മേല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആര്‍.എസ്.എസിനും ബി.ജെ.പിക്കും ശക്തമായ സ്വാധീനമുണ്ടെന്നാണ്.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഒ.എന്‍.ജി.സി മഥുരയിലെ ‘ദീന്‍ ദയാല്‍ കൗ സയന്‍സ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍’ എന്ന സംഘടനയ്ക്ക് 1.12 കോടി രൂപയും നല്‍കിയിരുന്നു. (ഈ കേന്ദ്രത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടല്ല, അതുകൊണ്ടാണ് സംഘ്പരിവാര്‍ ബന്ധമുള്ള സംഘടനകളുടെ നിലവിലെ പട്ടികയില്‍ നിന്ന് ഇതിനെ ഒഴിവാക്കിയത്.)
ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്കായി അഞ്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഓയില്‍ ഇന്ത്യ ലിമിറ്റഡ്‌ചേര്‍ന്ന് 146 കോടി രൂപ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. 2016-നും 2019-നും ഇടയില്‍ ഒ.എന്‍.ജി.സി ഈ പ്രതിമയുടെ നിര്‍മ്മാണത്തിനായി ഗുജറാത്ത് മുഖ്യമന്ത്രി അധ്യക്ഷനായ ‘സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ രാഷ്ട്രീയ ഏകതാ ട്രസ്റ്റിന്’ ഏകദേശം 100 കോടി രൂപ നല്‍കിയതായി കമ്പനിയുടെ വാര്‍ഷിക രേഖകള്‍ വ്യക്തമാക്കുന്നു.
2,989 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഹിന്ദുത്വ വലതുപക്ഷം തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി വല്ലഭ്ഭായി പട്ടേലിന്റെ സ്മരണാര്‍ത്ഥമാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
‘ദി സൈക്കിക് ലൈവ്‌സ് ഓഫ് സ്റ്റാച്യൂസ്: റെക്കണിംഗ് വിത്ത് ദി റബ്ബിള്‍ ഓഫ് എംപയര്‍’ എന്ന പുസ്തകം രചിച്ച അക്കാദമിക് വിദഗ്ദ്ധനായ രാഹുല്‍ റാവു ചൂണ്ടിക്കാണിക്കുന്നത്, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2010-ല്‍ തന്റെ ഭരണകാലയളവിന്റെ പത്താം വര്‍ഷത്തിലാണ് മോദി ഈ പ്രതിമയെക്കുറിച്ച് ആദ്യം വിഭാവനം ചെയ്തതെന്നും 2013-ല്‍ ഇതിന് തറക്കല്ലിട്ടെന്നുമാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ രണ്ടാം ഊഴത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, 2018-ലാണ് മോദി ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. ‘ഉദ്ഘാടനത്തിന് തലേദിവസം, ആദിവാസി കര്‍ഷകരുള്‍പ്പെടെയുള്ള മുന്നൂറോളം സാമൂഹിക പ്രവര്‍ത്തകരെ മുന്‍കരുതലായി തടങ്കലിലാക്കിയിരുന്നു. ഈ പ്രതിമയുടെ നിര്‍മ്മാണം അവരുടെ ഭൂമി കൈയേറുന്നതിലേക്ക് നയിച്ചതിനെതിരെയുള്ള വന്‍ പ്രതിഷേധം തടയാനായിരുന്നു ഇത്,’ റാവു കൂട്ടിച്ചേര്‍ത്തു.
അതേ വര്‍ഷം തന്നെ, സ്റ്റാച്യു ഓഫ് യൂണിറ്റിക്കുള്ള സംഭാവനകളുടെ പേരില്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഒ.എന്‍.ജി.സിയെയും മറ്റ് എണ്ണക്കമ്പനികളെയും ശാസിച്ചിരുന്നു. ഈ പദ്ധതി ഒരു ‘പൈതൃക സ്വത്ത്’ അല്ലാത്തതിനാല്‍ ഈ സംഭാവനകള്‍ സി.എസ്.ആര്‍ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാര്‍ ഓഡിറ്റര്‍ വ്യക്തമാക്കിയത്.
ഒ.എന്‍.ജി.സി ഉള്‍പ്പെടെയുള്ള എല്ലാ പൊതുമേഖലാ എണ്ണക്കമ്പനികളും പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലാണ് വരുന്നത്. 2014-നും 2021-നും ഇടയില്‍ ഈ മന്ത്രാലയത്തിന്റെ തലവന്‍ ഇന്ത്യയുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രിയായ ധര്‍മ്മേന്ദ്ര പ്രധാനായിരുന്നു. 2021 മെയ് മാസത്തില്‍, ഉത്തരാഖണ്ഡിലെ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ബദരീനാഥ് ധാമിന്റെ വികസനത്തെക്കുറിച്ച് പ്രധാന്‍ ആവേശഭരിതമായ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. ‘സനാതന ധര്‍മ്മത്തിലെ ഏറ്റവും പവിത്രമായ ആരാധനാലയങ്ങളിലൊന്നിന്റെ പുനര്‍വികസനവുമായി ഞങ്ങളുടെ എണ്ണക്കമ്പനികള്‍ പങ്കാളികളാകുന്നത് വലിയ അഭിമാനകരമായ കാര്യമാണ്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ ആത്മീയ പൈതൃകം നിലനിര്‍ത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ബദരീനാഥ് ധാമിന്റെ വികസനത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’- ഇതായിരുന്നു ട്വീറ്റ്. ഈ പദ്ധതിക്കായി ഒ.എന്‍.ജി.സി പിന്നീട് 4.6 കോടി രൂപ നല്‍കുകയുണ്ടായി. എണ്ണ മന്ത്രാലയത്തിന്റെ ചുമതല ഇപ്പോള്‍ ഹര്‍ദീപ് സിംഗ് പുരിക്കാണ്.’
ഒ.എന്‍.ജി.സി പോലെ, പട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ് ആശയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന സംഘടനകള്‍ക്കും താല്പര്യങ്ങള്‍ക്കും വേണ്ടി സി.എസ്.ആര്‍ ഫണ്ടുകള്‍ വന്‍തോതില്‍ വിനിയോഗിക്കുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ പ്രതികരണമറിയിക്കാന്‍ ഒ.എന്‍.ജി.സി അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
റിപ്പോര്‍ട്ട് തയ്യാറാക്കിയത്; സാച്ചി ഹെഗ്‌ഡെ, ആയുഷ് ജോഷി, ജാന്‍വി, നീല്‍ മാധവ്
ഈ അന്വേഷണത്തിന്റെ ഇംഗ്ലീഷ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
Content Summary; State-owned ONGC donated over Rs 668 crore of its CSR funds to 20 RSS-linked organisations, mapped via the ‘Seeing the Sangh’ database.