June 06, 2026 |
Share on

‘മോദി ഇപ്പോള്‍ എന്നോട് അത്ര സന്തോഷത്തിലല്ല’; ഡൊണാള്‍ഡ് ട്രംപ്

റഷ്യന്‍ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുവ വര്‍ദ്ധനവ് മുന്നറിയിപ്പാണ് മോദിയുടെ അനിഷ്ടത്തിന് കാരണണായി ട്രംപ് പറയുന്നത്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയതുപോലെ ഇപ്പോള്‍ തന്നോട് അത്ര സന്തോഷത്തിലല്ല ഉള്ളതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കെതിരെ അതിവേഗം ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റടുത്ത് പഴയ സന്തോഷമില്ല എന്നാണ്‌ യുഎസ് പ്രസിഡന്റ് പറഞ്ഞത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേല്‍ വാഷിംഗ്ടണ്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വാഷിംഗ്ടണില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

പ്രധാനമന്ത്രി മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നാണ് ട്രംപ് ആവര്‍ത്തിച്ചത്. എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ടു രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും തങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

‘പ്രധാനമന്ത്രി മോദി എന്നെ കാണാന്‍ വന്നു, ‘സര്‍, എനിക്ക് അങ്ങയെ ഒന്ന് കാണാന്‍ സാധിക്കുമോ?’ എന്ന് ചോദിച്ചു. ഞാന്‍ സമ്മതിച്ചു,’ ട്രംപ് പറഞ്ഞു. ‘എനിക്ക് അദ്ദേഹവുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ അദ്ദേഹം ഇപ്പോള്‍ എന്നോട് അത്ര സന്തോഷത്തിലല്ല. കാരണം നിങ്ങള്‍ക്കറിയാം, റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ കുറച്ചെങ്കിലും ഇപ്പോഴും അവര്‍ വലിയ തോതില്‍ ഇറക്കുമതി തീരുവ നല്‍കേണ്ടി വരുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്ക് മേല്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കിലൊന്നായ 50 ശതമാനം ഇറക്കുമതി തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഇതില്‍ 25 ശതമാനം പരസ്പരമുള്ള വ്യാപാര നികുതിയും, ബാക്കി 25 ശതമാനം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയുമാണ്.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ അധിക നികുതി ഒഴിവാക്കണമെന്നും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വാത്ര ആവശ്യപ്പെട്ടതായി സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം വെളിപ്പെടുത്തി. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 500 ശതമാനം വരെ പിഴ ചുമത്താനുള്ള ബില്ലിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തില്‍ താന്‍ അതൃപ്തനാണെന്ന് പ്രധാനമന്ത്രി മോദിക്ക് അറിയാമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഞായറാഴ്ച എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ഇന്ത്യക്കെതിരെ എപ്പോള്‍ വേണമെങ്കിലും നികുതി വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘അവര്‍ക്ക് (ഇന്ത്യ) എന്നെ സന്തോഷിപ്പിക്കണമെന്നുണ്ടായിരുന്നു. മോദി ഒരു നല്ല മനുഷ്യനാണ്. എനിക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കുക എന്നത് പ്രധാനമാണെന്ന് അവര്‍ കരുതി. ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ ഞങ്ങള്‍ക്ക് നികുതി പെട്ടെന്ന് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അത് അവര്‍ക്ക് വലിയ തിരിച്ചടിയാകും,’ ട്രംപ് പറഞ്ഞു.

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കായി ഇന്ത്യ അഞ്ച് വര്‍ഷമായി കാത്തിരിക്കുകയാണെന്ന കാര്യവും ട്രംപ് പരാമര്‍ശിച്ചു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Summary; Indian Prime Minister Narendra Modi ‘not that happy with me, said US President Donald Trump

Leave a Reply

Your email address will not be published. Required fields are marked *

×