July 15, 2025 |
Share on

‘തടവറയ്ക്കുള്ളിൽ നിന്ന് പപ്പ എന്നോട് സംവദിച്ചത് അക്ഷരങ്ങളിലൂടെ, ജയിലനുഭവങ്ങൾ പലപ്പോഴും ഉറക്കം കെടുത്തി’

രൂപേഷിന് നീതി ലഭിക്കണമെന്ന് മകൾ

‘എന്തായാലും നീയിത് വായിക്കണം, നിനക്കിഷ്ടമാകും.. കത്തിലൂടെ എനിക്ക് റഫർ ചെയ്ത പുസ്തകം അന്വേഷിച്ച് കണ്ടെത്തി വായിക്കാനിരിക്കുമ്പോൾ അടുത്ത് പപ്പയില്ല എന്ന യാഥാർത്ഥ്യം എന്നും എന്നെ വേദനിപ്പിക്കാറുണ്ട്.’ പത്ത് വർഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന രാഷ്ട്രീയ തടവുകാരൻ രൂപേഷിന്റെ മകൾ ആമിക്ക് അറിയേണ്ടത് എന്നാണ് തന്റെ അച്ഛൻ പുറത്തിറങ്ങുക എന്നാണ്. കഴിഞ്ഞുപോയ ജൂൺ 15ലെ ഫാദേഴ്സ് ഡേയിലും ആമിയുടെ ഒപ്പം സമയം ചിലവഴിക്കാൻ രൂപേഷിനായില്ല. രൂപേഷിന്റെ ജാമ്യവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിൽ നിയമസംവിധാനത്തോടും സർക്കാരിനോടുമുള്ള അമർഷമായിരുന്നു ആമിയുടെ വാക്കുകളിൽ.

തടവറയ്ക്കുള്ളിലും പുറത്തുമായി ജീവിക്കുന്ന അച്ഛനും മകൾക്കുമിടയിൽ സ്നേഹത്തിന്റെ പാലമായി നിന്നത് പുസ്കങ്ങളാണ്. അക്ഷരങ്ങളെ അത്രമേൽ ഇഷ്ടപ്പെടുകയും അത് മകൾക്ക് പകർന്ന് കൊടുക്കുകയും ചെയ്യുന്ന രൂപേഷിന് തന്റെ രണ്ടാമത്തെ നോവൽ പ്രസിദ്ധീകരിക്കാനുള്ള അനുമതി ഇനിയും ലഭ്യമായിട്ടില്ല. ജയിലിൽ വെച്ചെഴുതിയ ബന്ദിതരുടെ ഓർമക്കുറിപ്പുകൾ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം രൂപേഷ് നിരാഹാരം ആരംഭിക്കുന്നതും തുടർന്ന് ആരോ​ഗ്യനില വഷളായി ആശുപത്രിയിലാകുന്നതും. പിന്നീട് പുസ്കപ്രസിദ്ധീകരണത്തിന് അനുമതി നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൻ മേലാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. എന്നാൽ വാക്ക് ഇതുവരെയും പാലിക്കപ്പെട്ടില്ല. മാത്രമല്ല, 10 വർഷത്തിലധികമായി ജയിലിൽ കഴിയുന്ന രൂപേഷിൻ്റെ ജാമ്യബോണ്ട് ഒപ്പിടുവിക്കാതിരിക്കുകയാണ്.

രൂപേഷ്

രൂപേഷിൻ്റെ ബോണ്ട് ഒപ്പിടുവിക്കാതിരിക്കുന്നത് നീതികേടാണെന്നും സർക്കാർ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മകൾ ആമി അഴിമുഖത്തോട് പറയുന്നു.

‘ജനാധിപത്യ രാജ്യമായ ഇന്ത്യ മുന്നോട്ട് വെക്കുന്ന ഒരു കാര്യമുണ്ട്. എല്ലാവർക്കും ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അവകാശമുണ്ട് എന്നതാണത്. ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും ഇവിടെ നമുക്ക് എന്തും സംസാരിക്കാൻ കഴിയും. എന്നാൽ സമൂഹത്തിൽ തുല്യത വേണം എന്ന രാഷ്ട്രീയം പറയുന്ന ഇടതുപക്ഷ സംഘടനകൾ പോലും ഇതിനെതിരായാണ് ഇവിടെ പ്രവർത്തിക്കുന്നത്.

43 കേസുകളാണ് പപ്പയെ അറസ്റ്റ് ചെയ്തപ്പോൾ ചുമത്തിയത്. സിം കാർഡ് കേസുകളെന്നാണ് അതിനെ പറയുന്നത്. അതായാത് രൂപേഷിന്റെയും ഷൈനയുടെയും കൈവശം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സിം കാർഡുകളിൽ ഓരോന്നിനും ചാർജ് ചെയ്തിരിക്കുന്ന കേസുകളാണ്. യുഎപിഎ വെച്ചിട്ടാണ് ഈ കേസുകൾ ചുമത്തിയിരിക്കുന്നത്. പപ്പയുടെ പല കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അഞ്ചോ ആറോ കേസുകളിൽ ട്രയലും തുടങ്ങിയിട്ടില്ല. 10 വർഷമായിട്ട് എന്തുകൊണ്ട് എന്റെ പപ്പയ്ക്ക് പുറത്തിറങ്ങാൻ കഴിയാത്തത് എന്തുകൊണ്ട് എന്നത് ഒരു ചോദ്യം തന്നെയല്ലേ? ഒരേ കുറ്റകൃത്യത്തിന്റെ പേരിൽ കേസുകൾ പലതായി ചുമത്തിയിരിക്കുകയാണ്. ഇത് ​ഗൗരവമായി തന്നെ പരിശോധിക്കേണ്ടതാണ്. പപ്പ ഒരിക്കലും പുറത്തിറങ്ങരുത് എന്ന് വാശിയുള്ളത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു തരത്തിലും ഒരാൾക്ക് ജാമ്യമെടുക്കാൻ കഴിയാത്ത തരത്തിലുള്ള ജാമ്യ വ്യവസ്ഥ നൽകിയാൽ എന്തായിരിക്കും അവസ്ഥ?

പപ്പയുടെ റിലീസിനായി പലരിൽ നിന്നും ഫണ്ട് പിരിച്ചാണ് ഞങ്ങൾ ജാമ്യത്തിനായി അപേക്ഷിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് വിശ്വസിക്കുന്ന നിരവധി പേർ ഞങ്ങൾക്ക് സഹായം ചെയ്തിട്ടുണ്ട്. അവരുടെയെല്ലാം വിയർപ്പിന്റെയും അധ്വാനത്തിന്റെയും പണമാണത്. ഇതുപയോ​ഗിച്ചാണ് കോടതി ആവശ്യപ്പെടുന്ന വ്യവസ്ഥകൾ നമ്മൾ ശരിയാക്കുന്നത്. ഓരോ സാക്ഷികളെയും കഷ്ടപ്പെട്ട് ഹാജരാക്കുന്ന സമയത്ത് വളരെ സില്ലിയായിട്ടുള്ള കാരണങ്ങൾ പറഞ്ഞാണ് ജാമ്യം നിഷേധിക്കുന്നത്. ഒരു തരത്തിലുള്ള ദയയും നമ്മുടെ സർക്കാരും ഭരണസംവിധാനവും പപ്പയോട് കാണിക്കുന്നില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്ക് അവകാശമില്ല എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

പപ്പ ഉന്നയിച്ചിട്ടുള്ള ധാരാളം രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. അനധികൃത ക്വാറി മാഫിയകളും അതുമായി ബന്ധപ്പെട്ട പല വിഷയങ്ങളും പപ്പ ആരോപിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും പരിശോധിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. ​ഗാഡ്കിൽ റിപ്പോർട്ടിന്റെ പ്രശ്നങ്ങൾ എല്ലാവർക്കും അറിയുന്നതാണ്. ഈ പ്രശ്നങ്ങളെല്ലാം ഇപ്പോഴും നമ്മുടെ കേരളത്തിലുണ്ട്, ആമി അഴിമുഖത്തോട് പറഞ്ഞു.

രൂപേഷ് കുടുംബത്തോടൊപ്പം

രൂപേഷിന്റെ പുസ്തകവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പുറത്തിരുന്ന് ചെയ്ത് നൽകിയത് ആമിയായിരുന്നു. ആ നാളുകൾ ഒട്ടും എളുപ്പമായിരുന്നില്ലെന്നും രൂപേഷിന്റെ ജയിലിലെ അനുഭവങ്ങൾ തന്റെ ഉറക്കം കെടുത്തിയെന്നും ആമി വിശദീകരിച്ചു.

‘പുസ്തകത്തിന്റെ കൈയ്യെഴുത്ത്പ്രതി എനിക്ക് പപ്പ കൊറിയർ ആയിട്ട് അയച്ചു തരികയാണ് ചെയ്യുന്നത്. ഞാൻ എന്റെ മാസ്റ്റേഴ്സ് അവസാന വർഷം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ പുസ്തകത്തിന്റെ കാര്യങ്ങളിൽ ഇൻവോൾവ്ഡ് ആകുന്നത്. അതിലെ ഓരോ ഭാ​ഗങ്ങളും ടൈപ്പ് ചെയ്യുന്നത് രണ്ട് മൂന്ന് ദിവസത്തെ ഇടവേളകൾ എടുത്തുകൊണ്ടാണ്. പപ്പയുടെ വാക്കുകൾ എന്നിലുണ്ടാക്കിയ മാനസിക സംഘർഷത്തിൽ നിന്ന് രക്ഷനേടാൻ എനിക്കത് ആവശ്യമായിരുന്നു. ഞാൻ ജയിലിൽ കിടന്നിട്ടില്ല, അവരുടെ ചിന്തകൾ എന്താണെന്ന് എനിക്ക് അനുഭവിക്കാൻ കഴിയില്ല. പക്ഷേ പപ്പയുടെ വാക്കുകളിലൂടെ എനിക്ക് ജയിലിൽ കഴിയുന്നവരുടെ ഓരോ അനുഭവങ്ങളും കൂടുതൽ മനസിലാവുകയായിരുന്നു.

പത്ത് വർഷമായി ഞാൻ എന്റെ പപ്പയെ കാണുന്നത് ജയിലിനുള്ളിൽ വെച്ചാണ്. അവിടെയുള്ള പലരുടെയും അവസ്ഥകൾ ഞാൻ നേരിട്ട് കണ്ടതുമാണ്. അവരുടെയെല്ലാം മുഖങ്ങളാണ് ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകളിൽ’ എനിക്ക് കാണാൻ കഴിഞ്ഞതും. പുസ്തകത്തിലെ പല കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരാണ്. ജയിൽ തെറ്റ് തിരുത്താനുള്ള ഒരവസരമാണെന്നാണ് എല്ലാവലും പറയുന്നത്. കറക്ഷണൽ സ്പെയ്സ് എന്നാണ് സർക്കാർ ജയിലിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാൽ ജയിലിലെ അവസ്ഥകൾ വളരെ ഭീകരമാണ്. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ജയിലുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അവിടെയുള്ള സോഷ്യൽ കണ്ടീഷനുകൾ മാറിയതിന്റെ ഭാ​ഗമായാണ് ജയിലുകളുടെ എണ്ണം കുറഞ്ഞതെന്ന് നമുക്ക് പരിശോധിച്ചാൽ മനസിലാകും. അതേസമയം, ഇന്ത്യയിലെ ജയിലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജയിലുകളിൽ കഴിയുന്നവരുടെ എണ്ണം തന്നെ കൂടുതയാണ്. നാല് ലക്ഷം പേർ കിടക്കേണ്ടിടത്ത് അഞ്ച് ലക്ഷം പേരാണുള്ളത്. ജയിലിനെക്കുറിച്ച് ​ഗവേഷണം നടത്തുന്ന ഒരാളുകൂടിയാണ് ഞാൻ. നിരവധി ലേഖനങ്ങൾ ഒരു ദിവസം ജയിലിനെക്കുറിച്ച് ഞാൻ കാണുന്നുണ്ട്. മൂന്ന് മാസം കഴിയേണ്ടിടത്ത് ആറ് വർഷത്തോളമാണ് ഇന്ത്യയിലെ ജയിലുകളിൽ തടവുകാർ കഴിയുന്നത്.

പപ്പയുടെ കാര്യം മാത്രമല്ല ഇവിടെ പ്രശ്നമായിരിക്കുന്നത്. പപ്പയുടെ ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അനൂപ് എന്ന വ്യക്തി, അദ്ദേഹം തന്റെ 30 കളിലാണ് ജയിലിലേക്ക് പോകുന്നത്. പുറത്തിറങ്ങുന്നത് 40 കളിലും. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വർഷമാണ് നഷ്ടമായിരിക്കുന്നത്. എന്റെ പപ്പയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി ഞാൻ കാണുന്നത് പപ്പയുടെ വായനാശീലമാണ്. പല പുസ്തകങ്ങളും എനിക്ക് പരിചയപ്പെടുത്തി തരുന്നതും പപ്പയാണ്. സമകാലിക നോവലുകളെക്കുറിച്ച് വരെ പപ്പയ്ക്ക് നല്ല ധാരണയുണ്ട്. പല പുസ്തകങ്ങളും ഓൺലൈൻ വഴി പിഡിഎഫ് എടുത്തിട്ട് പ്രിന്റ് എടുത്ത് തരുമോയെന്ന് എന്നോട് ചോദിച്ചിട്ടുണ്ട്. മാത്രമല്ല, ജയിലിലെത്തിയതിന് ശേഷം മൂന്ന് മാസ്റ്റേഴ്സാണ് പപ്പ കഴിഞ്ഞത്. ഒരു പുസ്തകം വായിക്കാൻ എന്റെ പപ്പ എടുക്കുന്ന പകുതി എഫേർട്ട് പോലും ഞാൻ എടുക്കുന്നില്ലായെന്ന് എനിക്ക് തോന്നീട്ടുണ്ട്. ജയിലിൽ കൊടുക്കുന്ന ക്രാഷ് കോഴ്സുകളെല്ലാം പപ്പ ചെയ്തിട്ടുണ്ട്. ജയിലിൽ വരുന്ന ചെറുപ്പക്കാരായ ആൺകുട്ടികളോട് സംസാരിച്ച് ടെക്നോളജിയെക്കുറിച്ചും മനസിലാക്കിയിട്ടുണ്ട്. ആ നാല് ചുവരുകൾക്കുള്ളിലിരുന്നുകൊണ്ട് കഴിയുന്നത്ര വായിക്കാനും പഠിക്കാനും മനസിലാക്കാനും പപ്പ ശ്രമിക്കുന്നുണ്ട്. പത്ത് വർ‍ഷം കൊണ്ട് വ്യക്തിപരമായി വളരാൻ എൻ്റെ പപ്പ ഒരുപാട് ശ്രമിച്ചിട്ടുണ്ട് എന്ന് എനിക്കുറപ്പാണ്. ഒരു ജയിലിന് ഒതുക്കിക്കളയാൻ കഴിയുന്നതിലും അപ്പുറമാണ് രൂപേഷ് എന്ന മനുഷ്യൻ,’ ആമി അഴിമുഖത്തോട് പറഞ്ഞു.

പുസ്തകം പ്രസിദ്ധീകരിക്കാമെന്ന വാക്ക് സർക്കാർ ലംഘിച്ചതിന് പിന്നാലെ വീണ്ടും നിരാഹാരസമരത്തിനൊരുങ്ങുകയാണ് രൂപേഷ്. രൂപേഷിന് വീണ്ടും നീതി നിഷേധിക്കപ്പെടുന്നുവെന്നും സർക്കാർ രൂപേഷിനെ മരണത്തിലേക്ക് തള്ളിവിടരുതെന്നും ഭാര്യയും ജസ്റ്റിസ് ഫോർ പ്രിസണേർസ് അംഗവുമായ അഡ്വ. ഷൈന പി. എ കഴിഞ്ഞ ദിവസം അഴിമുഖത്തോട് പ്രതികരിച്ചിരുന്നു.

Content Summary: Maoist leader Roopesh’s daughter speaks out against bail denial

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×