ഹമാസ് അനുകൂല പ്രചരണം നടത്തിയെന്ന് ആരോപിച്ച് യുഎസിൽ ഇന്ത്യൻ ഗവേഷകൻ അറസ്റ്റിൽ. ജോർജ് ടൗൺ സർവ്വകലാശാലയിലെ ബദർ ഖാൻ സൂരിയെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി വിർജീനിയയിലെ വീടിന് പുറത്തുവച്ച് സൂരി അറസ്റ്റിലായതായി റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു. സൂരിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും നാടുകടത്തൽ ഭീഷണി നേരിടുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി.Badar Khan Suri
ഹമാസ് അനുകൂല പ്രചാരണം നടത്തി എന്ന കുറ്റമാണ് സൂരിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഒരു തീവ്രവാദിയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്്‌ലാഫ്‌ലിൻ തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
വാഷിങ്ടൺ ഡിസിയിലുള്ള ജോർജ്ടൗൺ സർവ്വകലാശാലയിലെ എഡ്മണ്ട് എ വാൽഷ് സ്‌കൂൾ ഓഫ് ഫോറിൻ സർവ്വീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിങ്ങിൽ പോസ്റ്റ്‌ഡോക്ടറൽ ഫോലോയാണ് ഡോ. ബദർ ഖാൻ സൂരി. 2020ൽ ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആൻഡ് കോൺഫഌക്ട് റെസല്യൂഷനിൽ നിന്ന് പീസ് ആൻഡ് കോൺഫഌക്ട് സ്റ്റഡീസിലാണ് അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കിയത്.
സൂരി ഹമാസ് അനുകൂല പ്രചരണം നടത്തിയെന്നും സോഷ്യൽ മീഡിയയിൽ ജുത വിരുദ്ധത പ്രോത്സാഹിപ്പിച്ചെന്നുമാണ് ആരോപണം. ഹമാസിലെ ഒരു മുതിർന്ന ഉപദേഷ്ടാവായ തീവ്രവാദിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും, മാർച്ച് 15നാണ് സൂരിയെ നാടുകടത്താൻ വിധിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, അമേരിക്കക്കാരിയായ ഇയാളുടെ ഭാര്യയുടെ പലസ്തീൻ വേരുകൾ മൂലമാണ് സൂരി ശിക്ഷിക്കപ്പെടുന്നതെന്ന് അഭിഭാഷകൻ ഹസ്സൻ അഹമ്മദ് വ്യക്തമാക്കി. സൂരി ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അറിവില്ലെന്ന് ജോർജ്ടൗൺ സർവകലാശാലയുടെ വക്താവ് വ്യക്തമാക്കി.
ഫോക്സ് ന്യൂസിന് ഡി.എച്ച്.എസ് നൽകിയ പ്രസ്താവന പ്രകാരം, യു.എസ് ‘തീവ്രവാദ സംഘടന’യായി പ്രഖ്യാപിച്ച ഹമാസുമായി സുരിക്ക് ബന്ധമുണ്ടെന്ന് ഏജൻസി അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങളെ പിന്തുണക്കുന്ന നേരിട്ടുള്ള തെളിവുകളൊന്നും പ്രസ്താവനയിൽ ഉദ്ധരിച്ചിട്ടില്ല. വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പോസ്റ്റ് ചെയ് ഡി.എച്ച്.എസ് പ്രസ്താവനയിൽ സുരിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ‘നാടുകടത്താൻ’ അർഹനാക്കിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കണ്ടെത്തിയതായി പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറൽ ബിരുദ വിദ്യാർഥിനിയായിരുന്ന രഞ്ജിനി ശ്രീനിവാസന്റെ വിസ പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അമേരിക്കൻ സർക്കാർ റദ്ദാക്കിയിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ രഞ്ജിനി പങ്കാളിയെന്ന് ആരോപിച്ച് സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മാർച്ച് 5ന് വിസ റദ്ദാക്കുന്നത്. ഇതേ തുടർന്ന് രഞ്ജിനി ഇന്ത്യയിലേക്ക് മടങ്ങി.Badar Khan Suri
content summary; Indian research scholar Badar Khan Suri was arrested in the US for allegedly spreading Hamas propaganda