June 18, 2025 |
Share on

തുര്‍ക്കിയും അസര്‍ബൈജാനും ഉപേക്ഷിച്ച് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍; ഇരുരാജ്യങ്ങളും നേരിടുന്നത് കനത്ത സാമ്പത്തിക നഷ്ടം

രണ്ട് രാജ്യങ്ങളിലേക്കുമുള്ള പുതിയ ബുക്കിംഗുകൾ 60 ശതമാനമാണ് കുറഞ്ഞത്

ഇന്ത്യ – പാക് സംഘർഷത്തിൽ തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ നൽകിയതിനെ തുടർന്ന് ആരംഭിച്ച ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ ബഹിഷ്കരണം ശക്തമാകുന്നു.

ഇരുരാജ്യങ്ങളിലേക്കുമുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഒഴുക്ക് ക്രമാതീതമായി കുറഞ്ഞുവെന്നും തുർക്കിയുടേയും അസർബൈജാന്റെയും ടൂറിസ്റ്റ് വ്യവസായം നിലവിൽ പ്രതിസന്ധിയിലായതായും ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. സമ്പദ് വ്യവസ്ഥ സന്തുലിതമാക്കാൻ തുർക്കിയും അസർബൈജാനും അന്താരാഷ്ട്ര സന്ദർശകരെ വളരെയധികം ആശ്രയിക്കാറുണ്ട്. അതിനാൽ നിലവിലെ ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ ബഹിഷ്കരണം ഇരുരാജ്യങ്ങളെയും സാരമായി തന്നെ ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

2024 ൽ തുർക്കിയിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 274,000 സന്ദർശകരാണ് കഴിഞ്ഞ വർഷം മാത്രം തുർക്കിയിലെത്തിയത്. മുൻ വർഷത്തേക്കാൾ 20.7 ശതമാനം വർധനവാണ് ഉണ്ടായത്.

മികച്ച വിമാന സർവീസുകൾ, മാർക്കറ്റിംഗ്, ഇന്ത്യൻ വിവാഹങ്ങൾക്കും ബിസിനസ് പരിപാടികൾക്കുമുള്ള ജനപ്രീതി എന്നിവയാണ് തുർക്കിയിലേക്ക് ഇന്ത്യൻ വിനേദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. കഴിഞ്ഞ വർഷം അസർബൈജാനിലേക്കെത്തിയത് 243,589 ഇന്ത്യൻ സന്ദർശകരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മെയ് ആദ്യം ഇന്ത്യ – പാക് സംഘർഷം ആരംഭിച്ചത് മുതൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള ഇടിവുണ്ടായി. മെയ് 9 ന് ഇന്ത്യയിലെ രണ്ട് പ്രധാന യാത്രാ സംഘടനകളായ ട്രാവൽ ഏജൻ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (TAAI ), ട്രാവൽ ഏജൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (TAFI) എന്നിവ ഔദ്യോഗികമായി ബഹിഷ്‌കരണം പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് രണ്ട് രാജ്യങ്ങളിലേക്കുമുള്ള പുതിയ ബുക്കിംഗുകൾ 60 ശതമാനമാണ് കുറഞ്ഞത്. യാത്രാ പ്ലാറ്റ്‌ഫോമുകളിലെ റദ്ദാക്കലുകൾ 250 ശതമാനം വർദ്ധിച്ചു. മെയ്ക്ക് മൈ ട്രിപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ രാജ്യങ്ങളുടെ പ്രമോഷനുകളും ഓഫറുകളും നിർത്തിവെക്കുകയും ചെയ്തു.

ജോർജിയ, സെർബിയ, ഗ്രീസ്, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളാണ് ഇപ്പോൾ സഞ്ചാരികൾ തിരഞ്ഞെടുക്കുന്നതെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കൊൽക്കത്തയിൽ നിന്ന് തുർക്കിയിലേക്കുള്ള പ്രതിദിന യാത്രക്കാരുടെ എണ്ണം ഏകദേശം 200 ൽ നിന്ന് വെറും 40 മുതൽ 50 ആയി കുറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രകൾ റദ്ദാക്കുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക ആഘാതം വളരെ വലുതാണ്. 7 ദിവസത്തെ തുർക്കി യാത്രയ്ക്ക് രണ്ട് പേരുടെ പാക്കേജിന് ഏകദേശം 3 മുതൽ 4 ലക്ഷം രൂപ വരെ
ചെലവാകും . അസർബൈജാനിലേക്കുള്ള 4 ദിവസത്തെ യാത്രയ്ക്ക് ഏകദേശം ചെലവാകുക 2 ലക്ഷം രൂപയാണ്. ഇത്തരത്തിലുള്ള നിരവധി പാക്കേജുകൾ റദ്ദാക്കുന്നതിനാൽ ഇരു രാജ്യങ്ങൾക്കും ടൂറിസം വരുമാനത്തിൽ വൻ തോതിലുള്ള നഷ്ടം നേരിടേണ്ടി വരും. യാത്രാ ബഹിഷ്കരണം തുടരുകയാണെങ്കിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ മുൻനിര യാത്രാ കേന്ദ്രങ്ങൾ എന്ന നിലയിൽ തുർക്കിക്കും അസർബൈജാനും ഉണ്ടായിരുന്ന സ്ഥാനം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Content Summary: Indian tourists abandon Turkey and Azerbaijan

Leave a Reply

Your email address will not be published. Required fields are marked *

×