300 അനധികൃത കുടിയേറ്റക്കാരെ പനാമയിലേക്ക് കടത്തി ട്രംപ് ഭരണകൂടം. ഇവരെ പനാമയിലെ ഹോട്ടൽ താത്കാലിക ഡിറ്റഷൻ സെന്ററാക്കി അവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. കുടിയേറ്റക്കാർക്ക് പുറത്തേക്കിറങ്ങാൻ പോലും അവസരമില്ല. ഇന്ത്യ, ഇറാൻ, പാകിസ്ഥാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് പനാമയിലേക്ക് കടത്തിയിരിക്കുന്നത്. ഇവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും അമേരിക്കൻ ഗവൺമെന്റ് പിടിച്ചെടുത്തിട്ടുണ്ട്.
പനാമയിലെ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്നവർക്ക് അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങി പോകാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുന്നതാണ്. എന്നാൽ ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന 40 ശതമാനം ആളുകളും സ്വമേധയ മടങ്ങി പോകാൻ വിസമ്മതിക്കുന്നവരാണെന്ന് പനാമ അധികൃതർ പറയുന്നു. സ്വന്തം രാജ്യത്ത് പോകാൻ നിവൃത്തിയില്ലെന്നും തങ്ങളെ സഹായിക്കണമെന്നുമൊക്കെ ഇവർ താമസിക്കുന്ന ഹോട്ടലിന്റെ ജനലുകളിൽ എഴുതി പ്രദർശിപ്പിച്ചിരിക്കുകയാണ്.
യുഎസിലേക്ക് അനധികൃതമായി എത്തിയ ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അധികാരമേറ്റയുടൻ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ നാടുകടത്തപ്പെട്ടവരെ താൽക്കാലികമായി പാർപ്പിക്കാൻ പനാമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ സമ്മതിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞ ആഴ്ച മൂന്ന് വിമാനങ്ങളിലാണ് അനധികൃത കുടിയേറ്റക്കാരെ ഹോട്ടലിൽ എത്തിച്ചത്.
10 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ തടവിൽ കഴിയുന്നത്. യു.എസിന് നേരിട്ട് നാടുകടത്താൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലുള്ളവരാണ് കൂടുതലും ഇവിടെ കഴിയുന്നത്.
പനാമൻ നാഷണൽ എയറോനവൽ സർവീസ് ഉദ്യോഗസ്ഥരുടെ കാവലിൽ കഴിയുന്ന അനധികൃത കുടിയേറ്റക്കാർ ഹോട്ടലിൽ നിന്ന് പുറത്തുപോകുന്നത് വിലക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടിയേറ്റക്കാരെ തടങ്കലിൽ പാർപ്പിച്ച പനാമ സർക്കാരിന്റെ നടപടിയും അന്താരാഷ്ട്ര തലത്തിൽ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
171 കുടിയേറ്റക്കാർ തങ്ങളുടെ മാത്യരാജ്യത്തേക്കു മടങ്ങാൻ സമ്മതിച്ചിട്ടുണ്ടെന്ന് പനാമ സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ അറിയിച്ചു. ഇവർക്കുള്ള യാത്രാ സൗകര്യങ്ങൾ യു.എൻ ചെയ്തുകൊടുക്കും.
അതേസമയം, നാടുകടത്തപ്പെട്ടവരിൽ പകുതിപ്പേരും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ എത്ര കാലം ഇവരെ ഹോട്ടലിൽ തടങ്കലിൽ വയ്ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. തിരിച്ചുപോകാൻ വിസമ്മതിക്കുന്നവരെ പനാമയുടെ വിദൂര മേഖലയായ ഡാരിയൻ പ്രവിശ്യയിൽ താൽക്കാലികമായി പാർപ്പിക്കാനും പദ്ധതിയുണ്ട്
അമേരിക്കയും പനാമയും തമ്മിലുള്ള ധാരണ പ്രകാരം അനധികൃത കുടിയേറ്റക്കാർക്ക് ഭക്ഷണം, മരുന്ന് എന്നിവ നൽകും. അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് പനാമ നേരത്തെ സമ്മതിച്ചിരുന്നു. ചെലവുകളെല്ലാം അമേരിക്ക വഹിക്കുകയും ചെയ്യും. സമാനമായ ധാരണ അമേരിക്കയും കോസ്റ്ററീക്കയുമായുമുണ്ട്. പനാമയിലേക്ക് എത്തിച്ചത് പോലെ നിരവധിയാളുകളെ കോസ്റ്ററീക്കയിലേക്കും നാടുകടത്തുമെന്നാണ് വിവരങ്ങൾ.
content summary; Indians Among 300 US Deportees Detained at Panama Hotel, Seek Help from Windows