July 11, 2026 |
Share on

ഡാറ്റ എന്‍ട്രിക്കായാണ് പോയത്, സൈബര്‍ തട്ടിപ്പാണെന്ന് പിന്നീടാണ് അറിഞ്ഞത്

മ്യാന്‍മര്‍ സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ട മലയാളിയുടെ കഥ

തായ്‌ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സൈബര്‍ ക്രൈം ക്യാമ്പുകളില്‍ 2,000 ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് മറ്റൊരു മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. മ്യാന്‍മറിലെ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ ഇതാദ്യമായല്ല വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതും.

വ്യാജ ജോലി വാഗ്ദാനങ്ങളില്‍ പെട്ട് ലാവോസ്, കംബോഡിയ, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തുന്നവരെയാണ് പിന്നീട് സൈബര്‍ ക്രൈം ക്യാമ്പുകളില്‍ നിര്‍ബന്ധിതമായി ജോലി ചെയ്യാന്‍ എത്തിക്കുന്നത്. 2024 സെപ്റ്റംബര്‍ വരെ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ 29,000ത്തിലധികം ഇന്ത്യക്കാരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്. അവരെല്ലാം മനുഷ്യക്കടത്തിന്റെ ഇരകളാണന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡാറ്റാ എന്‍ട്രി ജോലിക്കായി കംബോഡിയയില്‍ എത്തി സൈബര്‍ തട്ടിപ്പില്‍ അകപ്പെട്ട് അവസാനം അവിടെ നിന്നും രക്ഷപ്പെട്ട, പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരാളുമായി അഴിമുഖം സംസാരിച്ചിരുന്നു. ജോലി തേടി കേരളത്തില്‍ നിന്നും കംബോഡിയയിലെത്തിയ ആറ് പേരില്‍ ഒരാളായിരുന്നു അഴിമുഖവുമായി സംസാരിച്ചത്.

‘ഒരു സുഹൃത്തിന്റെ ബന്ധു വഴിയാണ് തായ്‌ലന്‍ഡില്‍ ഡാറ്റ എന്‍ട്രിക്ക് വേണ്ടി ആളുകളെ എടുക്കുന്നുവെന്ന വിവരം അറിഞ്ഞത്. മാസം ഒന്നര ലക്ഷം രൂപ ശമ്പളം. ഇത്രയും വലിയ തുക ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമാണ്. തായ്‌ലന്‍ഡിലെ ജോലി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും ഇതു തന്നെയാണ്. ഞങ്ങള്‍ ആറ് പേരുണ്ടായിരുന്നു. ജോലിക്ക് പോകാന്‍ താല്‍പര്യം അറിയിച്ചതോടെ കംബോഡിയയില്‍ ജോലി ചെയ്യുന്ന മറ്റൊരാള്‍ ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ടു.

ജോലിയെക്കുറിച്ച് വ്യക്തമായ വിവരണം നല്‍കിയിരുന്നില്ല. ക്രിപ്‌റ്റോ കറന്‍സി, ഗെയ്മിംഗ് എന്നൊക്കെയാണ് ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞത്. ഈ ജോലിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ മനസാക്ഷി, കുറ്റബോധം, ദയ തുടങ്ങിയ ചിന്തകളൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന് കൂടി അയാള്‍ പറഞ്ഞിരുന്നു. അയാള്‍ എന്താണ് പറഞ്ഞതെന്ന് അന്ന് ഞങ്ങള്‍ക്ക് മനസിലായില്ല. ജോലി ചെയ്യുന്നതിന് ദയ എന്തിനാണ് എന്നാണ് ഞങ്ങള്‍ ആലോചിച്ചത്.

കമ്പനിയുടെ മറ്റ് വിവരങ്ങള്‍ ഞങ്ങള്‍ അയാളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറച്ച് ചിത്രങ്ങള്‍ അയച്ച് തന്നു. സാധാരണ ഒരു കമ്പനി അയക്കുന്നത് പോലുള്ള മെയിലോ ഓഫര്‍ ലെറ്ററോ ഒന്നും തന്നെ ലഭിച്ചില്ല. ടൈപ്പിങ്ങ് വേഗത വേണം എന്നതായിരുന്നു അവര്‍ ആവശ്യപ്പെട്ട ഒരേയൊരു നിബന്ധന.

കൃത്യമായ പേരോ മേല്‍വിലാസമോ ഇല്ലാത്ത കമ്പനിയില്‍ ജോലി ചെയ്യാന്‍ പോകേണ്ട എന്ന് പലരും ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രായത്തിന്റെ എടുത്തുചാട്ടമെന്ന് വേണമെങ്കില്‍ പറയാം, ഞങ്ങള്‍ ജോലിക്ക് പോകാന്‍ തീരുമാനിച്ചു. താമസത്തിനും യാത്രക്കും മറ്റുമായി ഒരു ലക്ഷത്തില്‍ കൂടുതല്‍ തുക ആദ്യം അവര്‍ വാങ്ങിയിരുന്നു. ഹോട്ടല്‍ ജോലിക്കായി പോകുന്നു എന്ന തരത്തിലുള്ള വ്യാജ ഡോക്യുമെന്റുകള്‍ സൃഷ്ടിച്ചാണ് കൊണ്ടുപോയത്.

ബാങ്കോക്കിലാണ് ഞങ്ങള്‍ വിമാനമിറങ്ങിയത്. അവിടെ എത്തിയാല്‍ നമ്മുടെ ജോലിയെക്കുറിച്ച് ആരോടും പറയരുതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. അവര്‍ പറഞ്ഞിരുന്നത് പോലെ തന്നെ അവിടെനിന്നും ഞങ്ങളെ കൊണ്ടുപോകാന്‍ കാറുമായി ഒരാള്‍ എത്തിയിരുന്നു. ഏകദേശം ആറ് മണിക്കൂറുകളെടുത്തു തായ്- മ്യാന്മര്‍ അതിര്‍ത്തിയിലെത്താന്‍. അതിര്‍ത്തിയിലെത്തിയ ശേഷം ഞങ്ങളെ അവിടെ വിട്ടിട്ട് ആദ്യം കാറുമായി എത്തിയ ആള്‍ പോവുകയായിരുന്നു. പിന്നീട് വേറൊരാളുടെ ഒപ്പമാണ് ഞങ്ങള്‍ പോയത്. മണിക്കൂറുകള്‍ നീണ്ട യാത്രക്കൊടുവില്‍ ഒരു മതില്‍ക്കെട്ടിനുള്ളിലുള്ള കെട്ടിടത്തിലേക്ക് ഞങ്ങളെ എത്തിച്ചു.

അതൊരു അത്യാഡംബര സൗകര്യങ്ങളുള്ള സ്ഥലമായിരുന്നു. ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാം അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. ആദ്യം തന്നെ അവര്‍ ഞങ്ങളുടെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചു. ബാഗുകള്‍ പരിശോധിച്ച ശേഷമാണ് അവിടേക്ക് പ്രവേശിപ്പിച്ചത്. അവിടെ ചെന്നപ്പോഴാണ് മനസിലായത് സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി മലയാളികള്‍ അവിടെ ജോലി ചെയ്യുന്നുണ്ടെന്ന്.

കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജോലി തുടങ്ങുന്ന ആദ്യ ദിവസം തന്നെ ഞങ്ങള്‍ക്ക് മറ്റൊരു ഫോണും സിം കാര്‍ഡുമെല്ലാം അവര്‍ നല്‍കി. ജോലിയുടെ ആവശ്യത്തിനായി മറ്റൊരു പേര് കൂടി തിരഞ്ഞെടുക്കണമെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. പല ഡിപ്പാര്‍ട്ട്‌മെന്റുകളായാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. ടെലഗ്രാമിലൂടെയാണ് മറ്റുള്ളവരുമായി ചാറ്റ് ചെയ്യേണ്ടത്. അതിന് വേണ്ടിയിട്ടുള്ള ടൈപ്പിങ്ങ് വേഗതയെക്കുറിച്ചാണ് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നതെന്ന് പിന്നീട് ബോധ്യപ്പെട്ടു.

അവര്‍ നല്‍കിയ ഫോണുകളില്‍ ഇന്ത്യയിലെ പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ചില ആശുപത്രികളുടെ ചിത്രങ്ങളും മറ്റും ഉണ്ടായിരുന്നു. എന്താണ് ഇതെന്ന് ആദ്യം മനസിലായിരുന്നില്ല. ആദ്യത്തെ ദിവസം ഞങ്ങളോട് ഇതെല്ലാം കണ്ട് പഠിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഓഫീസിനുള്ളില്‍ കയറിയാല്‍ പിന്നെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. കുറേ ചാറ്റുകള്‍ ഞങ്ങളെ കാണിച്ച് വായിച്ച് മനസിലാക്കാന്‍ ആവശ്യപ്പെട്ടു.

എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങളിലാര്‍ക്കും തന്നെ മനസിലായില്ല. പിന്നീട് അവിടെ ജോലി ചെയ്തിരുന്ന മലയാളികളോട് സംസാരിച്ചപ്പോഴാണ് ശരിക്കും എന്താണ് അവിടെ സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. ഇവര്‍ നല്‍കുന്ന കോണ്ടാക്ടുകളില്‍ ടെലഗ്രാമിലൂടെ ചാറ്റ് ചെയ്ത് പണം തട്ടുകയാണ് ചെയ്യുന്നത്. അതിന് വേണ്ടിയാണ് ഞങ്ങളെ കൊണ്ടുപോയിരിക്കുന്നത് എന്ന് മനസിലായി. ആദ്യം കുറച്ച് പണം ചാറ്റ് ചെയ്യുന്ന ആളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കും. പിന്നീട് ഇത്ര തുക നിക്ഷേപിച്ചാല്‍ ഇരട്ടി തുകയാക്കി തിരികെ ലഭിക്കുമെന്ന് പറഞ്ഞ് അവരെ വിശ്വസിപ്പിക്കും. ചില ഗ്രൂപ്പുകളിലും മറ്റും ഇവരെ ഉള്‍പ്പെടുത്തുകയും നിക്ഷേപിച്ചവര്‍ക്ക് ഇരട്ടി തുക ലഭിച്ചു എന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകളും മറ്റും അതില്‍ ഷെയര്‍ ചെയ്യുകയും ചെയ്യും. അങ്ങനെയാണ് പലരും ഇതില്‍ വിശ്വസിച്ച് തട്ടിപ്പിനിരയാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ കമ്പനി ഒരു ദിവസം നേടുന്നത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ക്ക് പുറത്തുപറയാന്‍ കഴിയില്ല. മുന്‍പ് സൈബര്‍ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി തമിഴ്‌നാട്ടിലുള്ള സഹോദരന് അയച്ച് കൊടുത്ത ഒരു പയ്യനെ പിന്നീട് ആരും കണ്ടിട്ടില്ലായെന്നും മുന്‍ ജീവനക്കാരായ മലയാളികള്‍ ഞങ്ങളോട് പറഞ്ഞു.

ജോലിക്ക് കയറിയ അന്ന് മുതല്‍ ആ കെട്ടിടത്തിന്റെ പുറത്തേക്ക് പോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ളില്‍ അകപ്പെട്ട് പോവുകയായിരുന്നു. ജിപിഎസ് നോക്കിയാല്‍ പോലും ചുറ്റുപാടും എന്താണുള്ളതെന്ന് മനസിലായിരുന്നില്ല. ജനങ്ങളെ കബളിപ്പിച്ച് അവരില്‍ നിന്നും പണം തട്ടുക. അവസാനം നമുക്ക് എന്താണ് സംഭവിച്ചതെന്ന് പുറംലോകം അറിയാതെ ഇതിനുള്ളില്‍ കിടന്ന് മരിക്കണം, അതാണ് അവസ്ഥ.

എന്ത് വന്നാലും ഇവിടെ നിന്നും രക്ഷപ്പെട്ടേ മതിയാകൂ എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളോട് ഈ ജോലിയെക്കുറിച്ച് പറഞ്ഞ നാട്ടിലുള്ളയാളെ വിളിക്കുകയും ഇവിടെ നിന്നും തിരികെ വരണമെന്നും ഞങ്ങളില്‍ നിന്ന് വാങ്ങിയ പണവും പാസ്‌പോര്‍ട്ടും തിരികെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ ആദ്യം പരിഭ്രാന്തനാവുകയാണ് ചെയ്തത്. ഇവിടെ നടക്കുന്ന കാര്യങ്ങള്‍ നാട്ടിലറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ തിരികെയെത്തിക്കാമെന്ന് അയാള്‍ സമ്മതിച്ചു.

ജോലിക്ക് കയറി മൂന്നാമത്തെ ദിവസമാണ് ഞങ്ങള്‍ തിരികെ പോകണമെന്ന് വാശിപിടിച്ചത്. ജോലികളൊന്നും ഞങ്ങള്‍ ചെയ്ത് തുടങ്ങിയിരുന്നില്ല. ഒരുപക്ഷേ അതാകണം അവര്‍ ഞങ്ങളെ തിരികെ അയക്കാന്‍ തീരുമാനിച്ചത്. രണ്ട് ദിവസങ്ങള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ അവിടെ നിന്നും വരാന്‍ കഴിയുമായിരുന്നുള്ളൂ. അവിടെ നിന്നും ഇറങ്ങുന്ന ദിവസം ഞങ്ങളുടെ ഫോണുകള്‍ അവര്‍ പരിശോധിക്കുകയും അവിടെയുള്ള ഒരു വിവരങ്ങളും അതില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

കെട്ടിടത്തില്‍ ഞങ്ങളെ എത്തിച്ചത് പോലെ തന്നെ അവിടെ നിന്നും പുറത്തിറങ്ങിയപ്പോഴും ഞങ്ങളെ കൊണ്ടുപോകാന്‍ കാറുമായി ഒരാള്‍ എത്തിയിരുന്നു. കാറില്‍ കയറി ആ മതില്‍ കെട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ ജീവവായു ശ്വസിച്ചത്. ജീവന്‍ തിരികെ കിട്ടിയതിലുള്ള സന്തോഷം ശരിക്കും ഞങ്ങളില്‍ പ്രകടമായിരുന്നു. എത്രയും വേഗം നാട്ടിലെത്താനാണ് ശ്രമിച്ചത്. പാസ്‌പോര്‍ട്ടും ടിക്കറ്റുമെല്ലാം ലഭിച്ചിരുന്നെങ്കിലും ഞങ്ങള്‍ നല്‍കിയ പണം തിരികെ തന്നിരുന്നില്ല.

അപ്പോഴാണ് കംബോഡിയയില്‍ പോയി തിരിച്ചുവരുന്നവരെ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പിടികൂടുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്. അതുകൊണ്ട് തന്നെ നേരെ കൊച്ചിയില്‍ ഇറങ്ങേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഞങ്ങളില്‍ കുറച്ച് പേര്‍ ബാംഗ്ലൂരിലും കുറച്ച് പേര്‍ ചെന്നെയിലുമാണ് ഇറങ്ങിയത്. മാധ്യമങ്ങളോട് എല്ലാം തുറന്ന് പറയണമെന്ന് തീരുമാനിച്ചതാണ്. ആദ്യം ഭയമായിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സംഭവമായി മാറി’, തിരിച്ചെത്തിയ വ്യക്തി പറയുന്നു.

ഭാഗ്യമുള്ളതു കൊണ്ടാണ് ഇന്നിത് പറയാന്‍ താനുണ്ടായതെന്നാണ് ഇദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ഇത് രക്ഷപ്പെട്ടവരുടെ അനുഭവമാണ്. ഒരുപക്ഷേ തിരികെ വരാന്‍ കഴിയാതെ അവിടെ തുടരുന്നവരും ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും കഥകള്‍ ആരു പറയും? 2022 ജൂണ്‍ മുതല്‍ കംബോഡിയ, തായ്ലന്‍ഡ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് 600ലധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യന്‍ പൗരന്‍മാരുള്‍പ്പെടെ നിരവധി ആളുകളെ ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഈയടുത്തായി മ്യന്‍മറിലെ നിയമനിര്‍വ്വഹണ ഏജന്‍സി ഇത്തരം കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 270 വിദേശപൗരന്‍മാരെ കസ്റ്റഡിയിലെടുത്തിരുന്നു.

Content Summary: Indians Among Those Trapped in Cyber Crime Camps on the Thailand-Myanmar Border: A Malayali’s experience
Cyber Crime Camps Thailand-Myanmar Border combodia human trafficking 

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×