ഏഷ്യ കപ്പ്; ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ, ശ്രേയസ് അയ്യരും യശസ്വി ജയ്സ്വാളും പുറത്ത്

ശുഭ്മാൻ ഗിൽ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ

ഏഷ്യ കപ്പ് ടൂർണമെൻ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ 15 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ശുഭ്മാൻ ഗിൽ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് ടീം പ്രഖ്യാപിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിലും വൈകി മൂന്നു മണിയോടെയാണ് വാർത്താ സമ്മേളനം ആരംഭിച്ചത്. മുംബൈയിലെ കനത്ത മഴ കാരണം ബി.സി.സി.ഐ ഉദ്യോഗസ്ഥർക്ക് ആസ്ഥാനത്ത് എത്തുന്നതിൽ തടസമുണ്ടായതോടെയാണ് താമസം ഉണ്ടായത്. വാർത്താ സമ്മേളനത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്തു.

പ്രഖ്യാപിച്ച 15 അംഗ ടീമിൽ ബാറ്റിംഗ്, ബൗളിംഗ്, ഓൾറൗണ്ടർ വിഭാഗങ്ങൾ മികച്ച രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .

ബാറ്റർമാർ: അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ്.

ഓൾറൗണ്ടർമാർ: ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ.

വിക്കറ്റ് കീപ്പർമാർ: സഞ്ജു സാംസൺ, ജിതേഷ് ശർമ.

പേസർമാർ: ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, ഹർഷിത് റാണ.

സ്പിന്നർമാർ: വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

പേസർമാർക്ക് നേതൃത്വം നൽകുന്നത് ജസ്പ്രീത് ബുമ്ര ആയിരിക്കും. യുവതാരങ്ങളായ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും ടീമിന് ശക്തി നൽകുമെന്നാണ് വിശ്വാസം. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ടീമിന്റെ കരുത്താണ്.

ഒഴിവാക്കിയ താരങ്ങൾ
ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം നേടുമെന്ന് കരുതിയിരുന്ന ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ് എന്നിവർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ഇവരുടെ ഒഴിവാക്കൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. എന്നാൽ, യുവതാരങ്ങൾക്ക് അവസരം നൽകുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് സമിതി എടുത്ത തീരുമാനമാണിതെന്ന് ബി.സി.സി.ഐ അറിയിച്ചു.

ഇന്ത്യൻ ടീമിൽ ഇത്തവണ യുവതാരങ്ങൾക്ക് നൽകിയിരിക്കുന്ന അവസരം ശ്രദ്ധേയമാണ്. പ്രത്യേകിച്ച്, സഞ്ജു സാംസൺ മുഖ്യ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് അഭിമാന നിമിഷം കൂടിയാണ്. അദ്ദേഹത്തിന്റെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണായകമാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിലിന്റെയും നേതൃത്വത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതീക്ഷയുണ്ട്.

ടി20 ലോകകപ്പിന് ശേഷം പ്രധാന മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവിനെക്കുറിച്ച് സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് സംസാരിച്ചു.

കരീബിയനിലെ ടി20 ലോകകപ്പിന് ശേഷം ടെസ്റ്റ് മത്സരങ്ങൾ കാരണം അദ്ദേഹം തിരക്കിലായിരുന്നുവെന്നും ഇപ്പോൾ കളിക്കാൻ തയ്യാറാണെന്നും സൂര്യകുമാർ പറഞ്ഞു. ബുംറ ടീമിലേക്ക് മടങ്ങിയെത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു. ടീമിൽ ബുംറയുടെ പ്രാധാന്യം ചീഫ് സെലക്ടർ അജിത് അഗാർക്കറും വിശദീകരിച്ചു. ജസ്പ്രീതിനെ എല്ലായ്‌പ്പോഴും ലഭ്യമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിനുണ്ടായ പരിക്കുകൾ കാരണമാണ് തീരുമാനിക്കാൻ പ്രസായകരമായി തോന്നിയതെന്നും അഗാർക്കർ പറഞ്ഞു.

Content Summary: India’s Asia Cup 2025 squad announced; Sanju Samson included

This post was last modified on August 19, 2025 3:55 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment