അപ്രതീക്ഷിതമായി ഇൻഡിഗോ വിമാന സർവ്വീസുകൾ റദ്ദാക്കിയതിനെ തുടർന്ന് രാജ്യവ്യാപകമായി ആയിരക്കണക്കിന് യാത്രക്കാർക്കാണ് പണികിട്ടിയത്. കൂട്ട റദ്ദാക്കലുകൾ കൂടാതെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്യുന്നുണ്ട്. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇൻഡിഗോ വിമാനം റദ്ധാക്കിയപ്പോൾ പണികിട്ടിയവരുടെ കൂട്ടത്തിൽ ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ നവ ദമ്പതികളും ഉണ്ട്.
സ്വന്തം വിവാഹ വിരുന്നിൽ വിഡിയോ കോളിലൂടെ പങ്കെടുത്ത നവ ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നവംബർ 23-ന് ഭുവനേശ്വറിൽ വെച്ചാണ് ഹുബ്ബള്ളി സ്വദേശി മേധ ക്ഷിർസാഗറും ഭുവനേശ്വർ സ്വദേശി സംഗമ ദാസും വിവാഹിതരായത്. ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ വെച്ചാണ് ഇരുവരുടെയും വിവാഹ വിരുന്ന് നിശ്ചയിച്ചിരുന്നത്. ഡിസംബർ 2-ന് ഭുവനേശ്വർ-ബെംഗളൂരു വഴിയാണ് ഹുബ്ബള്ളിയിലേക്ക് യാത്ര തിരിക്കാൻ ആയിരുന്നു പദ്ധതിയെങ്കിലും ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച വിമാനത്തിന്റെ താമസം അടുത്ത ദിവസം പുലർച്ചെ വരെ നീണ്ടുപോവുകയും ഒടുവിൽ ഡിസംബർ 3-ന് വിമാനം റദ്ദാക്കുകയും ചെയ്തു.
ഭുവനേശ്വർ-മുംബൈ-ഹുബ്ബള്ളി വഴി യാത്ര ചെയ്യേണ്ടിയിരുന്ന ബന്ധുക്കൾക്കും സമാനമായ യാത്രാ തടസ്സങ്ങൾ നേരിട്ടു. ഇതോടെ ഭുവനേശ്വറിൽ നിന്ന് വധൂവരന്മാർ വിവാഹ വേഷമണിഞ്ഞ് വീഡിയോ കോളിലൂടെ റിസപ്ഷനിൽ പങ്കെടുത്തു. വധുവിന്റെ മാതാപിതാക്കൾ ദമ്പതികളുടെ സ്ഥാനത്ത് ഇരുന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദമ്പതികളുടെ വിഡിയോ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചാണ് ചടങ്ങുകൾ നടത്തിയത്.
ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷനുകൾ സംബന്ധിച്ച പുതിയ സർക്കാർ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിലെ ആസൂത്രണ പിഴവുകളും കണക്കുകൂട്ടലുകളിലെ പിഴവുകളുമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്ന് ഇൻഡിഗോ ഏവിയേഷൻ ഡിജിസിയെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ അടക്കം പ്രധാന വിമാനത്താവളങ്ങളിലെല്ലാം സർവ്വീസുകൾ താളം തെറ്റിയിരുന്നു. പ്രതിദിനം ഏകദേശം 2,200 വിമാനങ്ങൾ സർവ്വീസ് നടത്തുന്ന ഇൻഡിഗോ, ഡിസംബർ 4-ന് 500-ൽ അധികം വിമാനങ്ങളാണ് റദ്ദാക്കിയത്.
കമ്പനിയുടെ 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന റദ്ദാക്കലാണിത് . നിലവിലെ പ്രതിസന്ധി പരിഹരിച്ച് 2026 ഫെബ്രുവരി 10-ഓടെ പ്രവർത്തനങ്ങൾ പൂർണ്ണമായി സാധാരണ നിലയിലാകുമെന്നും കമ്പനി അറിയിച്ചു. ഡിസംബർ 8 വരെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കുമെന്നും അതിനുശേഷം സർവ്വീസുകൾ കുറയ്ക്കുമെന്നും ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ യാത്രാ പദ്ധതികൾ താറുമാറാക്കിയ ഇൻഡിഗോയുടെ വിമാന റദ്ദാക്കലുകൾ രാജ്യത്തെ വ്യോമയാന മേഖലയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
content summary: IndiGo Flight Cancelled, Techie Couple Attends Own Reception Online
This post was last modified on December 5, 2025 12:56 pm
Leave a Comment