ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖല ഗുരുതരമായ സുരക്ഷാ ആശങ്കകൾ നേരിടുന്നതായി റിപ്പോർട്ട്. ഫണ്ടിന്റെ അഭാവം, ജീവനക്കാരുടെ കുറവ്, സർക്കാരിന്റെ അവഗണന തുടങ്ങിയ കാരണങ്ങളാണ് രാജ്യത്തിന്റെ സിവിൽ ഏവിയേഷൻ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതായി ദി വയർ റിപ്പോർട്ട് ചെയ്തു.
2014 ൽ 66 ദശലക്ഷം യാത്രക്കാരിൽ നിന്ന് 2024 ൽ 161 ദശലക്ഷമായത് ഇന്ത്യയുടെ വ്യോമയാന മേഖലയിലെ വളർച്ചയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, യാത്രക്കാരുടെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജൻസികളുടെ എണ്ണം ക്രമേണ കുറയുന്നതായാണ് വിവിധ സർക്കാർ, പാർലമെന്ററി സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച ഡാറ്റ സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിർണായക തസ്തികകളാണ് ഇന്ത്യൻ വ്യോമയാന മേഖലയിൽ ഒഴിഞ്ഞുകിടക്കുന്നത്.
വിമാനാപകടം പോലുള്ള ദുരന്തങ്ങളുണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണെന്നാണ് വ്യോമയാന സുരക്ഷാ വിദഗ്ധരും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ അംഗങ്ങളും മറുപടി നൽകിയത്. 2020 മുതൽ 2,461 സാങ്കേതിക തകരാറുകളാണ് വിമാനങ്ങളെക്കുറിച്ച് ഇന്ത്യൻ വിമാനക്കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2023 ൽ മാത്രം 23 സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. അതിൽ 12 എണ്ണം എയർ ഇന്ത്യയുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ബജറ്റ് അഞ്ചിലൊന്നായി കുറയ്ക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
2023–24 ൽ അനുവദിച്ചിരുന്ന 3,113 കോടിയിൽ നിന്ന് 2024–25 ൽ 2,400 കോടിയായി കുറയുകയായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമായി പറയുന്നത് ജീവനക്കാരുടെ അഭാവമാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ 814 ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ കുറവ് മൂലം അപ്രതീക്ഷിത സുരക്ഷാ പരിശോധനകൾ പോലുള്ള നിർണായക ജോലികൾ നടക്കുന്നില്ലായെന്നാണ് വയറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
എയർ ട്രാഫിക് കൺട്രോളർമാരുടെ (ATCO) കുറവ് സിവിൽ ഏവിയേഷൻ മേഖലയിൽ രൂക്ഷമാണ്. വിമാനങ്ങളുടെ ടേക്ക്ഓഫും ലാൻഡിംഗ്സും നിയന്ത്രിക്കുന്നതും സുരക്ഷിതമായ വ്യോമഗതാഗത പ്രവാഹം ഉറപ്പാക്കുന്നതും എയർ ട്രാഫിക് കൺട്രോളർമാരാണ്. ഇന്ത്യയ്ക്ക് 5,537 എയർ ട്രാഫിക് കൺട്രോളർമാരുടെ ആവശ്യമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ നിലവിൽ 3,924 പേർ മാത്രമാണുള്ളത്. അതായത് 30 ശതമാനം കുറവാണ് അനുഭവപ്പെടുന്നത്. ജീവനക്കാർ കുറയുമ്പോൾ ജോലി ഭാരം അമിതമാകുന്നു. ഇത് അപകടകരമായ പിഴവുകൾ സംഭവിക്കുന്നതിലേക്ക് നയിക്കുന്നതായാണ് വിദഗ്ധർ പറയുന്നത്.
അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 30,000 ത്തിലധികം പൈലറ്റുമാരെ ആവശ്യമായി വരും. എന്നാൽ ഇന്ത്യയിൽ പ്രതിവർഷം 300 പൈലറ്റുമാർക്ക് മാത്രമേ പരിശീലനം നൽകുന്നുള്ളൂ. പ്രധാന സർക്കാർ പൈലറ്റ് പരിശീലന സ്കൂളായ IGRUA യിൽ വിമാനങ്ങളുടെ എണ്ണം 24 ൽ നിന്ന് 15 ആയി കുറഞ്ഞിരിക്കുകയാണ്.
എ.ടി.സി.ഒ.മാരെയും വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥരെയും അടിയന്തരമായി നിയമിക്കുക, വ്യോമയാന വിദ്യാഭ്യാസത്തിനും പൈലറ്റ് പരിശീലനത്തിനുമുള്ള ധനസഹായം വർദ്ധിപ്പിക്കുക, സുരക്ഷാ പ്രവർത്തനങ്ങൾ കർശനമാക്കുക തുടങ്ങിയവയാണ് തുടർച്ചയായി ഉണ്ടാകുന്ന വിമാന അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങളായി വിദഗ്ധർ മുന്നോട്ട് വെക്കുന്നത്.
Content Summary: Shortage of funds and staff: Report says Indian aviation sector is in crisis
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.