July 13, 2025 |
Share on

അഹമ്മദാബാദ് വിമാന ദുരന്തവും, ബോയിങ്ങിന്റെ സുരക്ഷാ വീഴ്ചകളും; ചരിത്രം ഉയർത്തുന്ന ആശങ്കകൾ

2014ലാണ് ഡ്രീംലൈനർ 787ന്റെ ഉടമസ്ഥത എയർ ഇന്ത്യയ്ക്ക് ലഭിക്കുന്നത്

അഹമ്മദാബാദ് വിമാനപകടത്തെ തുടർന്ന് ബോയിങ്ങ് വിമാനത്തിന്റെ സുരക്ഷാ സംബന്ധിച്ച് ആശങ്കകൾ വർദ്ധിക്കുകയാണ്. 241 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. വിമാന ദുരന്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും വിമാനത്തിന്റെ ഉത്പാദനരീതികളെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് പുതിയ റിപ്പോർട്ട്. അഹമ്മദാബാദിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചുകൊണ്ട് ബോയിങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവ് കെല്ലി ഓർട്ട്ബർഗ് രം​ഗത്തുവന്നിരുന്നു. എയർ ഇന്ത്യയുടെ ഉടമസ്ഥത വഹിക്കുന്ന ടാറ്റ ​ഗ്രൂപ്പിന്റെ ചെയർമാനുമായി സംസാരിക്കുകയും സഹായങ്ങൾ വാ​ഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിമാനം അപകടത്തിന്റെ കാരണം സംബന്ധിച്ച് നിരവധി അനുമാനങ്ങളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

2014ലാണ് ഡ്രീംലൈനർ 787ന്റെ ഉടമസ്ഥത എയർ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഏകദേശം 41,000ത്തിലധികം മണിക്കൂറുകളാണ് ഈ വിമാനത്തിന്റെ സർവ്വീസ് റെക്കോർഡ്. ബോയിങ്ങ് നിർമ്മിച്ച മാക്സ് 737 വിമാനം തകർന്നുണ്ടായ അപകടത്തിന്റെ പ്രത്യാഘാതങ്ങൾ കമ്പനി ഇപ്പോഴും നേരിട്ടുക്കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ദുരന്തമുണ്ടാവുന്നത്. 2018ലും 2019ലുമായുണ്ടായ ദുരന്തങ്ങളിൽ ഏകദേശം 346 ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് കോടതി നിർദേശമനുസരിച്ച് കമ്പനി പിഴ ചുമത്തിയിരുന്നു. സമീപ വർഷങ്ങളിലായി വിമാനത്തിന്റെ സുരക്ഷയെ സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 2024 ജനുവരിയിലാണ് അലാസ്ക എയർലൈൻസിന്റെ വിമാനമായ മാക്സ് 737 വിമാനത്തിൽ ദ്വാരമുള്ളതായി കണ്ടെത്തിയത്. വിമാന യാത്രക്കിടെ ഈ ദ്വാരത്തിലൂടെ കാറ്റ് ശക്തിയായി അകത്തേക്ക് പ്രവേശിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. വിമാനങ്ങളുടെ സുരക്ഷ പരിശോധിക്കുന്നതിനായി ഒരു വിദ​ഗ്ധ സംഘത്തെ നിയമിക്കുമെന്ന് ബോയിംങ്ങ് അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് കമ്പനിയിലെ വ്യാപകമായ പരിഷ്കാരത്തിനും കാരണമായി കമ്പനിയിലെ ജീവനക്കാരുടെ അഴിച്ചുപണി, ​ഗുണനിലവാര പ്രക്രിയയിൽ മാറ്റം എന്നിവ അതോടെയാണ് കമ്പനി നടപ്പിലാക്കിയത്. ഡ്രീംലാനറുകളുടെ ​ഗുണനിലവാരത്തെ സംബന്ധിച്ചും ആശങ്കകളുണ്ട്. 2022ൽ ബോയിംങ്ങ് വിമാനങ്ങളുടെ ഡെലിവറി നിർത്തി വച്ചിരുന്നു. തുടർച്ചയായുണ്ടാവുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു ഈ ഇടവേള. എന്നാൽ ആ സമയത്തും ഡ്രീംലൈനറുകളെക്കുറിച്ച് പരാതി ഉയർന്നിരുന്നില്ല.

വിമാനത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കമ്പനി സ്വീകരിച്ച കുറുക്കുവഴിയെക്കുറിച്ച് ബോയിങ്ങിന്റെ തന്നെ എഞ്ചിനീയർ വെളിപ്പെടുത്തൽ നടത്തിയിരുന്നു ഇത് സംബന്ധിച്ച് കമ്പനിയെ അന്വേഷണ വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആരോപണത്തെ കമ്പനി തള്ളിക്കളയുകയാണ് ഉണ്ടായത്. കമ്പനി നിർമ്മിച്ച് 700 ഡ്രീംലൈനറുകളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളതായും ആ സമയത്ത് സുരക്ഷാ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും ബോയിങ്ങ് ആണയിട്ട് പറയുന്നു. വർഷങ്ങളായി വിമാനങ്ങളുടെ നിർമ്മാണ പങ്കാളിത്തം വഹിക്കുന്നത് സൗത്ത് കരോലീന ഫാക്ടറിയാണ് ഈ സ്ഥാപനത്തെക്കുറിച്ചും നിരവധി ആരോപണങ്ങളുയരുന്നുണ്ട്. ബോയിങ്ങിനെതിരെ നിയമയുദ്ധം നടത്തിയ ബോയിങ്ങിന്റെ ക്വാളിറ്റി മാനേജരായ ജോൺ ബാര്നെറ്റ് പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. ജോൺ ബാർനെറ്റിന്റെ കുടുംബവുമായി സംസാരിച്ച് ആ കേസ് ഒത്തുതീ‍‍ർപ്പാക്കുകയാണുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നായ എയർ ഇന്ത്യ മുമ്പും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. 2020ലെ വിമാനപകടമാണ് ഇതിന് മുമ്പുണ്ടായ ഏറ്റവും വലിയ വിമാനപകടങ്ങളിൽ ഒന്ന്. പതിറ്റാണ്ടുകളായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ ഉടമസ്ഥത 2022ലാണ് ടാറ്റ ​ഗ്രൂപ്പ് ഏറ്റെടുക്കുന്നത്.

content summary: Recent Crash Sparks Renewed Focus on Boeing’s Safety History

Leave a Reply

Your email address will not be published. Required fields are marked *

×