Some riots took place in the country following the murder of Indiraji. We know the people were very angry d for a few days it seemed that India had been shaken. But, when a mighty tree falls, it is only natural that the earth around it does shake a little
.’ Prime Minister Rajiv Gandhi on, 19 , November 1984 .
1984 ഒക്ടോബര്‍ 31: ആ ശപിക്കപ്പെട്ട ദിനത്തില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ചീറിപ്പാഞ്ഞു പോകുന്ന ലിമോസിന്‍ കാറിലെ യാത്രക്കാരന്‍ വളരെ അസ്വസ്ഥനായിരുന്നു. ഇന്ത്യയിലെ പ്രഥമ പൗരനായിരുന്നു അദ്ദേഹം; ഇന്ത്യയുടെ രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്. യെമന്‍ സന്ദര്‍ശനത്തിലായിരുന്ന അദ്ദേഹം അശുഭകരമായ ഒരു വാര്‍ത്ത ലഭിച്ചതിനെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കി അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. അല്‍പ്പം മുന്‍പ് വിമാനത്തിലിരുന്ന് സെയില്‍ സിങ്ങ് സ്ഥിരീകരിക്കാത്ത ആ മോശം വാര്‍ത്ത അറിഞ്ഞിരുന്നു. ‘ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അവരുടെ വസതിയില്‍ വെച്ച് വെടിയേറ്റു. ഗുരുതരമായ നിലയില്‍ അവരെ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെയില്‍ സിങ്ങ് ഏറ്റവും അധികം സമ്മര്‍ദ്ദമനുഭവിക്കുന്ന ഇന്ത്യക്കാരനായി മാറിക്കഴിഞ്ഞിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി പദം ഒഴിയാന്‍ വലിയ സമ്മര്‍ദം സ്വന്തം മതമേധാവികളില്‍ നിന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിക്ക് അവരുടെ തന്നെ അംഗരക്ഷകരില്‍ നിന്ന് വെടിയേറ്റിരിക്കുന്നു. അദ്ദേഹം സമ്മര്‍ദ്ദത്തിലാകാനുള്ള കാരണം ഇതാണ്. ഗ്യാനി സെയില്‍ സിങ്ങ് ഇന്ത്യയുടെ രാഷ്ട്രപതിയാണ്. പക്ഷേ, അദ്ദേഹം സിക്കുകാരന്‍ കൂടിയാണ്!
ഇന്ദിര ഗാന്ധി
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രധാനപ്പെട്ട, രക്തരൂക്ഷിതമായ സൈനിക നടപടി ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടപ്പിലാക്കിയത് നാല് മാസം മുന്‍പായിരുന്നു. അത് മൂലം സുവര്‍ണ്ണ ക്ഷേത്രത്തിന് സംഭവിച്ച കേടുപാടും, അവിടെ നടന്ന വ്യാപകമായ ആളപായവും, തങ്ങളുടെ ആരാധാനാലയത്തില്‍ ഇന്ത്യന്‍ സൈന്യം പ്രവേശിച്ചതും പൊറുക്കാന്‍ സിഖുകാര്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. സിഖ് സമുദായത്തിന്റെ ഏറ്റവും വലിയ ശത്രുവായി അതോടെ ഇന്ദിരാഗാന്ധി മാറി. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കടുത്തതും സങ്കീര്‍ണവും അപകടകരവും വിഷമകരവുമായ തീരുമാനമായിരുന്നു അത്. ആ തീരുമാനത്തിന് ഇന്ദിരയും രാജ്യവും വലിയ വില കൊടുക്കേണ്ടിയും വന്നു.
80 കളില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് തന്നെ ഉയര്‍ത്തി കൊണ്ടുവന്ന മതനേതാവായിരുന്നു സന്ത് ഭിന്ദ്രന്‍ വാല. പഞ്ചാബിലെ അകാലികളുടെ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളെ ഒതുക്കാന്‍ തങ്ങള്‍ സൃഷ്ടിച്ച ഭീകരനെ നിയന്ത്രിക്കാനാവാതെ ഭിന്ദ്രന്‍ വാലയുടെ നേതൃത്വത്തില്‍ തീവ്രവാദം പഞ്ചാബില്‍ കൊടുമ്പിരിക്കൊള്ളുന്നത് ഇന്ദിരാഗാന്ധിയും ഭരണകൂടവും നിസ്സഹായരായി നോക്കി നിന്നു. അതിന്റെ പരിണിത ഫലങ്ങളായിരുന്നു പഞ്ചാബില്‍ പടര്‍ന്നു പിടിച്ച തീവ്രവാദം. വെറുപ്പിന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെട്ട സന്ത് ജര്‍ണല്‍ സിംഗ് ഭിന്ദ്രന്‍വാല പഞ്ചാബിനെ കൊലക്കളമാക്കി മാറ്റിയിരുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ഇന്ദിരാ ഗാന്ധി സൈനിക നടപടിയിലേക്ക് നീങ്ങിയത്.
ഇന്ദിര ഗാന്ധി വധം
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സൃഷ്ടിച്ച ആഘാതം പഞ്ചാബിനേയും സിഖ് സമുദായത്തേയും ഒരേ പോലെ മുറിവേല്‍പ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം അനേകം നിരപരാധികളായ തീര്‍ത്ഥാടകര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ കൊല്ലപ്പെടുകയും, സുവര്‍ണ ക്ഷേത്രപരിശുദ്ധമന്ദിരത്തിന് നേരെയുണ്ടായ ഷെല്‍ അനേകം ഭീകരവാദത്തിന് പുതിയ മുഖം നല്‍കിയ, ഭിന്ദ്രന്‍വാല സൈനിക നടപടിയില്‍ കൊല്ലപ്പെട്ടെങ്കിലും അവശേഷിച്ച തീവ്രവാദികള്‍ ഇന്ദിരാഗാന്ധിയെ വധിച്ച് പ്രതികാരം ചെയ്യുമെന്ന് ദൃഡനിശ്ചയത്തിലായിരുന്നു. അവരുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ സിഖുകാരനായ രാഷ്ട്രപതി സെയില്‍ സിങ്ങായിരുന്നു.
സെയില്‍ സിങ്ങ്, കാറിലിരുന്ന് ഒരു അസാധാരണ കാഴ്ച കണ്ടു. റോഡിലൂടെ മുളവടിയില്‍ പിടിപ്പിച്ച കത്തുന്ന പന്തങ്ങളുമായി ആജാനബാഹുക്കളായ കുറെ പേര്‍ ആക്രമണോത്സുകരായി, സംഘമായി പോകുന്നത് കണ്ടു. തൊട്ടടുത്ത് ഒരു കാര്‍ കത്തിയെരിയുന്നതും ചുറ്റുമുള്ള കെട്ടിടങ്ങളില്‍ നിന്ന് കറുത്ത പുകയുയരുന്നതും സെയില്‍ സിങ്ങിന്റെ ശ്രദ്ധയില്‍ പെട്ടു. അതിഭീകരമായ നരനായാട്ടിന് ഡല്‍ഹി അരങ്ങാവാന്‍ പോകുകയാണെന്ന് അപ്പോള്‍ അദ്ദേഹമുള്‍പ്പടെ ആരും അറിഞ്ഞില്ല.
രാഷ്ട്രപതി സെയിൽ സിങ്ങ് അരുൺ നെഹറുവിനോടൊത്ത്ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് വരുന്നു. ഒക്ടോബർ 31. 1984
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ഒരു കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി. അക്രമകാരികള്‍ തുടരെ കാറിന് നേരെ കല്ലെറിഞ്ഞു. രാഷ്ടപതിയുടെ കാറ് ബുളളറ്റ് പ്രൂഫായതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റില്ല. പക്ഷേ, കാറിന്റെ ചില്ലുകളില്‍ ക്ഷതമേറ്റു. പിന്നില്‍ സഞ്ചരിച്ചിരുന്ന സുരക്ഷാ ഭടന്‍മാരുടെ മൂന്നു കാറുകളുടെയും ചില്ലുകള്‍ തകരുകയും സാരമായ കേടുപാടുകള്‍ പറ്റുകയും ചെയ്തു. ആശുപതിയില്‍ രാഷ്ടപതിയെ എതിരേറ്റത് ‘ഗ്യാനി മുര്‍ദാബാദ്’ ജനക്കൂട്ടത്തിന്റെ മുദ്രാവാക്യമായിരുന്നു. ഇന്ത്യയിലെ പ്രഥമപൗരനും സൈന്യത്തിന്റെ സുപ്രീം കമാന്ററുമായ ഇന്ത്യന്‍ രാഷ്ടപതിക്കെതിരെ റോഡില്‍ പട്ടാപകല്‍ പരസ്യമായ ആക്രമണം നടന്നത് കാര്യങ്ങളുടെ പോക്ക് ശുഭകരമല്ല എന്നതിന്റെ ആദ്യത്തെ സൂചനയായിരുന്നു. അതേ സമയം വെടിയുണ്ടകളേറ്റ് തുളഞ്ഞ ഇന്ദിരാഗാന്ധിയുടെ ജീവന്‍ രക്ഷിക്കാന്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പുറത്ത് കൂടിയ അക്രമാസക്തമായ ജനകൂട്ടം, അലറി വിളിക്കാന്‍ തുടങ്ങി ‘ഗ്യാനി മുര്‍ദാബാദ്’, ‘സിക്കുകാര്‍ രാജദോഹികള്‍’ ‘ചോരക്ക് പകരം ചോര’ തുടങ്ങിയ സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ അവിടെ മുഴങ്ങി. ഡല്‍ഹി പോലീസ് ‘ ഉണ്ടായിരുന്നെങ്കിലും അവര്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ, കാഴ്ചക്കാരായി നോക്കി നിന്നു.
കലാപകാരികൾ കത്തിച്ച ബൈക്ക്
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്ന് ആരംഭിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇന്ത്യയിലെ രണ്ട് ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമായ സിഖുകാര്‍ക്കെതിരെ ഡല്‍ഹിയില്‍ സായുധ കലാപം പൊട്ടിപ്പുറപ്പെട്ടു. ന്യൂഡല്‍ഹിയുടെ സിരാകേന്ദ്രമായ കൊണാട്ട് പ്ലെയ്‌സില്‍ കലാപകാരികള്‍ കുതിച്ചെത്തി. അല്‍പ്പ സമയത്തിനുള്ളില്‍ പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഉയരാന്‍ തുടങ്ങി. റീഗല്‍ ബില്‍ഡിംഗിലെ പ്രശസ്തമായ ഒരു കട തീയിട്ടു. കൊണാട്ട് പ്ലെയ്‌സിലെ ഏറ്റവും പ്രശസ്തമായ ‘മറീന ഹോട്ടല്‍’ അഗ്നിക്കിരയാക്കി. തീ ആളി പടര്‍ന്നു. ഒപ്പം കലാപകാരികളുടെ പ്രതികാരവും. പഹര്‍ഗഞ്ചിലെ പ്രശസ്തമായ സിഖ് ഉടമസ്ഥതതയിലുള്ള ‘സഹാനി പെയ്ന്റ്’ ഷോപ്പില്‍ അതിക്രമിച്ച് കടന്ന കലാപകാരികള്‍ ഉടമകളായ നാല് സഹോദരങ്ങളെ മര്‍ദിച്ച് അവശരാക്കി കടയ്ക്ക് തീ കൊളുത്തി. ആ അഗ്നി ഗോളങ്ങളില്‍ അവര്‍ നാലു പേരും ചുട്ടു ചാമ്പലായി.
പഹർഗഞ്ചിലെ സിക്കു സഹോദരങ്ങളുടെ കട സഹാനി പെയ്ൻ്റ് ജനക്കൂട്ടം തീയിട്ടപ്പോൾ
എഴുത്തുകാരനായ അമിതാവ് ഘോഷ് താന്‍ ദൃക്‌സാക്ഷിയായ ഒരു സംഭവത്തെ കുറിച്ച് 1995 ല്‍ ‘ദി ന്യൂയോര്‍ക്കര്‍’ മാസികയില്‍ ‘The Ghost of Mrs. Gandhi ‘ എന്നൊരു ലേഖനം എഴുതി. ഡല്‍ഹിയില്‍ സിഖുകാര്‍ക്കെതിരെ കലാപം ആരംഭിച്ചപ്പോള്‍ അന്ന് ഡല്‍ഹി സര്‍വ്വകാലാശാലയില്‍ അദ്ധ്യാപകനായിരുന്നു അമിതാവ് ഘോഷ്. ആ ദിവസം അദ്ദേഹം ബസില്‍ സഞ്ചരിക്കവേ സഫര്‍ജംഗ് എന്‍ക്ലേവില്‍ ബസ് എത്തിയപ്പോള്‍ അവിടെയുള്ള ഒരു ഓഫീസില്‍ നിന്ന്, ഒരു മധ്യവയസ്‌കന്‍ ഓടിയിറങ്ങി അമിതാവ് ഘോഷ് സഞ്ചരിക്കുന്ന ബസ്സില്‍ ചാടിക്കയറി. ഒരു ഗവണ്‍മെന്റ് ജോലിക്കാരനായ അയാള്‍ സിഖുകാരനായിരുന്നു. അയാള്‍ ആകെ ഭയന്ന് അസ്വസ്ഥനായിരുന്നു. ബസിലിരുന്ന് അയാള്‍ ചുറ്റും ദൃഷ്ടി പായിച്ചു കൊണ്ടിരുന്നു. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ റോഡില്‍ കുറെ പേര്‍ സൈക്കിള്‍ ചെയ്‌നും ഇരുമ്പു വടികളുമായി വഴിയില്‍ വാഹനങ്ങള്‍ തടയുന്ന കാഴ്ച ദൂരത്തു നിന്നേ ബസ്സിലുള്ളവര്‍ കണ്ടു. ബസ്സിലുള്ള ഒരു സ്ത്രീ ആ സിഖുകാരനോട് പറഞ്ഞു. വേഗം സീറ്റില്‍ നിന്ന് മാറി താഴെ മറഞ്ഞിരിക്കുക. അവര്‍ നിങ്ങളെ കണ്ടാല്‍ അപകടമാണ്. ഭയന്നു വിറച്ച ആ സിഖുകാരന്‍ സീറ്റിനു താഴെയുള്ള ചെറിയ വിടവില്‍ കുനിഞ്ഞ് ഇരുന്നു.
ഒരു കുട്ടം ആളുകള്‍ റോഡില്‍ ബസ് തടഞ്ഞു. അവരുടെ ബലിഷ്ഠമായ കൈത്തണ്ടയില്‍ സൈക്കിള്‍ ചെയ്‌നുകള്‍ ചുറ്റിയിരുന്നു. ബട്ടണുകള്‍ ഇടാതെ ഷര്‍ട്ട് പാതി തുറന്നു കിടന്നിരുന്ന അവരുടെ കണ്ണുകള്‍ ചുവന്നിരുന്നു. നിഷ്ഠൂരമായ മുഖഭാവമുള്ള അവര്‍ ബസിന്റെ വാതില്‍ തുറക്കാന്‍ ഡ്രൈവറോട് ആവശപ്പെട്ടു. വാതില്‍ തുറന്നപ്പോള്‍ അവര്‍ ചോദിച്ചു. ‘ഇതിനകത്ത് സിഖുകാരില്ലെ? ഡ്രൈവര്‍ ഉടനെ പറഞ്ഞു. ‘ ആരും തന്നെയില്ല.’ ഒരാള്‍ പുറത്ത് നിന്ന് ചാടി ജനവാതില്‍ വഴി ബസില്‍ നോക്കി. തലപ്പാവ് വെച്ചവര്‍ ആരെങ്കിലും ബസ്സിലുണ്ടോ എന്നായിരുന്നു അവര്‍ക്കറിയേണ്ടത്. സിഖുകാരില്ലെന്ന് കണ്ട അവര്‍ ബസ് ഉപേക്ഷിച്ച് പിന്‍തിരിഞ്ഞ് റോഡിന്റെ മറ്റ് ദിശയിലേക്ക് തിരിഞ്ഞു. സമൂഹത്തില്‍ സിഖുക്കാരെ തിരിച്ചറിയാന്‍ അവരുപയോഗിക്കുന്ന മതപരമായ ചിഹ്നം കൂടിയാണ് അവരുടെ ‘ടര്‍ബന്‍’ ഇന്നത് സിഖുകാരെ പെട്ടെന്ന് തിരിച്ചറിയാന്‍ അക്രമികളെ സഹായിക്കുന്ന അടയാളമായി മാറിയെന്നതായിരുന്നു വിരോധാഭാസം.
കൊണാട്ട് പ്ലെയ്സിലെ ഹോട്ടൽ മെറീന അഗ്നിക്കിരയാക്കിയപ്പോൾ
അന്ന് വൈകിട്ട് ഒരു മോട്ടോര്‍ ബൈക്ക് തീ വെച്ചു കൊണ്ട് സിക്കുകാരുടെ വാഹനങ്ങള്‍ തിരഞ്ഞ് പിടിച്ച് കലാപകാരികള്‍ ആക്രമണം ആരംഭിച്ചു. പോലീസ് നിഷ്‌ക്രിയരായി നിന്നതോടെ സന്ദേശം വ്യക്തമായിരുന്നു. ‘ഭരിക്കുന്നവരുടെ പിന്‍തുണ നിങ്ങള്‍ക്കുണ്ട് ,ആരംഭിച്ചോളൂ’. അങ്ങനെ അത് ആരംഭിച്ചു. ഡല്‍ഹിലെമ്പാടുമുള്ള സിഖുകാരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ തുടങ്ങി. ലൈസന്‍സുള്ള തോക്കും റിവോള്‍വറും കൈയില്‍ വയ്ക്കാന്‍ ലൈസന്‍സുള്ള സിഖുകാരുണ്ടായിരുന്നു. പോലീസുകാര്‍ അവ പിടിച്ചെടുത്ത് അക്രമികളെ വിവരം അറിയിച്ചു. പോലീസുകാര്‍ തന്നെ ഗുണ്ടകളേയും കൊലപാതികളേയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടിറക്കി. അത്തരമൊരു സംഭവമായിരുന്നു സിഖുകാര്‍ താമസിക്കുന്ന കല്യാണ്‍ പുരിയിലെ ’11ാം ബ്ലോക്കില്‍ സംഭവിച്ചത്. കല്യാണ്‍പുരിയിലെ പോലീസ് സ്റ്റേഷന്‍ ചീഫായ ത്യാഗി അവിടെയുള്ള ആയുധലൈസന്‍സ് ധാരികളായ സിഖുകാരുടെ ലിസ്റ്റ് നോക്കി. അവരോടെല്ലാം ആയുധങ്ങള്‍ സ്റ്റേഷനില്‍ ഹാജരാക്കി അടിയറ വെയ്ക്കാന്‍ ആവശ്യപ്പെട്ടു. എതിര്‍ത്തവരെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തി അത് ചെയ്യിച്ചു.
ഇത് കഴിഞ്ഞയുടന്‍ അക്രമികള്‍ കല്യാണ്‍ പുരിയില്‍ പാഞ്ഞെത്തി സിഖുകാരെ കൂട്ടക്കൊല നടത്തി. പരമ്പരാഗതമായ ലോഹപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ചില സിഖുകാര്‍ തങ്ങളുടെ പണിയായുധങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആക്രമികളുടെ ആള്‍ബലത്തിന് മുന്‍പില്‍ അത് നിഷ്പ്രഭമായി. കൊള്ളയും കൊള്ളിവെയ്പും, സ്ത്രീകളെ മാനഭംഗപ്പെടുത്തലും ആരംഭിച്ചു. വീടുകളെല്ലാം കൊള്ളയടിച്ച് തീയിടുകയെന്ന പരമ്പരാഗത കൊള്ളക്കാരുടെ രീതിയില്‍ കലാപകാരികള്‍ അഴിഞ്ഞാടി. അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചവരെ ആയുധങ്ങളുമായി കലാപം നടത്താന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി 25 ചെറുപ്പക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് ഏറ്റെ വിചിത്രം. നിരായുധരാക്കിയശേഷം ആക്രമിക്കുക എന്ന ആസൂത്രിതമായ പദ്ധതിയാണ് പോലീസിന്റെ സഹായത്തോടെ കലാപകാരികള്‍ നടപ്പിലാക്കിയതെന്ന് വ്യക്തമായിരുന്നു.
കലാപകാരികൾ തെരുവിൽ സിക്കുകാരനെ ആക്രമിക്കുന്നു.
നവംബര്‍ 1 ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ കല്യാണ്‍ പുരിയെ പ്രതിനിധികരിക്കുന്ന ഡോക്ടര്‍ അശോക് സെന്റെ നേതൃത്വത്തിലാണ് കല്യാണ്‍ പുരിയില്‍ സിഖുകാര്‍ക്കെതിരെ ആക്രമണം തുടങ്ങിയത് എന്നത് ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം വെളിപ്പെടുത്തുന്നു. 1984 നവംബര്‍ 1 ന് മൂവായിരത്തിനടുത്ത് സിഖുകാര്‍ കലാപത്തിലെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. അതില്‍ പകുതിയോളം പേര്‍ ഈസ്റ്റ് ഡല്‍ഹിയില്‍ മരിച്ചു വീണു. 26 പേരെ പോലീസ് ആക്രമങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തു. കലാപം നടത്താന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അവരെല്ലാരും സിഖുകാരായിരുന്നു എന്നതായിരുന്നു വിചിത്രം. നവംബര്‍ രണ്ടാം തീയതി ത്രിലോക് പുരിയില്‍ കലാപകാരികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു സിഖുകാരന്‍ അവിടെ നടന്ന അക്രമങ്ങളെ കുറിച്ച് ഒരു പത്രമോഫീസില്‍ നേരിട്ട് ചെന്ന് അറിയിച്ചതിനാല്‍ പത്രക്കാര്‍ ത്രിലോക് പുരിയിലെത്തി. ഭീകരമായ കാഴ്ചകളാണ് അവരവിടെ കണ്ടത്.
റോഡില്‍ പാര്‍ക്ക് ചെയ്ത ഒരു ട്രക്കില്‍ ഈച്ചകള്‍ പൊതിയുന്ന കത്തിയെരിഞ്ഞ ശരീരങ്ങള്‍ അവര്‍ കണ്ടെത്തി. അതില്‍ ഒരാള്‍ മരിക്കാതെ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയാളില്‍ നിന്ന് അവിടെ നടന്ന പൈശാചികമായ ക്രൂരകൃത്യങ്ങള്‍ പുറംലോകമറിഞ്ഞു.
അയാള്‍ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ത്രിലോക് പുരിയില്‍ വന്നതാണ്. പൊടുന്നനെ ആക്രമാസക്തരായ ഒരു ജനക്കൂട്ടം അവിടെയെത്തി ആക്രമണമാരംഭിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയടിച്ച് ക്രൂരമായി വകവരുത്തുകയായിരുന്നു. ആ വീട്ടിലെ തന്റെ ബന്ധുക്കളെ മുഴുവന്‍ അക്രമികള്‍ വകവരുത്തി. തന്നെ പിടികൂടി മണ്ണെണ ഒഴിച്ച് തീ കൊളുത്തി മറ്റ് കൊല്ലപ്പെട്ട ശവശരീരങ്ങളോടൊപ്പം ട്രക്കില്‍ വലിച്ചെറിഞ്ഞു. ഇതായിരുന്നു അയാള്‍ പറഞ്ഞതിന്റെ സാരം. ത്രിലോക് പുരിയിലെ ബ്ലോക്ക് 32 ലെ താമസക്കാരായ 400 ഓളം സിഖുകാരും ക്രൂരമായി കൊലചെയ്യപ്പെട്ടു. എല്ലാ വീടുകളും കൊള്ളയടിക്കപ്പെട്ടു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കലാപത്തിൽ കൊല്ലപെട്ട സിക്കുകാരുടെ മൃതശരീരങ്ങൾ
ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിന്റെ കിരീടം വെയ്ക്കാത്ത രാജാവായ, ഡല്‍ഹി എം.പി കൂടിയായ എച്ച്‌കെഎല്‍ ഭഗത് ഒക്ടോബര്‍ 31നും നവംബര്‍ 1 നും ത്രിലോക് പുരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചു കൂട്ടിയ ചില യോഗങ്ങളില്‍ പങ്കെടുത്ത് നിര്‍ദേശം നല്‍കി. ഇത്തരം യോഗങ്ങളില്‍ ഇരുമ്പ് ദണ്ഡുകളും, റൂള്‍ വടികളും, മണ്ണെണ്ണ ടിന്നുകളും വിതരണം ചെയ്യപ്പെട്ടു.
കോണ്‍ഗ്രസിലെ ഉന്നത നേതാക്കളായ എച്ച്‌കെഎല്‍ ഭഗത്, ജഗദീഷ് ടൈറ്റ്‌ലര്‍, കമല്‍ നാഥ്, സന്‍ജന്‍ കുമാര്‍ തുടങ്ങിയവര്‍ കലാപകാരികള്‍ക്ക് അക്രമത്തിനായി നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കി. സിഖുകാരുടെ ആരാധനാലായങ്ങളായ ഡല്‍ഹിയിലെ 72 ഗുരുദ്വാരകള്‍ കലാപകാരികള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള രക്കബ് ഗഞ്ച് ഗുരുദ്വാര ആക്രമിച്ച് കേടുപാടുകള്‍ വരുത്തി. രണ്ട് സിഖുകാരെ ജീവനോടെ അതിനുള്ളില്‍ വെച്ച് ചുട്ടു കൊല്ലുകയും ചെയ്തു. കോണ്‍ഗ്രസ് ഉന്നത നേതാവായായ കമല്‍നാഥാണ് ഈ ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
‘ഇതിനിടെ രാഷ്ട്രപതി ഭവനിലേക്ക് ഫോണിലൂടെ സഹായാഭ്യര്‍ത്ഥനകള്‍ പ്രവഹിച്ചു. സെയില്‍ സിങ്ങ് രാജീവ് ഗാന്ധിയെ ഫോണില്‍ വിളിച്ചു ഉടന്‍ തന്നെ പട്ടാളത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, തണുപ്പന്‍ പ്രതികരണമായിരുനു പുതിയ പ്രധാന മന്ത്രിയുടേത്. താന്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കയാണെന്നും മാത്രം പറഞ്ഞു. കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സെയില്‍ സിങ്ങ് തയ്യാറായെങ്കിലും, അത് വേണ്ടെന്ന് രാജീവ് ഗാന്ധി പറഞ്ഞു.
ഒടുവില്‍ സൈന്യത്തെ വിളിച്ചു. വെടിവെയ്ക്കരുത് എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫ്‌ളാഗ് മാര്‍ച്ച് മാത്രം നടത്താന്‍ നിര്‍ദ്ദേശം നല്‍കി. അതൊന്നും കലാപകാരികള്‍ക്ക് തടസ്സമായില്ല. അവര്‍ കൊല്ലപ്പെട്ടവരുടെ വസ്തു വകകള്‍ കൊള്ളയടിച്ചു.
നവംബര്‍ 1 ന് പകലും രാത്രിയും അക്രമികള്‍ അഴിഞ്ഞാടി. രാജിവ് ഗാന്ധി രാഷ്ടപതിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ നിയന്ത്രാധീനമായിട്ടുണ്ടെന്ന് സിഖുകാരുടെ നേര്‍ക്ക് ആക്രമണമൊന്നും ഇപ്പോള്‍ നടക്കുന്നില്ലന്ന് പറഞ്ഞു. തുടര്‍ന്ന് രാഷ്ട്രപതിയായ സെയില്‍ നിങ്ങിന്റെ ഓഫീസിലേക്ക് സഹായാഭ്യര്‍ത്ഥനകളുടെ ഫോണ്‍ വിളി നിലച്ചു. അദ്ദേഹത്തിന് ആരോടും ബന്ധപ്പെടാനും പറ്റാതെയായി. കാരണം അദ്ദേഹത്തിന്റെ ടെലിഫോണ്‍ ലൈനുകള്‍ക്ക് അധികാരികള്‍ നിയന്ത്രണം എര്‍പ്പെടുത്തി.
ആ സമയത്ത് കോണ്‍ഗ്രസുകാരായ സിഖുകാരെപ്പോലും തെരുവില്‍ അക്രമികള്‍ വേട്ടയാടുകയായിരുന്നു. പദവിയോ ഉദ്യോഗമോ ഒന്നും ബാധകമായിരുന്നില്ല. സിഖുകാരനാണോ? ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊല്ലുക അല്ലെങ്കില്‍ ജീവനോടെ ദഹിപ്പിക്കുക. പലയിടങ്ങളിലും സിഖുകാരെ ‘അഗ്‌നി മാല്യം’ അണിയിച്ചു. എന്ന് വെച്ചാല്‍ കത്തുന്ന ടയര്‍ കഴുത്തിലണിയിച്ചു കൊല്ലുകയെന്ന ക്രൂരമായ ചിത്രവധം. ഖാന്‍ മാര്‍ക്കറ്റിലെ സിഖുകാരുടെ കടകള്‍ കൊള്ളയടിച്ച് തീയിട്ടു നശിപ്പിച്ചു. റോഡില്‍ നിരന്ന് നിന്ന പോലീസുകാര്‍ കൈയും കെട്ടി നോക്കി നിന്നു.
സ്ത്രികളുടെ നേരെയുള്ള അക്രമം വിവരണാതീതമായിരുന്നു. ത്രിലോക് പുരിയില്‍ ബ്ലോക്ക് 32 ല്‍ നവംബര്‍ ഒന്നാം തിയതി രാവിലെ നാല്‍പ്പത്തഞ്ചുകാരിയായ ഗുര്‍ദിപ് കൗറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം യുവാക്കള്‍ അവരുടെ ഭര്‍ത്താവിനെ വെട്ടി നുറുക്കി. പിന്നിട് മക്കളുടെ മുന്‍പില്‍ വെച്ച് കൂട്ട ബലാസംഗത്തിനിരയാക്കിയ ശേഷം നാല് മക്കളേയും വെട്ടി കൊന്നു. വിവാഹം നിശ്ചയിച്ചിരുന്ന മായിന കൗര്‍ എന്ന യുവതിയെ കലാപകാരികള്‍ തട്ടി കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തു. ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും അവരുടെ മാനസിക നില അതോടെ തകരാറിലായി. പലയിടങ്ങളിലും സിഖുകാര്‍ ഹിന്ദുഭവനങ്ങളില്‍ അഭയംതേടി.
പ്രശസ്ത എഴുത്തുകാരനായ ഖുഷ്വന്ത് സിങ്ങ് ഫോണിലൂടെ രാഷ്ട്രപതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനകം രാഷ്ട്രപതിയുടെ ഫോണ്‍ ലൈന്‍ അധികാരികള്‍ സ്തംഭിപ്പിച്ചിരുന്നു. കലാപം ആരംഭിച്ചപ്പോള്‍ സ്വീഡിഷ് സ്ഥാനപതി തന്റെ കാറില്‍ വന്ന് ഖുഷ്വന്ത് സിങ്ങിനെയും ഭാര്യയേയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി സുരക്ഷിതരാക്കി. ‘ഒരു ജൂതന്‍ നാസി ജര്‍മ്മനിയില്‍ അകപ്പെട്ടപോലെയും എന്റെ രാജ്യത്തില്‍ ഞാന്‍ ഒരഭയാര്‍ഥിയായി എന്ന അവസ്ഥ പോലെയാണ് ഇത് എനിക്കനുഭവപ്പെട്ടത്’ ഖുഷ്വന്ത് സിങ്ങ് എഴുതി.
1984 നംവബര്‍ 1 ന് കലാപത്തില്‍ ഡല്‍ഹി നഗരമാകെ കത്തിയെരിഞ്ഞു കൊണ്ടിരിക്കെ പ്രതിപക്ഷത്തുള്ള ബി.ജെ.പി നേതാവും എംപിയുമായ അടല്‍ ബിഹാരി വാജ്‌പേയി ആഭ്യന്തമന്ത്രിയായ നരസിംഹ റാവുവിനെ ഫോണില്‍ വിളിച്ച് ഗുരുതരമായ സ്ഥിതി വിശേഷം ശ്രദ്ധയില്‍ പെടുത്തുകയും പട്ടാള നടപടി ഉടനടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉടനെ പട്ടാളത്തെ വിളിക്കുമെന്നും നിശാനിയമം എര്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ പി.വി. നരസിംഹ റാവുവോ അദ്ദേഹത്തിന്റെ ഓഫീസോ ഒരു സത്വര നടപടിയും സ്വീകരിച്ചില്ല.
സെയിൽ സിങ്ങിൻ്റെ കാർ
കലാപം പടരുമ്പോള്‍ പല സ്ഥലങ്ങളിലും പോലിസ് നിഷ്‌ക്രിയരായി കയ്യും കെട്ടി നോക്കി നിന്നു. മാത്രമല്ല. സ്വന്തം ജീപ്പുകളില്‍ നിന്ന് ഡീസല്‍ കൊടുത്ത് കലാപകാരികളെ സഹായിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള സംഘടിതമായ ആക്രമണം ആദ്യമായാണ് നടക്കുന്നത്. ഡല്‍ഹിയിലെ നൂറ്റമ്പതോളം ഗുരുദ്വാരകളില്‍ മുന്നില്‍ രണ്ടു ഭാഗവും നശിപ്പിക്കപ്പെട്ടു.
സിഖുകാരേയും, അവര്‍ താമസിക്കുന്ന സ്ഥലങ്ങളും കണ്ടു പിടിക്കുവാന്‍ അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ റേഷന്‍ കാര്‍ഡുകളും, വോട്ടര്‍ പട്ടികയും, സ്‌കൂള്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും എല്ലാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 31 രാത്രിയില്‍, സിഖുകാരുടെ വീടുകള്‍ കണ്ടുപിടിച്ച് ഇംഗ്ലീഷ് അക്ഷരം ‘എസ്’ എന്നു രേഖപ്പെടുത്തി. പിറ്റേ ദിവസം സിഖുകാരുടെ വീടുകള്‍ തിരിച്ചറിയാനായിരുന്നു ഇത്.
നവംബര്‍ 2-ന് ഡല്‍ഹിയിലുടനീളം കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. ഡല്‍ഹിയില്‍ സൈന്യത്തെ വിന്യസിപ്പിച്ചെങ്കിലും പോലീസിന്റെ നിസ്സഹകരണം മൂലം കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. നവംബര്‍ 3-ന് പകല്‍ സമയത്തും അക്രമങ്ങള്‍ തുടരുകയായിരുന്നു. വൈകുന്നേരത്തോടെ സൈന്യവും പ്രാദേശിക പോലീസ് യൂണിറ്റുകളും സംയുക്തമായി പ്രവര്‍ത്തിക്കാനാരംഭിച്ചു. ക്രമസമാധാനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ അക്രമങ്ങളുടെ വ്യാപ്തി കുറയുകയും പ്രശ്‌നങ്ങള്‍ നിയന്ത്രണാധീനമാവുകയും ചെയ്തു.
സാധാരണക്കാരായ സിഖുകാര്‍ വസിക്കുന്ന പ്രദേശങ്ങളായ ത്രിലോക്പുരി, ഷഹാദ്ര, ഗീതാ കോളനി, മംഗള്‍പുരി, സുല്‍ത്താന്‍ പുരി, പാലം കോളനി തുടങ്ങിയടത്തായിരുന്നു അക്രമം കേന്ദ്രീകരിച്ചിരുന്നത്. ഫര്‍ഷ് ബസാര്‍, കരോള്‍ ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് തക്ക സമയത്ത് ഇടപെട്ടതുകൊണ്ട് അക്രമസംഭവങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞു.
കലാപം ആരംഭിച്ച് നാലാം ദിവസം പിന്നിട്ടപ്പോള്‍ പോലീസും പട്ടാളവും ഒരുമിച്ചു ചേര്‍ന്ന് അക്രമത്തെ നേരിടാന്‍ തുടങ്ങി. ജനക്കൂട്ടം ശാന്തരാവാന്‍ തുടങ്ങി, വൈകുന്നേരമായപ്പോഴേക്കും, ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ടു ചെയ്തിരുന്നുള്ളു. കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും, സിവില്‍ ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റാന്‍ തുടങ്ങി.
സിഖുകാര്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശങ്ങളില്‍ മൃതശരീരങ്ങളിലോ, മൃതശരീരങ്ങളില്‍ നിന്നും വേര്‍പെട്ട ഭാഗങ്ങളിലോ ചവിട്ടാതെ നടക്കാനാവുമായിരുന്നില്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സ് എഴുതി. അക്രമികള്‍ക്കെതിരെ പോലീസ് രംഗത്തു വന്ന ഫറഷ് ബസാര്‍, കരോള്‍ബാഗ് എന്നിവിടങ്ങളില്‍ അക്രമങ്ങള്‍ കുറവായിരുന്നു. യുപിയിലെ പ്രധാന നഗരമായ ബൊക്കാറൊയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉരുക്കു നിര്‍മ്മാണ ശാലയിലെ നിരവധി എഞ്ചിനിയര്‍മാര്‍ സിഖുകാരാണന്ന ഒറ്റ കാരണത്താല്‍ ആള്‍കൂട്ടത്തിന്റെ പൈശാചികമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവണ്ടികളില്‍ സഞ്ചാരിച്ചിരുന്ന സിഖുകാരെ സ്റ്റേഷന്‍നുകളില്‍ വെച്ച് കമ്പാട്ടുമെന്റുകളില്‍ നിന്ന് വലിച്ചിറക്കി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചുട്ടു കൊന്നു. കൊച്ചു കുട്ടികളെ വരെ കലാപകാരികള്‍ വെറുതെ വിട്ടില്ല. എല്ലാ സ്ഥലങ്ങളിലും കലാപകാരികള്‍ അടിച്ച് കൊല്ലാനുപയോഗിച്ച ഇരുമ്പ് ദണ്ഡിന് ഒരേ വലിപ്പവും ആകൃതിയായിരുന്നു എന്നത് , ആസൂത്രിതമായ, സംഘടിതമായ ഒരു സംഘമാണ് കലാപത്തിന് പിന്നിലെന്ന് നിസ്സംശയം തെളിയിക്കുന്നു.
ഡല്‍ഹിയിലെ സിഖ് കലാപത്തെക്കുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്തിയ കക്ഷിരാഷ്ട്രീയമില്ലാത്ത സംഘടന പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (PUCL) പറയുന്നത് നിയമം നടത്തേണ്ട പോലീസ് സംഭവസ്ഥലത്ത് വന്നതേയില്ല. അനിഷ്ടസംഭവങ്ങള്‍ കാഴ്ചക്കാരെപ്പോലെ നോക്കി നിന്നു. എറ്റവും ഗുരുതരമായ കണ്ടെത്തല്‍ സിഖുകാര്‍ക്കെതിരെയായ ലഹളയില്‍ നേരിട്ട് പങ്കെടുക്കുകയും അക്രമികളെ സഹായിക്കുകയും ചെയ്തു എന്നതാണ്.
ജനക്കൂട്ടം ‘ഖൂന്‍ ഖാ ബദലാ ഖൂന്‍'( ചോരക്ക് പകരം ചോര) എന്ന കൊലവിളി മുഴക്കിയതൊക്കെ ദൂരദര്‍ശന്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്തതിനെ നിശിതമായി PUCL വിമര്‍ശിച്ചു. കലാപം മൂര്‍ദ്ധ്യനാവസ്ഥയിലായിരുന്ന 1984 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 വരെ പോലീസ് കലാപത്തില്‍ വഹിച്ച പങ്കിനെ അവര്‍ തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. കണ്ടെത്തുലുകളില്‍ പ്രധാനമായും മൂന്ന് വസ്തുതകളായിരുന്നു.
1. സംഭവ സ്ഥലങ്ങളില്‍ പ്രതൃക്ഷപ്പെട്ടില്ല. 2 .നിഷ്‌ക്രിയരായി നോക്കി നിന്നു. 3.സിഖുകാര്‍ക്കെതിരെയുള്ള കലാപത്തില്‍ നേരിട്ട് പങ്കെടുക്കുകയും അക്രമികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കലാപം വ്യക്തമായി ആസൂത്രണം ചെയ്തവര്‍ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ തന്നെയായിരുന്നു. എച്ച്.കെ.എല്‍ ഭഗത്, ലളിത് മാക്കന്‍, ജഗദിഷ് ടൈറ്റ്‌ലര്‍, ധരം ദാസ് ശാസ്ത്രി, സജ്ജന്‍ കുമാര്‍ തുടങ്ങിയവരൊക്കെ നേരിട്ട് പങ്ക് വഹിച്ചതാണെന്നത് തെളിവുകള്‍ സഹിതം വ്യക്തമായിരുന്നു.
പിന്നീട് ഇവരൊക്കെ ഒരു കുഴപ്പം കൂടാതെ ഉന്നത പദവികളില്‍ എത്തുകയും അധികാര കേന്ദ്രങ്ങളില്‍ സസുഖം ഭരണം നടത്തുകയും ചെയ്തു. 1984 നവംബറില്‍ രൂപീകരിച്ച മര്‍വ്വാ കമ്മീഷന്‍ തൊട്ട് 2000 ത്തില്‍ രൂപീകൃതമായ നാനാവതി കമ്മീഷന്‍ വരെ സിഖ് വിരുദ്ധ കലാപത്തില്‍ പോലീസിനും രാഷ്ട്രീയക്കാര്‍ക്കുമള്ള പങ്കിനെ കുറിച്ച് അന്വേഷിച്ചു. പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ട നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് (ഐ) നേതാക്കളായ ജഗദീഷ് ടൈറ്റ്ലര്‍ എച്ച്.കെ. എല്‍ ഭഗത് ലളിത് മാക്കന്‍ ,ജഗദിഷ് ടൈറ്റ്‌ലര്‍, ധരം ദാസ് ശാസ്ത്രി, സജ്ജന്‍ കുമാര്‍ എന്നിവര്‍ക്കും അന്നത്തെ പോലീസ് കമ്മീഷണറായിരുന്ന എസ്.സി. ടാണ്ഡനും കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി.ഈ റിപ്പോര്‍ട്ട് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കി. കലാപത്തില്‍ കോണ്‍ഗ്രസ് നേതാവായ ജഗദീഷ് ടൈറ്റ്ലറുടെ പങ്ക് എന്താണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ആരോപണമുയര്‍ന്നു. പിന്നീട് ജഗദീഷ് ടൈറ്റ്ലര്‍ക്ക് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജി വെക്കേണ്ടി വന്നു.
നിരവധി പുസ്തകങ്ങളും ചലചിത്രങ്ങളും സിഖ് കലാപത്തെ അടിസ്ഥാനമാക്കി പുറത്തു വന്നിട്ടുണ്ട്. 2007ല്‍ പുറത്ത് വന്ന മനോജ് മിത്തയും എച്ച്. എസ് ഫൂല്‍ക്കയും ചേര്‍ന്നെഴുതിയ When A Tree Shook Delhi’ The 1984 Carnage and Its Aftermath ശ്രദ്ധേയമായ പുസ്തകങ്ങളില്‍ ഒന്നാണ്. 2022ല്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ‘ജോഗി’ യാണ് ഈ വിഷയത്തിലെ പുതിയ ചിത്രം. മലയാളത്തില്‍ ഉണ്ണികൃഷ്ണന്‍ തിരുവാഴിയോടിന്റെ ‘ദൃക്‌സാക്ഷി’ സിഖ് കലാപത്തിന്റെ ആ ഇരുണ്ട ദിനങ്ങളുടെ ദുരന്ത സ്മരണ ഇരമ്പുന്ന നോവലാണ്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ ഈ നോവല്‍ ഈ വിഷയത്തിലുള്ള മലയാളത്തിലെ ഏക നോവലാണ്. എന്‍ എസ് മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍, എന്ന മലയാളം ചെറുകഥയുടെ ആവിഷ്‌കാരമാണ് ശശികുമാര്‍ സംവിധാനം ചെയ്ത ഹിന്ദി – ഇംഗ്ലീഷ് ചിത്രമാണ് ‘കായാ തരണ്‍’ ഇതേ വിഷയം കൈകാര്യം ചെയ്ത് ശ്രദ്ധേയമായ ചലച്ചിത്രമാണ്.
‘2005 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അവസാനത്തെ അന്വേഷണ കമ്മീഷനായ ജസ്റ്റിസ് ജി.ടി. നാനാവതി കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കിക്കൊണ്ട് ലോക്സഭയില്‍ പറഞ്ഞു: ‘ഇരുപത്തിയൊന്ന് വര്‍ഷം പിന്നിട്ടിട്ടും, സത്യം പുറത്ത് വന്നിട്ടില്ലെന്ന ചിന്ത ഇപ്പോഴും നിലനില്‍ക്കുന്നു.’
ഡല്‍ഹിയില്‍ ഇനിയും സ്മാരകങ്ങളുയരാത്ത, കലാപത്തില്‍ കൊലചെയ്യപ്പെട്ട ഇരുപതിനായിരത്തിലധികം സിഖുകാരുടെ സ്മരണകള്‍ക് എപ്പോഴും പ്രസക്തമായ നിര്‍വ്വചനമാണ് ആ വാചകങ്ങള്‍. Indira Gandhi assassination and 40 years of anti-sikh riots
Content Summary; Indira Gandhi assassination and 40 years of anti-sikh riots