January 21, 2025 |

നിലവാരമില്ലാത്ത കണ്ടന്റുകളുടെ സ്വാധീനം; ഓക്‌സ്‌ഫോര്‍ഡ്‌ വേര്‍ഡ്‌ ഓഫ്‌ ദി ഇയര്‍ ആയി ‘ബ്രെയിന്‍ റോട്ട്‌’

1854ല്‍ പുറത്തിറങ്ങിയ ഡേവിഡ്‌ തോറോയുടെ ‘വാള്‍ഡന്‍’ എന്ന പുസ്‌തകത്തിലാണ്‌ ആദ്യമായി ബ്രെയിന്‍ റോട്ട്‌ എന്ന പദം ഉപയോഗിച്ചത്‌

2024ലെ ഓക്‌സ്‌ഫോര്‍ഡ്‌ വേര്‍ഡ്‌ ഓഫ്‌ ദി ഇയര്‍ ആയി ബ്രെയിന്‍ റോട്ട്‌ എന്ന വാക്ക്‌ തിരഞ്ഞെടുത്തു. ഓക്‌സ്‌ഫോര്‍ഡ്‌ ഇംഗ്ലീഷ്‌ ഡിക്ഷ്ണറിയുടെ പ്രസാധകരായ ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സ്‌റ്റി പ്രസ്‌ തയ്യാറാക്കിയ ആറ്‌ വാക്കുകളില്‍ നിന്നാണ്‌ ബ്രെയിന്‍ റോട്ട്‌ എന്ന വാക്കിനെ ഈ വര്‍ഷത്തെ ഓക്‌സ്‌ഫോര്‍ഡ്‌ വേര്‍ഡ്‌ ഓഫ്‌ ദി ഇയര്‍ ആയി തിരഞ്ഞെടുത്തത്‌.സാമൂഹ്യമാധ്യമങ്ങളുടെ അമിതമായ ഉപയോഗം, അത്‌ ജനങ്ങളെ ഏതൊക്കെ തരത്തില്‍ മാനസികമായി ബാധിക്കുന്നു തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്‌ ബ്രെയിന്‍ റോട്ട്‌ എന്ന വാക്ക്‌ തിരഞ്ഞെടുത്തത്‌. Oxford word of the year 2024 

ഉപകാരപ്രദമല്ലാത്ത കാര്യത്തിന്റെ അമിതമായ ഉപയോഗം ഒരു വ്യക്തിയുടെ മാനസികവും ബൗദ്ധികവുമായ പരാജയത്തിന്‌ കാരണമാകുന്നു എന്നാണ്‌ ബ്രെയിന്‍ റോട്ട്‌ എന്ന വാക്ക്‌ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന നിലവാരമില്ലാത്ത കണ്ടന്റുകള്‍ ജനങ്ങളില്‍ വലിയ രീതിയില്‍ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അതാണ്‌ ബ്രെയിന്‍ റോട്ട്‌ വാക്കിന്‌ ഇന്നത്തെ കാലത്തുള്ള പ്രാധാന്യമെന്നും ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സ്‌റ്റി പ്രസ്‌ പറഞ്ഞു. 1854ല്‍ പുറത്തിറങ്ങിയ ഡേവിഡ്‌ തോറോയുടെ ‘വാള്‍ഡന്‍’ എന്ന പുസ്‌തകത്തിലാണ്‌ ആദ്യമായി ബ്രെയിന്‍ റോട്ട്‌ എന്ന പദം ഉപയോഗിച്ചത്‌. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും വിശകലനങ്ങളും കൂടി കണക്കിലെടുത്താണ്‌ ബ്രെയിന്‍ റോട്ട്‌ എന്ന വാക്ക്‌ തിരഞ്ഞെടുത്തത്‌.

ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സ്‌റ്റി പ്രസ്‌

‘വെര്‍ച്വല്‍ ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും നമ്മുടെ ഒഴിവുസമയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങനെ ചിലവഴിക്കുന്നുവെന്നും ചര്‍ച്ച ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. ഈ വര്‍ഷത്തെ ഏറ്റവും പ്രാധാന്യമുള്ള വാക്കായി ബ്രെയിന്‍ റോട്ട്‌ തിരഞ്ഞെടുത്തതും അതുകൊണ്ട്‌ തന്നെയാണ്‌’, ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സ്‌റ്റി ലാങ്വേജ്‌ പ്രസിഡന്റ്‌ കാസ്‌പര്‍ ഗ്രാത്ത്വോള്‍ പറഞ്ഞു. ഇപ്പോഴത്തെ തലമുറയിലുള്ളവരും ഈ വാക്കിനെ അംഗീകരിച്ചു എന്നുള്ളത്‌ എന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും കാരണം ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക്‌ വഹിക്കുന്നത്‌ അവരാണെന്നും കാസ്‌പര്‍ ഗ്രാത്ത്വോള്‍ കൂട്ടിച്ചേര്‍ത്തു. ഡെമ്യൂര്‍, ഡൈനാമിക്‌ പ്രൈസിങ്ങ്‌, ലോര്‍, റൊമാന്റസി, സ്ലോപ്‌ എന്നിവയാണ്‌ ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ ചെയ്യപ്പെട്ട മറ്റ്‌ വാക്കുകള്‍. ലെക്‌സിക്കോഗ്രാഫറായ സൂസി ഡെന്റ്‌ അധ്യക്ഷനായ നാലംഗ സമിതിയാണ്‌ വാക്കുകള്‍ ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ ചെയ്‌തത്‌. റിസ്‌, ക്ലൈമറ്റ്‌ എമര്‍ജന്‍സി തുടങ്ങിയ വാക്കുകളാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. പാന്‍ഡമിക്‌ കാലഘട്ടമായ 2021ല്‍ വാക്‌സ്‌ എന്ന വാക്കായിരുന്നു തിരഞ്ഞെടുത്തത്‌.

സ്വപ്‌നം കാണുക അല്ലെങ്കില്‍ തീരുമാനങ്ങളെ യാഥാര്‍ത്ഥ്യമാക്കുക എന്നര്‍ത്ഥം വരുന്ന മാനിഫെസ്റ്റ്‌ എന്ന വാക്കാണ്‌ കേംബ്രിഡ്‌ജ്‌ ഡിക്ഷണറി 2024ലെ വേര്‍ഡ്‌ ഓഫ്‌ ദി ഇയര്‍ ആയി തിരഞ്ഞെടുത്തത്‌. കഴിഞ്ഞ മാസം നടന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് 1,30,000 പേരാണ്‌ മാനിഫെസ്റ്റ്‌ എന്ന വാക്ക്‌ കേംബ്രിഡ്‌ജ്‌ ഡിക്ഷ്ണറിയുടെ വെബ്‌സൈറ്റില്‍ തിരഞ്ഞത്‌. Oxford word of the year 2024 

Content Summary: Influence of low quality content, brain rot became oxford word of the year 2024

×