യാതൊരുവിധ സമരമോ, പ്രതിഷേധമോ ഇല്ലാതെയാണ് ഇക്കഴിഞ്ഞ ദിവസം കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉയര്‍ത്തിയത്. പിന്നാലെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെയും ശമ്പളവും വര്‍ധിപ്പിച്ചു. സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെവി തോമസിന്റെ യാത്രാബത്തയും കുത്തനെ ഉയര്‍ത്തി.injustice of the Government, the common man struggles for fair wages
നിലവില്‍ പി.എസ്.സി ചെയര്‍മാന് പ്രതിമാസം 2.23 ലക്ഷം രൂപ വരെ ലഭിക്കുമ്പോള്‍ പുതുക്കിയ ശമ്പളപ്രകാരം നാല് ലക്ഷത്തോളം രൂപ കിട്ടുമ്പോള്‍ അംഗങ്ങള്‍ക്ക് 3.5 ലക്ഷത്തോളം രൂപയും ലഭിക്കും. പ്രതിമാസശമ്പളത്തില്‍ 1.25-1.5 ലക്ഷത്തോളം രൂപയുടെ വര്‍ധന വരുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഹൈക്കോടതിയിലെ ഗവ. പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തില്‍ നിന്ന് ഒന്നരലക്ഷമായും സീനിയര്‍ ഗവ. പ്ലീഡര്‍ക്ക് 1.10 ലക്ഷം രൂപയില്‍ നിന്ന് 1.40 ലക്ഷം രൂപയുമാണ് വര്‍ധിപ്പിച്ചത്. 2022 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളവര്‍ധനവ് നടപ്പിലാക്കുക. കെ.വി തോമസിന്റെ വാര്‍ഷിക യാത്രാബത്ത അഞ്ച് ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷമാക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയ നിയമനങ്ങളില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെല്ലാം ഉയര്‍ന്ന ശമ്പളത്തിന് പുറമെ കാറും, ഡ്രൈവറും, താമസസൗകര്യവും മറ്റ് അലവന്‍സുകളുമുണ്ട്. ഇതിനെല്ലാം പുറമെയാണ് മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ ശമ്പളവര്‍ധനവും നല്‍കുന്നത്.
ഒരു വര്‍ഷം പി.എസ്.സി അംഗമായി ഇരിക്കുന്ന ആള്‍ക്ക് പോലും ശമ്പളത്തിന്റെ 7.5 ശതമാനമാണ് അടിസ്ഥാന പെന്‍ഷന്‍. ഓരോ വര്‍ഷവും 7.5 ശതമാനം വീതം ഈ തുക വര്‍ധിക്കുകയും ചെയ്യും. പി.എസ്.സി വഴിയുള്ള തൊഴിലവസരങ്ങള്‍ പകുതിയോളം കുറഞ്ഞ കാലത്താണ് സര്‍ക്കാര്‍ ഈ ധൂര്‍ത്ത് നടത്തുന്നത് എന്നത് ഓര്‍ക്കേണ്ടതാണ്.
സെക്രട്ടേറിയറ്റിന്റെ പടിക്കല്‍ കഴിഞ്ഞ 10 ദിവസമായി ആശ വര്‍ക്കര്‍മാര്‍ രാപകല്‍ സമരം നടത്തുകയാണ്. മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്ന ഓണറേറിയം 7,000 രൂപയുടെ കുടിശിക നല്‍കണമെന്നത് ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് രാപകല്‍ സമരം നടക്കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതം ലഭിക്കുന്നതിലെ പ്രതിസന്ധിയാണ് ആശാ വര്‍ക്കര്‍മാര്‍ നേരിടുന്നതെന്നും ഡല്‍ഹിയില്‍ പോയി സമരം ചെയ്യാന്‍ തയ്യാറാണെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചത്.
കേരളം കഴിഞ്ഞ കുറേക്കാലമായി പറയുന്നതാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രം ഫണ്ട് നല്‍കുന്നില്ല എന്നും. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം വര്‍ധിപ്പിക്കുമ്പോള്‍ ഏത് ഫണ്ടില്‍ നിന്നാണ് സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്? സാധാരണക്കാരായവര്‍ക്ക് ഓണറേറിയമോ ക്ഷേമ പെന്‍ഷനോ മുടക്കം കൂടാതെ നല്‍കുന്ന കാര്യം വരുമ്പോള്‍ മാത്രം ഫണ്ടില്ല, കേന്ദ്രം നല്‍കണം എന്നും പറയുന്നതിലെ ന്യായവാദം എന്താണെന്ന് കൂടി സര്‍ക്കാര്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ആശ വര്‍ക്കര്‍മാരുടെ സമരത്തെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു. കുതിച്ചുയരുന്ന ജീവിതച്ചിലവിനിടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടം നടത്തുന്ന സാധാരണക്കാരെ പാടെ മറക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ, ക്ഷേമപെന്‍ഷനുകളും കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശികയാകുമ്പോഴാണ് പ്രബലവിഭാഗങ്ങള്‍ക്ക് വീണ്ടും വീണ്ടും വാരിക്കോരി കൊടുക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി, റേഷന്‍ കടകളിലും സിവില്‍ സപ്ലൈസുകളിലെയും ഒഴിഞ്ഞ റാക്കുകള്‍ ഇവയൊക്കെ സര്‍ക്കാരിന്റെ കടബാധ്യതയെ ആണ് വ്യക്തമാക്കുന്നത്. എന്നിട്ടും അധിക ബാധ്യതയ്ക്ക് കാരണമാകുന്ന പുതിയ ഉത്തരവുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. തൊഴിലാളി വിഭാഗത്തോടുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിബദ്ധതയും നീതിബോധവും വാക്കില്‍ മാത്രമാണ് എന്ന തിരിച്ചറിവിലേക്ക് കേരളത്തെ കൊണ്ടെത്തിക്കുന്നതാണ് ഈ നടപടികള്‍.injustice of the Government, the common man struggles for fair wages
Content Summary: injustice of the Government, the common man struggles for fair wages