ഫിലിപ്പൈൻസ് പ്രസിഡണ്ട് റോഡ്രിഗോ ഡ്യൂടെര്‍റ്റെ പതിവ് തെറ്റിച്ചില്ല. സ്ത്രീകളെ ആദരിക്കുന്ന ചടങ്ങിൽ തന്റെ പതിവുശൈലിയിൽ അത്യധികം സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തിക്കൊണ്ടാണ് റോഡ്രിഗോ പിന്നെയും വാർത്തകളിൽ നിറയുന്നത്. വനിതാദിനത്തോട് അനുബന്ധിച്ച് മിലിറ്ററിയിലെയും പോലീസിലേയും മികവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്ന വേളയിലാണ് ഈ സ്ത്രീകളെ പ്രസിഡണ്ട് അഭിസാരിക എന്നർത്ഥം വരുന്ന “പുട്ട” എന്നുൾപ്പടെ വിളിക്കുന്നത്. “നിങ്ങളെപ്പോലുള്ള തലയ്ക്ക് വെളിവില്ലാത്ത സ്ത്രീകൾ കാരണം ഇപ്പോൾ എനിക്ക് ഒന്ന് മനസ്സ് തുറന്നു സംസാരിക്കാൻ പോലും പറ്റാതെയായി. ഞാൻ പറയുന്ന ഓരോ വാക്കിനേയും നിങ്ങളിങ്ങനെ വിമർശിച്ചുകൊണ്ട് ഇരിക്കും”. രാജ്യത്തെ അഭ്യസ്ത വിദ്യരായ സ്ത്രീകൾ തിങ്ങി നിറഞ്ഞ ഒരു വലിയ സദസ്സിനെ അഭിസംബോധന ചെയ്ത് പ്രസിഡണ്ട് പ്രസംഗിക്കുന്നത് ഇങ്ങനെയൊക്കെയാണ്.
“കാത്തോലിക പുരോഹിതരിൽ നിന്നും പരമാവധി അകലം പാലിക്കണം, പെണ്ണുങ്ങളുടെ മണം അവർക്കു കിട്ടിയാൽ പിന്നെ പെണ്ണുങ്ങളെ നിങ്ങളുടെ കാര്യം തീർന്നു” എന്ന ഉപദേശം നൽകിയായിരുന്നു കഴിഞ്ഞ ആഴ്ച ഇദ്ദേഹം കുപ്രസിദ്ധി നേടിയത്. എന്താണ് നിങ്ങളുടെ പ്രസംഗങ്ങളിൽ ഇത്ര സ്ത്രീവിരുദ്ധത എന്ന ചോദ്യത്തിനുള്ള മറുപടിയും റോഡ്രിഗോ അവിടെ വെച്ച് പറയുകയുണ്ടായി.” വെറുപ്പോ? എനിക്കോ? എനിക്ക് സ്ത്രീകളെ ഭയങ്കര ഇഷ്ടമാണ്, അതുകൊണ്ടല്ലേ എനിക്ക് രണ്ട് ഭാര്യമാരുള്ളത്? എനിക്ക് പെണ്ണുങ്ങളെ ഇഷ്ടമാണെന്നും അവർ എനിക്ക് ഒരു ഹരമാണെന്നും മനസിലാക്കാൻ ഇതിലും മികച്ച തെളിവ് വേണോ? “സദസ്സിൽ ആകെ പൊട്ടിച്ചിരി പരത്തികൊണ്ടാണ് പ്രസിഡണ്ട് ഈ വില കുറഞ്ഞ, കുറച്ചുകൂടി സ്ത്രീവിരുദ്ധമായ പരാമർശം നടത്തുന്നത്.
കമ്മ്യൂണിസ്റ്റ് വിമതരായ സ്ത്രീകളുടെ യോനിയിലേക്ക് നിറയൊഴിക്കണം എന്ന പരാമർശം നടത്തിയതിനാണ് റോഡ്രിഗോ ലോകത്താകെ കുപ്രസിദ്ധി നേടിയത്. റോഡ്രിഗോയുടെ പ്രസംഗത്തിൽ അശ്ളീല പടങ്ങളുടെ ഘോഷയാത്ര തന്നെയുണ്ടാകുമെന്ന് എല്ലാവരും മുൻകൂട്ടി തന്നെ ഊഹിക്കുന്നതിനാൽ ഇപ്പോൾ ഇയാളുടെ അപകടകരമായ പരാമർശം പോലും ജനങ്ങൾ സാധാരണ സംഭവമെന്ന പോലെയാണ് കാണുന്നത്. യോനില്ലാത്ത സ്ത്രീകൾ ഒന്നിനും കൊള്ളാത്തവരാണെന്നു തുടങ്ങി, കാണാൻ കൊള്ളാവുന്ന സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെടുന്നതെന്ന് ഉൾപ്പടെയുള്ള ‘തമാശ’കളാണ് ഇയാൾ പ്രസംഗങ്ങൾക്കിടയിൽ വെച്ച് കാച്ചാറുള്ളത്. “ മരിച്ച് ഭൂമിയിലെത്തുമ്പോൾ എന്തിനാണ് കന്യകകൾ, ഇവിടെ ഭൂമിയിൽ വെച്ചല്ലേ ആ സുഖം അനുഭവിക്കേണ്ടതെന്നു” പറഞ്ഞാണ് റോഡ്രിഗോ ഇസ്ലാമിക് സ്റ്റേറ്റ്സിനെ കളിയാക്കുന്നത്. സ്ത്രീകളെ ഭോഗവസ്തുക്കളായി കാണുന്ന ആണധികാര മനോഭാവമാണ് റോഡ്രിഗോയുടെ ഓരോ പരാമർശങ്ങ ളിലും തെളിയുന്നതെന്നാണ് ലോകത്ത് പലയിടത്തും നിന്നുള്ള ആക്ഷേപം.
Leave a Comment