വ്യത്യസ്തയായൊരു മേയറെ സത്യത്തിലാരും തിരിച്ചറിഞ്ഞീലാ…
പ്രശസ്തമായൊരു മലയാളം ചലച്ചിത്ര ഗാനത്തിന്റെ ആദ്യ വരികള്‍ ചെറിയൊരു തിരുത്തോടെ ഫിലിപ്പീന്‍സില്‍ നിന്നുള്ളൊരു രാഷ്ട്രീയ വാര്‍ത്തയ്ക്ക് ഉപയോഗിക്കാം. ‘വ്യത്യസ്തയായൊരു മേയറിനെ സത്യത്തിലാരും തിരിച്ചറിഞ്ഞീലാ…’
കാര്യങ്ങള്‍ ഒരു കഥ കേള്‍ക്കുന്നതുപോലെ കൗതുകമാണ്. എന്നാല്‍ ഗൗരവമേറിയതുമാണ്.
ഫിലിപ്പീന്‍സിലെ ടര്‍ലാക് പ്രവിശ്യയിലെ നഗരമാണ് ബംബന്‍. അവിടുത്തെ മേയറായിരുന്നു ആലീസ് ഗുവോ. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായൊരു ഭരണാധികാരിയായാണ് ജനങ്ങള്‍ അവരെ കണ്ടത്. രാഷ്ട്രീയക്കാരുടെ പതിവ് ശൈലികളില്‍ നിന്ന് മാറിയായിരുന്നു ആലീസിന്റെ പ്രവര്‍ത്തികള്‍. ഉദ്ദാഹരണമായി, ക്രിസ്തുമസ് വന്നാല്‍ ആലീസ് ജനങ്ങള്‍ക്ക് പന്നിയുടെ തുടയിറച്ചിയും സ്പഗേട്ടിയും(ഇറ്റാലിയന്‍ വിഭവം) വിതരണം ചെയ്യും. സ്‌കൂള്‍ അധ്യായന വര്‍ഷം തുടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് ബാഗും നോട്ട് ബുക്കുകളും കൊടുക്കും. ഇങ്ങനെ ജനങ്ങള്‍ക്ക് അവര്‍ സഹായമനസ്‌കയായൊരു മേയറായിരുന്നു. ആലീസിനാകട്ടെ യാതൊരുവിധ രാഷ്ട്രീയ പാരമ്പര്യവുമില്ല. രാഷ്ട്രീയ കുടുംബത്തില്‍ നിന്നല്ലാതെ ഭരണരംഗത്തേക്ക് വരുന്നവര്‍ ഫിലിപ്പീന്‍സില്‍ ചുരുക്കമാണ്. ആ സാഹചര്യത്തിലാണ് ബംബനിലെ ആദ്യ വനിത മേയര്‍ ആയി ആലീസ് തെരഞ്ഞെടുക്കപ്പെടുന്നത്.
സോഷ്യല്‍ മീഡിയയിലും ഒരു ‘ഫണ്‍ ആന്‍ഡ് ഫ്രണ്ട്‌ലി’ മേയര്‍ ആയിരുന്നു ആലീസ്. ഒരു ദിവസത്തെ ജീവിതം എന്ന വീഡിയോയില്‍ അവര്‍ തന്റെ വെള്ള പൊമറേനിയന്‍ നായ്ക്കുട്ടിയെയും താന്‍ ഉപയോഗിക്കുന്ന ഷാമ്പൂവിനെയും, തനിക്കിഷ്ടപ്പെട്ട പിങ്ക് നിറത്തെക്കുറിച്ചുമെല്ലാം ആളുകളുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു.
ബാംബന്‍ അത്രകണ്ട് അറിയപ്പെടുന്നൊരു നഗരമൊന്നുമായിരുന്നില്ല. എന്നാല്‍ ആലീസ് അവിടുത്തെ മേയറായ ശേഷം പല മാറ്റങ്ങളും വന്നു. വലിയ കമ്പനികള്‍ ബാംബനില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി. മക്‌ഡൊണാള്‍ഡ് അവരുടെ ബ്രാഞ്ച് തുടങ്ങി. പ്രശസ്തമായ ഫിലിപ്പിയാനോ ശൃംഖലയായ ജോളിബീ തങ്ങളുടെയ സൂപ്പര്‍ മാര്‍ക്കറ്റ് ആദ്യമായി ബംബനില്‍ ആരംഭിച്ചു.
നാട്ടുകാരെല്ലാം നൂറ് നാവോടായാണ് അവരുടെ മേയറെക്കുറിച്ച് പറഞ്ഞിരുന്നത്. വളരെ നല്ലവളായ, കുഞ്ഞുങ്ങളോടെല്ലാം സ്‌നേഹത്തോടെ ഇടപഴകുന്നൊരാള്‍.
ഇങ്ങനെയൊക്കെ ആയിരുന്ന ആലീസ് ഗുവോയെ ഇപ്പോള്‍ കാണാനില്ല. ഫിലിപ്പീന്‍സിനെ ഞെട്ടിച്ച തട്ടിപ്പില്‍ കേന്ദ്രസ്ഥാനത്ത് ആലീസ് ഗുവോ ആണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണങ്ങള്‍ക്ക് പിന്നാലെ മേയര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. മമേയര്‍ സ്ഥാനത്ത് നിന്നും ആലീസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ച് മുതലാണ് കഥ മാറുന്നത്. പ്രസിഡന്‍ഷ്യല്‍ ആന്റി-ഓര്‍ഗനൈസ്ഡ് ക്രൈം കമ്മീഷന്‍(പിഎഒസിസി) ഉദ്യോഗസ്ഥര്‍ മേയറുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന മുന്‍സിപ്പാലിറ്റി കെട്ടിടത്തില്‍ നിന്നും 100 മീറ്റര്‍ മാറിയുള്ള വിശാലമായൊരു ഓഫിസ് കോമ്പൗണ്ടില്‍ പരിശോധന നടത്തിയതോടെയാണ് പലതും വെളിയില്‍ വന്നത്.
ബയെഫു എന്ന പേരില്‍ ഏകദേശം 20 ഏക്കറില്‍ പരന്നു കിടക്കുന്ന ആ ഓഫീസ് കോമ്പൗണ്ടില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് ആയിരത്തോളം ജോലിക്കാരെയാണ്. ഇവരില്‍ മനുഷ്യക്കടത്തിന്റെ ഇരകളായവരും ഉണ്ടായിരുന്നു. അത് മാത്രമല്ല, വലിയൊരു സാമ്പത്തിക തട്ടിപ്പിന്റെ തെളിവുകളും ഉദ്യോഗസ്ഥര്‍ക്ക് കിട്ടി. 20 ഏക്കര്‍ കോമ്പൗണ്ടിലെ നക്ഷത്ര വില്ലകള്‍, ആയിരക്കണക്കിന് ഡോളര്‍ വില വരുന്ന കോഗ്‌നാക് ബ്രാണ്ടികള്‍, വൈനുകള്‍, ആമകള്‍, ആഡംബര കാറുകള്‍, വിശാലമായ നീന്തല്‍ കുളം ഇവയൊക്കെ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു.
എല്ലാവിധ സജ്ജീകരണങ്ങളുമുള്ള ഒരു രഹസ്യ മുറി, മൂന്ന് ഭൂഗര്‍ഭ തുരങ്കപാതകളും അവിടെയുണ്ടായിരുന്നു. തേടി വരുന്നവരുടെ കൈയില്‍പ്പെടാതെ സുഗമമായി രക്ഷപ്പെടാന്‍ ഉപയോഗിക്കാവുന്നതായിരുന്നു തുരങ്കങ്ങള്‍. തുരങ്കപാതകള്‍ ചെന്നു നില്‍ക്കുന്നത് ആലീസിന്റെ ഉടമസ്ഥതയിലുള്ള ഒരു ഒഴിഞ്ഞ പ്രദേശത്തായിരുന്നു. ഇത് മാത്രമല്ല, ഈ സ്ഥലവുമായി ആലീസിനെ ബന്ധിപ്പിക്കുന്ന തെളിവ് എന്നാണ് പിഎഒസിസി വക്താവ് വിന്‍സ്റ്റണ്‍ കാസിയോ പറയുന്നത്. പരിശോധനയില്‍ ആലീസിന്റെ പേരിലുള്ള കറന്റ് ബില്ല് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടുണ്ട്. കൂടാതെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ രജിസ്‌ട്രേഷനും ആലീസിന്റെ പേരിലാണ്.
ബയെഫുവിന്റെ 50 ശതമാനം ഉടമസ്ഥാവകാശം ആലീസ് ഗുവോയുടെ പേരിലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആലീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്, മേയര്‍ ആകുന്നതിന് മുമ്പ് തന്നെ താനത് വിറ്റിരുന്നുവെന്നാണ്. പരിശോധനയില്‍ കണ്ടെത്തിയ വാഹനവും താന്‍ മുന്‍പേര്‍ വിറ്റതാണെന്ന വാദം കൂടി ആലീസ് ഉയര്‍ത്തിയിട്ടുണ്ട്.
ആലീസ് ഗുവോയുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 17 വയസ് ആകുന്നതുവരെ ആലീസിന്റെ ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നു. മാത്രമല്ല, സഹോദരങ്ങളെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ വൈരുദ്ധ്യവുമുണ്ട്. ഫിലിപ്പീന്‍സ് സ്വദേശിയായ അമേലിയ ലീല്‍ എന്നാണ് അമ്മയുടേ പേര് പറയുന്നതെങ്കിലും ജനനരേഖകളില്‍ അങ്ങനെയൊരു പേരില്ല. ഫിലിപ്പീന്‍സുകാരനായാണ് അച്ഛനെ രജിസ്റ്ററില്‍ പറയുന്നതെങ്കിലും ഗുവോ പറഞ്ഞിട്ടുള്ളത് അച്ഛന്‍ ചൈനക്കാരനാണെന്നാണ്. ഇത്തരത്തില്‍ പലവിധ സംശയങ്ങളും അവരുടെ ജനന വിവരങ്ങളുമായി ബന്ധപ്പെട്ടുണ്ടെന്നാണ് സെനറ്റര്‍മാരുടെ ആക്ഷേപം.
സെനറ്റര്‍മാരുടെ മുന്നില്‍ ഹാജരായ സമയത്ത് തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു ആലീസിന്. ബാംബനിലെ ഒരു പന്നി ഫാമിലായിരുന്നു തന്റെ ബാല്യകാലമെന്നാണ് അവര്‍ പറഞ്ഞത്. വിദ്യാഭ്യാസത്തെ കുറിച്ച് ആലീസ് പറഞ്ഞതിലും പല വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നാണ് അവരുടെ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച ഒരു സെനറ്റര്‍ പറയുന്നത്.
ആലീസ് ഗുവോയെക്കുറിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാഡ് മാര്‍ക്കോസ് ജൂനിയര്‍ കഴിഞ്ഞ മേയില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. അവള്‍ എവിടെ നിന്നാണ് വരുന്നതെന്ന കാര്യത്തില്‍ ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണെന്നായിരുന്നു പ്രസിഡന്റ് പറഞ്ഞത്. ടര്‍ലാക് പ്രവിശ്യയില്‍ നിന്നുള്ള രാഷ്ട്രീയക്കാരെയെല്ലാം തനിക്കറിയാമെങ്കിലും ആലീസിനെ കുറിച്ച് അവ്യക്തതയാണുള്ളതെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
ആലീസിന്റെ തെരഞ്ഞെടുപ്പ് രേഖകള്‍ പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് അവളുടെ വിരലടയാളങ്ങള്‍ ഒരു ചൈനക്കാരിയുടെതാണെന്നായിരുന്നു. സെനറ്റര്‍ റിസ ഹോന്റിവെറോസ് ആലീസിനെതിരേ ഗുരുതരമായ പല ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഒരു ഫാമില്‍ വളരുകയും നഴ്‌സറി ക്ലാസുകള്‍ മുതല്‍ ഹൈസ്‌കൂള്‍ തലം വരെ ഒറ്റയ്ക്ക് പഠിച്ചുവെന്ന് അവകാശപ്പെടുകയും എന്നാല്‍ കോളേജില്‍ പോയിട്ടില്ലാത്തതുമായ ആലീസ് ഗുവോ യഥാര്‍ത്ഥത്തില്‍ ഒരു ചൈനീസ് ചാരയാണോ എന്നാണ് റിസയുടെ ആദ്യ ചോദ്യം. അതോ അവര്‍ കള്ളപ്പണക്കാരിയോ, അല്ലെങ്കില്‍ മനുഷ്യക്കടത്ത് നടത്തുന്നവളോ? ഇതിലൊന്നുമല്ലേ? അതോ ഇതില്‍ ഏതെങ്കിലുമാണോ? അല്ലെങ്കില്‍ ഇതിലെല്ലാത്തിനും മുകളില്‍ ആരെങ്കിലുമാണോ? റിസയുടെ ചോദ്യങ്ങളാണ്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ആലീസ് നിഷേധിച്ചിരുന്നു. താന്‍ ചൈനീസ് ചാരയല്ലെന്നാണ് അവര്‍ പറഞ്ഞത്. ഒരു ചൈനക്കാരന് അയാളുടെ ഭാര്യയുടെ സഹായിയായിരുന്ന ഫിലിപ്പീന്‍സുകാരിയില്‍ ജനിച്ച കുട്ടിയാണ് താനെന്നും, താന്‍ ഫിലിപ്പീന്‍സുകാരി തന്നെയാണെന്നുമായിരുന്നു ആലീസ് വാദിച്ചത്. ബാംബനില്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു പന്നി ഫാമിലായിരുന്നു വളര്‍ന്നത്. വീട്ടിലിരുന്നായിരുന്നു വിദ്യാഭ്യാസം, റൂബിലിന്‍ എന്ന അധ്യാപികയായിരുന്നു പഠിപ്പിച്ചതെന്നും, ആലീസ് തന്റെ വിവരങ്ങളായി പങ്കുവയ്ക്കുന്നു.
സെനറ്റര്‍മാര്‍ക്ക് മുന്നില്‍ ഹാജരായി വിവരങ്ങള്‍ കൈമാറുന്നത് ആലീസ് നിര്‍ത്തിയിരുന്നു. അവരുടെ അഭിഭാഷകന്‍ അതിന് കാരണമായി പറഞ്ഞത്, ആ പ്രവര്‍ത്തികള്‍ അവരെ മനസികമായി വളരെയേറി തളര്‍ത്തി കളഞ്ഞുവെന്നാണ്. സോഷ്യല്‍ മീഡിയ വഴി അവര്‍ വലിയ തോതില്‍ അധിക്ഷേപിക്കപ്പെടുന്നുണ്ടെന്നും ജനങ്ങള്‍ അവരെ പരിഹസിക്കുകയാണെന്നും അഭിഭാഷകന്‍ പരാതിപ്പെട്ടിരുന്നു.
ആലീസ് ഗുവോയുടെ വിഷയം ഉയര്‍ന്നു വരുന്നത് ചൈന-ഫിലിപ്പീന്‍സ് ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ്. തെക്കന്‍ ചൈന കടലില്‍ ബിജീംഗിന്റെ പ്രകോപനപരമായ ഇടപെടലിനെതിരേ മനില പ്രതിഷേധം ഉയര്‍ത്തുകയാണ്.
സെനറ്റിന് മുന്നില്‍ ഹാജരാകാത്തതിന്റെ പേരില്‍ ആലീസിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിന് കേസ് ചുമത്താന്‍ പ്രോസിക്യൂട്ടര്‍ ഓഫിസിന്റെ അനുമതി തേടിയിരിക്കുകയാണ് പിഎഒസിസി ഉദ്യോഗസ്ഥര്‍.
അതേസമയം, ആലീസിന്റെ നഗരത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും അവരെ കുറിച്ച് നല്ലതാണ് പറയാനുള്ളത്. സെനറ്റര്‍മാരുടെ വിചാരണ കണ്ടു നില്‍ക്കാന്‍ കഴിയാത്തവിധം വേദനാജനകനായിരുന്നുവെന്നാണ് മുതിര്‍ന്ന പൗരന്മാരുടെ സംഘടനയുടെ പ്രസിഡന്റും പ്രദേശവാസിയുമായ റുബെന്‍ ബലഗ്ടാസ് ദ ഗാര്‍ഡിയനോട് പറഞ്ഞത്. ആലീസിന്റെ പന്നി ഫാമിന് സമീപമാണ് റുബന്‍ താമസിക്കുന്നത്. 14 വയസ് മുതല്‍ ആലീസിനെ തനിക്ക് അറിയാമെന്നാണ് റുബന്‍ പറഞ്ഞത്. പലവ്യഞ്ജനങ്ങളൊക്കെ അവള്‍ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമായിരുന്നു. ഈ നഗരത്തിവേണ്ടി നല്ലതെന്തെങ്കിലും ചെയ്തിരിക്കുന്നത് അവള്‍ ഒരാള്‍ മാത്രമാണെന്നും റുബന്‍ പറയുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ സത്യമുണ്ടോ എന്നറിയില്ലെന്നാണ് റുബന്‍ പറഞ്ഞത്. അതൊക്കെ അവള്‍ ചെയ്‌തെന്നു വിശ്വസിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ആ വൃദ്ധന്‍ പറയുന്നു.
മാര്‍ച്ചില്‍ മലേഷ്യന്‍ എംബസിയില്‍ നിന്ന് കിട്ടിയ ഒരു വിവരത്തെ തുടര്‍ന്നായിരുന്നു ബയെഫുവില്‍ പരിശോധന നടത്താന്‍ പിഎഒസിസി തീരുമാനിക്കുന്നത്. തങ്ങളുടെ ഒരു പൗരന്‍ അവിടെ കുടുങ്ങിയിട്ടുണ്ടെന്നും അപകടത്തിലാണെന്നുമായിരുന്നു മലേഷ്യന്‍ എംബസി വിവരം നല്‍കിയത്. ബയെഫു ആ സമയത്ത് ഫിലിപ്പീന്‍ ഓഫ്‌ഷോര്‍ ഗെയിമിംഗ് കമ്പനിയായ സുന്‍ യുവാന്‍ ടെക്‌നോളജിയുടെയും, പോഗോ എന്ന പേരില്‍ നടക്കുന്ന ചൈനീസ് നിയന്ത്രണത്തിലുള്ള നിയമവിരുദ്ധ ചൂതാട്ടത്തിന്റെയും കേന്ദ്രങ്ങളായിരുന്നു.
ബയെഫുവില്‍ നിന്ന് രക്ഷപ്പെട്ട മലേഷ്യന്‍ പൗരന്‍ ഒബ്‌സര്‍വറിനോട് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. തന്റെയൊരു പഴയകാല സഹപ്രവര്‍ത്തകനെ കാണാനും അവനുമൊന്നിച്ച് പുതുവര്‍ഷം ആഘോഷിക്കാനുമാണ് ബംബാനിലെത്തിയത്. സുഹൃത്തിനെ കാണാനായി ബയേഫുവില്‍ എത്തിയശേഷമാണ് താന്‍ ചതിക്കപ്പെട്ടത്. 300,000 ഫിലിപ്പീന്‍സ് പെസോസിന് താന്നെയവിടെ വിറ്റെന്നാണ് അയാള്‍ പറയുന്നത്. അവിടെ നിന്ന് പുറത്തു കടക്കണമെങ്കില്‍ അവര്‍ പറയുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തണമായിരുന്നു. അയാള്‍ക്ക് കിട്ടിയിരുന്ന ജോലി, വരന്മാരെ അന്വേഷിച്ച് മാതാപിതാക്കള്‍ ചൈനീസ് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആ വിവരങ്ങള്‍ കണ്ടെടുത്ത് മാതാപിതാക്കളെ ബന്ധപ്പെടണം. ഫോണ്‍ വിളിച്ചും മെസേജ് അയച്ചുമൊക്കെ പടിപടിയായി അവരുമായി ബന്ധം സ്ഥാപിക്കണം. എന്നിട്ട് അവരെക്കൊണ്ട് ഓണ്‍ലൈന്‍ തട്ടിപ്പ് സംരംഭങ്ങളില്‍ മുതല്‍മുടക്കിക്കണം. ഓരോ ജോലിക്കാരനും നിശ്ചിത ടാര്‍ഗറ്റ് ഓരോ മാസവും നിശ്ചയിച്ചിട്ടുണ്ട്. ഇത് തികയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കടുത്ത ശിക്ഷ കിട്ടും. നൂറു തവണ ഇരിക്കുകയും നില്‍ക്കുകയും ചെയ്യിപ്പിക്കു, മര്‍ദ്ദിക്കുക തുടങ്ങിയ ശാരീരികോപദ്രവങ്ങളായിരുന്നു ഏല്‍ക്കേണ്ടി വരുന്നത്.
ഒരു ദിവസം അയാള്‍ക്ക് മലേഷ്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സാധിച്ചു. അങ്ങനെയാണ് അയാള്‍ ഉള്ള സ്ഥലം ട്രാക്ക് ചെയ്യാന്‍ കഴിയുന്നത്. തനിക്ക് അവിടെ നേരിടേണ്ടി വരുന്ന പീഡനങ്ങളെല്ലാം ചിത്രങ്ങള്‍ സഹിതം അയാള്‍ എംബസി ഉദ്യോഗസ്ഥനെ അറിയിച്ചു. അന്നേ ദിവസം രാത്രി തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിച്ചേരുകയും മലേഷ്യന്‍ പൗരനെ രക്ഷപ്പെടുത്തുകയും ചെയ്തു. പിഎഒസിസിയുടെ പരിശോധനയോടെ ബയെഫു ഇപ്പോള്‍ വിജനമാണ്. ഈ സ്ഥലം ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്.
ആലീസിന് പകരം ബംബന്റെ ആക്ടിംഗ് മേയറായി ചുമതലയേറ്റിരിക്കുന്ന ലിയോനാര്‍ഡോ അനുന്‍ഷ്യാനോ, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്, തന്റെ മുന്‍ഗാമി ദയാലുവായ വ്യക്തിയായിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നുമായിരുന്നു.
പ്രദേശവാസികള്‍ ചിലര്‍ ഗാര്‍ഡിയനോട് പറയുന്നത്, അവരെ സംബന്ധിച്ച് ആലീസ് ഗുവോയ്ക്കുണ്ടായിരുന്നത് ഒരു റോബിന്‍ ഹുഡ് പരിവേഷമായിരുന്നുവെന്നാണ്. ഫിലിപ്പീന്‍സുകാരില്‍ പകുതിയിലേറെയും പട്ടിണിക്കാരാണെന്നും അങ്ങനെയുള്ളൊരു നാട്ടില്‍ ഒരു പ്രാദേശിക ഭരണാധികാരി ഇത്തരം നന്മകള്‍ ചെയ്യുന്നത് വലിയ കാര്യമാണെന്നും ആളുകള്‍ പറയുന്നു. 2022 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്റെ പിങ്ക് പങ്കകളുള്ള കറുത്ത ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ ആലീസിനെ കരിമരുന്ന് പ്രയോഗങ്ങളൊരുക്കിയും ഡിജെ പാര്‍ട്ടി നടത്തിയുമൊക്കെ സ്വീകരിച്ചതിനെ കുറിച്ചും നാട്ടുകാര്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം ബയെഫുവില്‍ നടക്കുന്ന സമാനമായ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തെക്കനേഷ്യയില്‍ സമീപകാലത്ത് വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിലൊന്ന് പന്നി കശാപ്പുകളില്‍ നടക്കുന്ന അഴിമതിയാണ്. മറ്റൊന്ന് നിയമവിരുദ്ധ ചൂതാട്ടങ്ങളാണ്. ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഇതിനെതിരേ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചു നടപ്പിലാക്കി വരുന്നുണ്ട്.
ബംബനില്‍ നടക്കുന്ന അഴിമതികള്‍ക്ക് പിന്നില്‍ വിദേശ ഇടപെടലുകളുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആലീസ് ഗുവോയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് സെനറ്റര്‍മാര്‍ ഈ പരാതി ഉയര്‍ത്തുന്നത്. ജനനവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കലതാമസം അംഗീകരിക്കരുതെന്നാണ് സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്. നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അടുത്തിടെ അറിയിച്ചത് അവരുടെ പരിശോധനയില്‍ ഒരു മുന്‍സിപ്പാലിറ്റിയില്‍ തന്നെ 200 വ്യാജ ജനനവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കണ്ടെത്തിയെന്നാണ്. അതില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നുള്ളവരായിരുന്നു. ഇത്തരം വ്യാജരേഖകള്‍ അംഗീകരിച്ച് കിട്ടുന്നതിലൂടെ അവര്‍ക്ക് ഫിലിപ്പീന്‍സ് പാസ്‌പോര്‍ട്ടിന് അനുമതി ലഭിക്കുകയും അതേപോലെ വോട്ട് ചെയ്യാനുള്ള അര്‍ഹത ഉണ്ടാവുകയും ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
അനധികൃതമായ രേഖകള്‍ വഴി പാസ്‌പോര്‍ട്ടുകള്‍ നേടിയെടുക്കുന്നവര്‍ക്ക് നിയമത്തിന്റെ കൈയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നുണ്ട്. അതുപോലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം, വ്യക്തിത്വം മാറ്റിയെടുക്കാന്‍ സഹായിക്കുന്ന സൗന്ദര്യവര്‍ദ്ധക സ്ഥാപനങ്ങളാണ്. ആളുകളുടെ രൂപം തന്നെ മാറ്റിക്കൊടുക്കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍. അതുവഴി പുറത്തു നിന്നും എത്തുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയും.
ആലീസ് ഗുവോ രാജ്യം വിട്ടിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുവരെ അവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അവരെ ഞങ്ങള്‍ക്ക് പിടികൂടാന്‍ സാധിക്കും. സൈന്യവും പൊലീസും അവര്‍ക്ക് പിന്നാലെ തന്നെയുണ്ട് എന്നാണ് ഇമിഗ്രേഷന്‍ വകുപ്പില്‍ നിന്നും ഗാര്‍ഡിയന് കിട്ടിയ പ്രതികരണം. ആലീസ് മെട്രോ മനിലയില്‍ ഉള്ളതായി സൂചനകളുണ്ടെന്നാണ് പറയുന്നത്. അവര്‍ ബംബനില്‍ ഉണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥര്‍ തീര്‍ത്തും തള്ളിക്കളയുന്നുണ്ട്. ഇപ്പോള്‍ മേയറുടെ ഓഫിസില്‍ ഏതാനും പ്ലാസ്റ്റിക് കസേരകളും ഒരു ടോസ്റ്റര്‍ ഓവനും ജീവനക്കാരുടെ ആരുടെയോ വസ്ത്രവും മാത്രമാണുള്ളത്. അതിനെല്ലാം തന്നെ പിങ്ക് നിറമാണ്. പിങ്ക് ആണ് ആലീസിന്റെ ഇഷ്ടനിറം. The mystery of Alice Guo, the missing Mayor of Philippines Bamban town
Content Summary; The mystery of Alice Guo, the missing Mayor of Philippines Bamban town