‘ഞങ്ങൾക്ക് മക്കളെ പോലായിരുന്നു. ഞങ്ങൾക്കും മുൻപേ 400 വർഷമായി ഈ ലോകം കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങളുടെ മക്കൾ. പെട്ടെന്ന് അത് നഷ്ടപ്പെടുമ്പോൾ എന്റെ തന്നെ ഒരു അവയവം മുറിഞ്ഞ് പോയ പോലെ തോന്നുന്നു. എല്ലാ ദിവസവും വല്ലാതെ മിസ് ചെയ്യുന്നു’ വീട്ടുവളപ്പിൽ നിന്ന് കളവുപോയ ബോണ്‍സായി മരത്തെ കുറിച്ച് ജാപ്പനീസ് ദമ്പതിമാരായ സെയ്ജി ലിമുറയും, ഫ്യൂയുമി ലിമുറയും പറയുന്നതിങ്ങനെയാണ്. അഞ്ച് തലമുറകളായി വളർത്തിക്കൊണ്ടു വന്ന ബോൺസായ് മരം ഷിംപാക്കു ആരോ മോഷ്ടിച്ചെന്ന വിവരം ഞെട്ടലോടെയാണ് ഇവർ ഒരു ദിവസം തിരിച്ചറിഞ്ഞത്. മറ്റ് ബോൺസായ് വൃക്ഷങ്ങളും മോഷണം പോയി. മോഷണം പോയ മരങ്ങൾക്ക് എല്ലാം കൂടി ഏകദേശം 90000 ഡോളർ അഥവാ 10 മില്യൺ യെൻ എങ്കിലും വില വരും. ലിമുറയുടെ തോട്ടത്തിന് ചുറ്റും മതിലുകളോ വേലികളോ ഒന്നും കെട്ടിയിരുന്നില്ല. ആരെങ്കിലും ഒരിക്കൽ വന്ന് താൻ ജീവൻ പോലെ പരിപാലിച്ചിരുന്ന 400 വർഷം പഴക്കമുള്ള മരങ്ങൾ മോഷ്ടിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല എന്നാണ് ഇയാൾ പറയുന്നത്.
ജപ്പാനിലെ ടോക്കിയോ നഗരത്തിനടുത്തുള്ള കവാഗച്ചിയിലാണ് വർഷങ്ങൾ പഴക്കമുള്ള ബോൺസായ് വൃക്ഷങ്ങളെ ഈ ദമ്പതികൾ സ്വന്തം മക്കളെപ്പോലെ പരിപാലിച്ചത്. ബോൺസായ് വൃക്ഷങ്ങളെ പരിപാലിക്കുന്നത് ഒരു കല തന്നെയാണെന്നാണ് ഇവരുടെ അഭിപ്രയാസം. വെറുതെ വെള്ളമൊഴിച്ചാൽ മാത്രം പോരാ, കുറച്ച് വൈകാരികമായിക്കൂടി ഈ ചെറുമരങ്ങളെ സമീപിക്കണം. ഈ കുഞ്ഞുമരങ്ങളുമായി കൂട്ടുകൂടണം. വിശേഷങ്ങൾ പറയണം. ഈ മരങ്ങൾക്ക് അതൊക്കെ കേൾക്കാനാകും. 5 തലമുറകളും അങ്ങനെത്തന്നെയാണ് ഈ വൃക്ഷത്തെ പരിപാലിച്ചത്. അത് തെറ്റായ ആളുടെ കൈകളിലെത്തുന്നത് ഈ ദമ്പതികൾക്ക് ഓർക്കാൻ കൂടി പ്രയാസമാണെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. മരം മോഷ്ടിച്ച ആളിനെ കണ്ടെത്താൻ ഇവർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇനിയെങ്കിലും തോട്ടത്തിന് വേലി കെട്ടുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് 55 കാരനായ സെയ്‌ജി ലിമുറ.