സ്‌ക്രിപ്റ്റില്‍ കാണാതിരുന്ന, തരുണ്‍ മനസില്‍ കണ്ട ബെന്‍സിന്റെ സ്വന്തം ഷാജി

ലാലേട്ടനെ സോപ്പിടാനല്ല, ആ പോസ്റ്റ് ഒരു ദിവസംകൊണ്ട് എഴുതിയുണ്ടാക്കിയതുമല്ല

ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ നടനാണ് ഇര്‍ഷാദ് അലി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഇര്‍ഷാദ്, തരുണ്‍ മൂര്‍ത്തിയുടെ തുടരും എന്ന ചിത്രത്തിലും ശ്രദ്ധനേടുകയാണ്. നായകനായും, വില്ലനായും, തമാശക്കാരനായുമൊക്കെ നമ്മള്‍ ഇര്‍ഷാദിനെ കണ്ടിട്ടുണ്ട്. തുടരും എന്ന ചിത്രത്തില്‍ ബെന്‍സിന്റെ സ്വന്തം ഷാജിയായിട്ടാണ് ഇര്‍ഷാദ് എത്തുന്നത്. നമുക്ക് ചുറ്റും കാണുന്ന പല ആളുകളുടെയും മുഖമാണ് ഷാജിയ്ക്ക്. നല്ല കഥാപാത്രങ്ങളുമായി താന്‍ ഇനിയും മലയാള സിനിമയില്‍ തുടരും എന്നുറപ്പിക്കുകയാണ് ഇര്‍ഷാദ്.Interview with Irshad Ali thudarum

എന്താണ് തുടരും

തുടരും എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ മുഴുവന്‍ സ്‌ക്രിപ്റ്റും ഞാന്‍ വായിച്ചിരുന്നു. അപ്പോഴെ എന്റെ മനസില്‍ തോന്നിയത് ഈ ചിത്രം മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരു ഹിറ്റ് ഉണ്ടാക്കുമെന്നതായിരുന്നു. ഞാന്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച ഒരു ചിത്രമായിരുന്നു ദൃശ്യം. ദൃശ്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം സന്തോഷവുമുണ്ട്. ഇത് അടുത്ത ഒരു ദൃശ്യമാകാന്‍ സാധ്യതയുണ്ടെന്ന് എന്റെയുള്ളില്‍ തോന്നിയിരുന്നു. എന്നാല്‍ സിനിമയുടെ ടീമോ, ആരും തന്നെ അത്തരത്തിലൊരു കാര്യം എവിടെയും പറഞ്ഞിരുന്നില്ല. ഒരു സാധാരണ ഫീല്‍ ഗുഡ് മൂവി എന്ന നിലയിലായിരുന്നു പ്രമോഷനടക്കം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ മലയാള സിനിമയ്ക്കുള്ള ‘തുടരും’ ആണ് തുടരും എന്ന ചിത്രം.

വലിയ വിവാദങ്ങള്‍, പ്രശ്‌നങ്ങള്‍, മാസാമാസങ്ങളില്‍ നിര്‍മാതാക്കളുടെ സ്റ്റേറ്റ്‌മെന്റുകള്‍ ഇറക്കല്‍, മലയാള സിനിമയില്‍ ലാഭമുണ്ടാകുന്നില്ല നഷ്ടങ്ങളുടെ കണക്കുകള്‍ പറയുന്നു നിരവധി ആരോപണങ്ങള്‍ മലയാള സിനിമ മേഖല നേരിട്ടിരുന്നു. ഇത്തരത്തില്‍ ഓടിടിയും സാറ്റലൈറ്റും ഓവര്‍സീസും പോലുള്ള മറ്റ് ബിസിനസുകള്‍ ഒന്നും ആലോചിക്കാതെ ഇന്‍ഡസ്ട്രി ശോചനീയാവസ്ഥയിലൂടെ കടന്ന് പോകുന്നു എന്ന് പറഞ്ഞവരോട് മലയാള സിനിമ വലിയ രീതിയില്‍ പ്രേക്ഷക പിന്തുണയോടെ തുടരും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തുടരും എന്ന സിനിമ.

പലതാകുന്ന മോഹന്‍ലാല്‍

എനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ആയ നടനാണ് ലാലേട്ടന്‍. ലാലേട്ടന്റെ കൂടെ അഭിനയിച്ച് ഹിറ്റുകളുണ്ടാക്കാന്‍ കഴിഞ്ഞു എന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് എല്ലാ തരത്തിലുള്ള ലാലേട്ടനെയും ഇഷ്ടമാണ്. ലാലേട്ടന്‍ കരഞ്ഞാല്‍ നമ്മളും കരയും, ലാലേട്ടന്‍ മുണ്ട് മടക്കി കുത്തിയാല്‍ നമ്മളും മടക്കി കുത്തും, ആ രീതിയില്‍ എല്ലാ വികാരങ്ങളെയും ലാലേട്ടന്‍ അവതരിപ്പിക്കുന്നത് കണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യനാണ് ഞാന്‍, ലാലേട്ടന്റെ കരച്ചില്‍, ചിരി, കുസൃതി, അടി എല്ലാം കാണാന്‍ താല്‍പര്യമുള്ള ആളാണ്. ലാലേട്ടന്‍ ഒരു വലിയ അത്ഭുതമാണ് എപ്പോഴും, നമ്മൊളൊക്കെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന ലോകത്ത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്.

അദ്ദേഹത്തിന്റെ കൂടെ കുറേ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ലാലേട്ടനുമായുള്ള എന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. അതിന്റെ കമന്റ് ബോക്‌സില്‍ വന്ന് ഒരാള്‍ പറഞ്ഞത്, ലാലേട്ടനെ സോപ്പിടാന്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്നായിരുന്നു. എന്നാല്‍ എന്റെ എഴുത്തില്‍ ഒരു തരി പോലും കള്ളമില്ല, എല്ലാം എന്റെ അനുഭവങ്ങളാണ്. സത്യത്തില്‍ ആ പോസ്റ്റ് ഞാന്‍ അന്ന് ഒരു ദിവസം കൊണ്ട് എഴുതി ഉണ്ടാക്കിയതല്ല. ഈ സിനിമ റിലീസിന് മുന്‍പ് അത് പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നു. സിനിമയില്‍ ഷാജി എന്ന കഥാപാത്രം ഒരുപാട് അഭിനയ പ്രാധാന്യമുള്ളതായിരുന്നില്ല. പക്ഷെ ഷാജിയുണ്ട് എല്ലായിപ്പോഴും ഷണ്‍മുഖന്റെ കൂടെ നില്‍ക്കാന്‍. എനിക്ക് ഉറപ്പുണ്ട് ഈ സിനിമ വലിയ ഹിറ്റാകുമെന്ന്, മാത്രമല്ല കുറേ കാലമായുള്ള എന്റെ തോന്നലാണ് ലാലേട്ടനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതി ഇടണമെന്നത്.

ഷാജിയിലേക്കെത്തുമ്പോള്‍

ഷാജി എന്ന കഥാപാത്രത്തെ എനിക്ക് കൊണ്ടുതരുന്നത് തരുണ്‍ ആണ്. ഷാജി എന്ന കഥാപാത്രം, സ്‌ക്രിപ്റ്റ് വായിച്ചാല്‍ ഒന്നു രണ്ട് സ്ഥലത്തൊക്കെ കാണാം എന്നതേ ഉണ്ടായിരുന്നുള്ളു. തരുണ്‍ എന്നോട് പറഞ്ഞു, ഇക്ക സ്‌ക്രിപ്റ്റ് നോക്കണ്ട സിനിമയില്‍ വരുമ്പോള്‍ ഷാജി ഉടനീളമുണ്ടാകും. അല്ലെങ്കില്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോകുമ്പോള്‍ ഷാജി, ഷണ്‍മുഖത്തോടൊപ്പം എല്ലാവരുടെയും മനസില്‍ ഇടംപിടിക്കുമെന്ന്. അത് ശെരിക്കും എനിക്ക് തന്നൊരു ട്വിസ്റ്റ് ആണ്. ഓപ്പറേഷന്‍ ജാവ കഴിഞ്ഞിട്ട്, സൗദി വെള്ളക്കയും കഴിഞ്ഞ് തുടരും സിനിമയുടെ ആലോചന നടക്കുമ്പോൾ ഇക്കയ്ക്ക് വേണ്ടി ഒരു സിനിമ മാറ്റി വച്ചിട്ടുണ്ടെന്ന് തരുണ്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഷാജിയെ കാണാനില്ലല്ലോടാ സ്‌ക്രിപ്റ്റില്‍ എന്ന് ഞാന്‍ ചോദിച്ചു. ”ഷാജിയെ സ്‌ക്രിപ്റ്റില്‍ കാണാന്‍ പറ്റില്ല ഇക്ക, ഷാജി എന്റെ മനസിലാണ്.” എന്നായിരുന്നു തരുണിന്റെ മറുപടി. പക്ഷെ ഞാന്‍ പോലും സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, സിനിമയില്‍ ഇത്രയധികം ഷാജിയോ. ഉള്ളില്‍ വല്ലാത്ത സന്തോഷം തോന്നി, തരുണിനെ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ തോന്നിയ ഒരു നിമിഷമായിരുന്നു അത്.

ഇതിന് മുന്‍പ് ഞാനും ലാലേട്ടനും ഒരുമിച്ച് ചെയ്ത ബിഗ് ബ്രദര്‍ എന്ന ചിത്രമുണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ ലാലേട്ടനുമായി വലിയ അടുപ്പമുണ്ടാക്കാനും, അദ്ദേഹത്തെ കൂടുതലായി അറിയാനും കഴിഞ്ഞിരുന്നു. പലപ്പോഴും നമ്മളെ ചേര്‍ത്ത് പിടിക്കുക, എന്തെങ്കിലും ചെറിയ ആവശ്യങ്ങള്‍ നമ്മള്‍ പറഞ്ഞാലും അത് എങ്ങനെ കൃത്യമായി ചെയ്ത് തരാമെന്ന് നോക്കുക, അത്തരത്തില്‍ വളരെ വലിയ ഒരു മനുഷ്യസ്‌നേഹി ലാലേട്ടനകത്തുണ്ട്. ഇക്കാര്യങ്ങളൊക്കെ ഞാന്‍ ബിഗ് ബ്രദര്‍ മുതലെ മനസിലാക്കി തുടങ്ങിയിരുന്നു. അന്ന് മുതല്‍ തുടങ്ങിയ അടുപ്പമാണ്, തുടരും എന്ന ചിത്രത്തിലേക്ക് എത്തുമ്പോഴേക്കും അടുപ്പം സഹോദര തുല്യമായ സൗഹൃദമായി മാറിയിരുന്നു. ഇതൊക്കെ ബെന്‍സും ഷാജിയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ നന്നായി പ്രേക്ഷകനിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

വിവാദങ്ങള്‍ക്ക് മറുപടിയാകുന്ന സിനിമ

ഇപ്പോള്‍ എന്നല്ല, എല്ലാ കാലത്തുമുണ്ടാകുന്ന വിവാദങ്ങള്‍ ലാലേട്ടന്‍, മമ്മുക്ക തുടങ്ങിയ പ്രതിഭകളെയൊന്നും ബാധിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. കലാകാരന്മാരൊക്കെ എപ്പോഴും വൈകാരികമായി പലകാര്യങ്ങളില്‍ ഇടപെടുകയും, സംസാരിക്കുകയുമൊക്കെ ചെയ്യുമെങ്കിലും, അടിസ്ഥാനപരമായി അവരെ ജനങ്ങള്‍ എപ്പോഴും ചേര്‍ത്തുപിടിക്കാറാണ്. ചെറിയ ചെറിയ പ്രശ്‌നങ്ങളുണ്ടാകും, അവ നൈമിഷികമായി തന്നെ കടന്നുപോകും അല്ലാതെ അതില്‍ തന്നെ എല്ലാവരും പിടിച്ചു നില്‍ക്കുമെന്ന് കരുതുന്നില്ല.

ചില സ്ഥലങ്ങളില്‍ ചില ആളുകള്‍ ചിലപ്പോള്‍ വിദ്വേഷമുള്ളവര്‍ ഉണ്ടാകാം. എന്നാല്‍ ഇന്നത്തെ ഈ മലയാളികള്‍ ഉള്ളിടത്തോളം കാലം ഒരു കലാകാരന്മാരെ ആരും ഒന്നും ചെയ്യില്ല. അത്രത്തോളം മലയാള സിനിമ രംഗത്തെ ചേര്‍ത്ത് പിടിച്ചവരാണ് ഇവിടുത്തെ പ്രേക്ഷകര്‍.Interview with Irshad Ali thudarum

content summary; Interview with Irshad Ali based on the movie Thudarum

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

This post was last modified on April 27, 2025 9:25 am

അതുല്യ മുരളി: സബ് എഡിറ്റർ
Related Post
Leave a Comment