ബൊഗെയ്ൻ വില്ല സിനിമ കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസിൽ പതിഞ്ഞ കഥാപാത്രമാണ് വറീതിന്റെ ഭാര്യ. കോഴിക്കോട്ടുകാരി വിഎം നവീനയാണ് ഈ കഥാപാത്രത്തെ ഇത്രയും മനോഹരമാക്കിയത്. കണ്ണുകൊണ്ട് അഭിനയിച്ച നടി എന്നാണ് നവീനയുടെ അഭിനയത്തെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. ബൊഗെയ്ൻവില്ല സിനിമ കണ്ടിറങ്ങിയ എല്ലാവരുടെയും മനസിൽ നവീനയുടെ മുഖം പതിഞ്ഞിട്ടുണ്ടായിരുന്നു. കണ്ണുകൊണ്ട് ഹൃദയം കീഴടക്കിയ കലാകാരി വിഎം നവീന ആഅഴിമുഖത്തിന് നൽകിയ പ്രത്യേക അഭിമുഖം.
സിനിമയിലേക്കുള്ള കടന്നു വരവ്
സ്കൂൾ സമയം മുതൽ നാടകങ്ങൾ ചെയ്യുമായിരുന്നു. എന്റെ അച്ഛനൊരു സ്കൂൾ മാഷായിരുന്നു അച്ഛനാണ് നാടകങ്ങളിലേക്ക് പരിചയപ്പെടുത്തുന്നത്. പണ്ടു മുതലെ ആഗ്രഹം സിനിമയായിരുന്നെങ്കിലും എങ്ങനെ എത്തിപ്പെടുമെന്ന് അറിയില്ലായിരുന്നു. എന്റെ ബേസ് തിയറ്ററാണ്, 2017 മുതലാണ് ഓഡീഷനുകളിലൊക്കെ കാര്യമായി പങ്കെടുക്കാൻ തുടങ്ങിയത്. 2022 ൽ പുറത്തിറങ്ങിയ നാരദൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
പഠനവും പാഷനും
എനിക്ക് പണ്ട് മുതൽ തന്നെ വിഷ്വൽ മീഡിയയോട് വളരെ അധികം താൽപര്യമുണ്ട്. ഞാൻ ജേർണലിസം തെരഞ്ഞെടുക്കുന്ന സമയത്ത് പക്ഷെ എനിക്ക് പ്രിന്റ് മീഡിയയോട് ഒരു താൽപര്യം തോന്നി, അത് കാലിക്കറ്റ് പ്രസ് ക്ലബിൽ പഠിക്കുമ്പോഴായിരുന്നു. അതു കഴിഞ്ഞ് പിജി ചെയ്യാൻ ആലോചിച്ചപ്പോൾ എനിക്ക് തോന്നി എന്റെ വഴി തിയറ്ററാണ് അതുകൊണ്ട് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠിക്കണം. അതുകൊണ്ട് എൻട്രൻസ് എഴുതി അങ്ങനെ ആ വഴിക്ക് പോയി, ഇതൊക്കെ അങ്ങനെ സംഭവിച്ചു പോയതാണ്, മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ അല്ല നടന്നത് ഒന്നും.
അമൽ നീരദ് സിനിമയിൽ
ഞാൻ സത്യം പറഞ്ഞാൽ വളരെയധികം ഹാപ്പിയാണ്. കാരണം അമൽ സാറിന്റെ സിനിമ, നമ്മളൊക്കെ അത്രയും ആരാധിക്കുന്ന ഒരു സംവിധായകൻ അദ്ദേഹത്തിന്റെ ഫ്രെയിമുകൾക്ക് പോലും അത്രയധികം ആരാധകരുണ്ട്. അങ്ങനെ ഒരാളുടെ സിനിമയിൽ പാസിങ് ഷോട്ടെങ്കിലും ഉണ്ടാവുക എന്ന് എനിക്ക് വളരെ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നെങ്കിലുമൊക്കെ എത്തിപ്പെടുമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇത്രയും പെട്ടെന്ന് പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല, അതുകൊണ്ടുതന്നെ ഞാൻ വളരെ വളരെ ഹാപ്പിയാണ്.
‘വറീതിന്റെ ഭാര്യ’ ശ്രദ്ധ നേടുമ്പോൾ
സിനിമയുടെ കഥ എന്നോട് പറയുമ്പോൾ പറഞ്ഞിരുന്നത് കഥാപാത്രത്തിന് ഒരു പ്രാധാന്യമുണ്ട്, സിനിമ കണ്ടവർക്ക് അറിയാം കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ കഥാപാത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചിലപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകൾക്ക് അത് പെട്ടെന്ന് മനസിലാകുമായിരിക്കും പക്ഷെ സാധാരണക്കാരായ ആളുകൾ അത് മനസിലാക്കുകയും ഇത്രയധികം സ്വീകാര്യത ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ വിചാരിച്ച ഒരു പ്രതികരണമല്ല എനിക്ക് സിനിമ ഇറങ്ങിക്കഴിഞ്ഞ് ലഭിച്ചത്.
സിനിമ ഒരു സ്വപ്നം
ഞാൻ രണ്ടായിരത്തി പതിനേഴ് മുതൽ ഓഡീഷനൊക്കെ പോയി തുടങ്ങിയെങ്കിലും ഇത് എന്റെ അഞ്ചാമത്തെ സിനിമ മാത്രമാണ്. ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അത് എന്നെ അറിയാവുന്ന ആളുകൾക്കു മാത്രം തിരിച്ചറിയാൻ കഴിയുന്ന വേഷങ്ങൾ ആയിരുന്നു. എന്നിരുന്നാൽ കൂടിയും സിനിമ എന്ന മേഖലയിൽ ഞാൻ തുടക്കകാരിയാണ്, ഇത്രയും വലിയ ഒരു അവസരം ഇത്ര പെട്ടന്ന് വന്ന ചേരും എന്ന ഞാൻ പ്രതീക്ഷിച്ചില്ല. സിനിമ ആണ് എന്റെ ക്യരിയർ ഇനിയും ഇത് പോലുള്ള കഥാപാത്രങ്ങൾ വരണം എന്നാണ് എന്റെ ആഗ്രഹം. ഇനിയും കൂടുതൽ സിനിമകളിൽ വിളിക്കും എന്ന പ്രതീക്ഷയിൽ ആണ് ഞാൻ.
ബൊഗെയ്ൻവില്ലയിലേക്ക്
ഈ കഥാപാത്രം ചെയ്യുന്നതിനായി അമൽ സാർ ഒരുപാട് ആളുകളെ നോക്കിയിരുന്നു, അങ്ങനെ സാം ജോർജ് എന്നു പറയുന്ന സിനിമയിലൊക്കെ വർക്ക് ചെയ്യുന്ന ഒരു സുഹൃത്തുണ്ട് അദ്ദേഹമാണ് ഒരുപാട് പ്രൊഫൈലുകൾ അയക്കുന്ന കൂട്ടത്തിൽ എന്റേതും അയച്ചത്. ഫോട്ടോ കണ്ടപ്പോൾ അമൽ സാറിനും വർക്ക് ആയി അങ്ങനെയാണ് ബൊഗെയ്ൻവില്ലയിലേക്ക് എത്തുന്നത്. പിന്നീട് നേരിട്ട് കണ്ടപ്പോഴും സാറിന് ഉണ്ടായിരുന്ന ഒരു സംശയം സുർജിത്തേട്ടന്റെ ഭാര്യയായി വരുമ്പോൾ പ്രായ വ്യത്യാസം ഒരു പ്രശ്നമാകുമോ എന്നതായിരുന്നു, എന്നാലും സ്ക്രീനിൽ വരുമ്പോൾ പ്രായം ശെരിയാവുമെന്ന ധാരണയിൽ മുന്നോട്ട് പോവുകയായിരുന്നു. interview with Naveena, The malayalam movie Bougainvillea
സെറ്റിലെ അനുഭവങ്ങൾ
സിനിമയെ സംബന്ധിച്ച് ഞാൻ ഒരു പുതിയ ആളാണ്. പലപ്പോഴും സിനിമയിൽ നമ്മളെ ഒരു ആർട്ടിസ്റ്റായി പോലും കാണാൻ വിമുഖത കാണിക്കുന്നവരുണ്ട്. സിനിമയിൽ നമ്മൾ എവിടെ നിൽക്കുന്നു എന്ന മൂല്യത്തിനനുസരിച്ചാണ് പലപ്പോഴും പരിഗണന ലഭിക്കുക, ചില സമയങ്ങളിൽ ബേസിക് നീഡ്സ് പോലും കിട്ടാറില്ല എന്നാൽ ഇവിടെ അങ്ങനെ യാതൊരു വേർതിരിവുമില്ല, നമ്മൾ ഒരു ആർട്ടിസ്റ്റാണ്, അവർ വിളിച്ചിട്ട് അഭിനയിക്കാൻ വന്നതാണ് എന്നുള്ള എല്ലാ പരിഗണനയും തന്ന് നമ്മളെ കംഫർട്ടബിൾ ആക്കിക്കൊണ്ടുള്ള രീതിയായിരുന്നു, അതിൽ വളരെയധികം സന്തോഷം തോന്നി. interview with Naveena, The malayalam movie Bougainvillea
Content summary; interview with Naveena, The malayalam movie Bougainvillea