January 21, 2025 |
Share on

നേവിയിലെ വനിത ഓഫീസർമാർക്ക് വേണ്ടിയായിരുന്നു എന്റെ പോരാട്ടം

14 വർഷമായാൽ സ്ത്രീകൾ സർവീസിൽ നിന്ന് വിരമിക്കണമായിരുന്നു. എന്നാൽ ഇതിന് മാറ്റമുണ്ടായത് 10 സ്ത്രീകളുടെ നിയമപോരാട്ടത്തിന്റെ ഫലമായാണ്.

2020 ലാണ് നേവിയിൽ വനിതകൾക്ക് ദീർഘകാല നിയമനം നൽകണമെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നത്. അതിന് മുൻപ് വരെ 14 വർഷമായാൽ സ്ത്രീകൾ സർവീസിൽ നിന്ന് വിരമിക്കണമായിരുന്നു. എന്നാൽ പുരുഷൻമാർക്ക് താൽപര്യമുണ്ടെങ്കിൽ തുടരാം. ഇതിന് മാറ്റമുണ്ടായത് 10 സ്ത്രീകളുടെ നിയമപോരാട്ടത്തിന്റെ ഫലമായാണ്. ഇതിൽ കാസർഗോഡ് ഉദുമ സ്വദേശി റിട്ട. കമാൻഡർ പ്രസന്ന ഇടയില്ലം വഹിച്ച പങ്ക് വളരെ വലുതാണ്. തൊഴിലിടങ്ങളിലെ സ്ത്രീ സമത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് റിട്ട. കമാൻഡർ പ്രസന്ന ഇടയില്ലം അഴിമുഖത്തിന് നൽകിയ പ്രത്യേക അഭിമുഖം.

നേവിയിലേക്കുള്ള യാത്ര

സ്‌കൂളിൽ പഠിക്കുമ്പോൾ ജൂനിയർ റെഡ് ക്രോസിലും ഹൈസ്‌കൂളിലെത്തിയപ്പോൾ എൻസിസിയും അംഗമായിരുന്നു. കോളേജിൽ എൻസിസി സീനിയർ ഡിവിഷനിലുമുണ്ടായിരുന്നു. സ്‌കൂളിൽ നിന്ന് എൻസിസിയുടെ മാർച്ച് പാസ്റ്റിനായി കൊണ്ട് പോകുമായിരുന്നു. അത് നല്ലൊരു അനുഭവമാണ്. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അത് കൃത്യമായി നിർവ്വഹിക്കാനുമുള്ള ഒരു ആറ്റിറ്റ്യൂഡ് പണ്ട് മുതൽ തന്നെ എനിക്കുണ്ടായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പ്ലാറ്റൂൺ ഇൻചാർജായി വരാൻ തുടങ്ങി. ഇതെല്ലാം ചെയ്യാൻ കഴിയുമെന്ന് ഒരു ആത്മവിശ്വാസം ഉണ്ടായി. അക്കൂട്ടത്തിൽ തന്നെ ഞാൻ ടേബിൾ ടെന്നീസ് കളിക്കുമായിരുന്നു. ശാരീരിക ക്ഷമത വർദ്ധിക്കാൻ ഇത് കാരണമായി. ഞങ്ങളുടെ കാലഘട്ടത്തിൽ ഡോക്ടർ, എഞ്ചിനീയർ, ചാർട്ടേഡ് അക്കൗണ്ടന്റ്, ടീച്ചർ അല്ലെങ്കിൽ ലീഗൽ പ്രൊഫഷൻ എന്നിവയാണ് നല്ലൊരു ഭർത്താവിനെ കിട്ടുന്നതിനായി ചെയ്യേണ്ട ജോലികളായി സമൂഹം കണ്ടിരുന്നത്. എനിക്കെപ്പോഴും എന്റേതായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. എന്റെ മാതാപിതാക്കൾ എല്ലാ കാര്യത്തിനും എന്നെ പിന്തുണച്ചിരുന്നു. എന്റെ വീട്ടിൽ ആൺ-പെൺ എന്നൊരു വ്യത്യാസമില്ലായിരുന്നു. എല്ലാ ജോലികളും എല്ലാവരും ചെയ്യും.

അന്ന് ആർമി, നേവി, എയർഫോർസ് ഒരു പുരുഷാധിപത്യ മേഖലയായിരുന്നു. 1992ലാണ് ആദ്യ ബാച്ച് വരുന്നത്. എന്റെ സീനീയേഴ്‌സ് എല്ലാം ഷോർട്ട് സർവ്വീസ് കമ്മീഷന്റെ സെലക്ഷന് പോകുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. അതിന്റെ സെലക്ഷൻ പ്രോസസ് വളരെ പാടാണെന്നും നിങ്ങളെപ്പോലുള്ളവർക്ക് പറ്റിയ പണിയല്ലെന്നും പറയുമായിരുന്നു. എന്തുകൊണ്ട് അതിന് കഴിയില്ലെന്ന് ഞാൻ തിരിച്ചു ചോദിച്ചു. അങ്ങനെ ഞാൻ തീരുമാനിച്ചു, ഞാൻ ഇതാണ് തിരഞ്ഞെടുക്കുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും ഞാൻ നടത്തണം. ഭാഷയിൽ നല്ല പ്രാവീണ്യം നേടണമായിരുന്നു. അതിനുവേണ്ടി ദൂരദർശനിൽ ഇംഗ്ലീഷ് വാർത്തകൾ സ്ഥിരമായി കണ്ട് തുടങ്ങി. എല്ലാ ദിവസവും പത്രം വായിച്ചിരുന്നു. മൊത്തത്തിൽ ഒരു ഗ്രൂമിങ് ആവശ്യമായിരുന്നു. അങ്ങനെ ഞാൻ സെലക്ഷൻ പ്രോസസിൽ പങ്കെടുത്തു. നേവിയിൽ എയർ ട്രാഫിക് വിഭാഗത്തിലായിരുന്നു ഞാൻ.

വനിത ഓഫീസർ എന്ന നിലയിൽ നേരിട്ട വെല്ലുവിളികൾ

ഷോർട്ട് സർവ്വീസ് കമ്മീഷനിൽ അന്ന് ഏഴ് ഒഴിവുകളിൽ ആറ് പേരും പെൺകുട്ടികളായിരുന്നു. ഒരാൾ മാത്രമാണ് മെയിൽ ഓഫീസറായി ഉണ്ടായിരുന്നത്. അവിടത്തെ ദിവസേനയുള്ള കാര്യങ്ങളെക്കുറിച്ച് നേരത്തെ തന്നെ ഒരു ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ മാനസികമായി എല്ലാത്തിനും തയ്യാറെടുത്തിരുന്നു. എൻസിസിയിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ട്രെയിനിങ്ങ് കാര്യങ്ങളിലൂടെയെല്ലാം ഞാൻ കടന്നുപോയിട്ടുണ്ട്. അവിടത്തെ സാഹചര്യങ്ങൾ വളരെ കഠിനമായിരിക്കുമെന്ന് എനിക്ക് ആദ്യമേ അറിയാമായിരുന്നു. കുറേ കാര്യങ്ങൾ അവിടെ നിന്നുമാണ് പഠിച്ചത്. ഇത് ഞാൻ ഇഷ്ടപ്പെട്ട് വന്ന മേഖലയാണ്, അല്ലാതെ എന്നെ ആരും നിർബന്ധിച്ച് നേവിയിൽ ചേർത്തതല്ല. എനിക്ക് ഇത് നേടണമെന്ന് പറഞ്ഞ് അതിലേക്ക് ഇറങ്ങി തിരിച്ചാൽ അതിന് വേണ്ടി ഒരുപാട് കാര്യങ്ങളിൽ നമ്മൾ കോംപ്രമൈസ് ചെയ്യും. ദൃഢനിശ്ചയം, സ്ഥിരോത്സാഹം അങ്ങനെ കുറേ കാര്യങ്ങളുണ്ട്. അതെല്ലാം ഒത്തിണങ്ങി വരുമ്പോൾ എല്ലാം സഹിക്കാനുള്ള ശക്തി നമുക്ക് വരും. അതിനായി കഠിനാധ്വാനം ആവശ്യമാണെന്ന് മാത്രം.

Post Thumbnail
ഇന്ത്യാ-സഖ്യകക്ഷികളുടെ സമ്മർദ്ദത്തിൽ കോൺഗ്രസ്: പ്രതിപക്ഷത്തെ നയിക്കാൻ മമത ബാനർജിക്ക് കഴിയുമോ?വായിക്കുക

ആർക്കോണം ഐഎൻഎസ് രാജാലിയിലായിരുന്നു എന്റെ ആദ്യത്തെ പോസ്റ്റിങ്ങ്. അവിടെ ഉണ്ടായിരുന്ന ഓഫീസർമാരിൽ വനിതാ ഓഫീസർ ഞാൻ മാത്രമായിരുന്നു. അന്ന് വരെ രാവിലത്തെ ബ്രീഫിങ്ങിൽ ജെന്റിൽമെൻ എന്നായിരുന്നു അഡ്രസ് ചെയ്തിരുന്നത്. എന്നാൽ ഞാൻ എത്തിയതിന് ശേഷം ലേഡി ആന്റ് ജെന്റിൽമെൻ എന്നാണ് അന്ന് ഞങ്ങളെ അഡ്രസ് ചെയ്തത്. പിന്നൊരിക്കൽ മറ്റൊരു രസകരമായ സംഭവമുണ്ടായി. ഫൈറ്റർ എയർക്രാഫ്റ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മുന്നറിയിപ്പ് നൽകുന്നത് ഒരു സ്ത്രീ സ്വരത്തിലാണ്. അതിന് നടാഷ വോയ്സ് എന്ന് പറയും. എയർഫോഴ്സുമായുള്ള പരിശീലനം നടക്കുന്ന ദിവസമായിരുന്നു അത്. എയർക്രാഫ്റ്റ് കൺട്രോളിൽ അന്ന് വരെ ഒരു സ്ത്രീയില്ലായിരുന്നത് കൊണ്ട് പൈലറ്റുമാർക്ക് എന്റെ സ്വരം പരിചിതമല്ലായിരുന്നു. ലാൻഡിങ്ങ് വീലുകൾക്ക് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാൻ ഞാൻ സംസാരിച്ചപ്പോൾ പെട്ടെന്ന് എന്റെ ശബ്ദം കേട്ട് പൈലറ്റ് പരിഭ്രാന്തനായി. ലാൻഡിങ്ങ് ചെയ്ത് കഴിഞ്ഞിട്ട് താൻ നടാഷ വോയ്സ് കേട്ടുെവെന്ന് പൈലറ്റ് പറഞ്ഞു. എന്റെ ശബ്ദം നടാഷ വോയ്സ് ആയി തെറ്റിദ്ധരിച്ചതാണെന്ന് പിന്നീടാണ് മനസിലായത്. അതിന് ശേഷം എല്ലാവരും എന്നെ നടാഷ എന്നാണ് കളിയാക്കി വിളിച്ചിരുന്നത്.

ആയുധങ്ങൾ ഉപയോ​ഗിക്കാൻ പെൺകുട്ടികൾക്ക് കഴിയില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഒരിക്കൽ എന്നെ ഷൂട്ടിങ്ങ് ടീമിന്റെ ഇൻ ചാർജ് ഏൽപ്പിച്ചിരുന്നു. അതിന്റെ ഭാ​ഗമായി വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ഞങ്ങളുടെ യൂണിറ്റായിരുന്നു വിജയികൾ. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് മത്സരിക്കാൻ എത്തിയപ്പോൾ എല്ലാവർക്കും ഒരു പരിഹാസമായിരുന്നു. എന്നാൽ ആ വിജയത്തോടെ ആ ചിന്താ​ഗതി മാറി. എനിക്കിതിന് കഴിയുമെന്ന് എല്ലാവരുടെയും മുന്നിലും എനിക്ക് തെളിയിക്കണമായിരുന്നു. അത് എന്റെ ആവശ്യമായിരുന്നു. കാരണം നേവിയിലെ ജോലി ആഗ്രഹിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് ഞാൻ പോയിരിക്കുന്നത്. സ്ത്രീയാണെന്ന് കരുതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒരിക്കലും ഞാൻ മാറിനിന്നിട്ടില്ല. എന്റെ ഹൈ റിസ്കുള്ള പ്രെ​ഗ്നൻസിയിൽ പോലും എല്ലാ ദിവസവും ഞാൻ ജോലിക്ക് പോയിരുന്നു. സ്ത്രീ ആയതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന തരുകയോ ഒരു കാര്യത്തിൽ നിന്നും എന്നെ മാറ്റി നിർത്തുകയോ ചെയ്തിട്ടില്ല.

സ്ത്രീകൾക്ക് നേവിയിൽ പെർമനന്റ് കമ്മീഷൻ നൽകില്ല എന്നറിഞ്ഞപ്പോഴുള്ള പ്രതികരണം

ഏഴ് വർഷമാണ് സർവീസ് എന്നാണ് ആദ്യം ഞങ്ങളോട് പറഞ്ഞിരുന്നത്. പിന്നീട് സർവീസിൽ തുടരാൻ താൽപര്യമുണ്ടോയെന്ന് ഞങ്ങളോട് ചോദിച്ചിരുന്നു. തുടർന്ന് സർവീസ് നീട്ടുകയായിരുന്നു. അങ്ങനെ 14 വർഷം സർവീസിൽ തുടർന്നു. പതിനാലാമത്തെ വർഷം ഞങ്ങളുടെ സർവ്വീസ് പൂർത്തിയായി ഇനി തുടരാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. അത് ശരിയായ രീതിയല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾക്കെന്തായാലും പുറത്താകേണ്ടി വന്നു. എന്നാൽ ഇതാണ് അവസ്ഥയെങ്കിൽ ഭാവിയിൽ സ്ത്രീകൾ നേവിയിലേക്ക് വരാൻ താൽപര്യപ്പെടില്ല. കാരണം 14 വർഷം സർവീസിലുണ്ടായിരുന്ന യോഗ്യതയുള്ള ഒരാൾക്ക് പെൻഷനോ, മെഡിക്കൽ ആനുകൂല്യങ്ങളോ ഒന്നും ലഭിച്ചില്ലെങ്കിൽ എന്തിന് ജോലി ചെയ്യണമെന്ന് ആലോചിക്കും. ചേരുന്ന എല്ലാ പെൺകുട്ടികൾക്കും പെർമനന്റ് കമ്മീഷൻ നൽകണമെന്ന് ഞങ്ങൾ പറയുന്നില്ല. പക്ഷേ പ്രൊമോഷൻ പരീക്ഷക്ക് പങ്കെടുക്കാൻ ഞങ്ങൾക്കും അവസരം നൽകണം. ഞങ്ങൾ അതിന് യോഗ്യരാണെന്ന് തെളിഞ്ഞാൽ ഒഴിവുകൾ ഉണ്ടെങ്കിൽ സ്ത്രീകൾക്കും അതിന് അവകാശമുണ്ട്. എല്ലാവരും എല്ലാ പ്രൊഫഷനും യോഗ്യരാകണമെന്നില്ല. എന്നാൽ അർഹതയുള്ളവർക്ക് അവസരങ്ങൾ ലഭിക്കുക തന്നെ വേണം.

Post Thumbnail
സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത നാട്; ലോകത്തിന് മുന്നില്‍ നാണംകെട്ട് ഇന്ത്യവായിക്കുക

പ്രസവം കഴിഞ്ഞാൽ സ്ത്രീകളുടെ ജോലി ചെയ്യാനുള്ള കാര്യക്ഷമത കുറയുമെന്നാണ് എല്ലാവരും പറയുന്നത്. 40 വയസ് കഴിഞ്ഞാൽ ഒരു പുരുഷന്റെ ജോലി ചെയ്യാനുള്ള കാര്യക്ഷമത കുറയില്ലേ. എന്റെ കാഴ്ചപ്പാടിൽ സ്ത്രീകൾ മൾട്ടി ടാലന്റഡാണ്. ഒരു അമ്മയുടെ ജോലിയും ഒരു ഓഫീസറുടെ ജോലിയും സ്ത്രീകൾക്ക് ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നു. അങ്ങനെയുള്ള സ്ത്രീകളെ എന്തിന് മാറ്റി നിർത്തണം.

പത്ത് വർഷത്തെ നിയമപോരാട്ടത്തിൽ നേരിട്ട വെല്ലുവിളികൾ

ഞങ്ങൾ സർവീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് എയർ ഫോഴ്‌സിൽ പെർമനന്റ് കമ്മീഷന് വേണ്ടിയിട്ടുള്ള വിധി വന്നത്. എന്തുകൊണ്ട് ഞങ്ങൾക്കും ഇതിന് ശ്രമിച്ച് കൂടാ എന്ന് ഞങ്ങൾ ചിന്തിച്ചു.അങ്ങനെ ഞങ്ങൾ എല്ലാവരെയും ചേർത്ത് ഒരു ഗ്രൂപ്പുണ്ടാക്കി. സീനിയേഴ്‌സിനോടെല്ലാം സംസാരിച്ച് ഞങ്ങൾ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. എന്നാൽ പലരും ആദ്യം മുന്നോട്ട് വന്നില്ല. എല്ലാവരും അവരുടെ ഭർത്താക്കന്മാരുടെ ജോലിയുടെ കാര്യം കുഴപ്പത്തിലാകുമെന്ന് ചിന്തിച്ച് പിന്നോട്ട് മാറുകയാണ് ചെയ്തത്. ഇത് നിങ്ങളുടെ ജീവിതമാണ്, ഭർത്താക്കന്മാരുടെ അല്ല. ആ റിസ്‌ക് എടുക്കാൻ താൽപര്യമുള്ളവർ വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ അഞ്ച് പേരാണ് കേസ് ഫയൽ ചെയ്തത്. പിന്നീട് പതിയെ കുറച്ച് പേർ പെറ്റീഷനിൽ ചേർന്നു. ഞങ്ങൾക്ക് സർവീസിൽ തിരിച്ച് കയറാൻ വേണ്ടിയാണ് കേസ് ഫയൽ ചെയ്തത്. ഞങ്ങൾക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിധിയും വന്നിരുന്നു. എന്നാൽ നേവി അപ്പീൽ നൽകി. 2008 സെപ്റ്റംബർ വരെ സർവീസിലുണ്ടായിരുന്നവർക്ക് തിരിച്ച് കയറാമെന്ന് വിധി വന്നു. എന്നാൽ 20 ദിവസത്തെ വ്യത്യാസം കാരണം എനിക്ക് അതിന് കഴിഞ്ഞില്ല. പിന്നീട് എയർ ട്രാഫിക് കൺട്രോളിൽ പെർമനന്റ് കമ്മീഷൻ നൽകില്ലെന്ന് പറഞ്ഞു. ഞങ്ങൾ വീണ്ടും കേസുമായി മുന്നോട്ട് പോയി. അവസാനം ഞങ്ങൾക്ക് അനുകൂലമായി വിധി വന്നു. നല്ലൊരു ബെഞ്ചിലാണ് കേസ് വിധി പറയാൻ വന്നത്. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ഗ്രേറ്റ് വിഷൻ കാരണമാണ് നേവിയിൽ വനിതകൾക്ക് ഇത്രയും അഭിമാനകരമായ ഒരു നേട്ടം കൈവരിക്കാനായത്.

പെർമനന്റ് കമ്മീഷൻ അനുവദിച്ച് കൊണ്ടുള്ള വിധി

ഞങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കിയ അഭിഭാഷകർ കോടതിയിൽ കേസ് നന്നായി വാദിച്ചു. ഇതിന്റെ വസ്തുത ജഡ്ജസിനും മനസിലായി. പിന്നെ ഒരുപാട് പേരുടെ പിന്തുണ ഞങ്ങൾക്കുണ്ടായിരുന്നു. ഇവരുടെയെല്ലാവരുടേയും പിന്തുണയും സഹായവുമുള്ളത് കൊണ്ടാണ്
അഞ്ച് വർഷം കൊണ്ട് സുപ്രീം കോടതിയിൽ ഈ കേസ് കഴിഞ്ഞത്. ഈ ജന്മത്തിൽ കേസ് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെയൊരു വിധി പ്രസ്താവന വന്നത് ഇന്ത്യയിലെ സ്ത്രീകളുടെ ഭാ​ഗ്യമാണ്.

ഈയൊരു വിധിയുടെ അടിസ്ഥാനത്തിൽ സൈനിക് സ്‌കൂളുകളിലും ആർഐഎംസിയിലുമെല്ലാം പെൺകുട്ടികളുടെ എൻട്രി ഓപ്പൺ ആയി. ഒരിക്കൽ അസമിലെ ഒരു ട്രൈബൽ ഏരിയയിലുള്ള ഒരു പെൺകുട്ടി എന്നെ വിളിച്ചു. അവൾ ആർമിയിൽ ചേരാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഈ തീരുമാനത്തിലേക്ക് അവളെ എത്തിച്ചത് ഞങ്ങൾ നടത്തിയ പോരാട്ടമാണെന്നും അവൾ പറഞ്ഞു. എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. അങ്ങനെ നിരവധി പെൺകുട്ടികൾ വിളിച്ചു. ഞങ്ങളുടെ ശ്രമം കാരണം ഇങ്ങനൊരു മാറ്റം ഉണ്ടായതിൽ സന്തോഷിക്കുന്നു.

Post Thumbnail
അടിയന്തരാവസ്ഥ കാലത്തെ ഒന്നാമത്തെ അറസ്റ്റ്വായിക്കുക

ഇന്ത്യൻ നാവിക സേനയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം

മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. നമ്മുടെ രാജ്യത്തിന് നേരെയുണ്ടാകുന്ന ഭീഷണികൾ എല്ലാ രാജ്യങ്ങൾക്ക് നേരെയും ഉണ്ടാകണമെന്നില്ല. ഓരോ രാജ്യത്തിന്റേയും ആവശ്യകതകൾക്കനുസരിച്ചിട്ടാണ് പോസ്റ്റുകൾ ഉണ്ടാവുക. ഇങ്ങനത്തെ കാര്യങ്ങളൊക്കെ ക്ലാസിഫൈഡ് ആണ്. അധികം രാജ്യങ്ങളൊന്നും ഇത് പ്രൊജക്റ്റ് ചെയ്യണമെന്നില്ല.

ഫോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതകളോട് പറയാനുള്ളത്

ഇത് ആരെയും നിർബന്ധിച്ച് കൊണ്ടുവരാൻ കഴിയുന്ന ഒരു പ്രൊഫഷനല്ല. ഇതിന്റെ ചിട്ടവട്ടങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള താൽപര്യവും കഴിവും വേണം. എനിക്ക് ഫിസിക്കൽ ആക്ടിവിറ്റീസ് ഒന്നും ചെയ്യാൻ പറ്റില്ല, പക്ഷേ ഫോഴ്‌സിൽ ചേരണമെന്ന് പറഞ്ഞാൽ അത് നടക്കില്ല. ഓരോ ജോലിക്കും അതിന്റേതായ ഫ്രെയിം ഉണ്ട്. ഇതിനെല്ലാം തയ്യാറാണെങ്കിൽ വളരെ നല്ലൊരു ജോലിയാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനം ലഭിക്കുന്ന ജോലിയാണിത്. സമൂഹത്തിൽ നല്ലൊരു സ്ഥാനം ലഭിക്കും. ഞാനിപ്പോൾ എന്തെല്ലാം ചെയ്യാൻ പ്രാപ്തയാണെന്ന് എനിക്കറിയാം. അതെനിക്ക് മനസ്സിലായത് ഈ ജോലിയിലൂടെയാണ്.

സൈനിക് സ്കൂളുകളിൽ വനിതകൾക്കായി ഇപ്പോൾ നിരവധി അവസരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ ഒരു സൈനിക മേധാവിയായിട്ട് ഒരു വനിതയെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നമുക്ക് വനിത പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയുമൊക്കെ കിട്ടി. എന്തുകൊണ്ട് ഒരു വനിത സൈനിക മേധാവി വന്നുകൂടാ? അങ്ങനൊരു മാറ്റം ഞാൻ അടക്കമുള്ള ഇന്ത്യയിലെ വനിതകൾ ആ​ഗ്രഹിക്കുന്നുണ്ട്.

Content Summary: Interview with Prasanna Edayillam, a retired Navy officer
Prasanna Idayilliam Indian navy Navy officer gender equality 

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

×