ഈ കാലഘട്ടം പൂർണമായും എഴുത്തിനെ മാറ്റി എന്ന് പറയാൻ കഴിയുമോ? മുൻപൊക്കെ എഴുത്തുകാർ എഴുതുന്നു, വായനക്കാർ അത് ഉൾക്കൊണ്ട് വായിക്കുന്നു എന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ എഴുത്തുകാർ അധികവും ശ്രദ്ധ കൊടുക്കുന്നത് ആളുകൾ എന്ത് ആവശ്യപ്പെടുന്നു എന്നതിലാണ്. ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുന്നതിൽ എഴുത്തുകളും പുസ്തകങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. കുറയുന്ന വായന എന്നൊക്കെ നിരൂപകർ പറയുന്നുവെങ്കിലും അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന യുവാക്കളും സമൂഹവും ഇന്നും അന്യം നിന്ന് പോയിട്ടില്ല. വായനക്കാർ ആവശ്യപ്പെടുന്ന രീതിയിലുള്ള എഴുത്തുകൾ സാഹിത്യ ലോകത്തെ എത്ര കണ്ട് ബാധിക്കുന്നു എന്ന വിഷയത്തിൽ അഴിമുഖത്തോട് പ്രതികരിക്കുകയാണ് മലയാള കവിതാലോകത്തെ നിറ സാന്നിധ്യമായ എസ് ജോസഫ്. Interview with S Joseph
Q.എഴുത്തിൽ വായനക്കാരുടെ ഇടപെടലിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
എഴുത്തുകൾ എപ്പോഴും വായനക്കാർക്ക് വേണ്ടിയുള്ളതാണ്. എഴുത്തുകാരനും ഒരു വായനക്കാരനാണ്, വായനക്കാരൻ എഴുത്തുകാരനുമാണ് എന്നിങ്ങനെ ഇന്നത്തെ കാലത്ത് പറയാറുണ്ട്. ഒരു കൃതി വായിക്കുമ്പോൾ വായനക്കാരൻ അത് എഴുതുക കൂടിയാണ് ചെയ്യുന്നത്, എഴുത്തുകാരൻ എഴുതിയതിനപ്പുറം വായനക്കാരന് ഒരു പുതിയ മാനം കണ്ടെത്താൻ സാധിക്കും. വായന എന്നത് പ്രതികരണം കൂടി ഉൾപ്പെടുന്ന പ്രക്രിയ ആയതിനാൽ ഒരോ വായനക്കാരനും ഒരു കൃതി വായിക്കുമ്പോൾ അതിൽ പൂരിപ്പിക്കാതെ കിടക്കുന്ന കാര്യങ്ങളോ അല്ലെങ്കിൽ വത്യസ്തമായ തലങ്ങളോ ഒക്കെ മനസിലേക്ക് വരും . അപ്പോൾ സ്വാഭാവികമായും അയാളും ഒരു എഴുത്തുകാരനായി മാറുകയാണ്. വായനക്കാരൻ എഴുത്തുകാരൻ എന്നത് എല്ലാവരിലും ഉള്ളത് തന്നെയാണ്. എഴുത്തും വായനയും എല്ലാം നിൽക്കുന്നത് സമൂഹത്തിലാണ് . സമൂഹത്തിലെ കാര്യങ്ങളാണ് വ്യക്തികളെ ബാധിക്കുന്നത്. എഴുത്തുകാരനെ ബാധിക്കുന്ന കാര്യങ്ങളാണ് അയാൾ എഴുതുന്നത്. ആ എഴുത്തിൽ വായനക്കാരനെ സംബന്ധിക്കുന്ന കാര്യങ്ങൾ ഉണ്ടെങ്കിൽ അവർ അത് വീണ്ടും വീണ്ടും വായിക്കും. അത്തരത്തിൽ എഴുത്തും വായനയും എന്നത് സമൂഹത്തിന്റെ അകത്ത് തന്നെ നിൽക്കുന്ന കാര്യങ്ങളാണ്.
Q. എഴുത്തുകളിൽ ഭാഷാപ്രാവിണ്യത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്?
കൂടുതൽ ഭാഷാപ്രാവിണ്യമുള്ള എഴുത്തുകൾ എപ്പോഴും വിലമതിക്കാനാവാത്തതാണ്. ഖസാക്കിന്റെ ഇതിഹാസം പോലുള്ള പുസ്തകങ്ങളൊക്കെ ആളുകൾ ഇത്രത്തോളം ചർച്ച ചെയ്യാനും വീണ്ടും വീണ്ടും വായിക്കാനും നിരൂപണം ചെയ്യാനുമുള്ള കാരണം അതിന്റെയുള്ളിലെ കഥകളോ സംഭവങ്ങളോ അല്ല, മറിച്ച് അതിനകത്തെ ഭാഷയാണ്. ഭാഷ ഒരു പ്രധാനപ്പെട്ട ഘടകമാണ് . ഭാഷയിൽ പുതിയ മുന്നേറ്റങ്ങളുണ്ടാവുകയും ഭാഷയിലേക്ക് സംഭാവനകളുണ്ടാവുകയും ചെയ്യുന്ന സാഹിത്യ കൃതികളാണ് കൂടുതലായും അംഗീകരിക്കപ്പെടുന്നത്. എന്നാൽ അത്തരത്തിലുള്ള സൃഷ്ടികൾ ഇന്ന് വളരെ കുറവാണ് , സാഹിത്യത്തിൻ്റെ എല്ലാ മേഖലയിലും.
ഇന്നത്തെ കാലത്ത് ഇറങ്ങുന്ന കവിതകൾ പലതും ഒറ്റ മാനം മാത്രമുള്ള കവിതകളാണ്. അതിൽ എഴുത്തുകാരൻ എഴുതിയിരിക്കുന്നതിനപ്പുറം ഒന്നുമില്ല, അവർ ഒരു കഥ പറയുന്നതുപോലെ കവിത എഴുതുകയാണ്. എന്നാൽ കവിത എന്നത് കഥ പോലെയല്ല, വാക്യങ്ങൾക്കിടയിൽ ഒരുപാട് ശൂന്യമായ ഇടങ്ങളുണ്ടാകും, ഉദാഹരണത്തിന് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷി എന്ന കവിതയിൽ,
‘ജോസഫ് , ഒരോർമ്മതൻ ക്രൂരമാം സൗഹൃദം
ശ്വാസനാളം കീറുമന്ധവേഗങ്ങളിൽ
കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളിൽ
നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും’ എന്നാണല്ലോ പറയുന്നത്. ഇതിൽ ഒരു പരസ്പര ബന്ധം നമുക്ക് തോന്നുന്നില്ലെന്ന് വരാം. ഇതൊരു നോവലായി എഴുതുകയാണെങ്കിൽ അൽപം കൂടി വിവരിച്ച് ലളിതമായി എഴുതാം . പക്ഷേ അതൊരു കവിതയായപ്പോൾ അതിൽ വലിയ രീതിയിൽ ആശയങ്ങൾ ബന്ധിപ്പിക്കുന്നില്ല, അത് വായനക്കാരനാണ് ബന്ധിപ്പിക്കേണ്ടത്. അത്തരത്തിലുള്ള എഴുത്തുകൾക്കാണ് ഇന്ന് കുറവ് വന്നിരിക്കുന്നത്.
Q. പുതിയ എഴുത്തുകളിൽ വായനക്കാർക്ക് പുനർവിചിന്തനത്തിനുള്ള അവസരം ഉണ്ടാകുന്നുണ്ടോ?
വായനക്കാർക്ക് വലിയ സാധ്യതകളില്ലാത്ത എഴുത്തുകളാണ് ഇപ്പോൾ വരുന്നതു പലതും. ഉത്തരാധുനിക ജീവിതത്തിൻ്റെ രാഷ്ട്രീയത്തിൽ എന്താണോ സംഭവിക്കുന്നത് അതുതന്നെ നേരിട്ട് എഴുതിവക്കുകയാണ്. അത് ആളുകൾ കൂടുതലായും വായിക്കുന്നതിന്റെ കാരണം അതിലെ ഭാഷയുടെ ലാളിത്യമോ മറ്റെന്തെങ്കിലും പ്രത്യേകതകൊണ്ടോ ഒക്കെ ആയിരിക്കാം. അത്തരത്തിൽ നമ്മളിൽ, അല്ലെങ്കിൽ വായനക്കാരിൽ ഒരു ഉണർവ് ഉണ്ടാക്കാത്ത കൃതികളോട് എനിക്ക് താൽപര്യം കുറവാണ്. എന്നിരുന്നാലും ഇപ്പോഴത്തെ എഴുത്തുകാരോ എഴുത്തുകളോ മുഴുവൻ മോശമാണെന്ന അഭിപ്രായം ഉള്ള വ്യക്തിയല്ല ഞാൻ. പക്ഷെ കവിതയെ സംബന്ധിച്ച് വേണ്ട രീതിയിൽ പഠിക്കാതെയും മറ്റുമുള്ള എഴുത്തുകൾ തൃപ്തികരമല്ല. ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഒരുപാട് കവിതകൾ അക്ഷരത്തെറ്റുള്ളതും വിഷയത്തിൽ കൃത്യമായ ധാരണയില്ലാത്തതുമെല്ലാമായി അടിസ്ഥാന യോഗ്യതകളില്ലാത്തവ വരെയുണ്ട്.
Q. കവിതയും പാട്ടും തമ്മിലുള്ള വത്യാസം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം എന്താണ്?
നമുക്ക് അറിയാവുന്ന ഒരു വിഷയത്തിന്റെ ആദ്യത്തെ എഴുത്തായിരിക്കില്ല പലപ്പോഴും കവിത. ഞാൻ എഴുതിയിട്ടുള്ള കവിതകളൊക്കെ പലപ്പോഴും ഒരുപാട് തവണ മാറ്റി എഴുതിയവയാണ്. നമ്മുടെ ഉള്ളിൽ ആദ്യം തോന്നുന്നത് തന്നെയായിരിക്കില്ല പലപ്പോഴും കവിത, അത് മാറിക്കൊണ്ടിരിക്കും. അതിനൊരു ഉദാഹരണമാണ് പ്രശസ്തമായ വേസ്റ്റ് ലാൻഡ് എന്ന ഇംഗ്ലീഷ് കവിത. ഒരുപാട് വരികളുണ്ടായിരുന്ന ഏലിയറ്റിന്റെ ഈ കവിത എസ്ര പൗണ്ട് എന്ന കവി വെട്ടിച്ചുരുക്കി. എന്നിട്ടത് പ്രസിദ്ധീകരിച്ചപ്പോൾ ലോകോത്തര കവിതയായി മാറി. കവിതക്ക് ഒരുപാട് സമയമെടുക്കേണ്ടതായിട്ടുണ്ട്, അതിന്റെ പരിണാമമുണ്ട്, കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നൊക്കെയുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഉത്തരവാദിത്വമാണ് എല്ലാ കലാസൃഷ്ടികതളുടെയും അടിത്തറ, അതില്ലാതെ എഴുതുമ്പോൾ കാര്യങ്ങളാണോ തമാശയാണോ എന്താണെന്ന് മനസിലാക്കാതെയുള്ള ഒരു പോക്ക് സമൂഹത്തെ ഒരു ലക്ഷ്യമില്ലാത്തിടത്ത് കൊണ്ടെത്തിക്കുന്നു. മാത്രമല്ല ചരിത്ര വത്കരിക്കുക എന്നൊരു പ്രധാനപ്പെട്ട കാര്യം കൂടി ഉണ്ടല്ലോ, ഇതൊന്നും ഇപ്പോൾ ആരും ചെയ്യുന്നില്ല. ഈ വിമർശനങ്ങൾ ഉന്നയിക്കുന്ന ഞാൻ മാത്രമാണ് പുതു കവിതയുടെ സാഹിത്യ ചരിത്രം എഴുതിയ ഒരേയൊരു വ്യക്തി. അതിൽ ഉൾപ്പെടുന്ന നാനൂറോളം കവികളെ സമൂഹത്തിൽ സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ അങ്ങനെ ചെയ്തത്.
Q. എഴുത്തുകാർ വിപണനത്തിലേക്ക് കടക്കുന്നത് നല്ലതാണോ?
എഴുത്തുകാർ വിപണനം നടത്തുന്നതിനെ ഒരിക്കലും കുറ്റപ്പെടുത്തുന്ന വ്യക്തിയല്ല ഞാൻ . പക്ഷേ നിരന്തരമായി അതിന്റെ പ്രമോഷനുകൾ തന്നെ നടത്തുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നിയിട്ടുണ്ട്. അടുത്തിടെ വായിച്ച ഒരു പുസ്തകത്തിൽ അകക്കാമ്പായി ഒന്നുമുള്ളതായി തോന്നിയില്ല, എന്നാൽ ആ പുസ്തകം പലരെക്കൊണ്ടും പ്രമോട്ട് ചെയ്യിപ്പിക്കുന്നു. അത് നിരന്തരം കാണുമ്പോൾ ചെറിയ ബുദ്ധിമുട്ട് തോന്നാറുണ്ട്. നമ്മൾ ഒരു പുസ്തകം വിലകൊടുത്ത് വാങ്ങിക്കുമ്പോൾ അതിനുള്ളിലെ രണ്ട് കവിതകൾ എങ്കിലും ആസ്വാദ്യകരമല്ലെങ്കിൽ നമുക്ക് ഉണ്ടാകുന്ന നിരാശ വളരെ വലുതാണ്. പല പുസ്തകങ്ങളും കാര്യഗൗരവമുള്ളവയല്ല, മാത്രമല്ല പണം നൽകി വാങ്ങുന്ന പുസ്തകത്തിൽ നമ്മൾ വിചാരിക്കുന്ന നിലവാരമുള്ള സൃഷ്ടികളില്ല എന്നത് ഒരു ലാഭ-നഷ്ടത്തിന്റെ പ്രശ്‌നം കൂടിയാണ്. ഒരു നോവലാണ് വാങ്ങിക്കുന്നതെങ്കിൽ അത്രത്തോളം പ്രശ്‌നങ്ങൾ വരില്ല . കാരണം അതിൽ എവിടെയെങ്കിലും ഒരു ജീവിതം ഉണ്ടായിരിക്കും. ലോകത്ത് ബുദ്ധിമാൻമാർ മാത്രമല്ല കവിത വായിക്കുന്നത്, സാധാരണക്കാരായ ആളുകളും കവിതയുടെ ആസ്വാദകരാണ് . അപ്പോൾ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് വരുന്ന എഴുത്തുകൾ അവരുടെ മനസിനെ സ്പർശിക്കും. Interview with S Joseph
Content summary; Interview with S Joseph
S. Joseph Kerala poet Malayalam literature Malayalam poetry Educator