ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താം പതിപ്പിനുള്ള താരലേലം ആരംഭിച്ചപ്പോള്‍ തന്നെ റിക്കോഡ് തുകയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ തേടി എത്തിയത്. രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റോക്സിനെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 14.5 കോടി രൂപയ്ക്കാണ് പൂനെ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കിയത്.
അതേസമയം ഇന്ത്യന്‍ പേയ്‌സ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയെ വാങ്ങുവാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. 2 കോടി അടിസ്ഥാന വിലയില്‍ കിടക്കുന്ന താരത്തിന് കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനമാണ് വിനയായത്. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനേയും ആദ്യഘട്ടത്തില്‍ ആരും വാങ്ങിയിട്ടില്ല.
ബംഗളൂരുവില്‍ നടക്കുന്ന ലേലത്തില്‍ നാട്ടിലെയും വിദേശത്തെയുമായിട്ടുള്ള 357 കളിക്കാരാണ് പങ്കെടുക്കുന്നത്. എല്ലാ ടീമുകളിലുമായി പരമാവധി 77 താരങ്ങള്‍ക്കു മാത്രമാണ് അവസരം ലഭിക്കുക. 9 രാജ്യങ്ങളില്‍ നിന്നായി 122 രാജ്യാന്തര ക്രിക്കറ്റര്‍മാരാണ് ലേലത്തിലുള്ളത്.
148 കോടി രൂപയാണ് എട്ടു ടീമുകള്‍ക്കും ചെലവഴിക്കാനാകുക. 23.35 കോടി രൂപ കൈവശമുള്ള കിങ്സ് ഇലവന്‍ പഞ്ചാബാണ് ലേലത്തിലെ സമ്പന്ന ടീം. 23.1 കോടിയുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സാണു രണ്ടാമത്.