ഐപിഎല്‍ തീര്‍ച്ചയായും ഒരു കോര്‍പ്പറേറ്റ് കളിയാണ്. അംബാനി, അദാനി, ജിന്‍ഡാല്‍, ഗോയങ്ക എന്നിങ്ങനെ നീളുന്ന വന്‍കിട മുതലാളിമാര്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും ബോറടിമാറ്റാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഐപിഎല്‍. കോര്‍പറേറ്റ് വ്യവസ്ഥയുടെ അതേ വ്യാകരണത്തിലാണ് അവിടെയും കച്ചവടം പൊലിപ്പിക്കുന്നത്. താരങ്ങള്‍ക്ക് പ്രൈസ് ടാഗ് കഴുത്തില്‍ തൂക്കി വിളിച്ചെടുക്കുന്ന കോര്‍പറേറ്റ് ചന്തയാണത്. എന്നാല്‍ ഇതൊന്നും ക്രിക്കറ്റിന്റെ മാത്രം പ്രശ്‌നങ്ങളല്ല. തെരുവുകളുടെയും വര്‍ക്കിങ് ക്ലാസിന്റെയും കളിയായി കാല്‍പ്പനികവല്‍ക്കരിക്കപ്പെടാറുള്ള ഫുട്‌ബോളിലും ഇതൊക്കെയാണ് സ്ഥിതി. ദേശീയതയെയും സംസ്‌കാരത്തെയും ഫുട്‌ബോളുമായി ചേര്‍ത്തുവെക്കുന്ന ബാഴ്‌സലോണയടക്കം തങ്ങളുടെ ഗ്യാലറിയിലെ കസേരകള്‍ വരെ തൂക്കി വിറ്റിരിക്കുന്നു.
ഇന്ത്യയില്‍ ക്രിക്കറ്റ് എന്നത് വന്‍ നഗരങ്ങളുടെയും പണക്കാരുടെയും കളിയാണ്. ക്രിക്കറ്റ് എത്രത്തോളം വരേണ്യതയിലും ?ജാതിയിലും അതിഷ്ഠിതമായിരുന്നുവെന്ന് തെളിയിക്കുന്ന ഒട്ടേറെ വസ്തുതകള്‍ നമുക്ക് മുന്നിലുണ്ട്. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയുടെ നേര്‍ചിത്രങ്ങളെല്ലാം ഈ കളിയിലും കാണാം. പക്ഷേ വന്‍നഗരങ്ങളിലും പ്രത്യക ചതുരങ്ങളിലും ഒതുങ്ങിയ ഈ കളിയെ കൂടുതല്‍ ജനകീയമാക്കിയതും ബഹുസ്വരമാക്കിയതും ഇതേ കോര്‍പറേറ്റ് ഐപിഎല്‍ ആണെന്ന വിരോധാഭാസവുമുണ്ട്. ഉത്തര്‍ പ്രദേശിലെ അസംഗഢിന്റെ പ്രാന്ത പ്രദേശങ്ങളിലൊന്നില്‍ വിറകുകീറിയിരുന്ന കംറാന്‍ ഖാന്‍ മുതല്‍ ഇങ്ങ് പെരിന്തല്‍ മണ്ണയിലെ ഓട്ടോ ഡ്രൈവറുടെ മകന്‍ വിഘ്‌നേഷ് പുത്തൂര്‍ വരെയുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ ഇതിനുണ്ട്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഐപിഎല്ലിന്റെ വിപണി മൂല്യം 1200 കോടി ഡോളറാണ്. ഐപിഎല്‍ ഫ്രാഞ്ചൈസികളും ഇന്‍വെസ്റ്റ്‌മെന്റുകളും ലോക ക്രിക്കറ്റിനെത്തന്നെ വിഴുങ്ങുന്നു. ദക്ഷിണാഫ്രിക്കയിലും അമേരിക്കയിലും യുഎഇയിലും കരീബിയയയിലുമെല്ലാം ഇന്ത്യന്‍ ഉടമകള്‍ ടീമുകളെ തൂക്കിവാങ്ങുന്നുണ്ട്. ഐപിഎല്‍ കാലത്ത് പല രാജ്യങ്ങള്‍ക്കും സ്വന്തം രാജ്യത്തിനായി കളിക്കാന്‍ താരങ്ങളെ കിട്ടാത്ത അവസ്ഥവരെയുണ്ട്. ഇപ്പോള്‍ തന്നെ നോക്കൂ, ഐപിഎല്‍ ഉള്ളത് കാരണം നിലവില്‍ ബംഗ്ലദേശ്-സിംബാബ്വെ എന്നീ ടീമുകളുടെ ടെസ്റ്റ് പരമ്പര മാത്രമാണ് നടന്നുവരുന്നത്. മറ്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കെല്ലാം ഈ പൂരക്കാലത്ത് ഷട്ടര്‍ വീണിരിക്കുന്നു. കരീബിയയലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ക്രിക്കറ്റ് കളിക്കുന്ന ഓരോ കുട്ടിയും ഇന്ന് ദേശീയ ടീമിനേക്കാള്‍ സ്വപ്നം കണ്ടുറങ്ങുന്നത് ഐപിഎല്‍ കോണ്‍ട്രാക്റ്റാണ്. എന്താണ് ഐപിഎല്‍ എന്ന് വ്യക്തമാക്കുന്ന ഒരു സംഭവം അടുത്തിടെയുണ്ടായി. ദക്ഷിണാഫ്രിക്കന്‍ താരമായ കോര്‍ബിന്‍ ബോഷ് ഐപിഎല്‍ ലേലത്തില്‍ ഉണ്ടായിരുന്നുവെങ്കിലും ആരും വാങ്ങിയില്ല. തുടര്‍ന്ന് ബോഷ് പാക്കിസ്താന്‍ ടീമായ പെഷവര്‍ സാല്‍മിയുമായി കളിക്കാന്‍ ഒപ്പിട്ടു. അതിനിടയിലാണ് മുംബൈ ഇന്ത്യന്‍സിന്റെ വിദേശ ബൗളര്‍ ലിസാര്‍ഡ് വില്യംസിന് പരിക്കേറ്റത്. ഉടനെ മുംബൈ ബോഷുമായി ബന്ധപ്പെട്ട് ഐപിഎല്ലിലേക്ക് വരുമോ എന്ന് ചോദിക്കുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗുമായി കരാര്‍ ഒപ്പിട്ടിട്ടും അത് വകവെക്കാതെ ബോഷ് മുംബൈയില്‍ ഞൊടിയിടക്കുള്ളില്‍ പറന്നെത്തി. ഇത് പാകിസ്താന്‍ സൂപ്പര്‍ ലീഗ് അധികൃതര്‍ തങ്ങള്‍ക്ക് നേരെയുള്ള അപമാനമായാണ് കണ്ടത്. ബോഷിനെതിരെ നിയമനടപടികള്‍ നടന്നുവരികയാണ് ഇപ്പോള്‍.
ഒരു പരിധി വേണ്ടേ, എല്ലാത്തിനും
ക്രിക്കറ്റില്‍, പ്രത്യേകിച്ചും ഐപിഎല്ലിലെ കച്ചവട തന്ത്രങ്ങളെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. പരമാവധി വിനോദം, പരമാവധി വരുമാനം എന്ന ലളിതയുക്തിയാണ് അവിടെ അരങ്ങേറുന്നത്. പക്ഷേ പണമിറക്കുന്ന മുതലാളിമാര്‍ക്ക് മൈതാനത്തെങ്കിലും ചില നിയന്ത്രണങ്ങള്‍ വേണ്ടതില്ലേ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലുമെല്ലാം ക്ലബുകളെ നിയന്ത്രിക്കുന്നത് വന്‍ മുതലാളിമാരാണ്. അവര്‍ മത്സരങ്ങള്‍ കാണാന്‍ വരാറുമുണ്ട്. പക്ഷേ മുതലാളിമാര്‍ ഗ്രൗണ്ടില്‍ ഡഗൗട്ടില്‍ താരങ്ങളോടൊപ്പം ഇരിക്കുന്നതും മൈതാനത്തെ ചലനങ്ങളില്‍ ഇടപെടുന്നതൊന്നും നാം കാണാറില്ല. ടീമിന്റെ സ്ട്രാറ്റജിക്ക് തീരുമാനങ്ങളിലും സാമ്പത്തിക വിനിമയങ്ങളിലും ട്രാന്‍സ്ഫര്‍ നയങ്ങളിലുമെല്ലാമാണ് അവര്‍ ഇടപെടാറുള്ളത്. റയല്‍ മാഡ്രിഡ് പ്രസിഡന്റായ ഫ്‌ളോറന്റീനോ പെരസ് അടക്കമുള്ളവര്‍ ട്രാന്‍സ്ഫര്‍ വിപണിയിലടക്കം കച്ചവട തന്ത്രങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താറുണ്ട്. പക്ഷേ ഇവരാരെയും ഗ്രൗണ്ടില്‍ കാണാറില്ല. ഗ്യാലറിയിലെ വിഐപി ബോക്‌സിലും പ്രൈവറ്റ് ബോക്‌സിലുമെല്ലാം ഇരിക്കുന്നതാണ് ഇവരുടെ രീതി.
എന്നാല്‍ ഐപിഎല്ലില്‍ എന്താണ് സ്ഥിതി? നിത അംബാനിയുടെയും ആകാശ് അമ്പാനിയുടെയും ഇരിക്കാറുള്ളത് തന്നെ താരങ്ങളോടൊപ്പം ഡഗൗട്ടിലാണ്. നൂറുകണക്കിന് അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയമുള്ള താരങ്ങളുടെയും ക്രിക്കറ്റില്‍ ഇതിഹാസ സ്റ്റാറ്റസുള്ള കോച്ചുമാരുടെയും കൂടെ ഇരിക്കുന്നതില്‍ അവര്‍ക്കോ താരങ്ങള്‍ക്കോ ഇതുവരെയും ഒരു അഭംഗിയും തോന്നിയിട്ടില്ല. ക്യാമറകള്‍ പരമാവധി അവരെ ഒപ്പിയെടുക്കാനാണ് ശ്രമിക്കാറുള്ളത്. വിജയങ്ങളിലും ആഘോഷങ്ങളിലും ടീം ചര്‍ച്ചകളിലുമെല്ലാം ഇവരെയും കാണാം. ഈ വര്‍ഷം നടന്ന മുംബൈ-ചെന്നൈ മത്സരത്തിനിടെ ഡിആര്‍സ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) നല്‍കാനായി ആംഗ്യം കാണിക്കുന്ന ആകാശ് അമ്പാനിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. പോയ വര്‍ഷം ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തിനിടെ ഇതിന്റെ മറ്റൊരു ഭീകര വേര്‍ഷന്‍ കണ്ടു. ഡല്‍ഹി ഉയര്‍ത്തിയ 222റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാനായി മലയാളി താരം സഞ്ജു സംസാണ്‍ 46 പന്തില്‍ 86 റണ്‍സുമായി കത്തിക്കയറുന്നു. അതിനിടെയാണ് മുകേഷ് കുമാറിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച സഞ്ജു ബൗണ്ടറി റോപ്പിനരികില്‍ ഷായ് ഹോപ്പിന്റെ പിടിയില്‍ അകപ്പടുന്നത്. പന്ത് കൈപ്പിടിയിലൊതുക്കുമ്പോള്‍ ഹോപ്പിന്റെ കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയോ ഇല്ലയോ എന്നതുസംബന്ധിച്ച് വലിയ അവ്യക്തത നിലനിന്നു. ഒടുവില്‍ അമ്പയര്‍ ഔട്ട് വിധിച്ചപ്പോള്‍ സഞ്ജു അമ്പയറോട് അതൃപ്തി രേഖപ്പെടുത്തി. പക്ഷേ ഡല്‍ഹി ഉടമായ പാര്‍ത്ഥ് ജിന്‍ഡാല്‍ മൈതാനത്തേക്ക് നോക്കി സഞ്ജുവിന് നേരെ ആക്രാശിക്കുന്ന ചിത്രങ്ങള്‍ ക്യാമറകള്‍ ഒപ്പിയെടുത്തു.
എന്നാല്‍ ഈ പ്രതിഭാസത്തിന്റെ സര്‍വ സീമകളും ലംഘിക്കപ്പെട്ടത് സഞ്ജീവ് ഗോയങ്കയുടെ കാര്യത്തിലാണ്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമയായ സഞ്ജീവ് ഗോയങ്ക മൈതാനത്ത് സകല സീമകളും ലംഘിക്കപ്പെടുന്ന പ്രതിഭാസമാണ് കാണുന്നത്. ഒരു ഉടമയുടെയുടെ അധികാരത്തിന്റെയും ശരീര ഭാഷയിലാണ് അയാള്‍ താരങ്ങളോട ഇടപെടുന്നത്. പോയ വര്‍ഷം ഒരു മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ ക്യാപ്റ്റനായ കെഎല്‍ രാഹുലിനോട് ക്ഷോഭിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. അത് വെറുമൊരു ഗോസിപ്പ് ആയിരുന്നില്ല. ഗ്രൗണ്ടില്‍ നിന്നും ഇതുപോലുള്ള ചിത്രങ്ങള്‍ പരക്കുന്നത് ക്രിക്കറ്റിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ല എന്ന രീതിയില്‍ പലരും അഭിപ്രായം പറഞ്ഞു. കൂടാതെ ഐപിഎല്‍ ലേലത്തിന് മുന്നോടിയായി കെഎല്‍ രാഹുലിന് നേരെ മുനവെച്ച് ‘സ്വാര്‍ത്ഥരായ’ താരങ്ങളെ വേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ഗോയങ്കയുടെ ഗ്രൗണ്ടില്‍ വെച്ചുള്ള പെരുമാറ്റം തനിക്കും ടീമിനും വലിയ ആഘാതമായെന്ന് രാഹുല്‍ തന്നെ പിന്നീട് തുറന്നു പറഞ്ഞു. പക്ഷേ ഈ വര്‍ഷവും അതിന്റെ ആവര്‍ത്തനങ്ങള്‍ മൈതാനത്ത് കണ്ടു. പുതിയ ലേലത്തില്‍ ലഖ്‌നൗ ടീമിലെത്തിയ ഋഷഭ് പന്തിനോടും ഗോയങ്ക ക്ഷുഭിതനായി ശരീര ഭാഷയില്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പറന്നു നടന്നിരുന്നു. എത്രയോ അന്താരാഷ്ട്ര പരിചയമുള്ള താരങ്ങള്‍ മുതലാളിമാര്‍ക്ക് മുന്നില്‍ അടിമയുടെ ശരീരഭാഷയില്‍ നില്‍ക്കുന്നത് ക്രിക്കറ്റിന് ഗുണകരമല്ലാത്ത ചിത്രങ്ങളാണ് നല്‍കുന്നത്. IPL: Franchise owners’ interference goes beyond limits, reaching the ground
Content Summary; IPL: Franchise owners’ interference goes beyond limits, reaching the ground
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.