ഈ വര്‍ഷത്തെ ഐപിഎല്‍ മെഗാ ലേലത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആവശ്യക്കാരില്‍ ഏറെയും ഇന്ത്യന്‍ താരങ്ങള്‍. 84 കളിക്കാരായിരുന്നു സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന ലേലത്തില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിച്ചത്. ഇവരില്‍ 72 പേരെ ഭാഗ്യം തുണച്ചപ്പോള്‍ ആരും വാങ്ങാനില്ലാതെ പോയത് 12 പേരാണ്. മൊത്തം 467.95 കോടിയാണ് ഫ്രാഞ്ചൈസികള്‍ മുടക്കിയത്.
ചരിത്രം കുറിച്ച തുക നേടിയത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ആയിരുന്നു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനായിരുന്ന പന്തിനെ ഇത്തവണ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ് സ്വന്തമാക്കിയത് 27 കോടിക്കാണ്. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ 26.75 കോടിക്ക് ശ്രേയസ് അയ്യരെ കൂടെക്കൂട്ടിയപ്പോണ് ലക്‌നൗ ആ റെക്കോര്‍ഡ് തകര്‍ത്ത് പന്തിന് വിലയിട്ടത്. കഴിഞ്ഞ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു ശ്രേയസ്. കെകെആര്‍ മറ്റൊരു താരത്തിനു വേണ്ടിയും വന്‍ തുക മുടക്കി. ലേലത്തിന് വിട്ട അവരുടെ തന്നെ താരമായ വെങ്കിടേഷ് അയ്യാരെ തിരിച്ചു പിടിക്കാനായിരുന്നു. അയ്യര്‍ക്ക് വേണ്ടി 23.75 കോടിയാണ് ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വേണ്ടി കെകെആര്‍ മുടക്കിയ 24.75 കോടിയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് തുക. അതാണ് ശ്രേയസ് തകര്‍ത്തത്. എന്നാല്‍ മിനിട്ടുകള്‍ക്കകം, ശ്രയേസിന്റെ റെക്കോര്‍ഡ് പന്ത് തകര്‍ത്തു.
ലക്‌നൗ കെ എല്‍ രാഹുലിനെ പുറത്തു വിട്ടതോടെ അവര്‍ക്ക് പുതിയ ക്യാപ്റ്റനെ വേണ്ടിയിരുന്നു. പന്തിനെ ആ സ്ഥാനത്തേക്കാണ് ഇത്രയും വലിയ തുക മുടക്കി കൊണ്ടു വന്നത്. ശ്രേയസ് പോയ സ്ഥാനത്ത് കൊല്‍ക്കൊത്തയ്ക്കും ശിഖാര്‍ ധവാന്‍ വിരമിച്ചതോടെ പഞ്ചാബിനും ഇത്തവണ പുതിയ ക്യാപ്റ്റന്മാര്‍ വേണം.
ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് കിട്ടാവുന്ന റെക്കോര്‍ഡ് തുകയ്ക്കാണ് യുസ്വേന്ദ്ര ചഹല്‍ രാജസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് പോയത്. പിബികെഎസ് ചഹലിനായി 18 കോടി മുടക്കി. 18 കോടിക്ക് പഞ്ചാബ് അര്‍ഷദീപ് സിംഗിനെയും കൂടെക്കൂട്ടി. അര്‍ഷദീപ് ആയിരുന്നു ലേലത്തില്‍ ആദ്യം വിലയുറപ്പിച്ച താരം. പിന്നാലെ ശ്രേയസും മുന്നാമതായി ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാഡയും. 10.75 കോടിക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് റബാഡയെ ടീമിലെത്തിച്ചത്.
മുംബൈയില്‍ നിന്നും പോന്ന ഇഷാന്‍ കിഷന്‍ ഇനി സണ്‍റൈസ് ഹൈദരാബാദിനൊപ്പമാണ്. 11.25 കോടിക്കാണ് സണ്‍റൈസ് ഇഷാനെ വാങ്ങിയത്. 2022 ല്‍ മുംബൈ 15.25 കോടിക്കായിരുന്നു ഇഷാനെ സ്വന്തമാക്കിയിരുന്നത്.
ഞായറാഴ്ച്ച നടന്ന ലേലത്തില്‍ കൂടിയ തുകയ്ക്ക് വിറ്റുപോയവരില്‍ ആദ്യ അഞ്ച് സ്ഥാനത്തും ഇന്ത്യന്‍ താരങ്ങളാണ്. ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചഹല്‍, അര്‍ഷദീപ് സിംഗ്.
രാജസ്ഥന്‍ റോയല്‍സിന്റെ സ്റ്റാര്‍ ബാറ്ററായിരുന്ന ജോസ് ബട്‌ലര്‍ ഇനി മുതല്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഒപ്പമായിരിക്കും. 15.75 കോടിയാണ് വില. മിച്ചല്‍ സ്റ്റാര്‍ക്ക് 11.75 കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ എത്തി. മുഹമ്മദ് ഷമിയെ 10 കോടിക്ക് സണ്‍റൈസ് ഹൈദരാബാദ് കൂടെക്കൂട്ടിയപ്പോല്‍ ഡേവിഡ് മില്ലര്‍ 7.5 കോടിക്ക് ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനൊപ്പം പോയി.
ലേലത്തില്‍ വിറ്റു പോയ പ്രമുഖ താരങ്ങളില്‍, മുഹമ്മദ് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സ് 12.25 കോടിക്ക് സ്വന്തമാക്കി. ലിയാം ലിവിംഗ്‌സ്റ്റണ്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലെത്തി, വില-8.75 കോടി. കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ എത്തിയത് 14 കോടിക്കാണ്. ഹാരി ബ്രൂക്കിനെ ഡല്‍ഹി 6.25 കോടിക്ക് സ്വന്തമാക്കി. എയ്ഡന്‍ മാര്‍ക്രം 2 കോടിക്ക് ലക്‌നൗവില്‍ എത്തി. ഡെവോണ്‍ കോണ്‍വേയെ ചെന്നൈ 6.25 കോടിക്ക് നിലനിര്‍ത്തിപ്പോള്‍ രാഹുല്‍ ത്രിപാഠിയെ 3.4 കോടി മുടക്കി ടീമിനൊപ്പം ചേര്‍ത്തു. ജെയ്ക് ഫ്രേസര്‍-മക്ഗുര്‍കിനെ ഡല്‍ഹി 9 കോടി ടീമില്‍ നിലനിര്‍ത്തി.
നിലവില്‍ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കുന്ന ദേവദത്ത് പടിക്കലിനെ ലേലത്തില്‍ ആരും വാങ്ങിയില്ല. ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കും ആവശ്യക്കാരില്ലായിരുന്നു. IPL Mega auction, most demand for Indian players
Content Summary; IPL Mega auction, most demand for Indian players